വിഷുക്കണി കാണേണ്ടത് കുളിച്ചിട്ടാണോ, കണി വെക്കുന്നവര്‍ കുളിക്കണോ, വിഷുക്കണി സംശയങ്ങള്‍

വിഷുക്കണിയാണ് വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ഏറ്റവും പ്രധാനം. ഒരു ദിവസത്തെ പ്രഥമ ദര്‍ശനം എന്നാണ് കണിയുടെ അര്‍ത്ഥം. മലയാളികള്‍ പുതുവത്സരമായി കരുതുന്ന മേടം ഒന്നിന്, അതായത് വിഷുവിന് ആ വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്‍കുന്നതിനായി ഏറ്റവും മംഗളകരമായ കണി കാണുകയെന്നതാണ് വിഷുക്കണിയുമായി ബന്ധപ്പെട്ട ആശയം.

vishukkani

വിഷുക്കണിയുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ആളുകള്‍ക്ക് ഉണ്ട്. വിഷുക്കണി കാണേണ്ടത് കുളിച്ചിട്ടാണോ, കണി വെക്കുന്നവര്‍ കുളിക്കണോ എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ചില നാടുകളില്‍ കണി വെക്കുന്നവരും കാണുന്നവരും കുളിക്കാറുണ്ട്. വിഷുവുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും നോക്കാം.

കുളി കഴിഞ്ഞിട്ടാണോ കണി കാണേണ്ടത്?

വിഷുക്കണിയുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും ഉള്ള സംശയമാണിത്. കണിയെന്നത് ഒരു ദിവസത്തെ പ്രഥമദര്‍ശനമാണെന്ന് പറഞ്ഞല്ലോ. അപ്പോള്‍പ്പിന്നെ ഉറക്കമെഴുന്നേറ്റ് കണ്ണുതുറക്കുമ്പോള്‍ ആദ്യം കണിയാണ് കാണേണ്ടത്. കുളിച്ച് ശുദ്ധനായി വന്ന് കണി കാണുക എന്ന പ്രയോഗം തന്നെ തെറ്റാണ്. കാരണം പുലര്‍ച്ചെ എഴുന്നേറ്റ് കുളിക്കുമ്പോള്‍ നമ്മള്‍ ആദ്യം കാണുക കുളിമുറിയും മറ്റുമാണ്. പിന്നീട് വിഷുക്കണി കണ്ടു എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് ഉറക്കമുണര്‍ന്നാല്‍ ആദ്യം കാണേണ്ടത് വിഷുക്കണി തന്നെയാണ്. അതിനായി കുളിക്കേണ്ടതില്ല.

കണി ഒരുക്കുന്നവര്‍ കുളിക്കണോ?

വിഷുക്കണി സാധാരണയായി തലേനാള്‍ തയ്യാറാക്കി വയ്ക്കാറുണ്ട്. രാവിലെ എഴുന്നേറ്റ് കണി ഒരുക്കിയ ആള്‍ നിലവിളക്ക് കത്തിക്കുക മാത്രമേ ചെയ്യാറുള്ളൂ. പക്ഷേ നിലവിളക്ക് കത്തിക്കണമെങ്കില്‍ കുളിക്കാതെ പറ്റില്ലല്ലോ. അപ്പോള്‍ കണി ഒരുക്കുന്നയാള്‍ കുളിക്കണമോ എന്നതാണ് മറ്റൊരു സംശയം. ശരിയാണ് നിലവിളക്ക് കത്തിക്കണമെങ്കില്‍ കുളിക്കേണ്ടതുണ്ട്. കുളിച്ച് നിലവിളക്ക് കൊളുത്തി കണികാണുന്നവര്‍ക്ക് ശുഭമായ കണിദര്‍ശനം ലഭിക്കുകയില്ല. ഇതിന് പരിഹാരമെന്നോണം തലേനാള്‍ ആവശ്യത്തിന് എണ്ണയൊഴിച്ച്, അപകടങ്ങള്‍ ഉണ്ടാകാത്ത വിധം കണിയൊരുക്കുന്നതിനൊപ്പം നിലവിളക്കും കത്തിച്ചുവെക്കാം. അപ്പോള്‍ കണി ഒരുക്കുന്നവര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ശുഭമായ കണിദര്‍ശനം ലഭിക്കും. എന്നാല്‍ അപകടസാധ്യതകള്‍ കണക്കിലെടുത്തേ ഇതിന് മുതിരാവൂ. ഇതിന് സാധിക്കുന്നില്ലെങ്കില്‍, വീട്ടിലാരെങ്കിലും ഒരാള്‍ രാവിലെ കുളിച്ച് നിലവിളക്ക് കൊളുത്തി മറ്റുള്ളവരെ കണി കാണിക്കുക.

ബന്ധുക്കള്‍ മരിച്ചാല്‍ കണി ഒരുക്കാമോ?

അടുത്ത ബന്ധുക്കള്‍ മരിച്ച് പുലകുളി കഴിഞ്ഞവരുടെ വീട്ടില്‍ കണി വെക്കുന്നതിന് തടസ്സമൊന്നും ഇല്ല. ബന്ധുക്കള്‍ മരിച്ച്് ഒരു വര്‍ഷം വരെ വിഷുക്കണി വെക്കരുതെന്ന് ചിലയാളുകള്‍ പറയാറുണ്ട്. എന്നാലിത് ശരിയല്ല. പുലകുളി കഴിഞ്ഞവര്‍ക്ക് കണിവെക്കുകയും കാണുകയും ചെയ്യാം.

വിഷുക്കണി ആര്‍ക്കൊക്കെ ഒരുക്കാം?

പുല, വാലായ്മകള്‍ ഇല്ലാത്തവര്‍ക്കും, ആര്‍ത്തവം തുടങ്ങി ഏഴ് ദിവസം കഴിഞ്ഞവര്‍ക്കും കണി ഒരുക്കാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും കണി ഒരുക്കാം.

വീട്ടില്‍ ആര്‍ത്തവമുള്ളവര്‍ ഉണ്ടെങ്കില്‍ കണിവെക്കാമോ?

രണ്ടോ മൂന്നോ സ്ത്രീകള്‍ ഉള്ള വീടുകളില്‍ ആരെങ്കിലും ഒരാള്‍ക്ക് വിഷുസമയത്ത് മാസമുറ അഥവാ ആര്‍ത്തവം ഉണ്ടാകുക സ്വാഭാവികമാണ്. ഇതൊഴിവാക്കി വിഷുക്കണി വെയ്ക്കാന്‍ സാധിക്കില്ല. ആര്‍ത്തവമുള്ള ആളുകള്‍ കണി ഒരുക്കരുതെന്നേയുള്ളു. അല്ലാത്തവര്‍ക്ക് കണിയൊരുക്കാം. ആര്‍ത്തവമുള്ളവര്‍ക്ക് കണി കാണുകയും ചെയ്യാം.

വിഷുക്കണിയില്‍ പാവയ്ക്ക വെക്കാമോ?

വിഷുക്കണിക്ക് പലവിധത്തിലുള്ള ഫലങ്ങളും പച്ചക്കറികളും വയ്ക്കാറുണ്ട്. എന്നാല്‍ പാവക്ക കണിവെക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. ഇത് സത്യമല്ല. ഇതെല്ലാം യാതൊരു യുക്തിയും ഇല്ല. കാര്‍ഷിക വിളവെടുപ്പ് ഉത്സവമാണ് വിഷു. പണ്ടുകാലത്ത് വീട്ടുവളപ്പില്‍ വിളഞ്ഞ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളുമെല്ലാം ഭഗവാന് മുമ്പില്‍ കാഴ്ചവെച്ചാണ് വിഷുക്കണി ഒരുക്കിയിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ വീടുകളില്‍ സുലഭമായി ഉണ്ടാകുന്ന ഏതുതരം ഫലങ്ങളും കണിവെക്കാവുന്നതാണ്. പണ്ടത്തേതില്‍ നിന്നും വിഭിന്നമായി വീട്ടില്‍ ഉണ്ടായ പച്ചക്കറികളും ഫലങ്ങളും മാത്രം വെച്ച് കണിയൊരുക്കുക ഇന്ന് പ്രായോഗികമല്ല. അതിനാല്‍ കണിയൊരുക്കുന്നതിനുള്ള വസ്തുക്കള്‍ കടയില്‍ നിന്ന് വാങ്ങിയും കണിവെക്കാം.

പൂജാമുറിയില്‍ തന്നെ കണിവെക്കണമെന്നുണ്ടോ?

ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി മൂലം പൂജാമുറി ഉണ്ടാകാറില്ല. വീട്ടില്‍ ശുദ്ധമായ ഒരിടത്ത് നിലവിളക്ക് കത്തിക്കുകയാണ് അങ്ങനെയുള്ളവര്‍ ചെയ്യാറ്. കണി ഒരുക്കാനും ഇതേ സ്ഥലം തിരഞ്ഞെടുത്താല്‍ മതി. വീട്ടിലെ ശുദ്ധമായ ഒരിടത്ത്, ഉമ്മറത്തോ മറ്റോ കണിയൊരുക്കാം.

ഒന്നിലധികം പാത്രങ്ങളില്‍ കണിയൊരുക്കാമോ?

സാധാരണയായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ കണിയൊരുക്കുന്നതിനുള്ള ഫലവര്‍ഗ്ഗങ്ങളും മറ്റുമായി അതില്‍ ഒതുങ്ങാത്ത സ്ഥിതി വരും. അങ്ങനെയുള്ളപ്പോള്‍ മറ്റൊരു ഉരുളിയോ പാത്രമോ കണിയില്‍ വെക്കാം. വെറുംനിലത്ത് കണിയൊരുക്കാതിരിക്കുക.

കണിവെക്കാന്‍ എന്തെല്ലാം സാധനങ്ങള്‍ വേണം?

നെല്ല്, അരി, കോടിമുണ്ട്, സ്വര്‍ണ്ണാഭരണം, ധനം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില-പാക്ക്, വിവിധതരം ഫലവര്‍ഗ്ഗങ്ങള്‍, കണ്‍മഷി, ചാന്ത്, സിന്ദൂരം, ചന്ദനം, നാളികേരത്തിന്റെ പകുതി, കൃഷ്ണവിഗ്രഹം അല്ലെങ്കില്‍ ഫോട്ടോ ഇത്രയുമാണ് കണിക്ക് ആവശ്യമായ സാധനങ്ങള്‍. കൃഷ്ണരൂപത്തിന് മുമ്പില്‍ നിലവിളക്ക് തെളിയിച്ച് വെക്കാം. വാല്‍ക്കണ്ണാടി ഭഗവതിയുടെ പ്രതീകമാണ്. കണികാണുമ്പോള്‍ കണ്ണാടിയിലൂടെ നമ്മളെയും മുഴുവന്‍ കണിയും ദര്‍ശിക്കുന്ന വിധത്തില്‍ കണിയൊരുക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ഈ വര്‍ഷം വിഷുക്കണി എപ്പോള്‍ കാണണം?

ഏപ്രില്‍ 14 ഞായറാഴ്ച പുലര്‍ച്ചെ 4.24 മുതല്‍ 5.12 വരെയുള്ള സമയമാണ് വിഷുക്കണി കാണുന്നതിന് ഏറ്റവും നല്ല സമയം. വിഷുവിന്റെ തലേനാള്‍, അതായത് ഏപ്രില്‍ 13 ശനിയാഴ്ച രാത്രി 10 മണിക്ക് മുമ്പായി വിഷുക്കണി ഒരുക്കാം.

X
Desktop Bottom Promotion