എത്ര വലിയ ശനിദോഷവും മാറും, കഷ്ടകാലം മറയും; മണ്ഡലകാലത്ത് ഇക്കാര്യങ്ങള്‍ ചെയ്താല്‍

ശനിദോഷം ഉള്ളവര്‍ക്ക് ശനിയുടെ പരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഏറ്റവും നല്ല സമയമാണ് മണ്ഡലകാലം. മണ്ഡലകാലത്ത് ചില കാര്യങ്ങള്‍ അനുഷ്ഠിച്ചാല്‍ ശനിയെ പ്രീതിപ്പെടുത്താനും ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനും കഴിയും. അയ്യപ്പന്റെ ആരാധനാരീതികള്‍ ശനിയ്ക്ക് പ്രാധാന്യം നല്‍കുന്നവയായത് കൊണ്ട് മണ്ഡലകാലത്ത് അയ്യപ്പനെ ഭജിച്ചാല്‍ ശനിയുടെ അപഹാരങ്ങളില്‍ നിന്ന് മുക്തി നേടാമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ശനിദോഷം ഉള്ളവര്‍ തീര്‍ച്ചയായും മണ്ഡലകാല വ്രതം ശ്രമിക്കണം.

shanidev

അയ്യപ്പനും ശനിയും തമ്മിലുള്ള ബന്ധം

അയ്യപ്പന്റെ ഗ്രഹം ശനിയാണ്. ശനി പ്രധാനമായ നീല, കറുപ്പ് നിറങ്ങളാണ് അയ്യപ്പന്റെ ഇഷ്ടവര്‍ണ്ണങ്ങള്‍. നീലിമല കയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ചാല്‍ ശനിദോഷങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അയ്യപ്പ സ്വാമിയും ശനിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ധര്‍മ്മശാസനമാണ് ഇരുവരുടെയും പ്രത്യേകത. അയ്യപ്പസ്വാമി ധര്‍മ്മശാസ്താവെന്നും ശനി കര്‍മ്മഫലദാതാവെന്നും അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ അയ്യപ്പനെ ഭജിക്കുന്നവര്‍ക്ക് ശനിയുടെയും ശനിയെ ഭജിക്കുന്നവര്‍ക്ക് അയ്യപ്പന്റെയും അനുഗ്രഹം നേടാന്‍ കഴിയും.

ശനിദോഷം

നവഗ്രഹങ്ങള്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങളില്‍ അതികഠിന ദോഷമായാണ് ശനിദോഷം പറയപ്പെടുന്നത്. കണ്ടകശനിയും ഏഴരശനിയും ആളുകളുടെ ജീവിതത്തിലെ പരീക്ഷണകാലമാണ്. പലവിധ പ്രതിസന്ധികളും ദുര്‍ഘടങ്ങളും സംഭവിക്കുന്ന സമയമാണിത്.

ഒരാളുടെ ഗ്രഹനിലയില്‍ ശനിയുടെ സ്ഥാനം പ്രതികൂലമായി വരുമ്പോഴാണ് ശനിദോഷം ഉണ്ടാകുന്നത്. കര്‍മ്മഫലമാണ് ശനി നല്‍കുക. അച്ചടക്കം, ഉത്തരവാദിത്തം, കര്‍മ്മം എന്നിവയുടെ പ്രാധാന്യമാണ് ശനി നല്‍കുന്ന ഫലങ്ങളിലൂടെ മനസ്സിലാക്കേണ്ടത്. ആ പാഠങ്ങളാണ് ശനി നല്‍കുന്നത്. കഠിനാധ്വാനം, ക്ഷമ, വെല്ലുവിളികളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ധൈര്യം എന്നിവ ശനിദോഷകാലത്ത് ആളുകള്‍ക്ക് കൈവരുന്ന ഗുണങ്ങളാണ്. കരിയര്‍, ആരോഗ്യം, ബന്ധങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ പല മേഖലകളിലും ശനിദോഷത്തിന്റെ സ്വാധീനം അറിയാന്‍ സാധിക്കും.

എന്നാല്‍ ശബരിമല ദര്‍ശനത്തിലൂടെ ശനിദോഷം അകറ്റാന്‍ സാധിക്കും.

ശനിദോഷം മാറാന്‍ മണ്ഡലകാല വ്രതം

ശബരിമലദര്‍ശനത്തിലൂടെ ശനിയെ പ്രീതിപ്പെടുത്താനും ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാനും കഴിയും. പക്ഷേ എല്ലാവര്‍ക്കും ശബരിമല ദര്‍ശനം സാധിച്ചെന്ന് വരില്ല. അവര്‍ക്ക് മണ്ഡലകാലത്തെ കഠിന വ്രതത്തിലൂടെ ശനിദോഷ നിവൃത്തി വരുത്താം. പൊതുവേ പുരുഷന്മാര്‍ക്കാണ് മണ്ഡലകാല വ്രതം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നോക്കാന്‍ സാധിക്കുക.

മണ്ഡലകാല വ്രതത്തിന് ചില നിബന്ധനകളും നിയമങ്ങളും ഉണ്ട്. അതിലൊന്നാണ് കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രധാരണം. അയ്യപ്പസ്വാമിയുടെയും ശനിയുടെയും പ്രിയനിറങ്ങളാണ് ഇവ. മണ്ഡലകാലത്ത് താടിയും മുടിയും ക്ഷൗരം ചെയ്യാന്‍ പാടില്ല. 41 ദിവസത്തെ വ്രതം കഴിയുവോളം മുടിയും താടിയും നീട്ടിവളര്‍ത്തണം. ഇവര്‍ പാദരക്ഷകള്‍ ഉപയോഗിക്കരുത്.

അതിരാവിലെ എഴുന്നേറ്റ് കുളിച്ച്, അയ്യപ്പസ്വാമിയുടെ ഫോട്ടോയുടെ മുമ്പില്‍ വിളക്ക് തെളിയിച്ച്, കര്‍പ്പൂരാഴിപ്രിയന് മുമ്പില്‍ കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കണം. വൈകുന്നേരവും കുളിച്ച് ശരണം വിളിക്കണം. അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തണം. മാലയിട്ട് ശബരിമലയ്ക്ക് പോകുമ്പോള്‍ അനുഷ്ഠിക്കേണ്ട മറ്റ് വ്രതാചരണങ്ങളെല്ലാം മണ്ഡലവ്രതം അനുഷ്ഠിക്കുന്നവരും ചെയ്യണം.

ശനിദോഷം ഉള്ളവര്‍ മണ്ഡലകാലത്ത് ശനിദേവനെ സ്തുതിക്കുന്ന മന്ത്രമോ സ്തുതികളോ ഗായത്രിയോ ജപിക്കണം. അതറിയാത്തവര്‍ അയ്യപ്പമന്ത്രങ്ങളോ സ്തുതികളോ ജപിക്കുക.

മണ്ഡലകാലത്ത് ശനിയുടെ അനുഗ്രഹം നേടാന്‍ ചെയ്യാവുന്ന മറ്റൊരു കാര്യം അന്നദാനം നടത്തലാണ്. പ്രത്യേകിച്ച് ശബരിമലദര്‍ശനം നടത്തിന് ഒരുങ്ങുന്ന അയ്യപ്പന്മാര്‍ക്ക് അന്നദാനം നടത്തുക. അവര്‍ക്ക് സഹായം ചെയ്യുന്നതും ജലപാനങ്ങള്‍ നല്‍കുന്നതും വളരെ നല്ല കാര്യമാണ്.

മണ്ഡലകാലവ്രതം സ്ത്രീകള്‍ക്ക്

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് 41 ദിവസത്തെ കഠിനവ്രതം നോല്‍ക്കാന്‍ സാധിക്കില്ല. എങ്കിലും അവര്‍ക്ക് ആര്‍ത്തവമില്ലാത്ത സമയത്ത് വേണ്ടവിധത്തില്‍ വ്രതമെടുക്കാം. മാലയിട്ടവര്‍ക്ക് കുളിച്ച് ശുദ്ധമായി ഭക്ഷണം വെച്ചുകൊടുക്കുകയും നീലവസ്ത്രം ധരിക്കുകയും ശരണം വിളിക്കുകയും ചെയ്യാം. കൂടാതെ ശാസ്താക്ഷേത്ര ദര്‍ശനവും ശാസ്താവിന് പ്രിയപ്പെട്ട വഴിപാടുകള്‍ നടത്തുന്നതും എല്ലാം സ്ത്രീകള്‍ക്ക് മണ്ഡലകാല വ്രതമെടുക്കാനും ശാസ്താവിന്റെയും ശനിയുടെയും അനുഗ്രഹം നേടാനും ശനിദോഷം അകറ്റാനും ഉള്ള വഴികളാണ്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Thursday, November 28, 2024, 12:15 [IST]
X
Desktop Bottom Promotion