അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് കാത്തിരിക്കൂ; തുലാംമാസ നക്ഷത്രഫലം, അശ്വതി-രേവതി 27 നക്ഷത്രത്തിനും

കന്നി മാസം കഴിഞ്ഞ് തുലാം മാസം പിറന്നുകഴിഞ്ഞു. സൂര്യന്‍ കന്നി രാശിയിലെ സംക്രമണം അവസാനിപ്പിച്ച് തുലാം രാശിയില്‍ എത്തി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ സൂര്യന്‍ തുലാത്തിലുണ്ടാകും. തുലാം 10 സൂര്യന്റെ അതിനീച സ്ഥാനമാണ്. തുലാം മാസത്തില്‍ ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളിലൂടെ സൂര്യന്‍ കടന്നുപോകും. തുലാം മാസത്തില്‍ നിരവധി സുപ്രധാന ഗ്രഹസംക്രമണങ്ങളും നടക്കുന്നുണ്ട്. രാഹുകേതുക്കളും ശനിയും ഈ മാസത്തില്‍ അവയുടെ സഞ്ചാരപാതയില്‍ മാറ്റങ്ങള്‍ വരുത്തും.

ഒക്ടോബര്‍ 30ന് രാഹുകേതുക്കള്‍ രാശി മാറും. അടുത്ത ഒന്നരവര്‍ഷം രാഹുകേതുക്കള്‍ യഥാക്രമം മീനം, കന്നി രാശികളില്‍ തുടരും. തുലാം 11ന് ചന്ദ്രഗ്രഹണവും നടക്കുന്നുണ്ട്. ഇത് കൂടാതെ മഹാനവമി, വിജയദശമി, ദീപാവലി തുടങ്ങിയ വിശേഷ ദിനങ്ങളും തുലാം മാസത്തില്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം തുലാംമാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും തുലാം മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ തുലാമാസ നക്ഷത്രഫലം വായിക്കൂ.

Thulam Malayalam Month Birth Star Prediction

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ എന്നിവര്‍. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടായേക്കാം. അതിനാല്‍ എല്ലാവരുമായും നല്ല രീതിയില്‍ മുന്നോട്ട് പോകുക. അസ്വാരസ്യങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്. അഭിപ്രായഭിന്നത രൂക്ഷമാകാതെ നോക്കണം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധവേണം. കാരണം നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ നശിച്ചേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ വരാത്തതിനാല്‍ മനസ് വിഷമിക്കും. ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. ധനലാഭം, സന്താനസൗഖ്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ചില രോഗങ്ങളെ നിങ്ങള്‍ ഈ സമയം കരുതിയിരിക്കണം. ശത്രുക്കളെ കരുതിയിരിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഈ സമയം തൊഴില്‍രംഗത്ത് ശരിയായ രീതിയില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പുതിയ അവസരങ്ങള്‍ ലഭിക്കും. എതിരാളികളെ ജയിക്കാനാകും. നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. സ്ഥാനപ്രാപ്തി, സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച എന്നിവ ഈ സമയം നിങ്ങള്‍ക്ക് കാണാനാകും. കുടുംബത്തില്‍ നല്ല അന്തരീക്ഷമുണ്ടാകും. ഭൂമിലാഭം, ശത്രുനാശം, സൗഭാഗ്യം എന്നിവ കൈവരും. ഉദ്ദേശിച്ച പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടാനായി സാധിക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിലൂടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. മനസിലുള്ള കാര്യങ്ങള്‍ തുറന്നുപറയണം. സഹോദങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. രോഗങ്ങള്‍, ഭയം, ശാരീരികക്ലേശം എന്നിവ കരുതിയിരിക്കണം. നിങ്ങള്‍ക്ക് ദോഷം വരുത്തുന്ന ആളുകളില്‍ നിന്ന് അകന്നുനില്‍ക്കുക. ദുരിതങ്ങള്‍, കലഹം, അപകീര്‍ത്തി എന്നിവയ്ക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില വിഷമകരമായ വാര്‍ത്തകള്‍ ലഭിച്ചേക്കാം. എന്നാല്‍ ചിലര്‍ക്ക് സന്താനങ്ങള്‍ വഴി ഗുണാനുഭവങ്ങളും ഉണ്ടാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് കടുത്ത ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. വ്യക്തിബന്ധങ്ങളും കര്‍മ്മബന്ധങ്ങളും വഷളാകാതെ നോക്കണം. കോപം, അഹംഭാവം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ആരുമായും കലഹത്തിന് പോകരുത്. കാര്യവിഘ്‌നം, ഭാഗ്യദോഷം, സന്താനങ്ങളുടെ കാര്യങ്ങളില്‍ പ്രയാസങ്ങള്‍ എന്നിവ ഈ സമയം നിങ്ങള്‍ക്ക് നേരിടേണ്ടിവരാം. ശത്രുക്കളെ ജയിക്കാനാകും. ഈ സമയം ചില ധനലാഭവും നേട്ടങ്ങളും പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. കൈകളിലേക്ക് പണം വന്നുചേരും. ബന്ധുക്കളുടെ സഹായം ലഭിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ സംയമനം പാലിക്കണം. ആരുമായും തര്‍ക്കങ്ങള്‍ക്ക് നില്‍ക്കരുത്. കഠിനാധ്വാനത്തിലൂടെ ജോലിയില്‍ പുരോഗതി കൈവരിക്കാനാകും. പുതിയ ചില ആശയങ്ങള്‍ മനസില്‍ വരും. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ സ്‌നേഹബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പുലര്‍ത്തുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ചില കാര്യങ്ങളില്‍ തടസ്സവും കുടുംബകലഹങ്ങളും കാരണം ബുദ്ധിമുട്ടേണ്ടതായി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ചില രോഗങ്ങള്‍ നിങ്ങളെ അലട്ടും. ശത്രുഭയം നേരിടേണ്ടിവരും. ചെലവുകള്‍ ഉയരും. അനാവശ്യമായി പണം ചെലവഴിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ ചുമതലകള്‍ വര്‍ദ്ധിക്കും. നല്ല വ്യക്തികളുമായി കൂടുതല്‍ ഇടപെടാനാകും. നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകും. എന്നാല്‍ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കുന്നില്ലേ എന്ന സംശയം ഉണ്ടായേക്കാം. ദാമ്പത്യ ബന്ധത്തില്‍ പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ശത്രുക്കളെ കരുതിയിരിക്കണം. മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടിയേക്കാം. എങ്കിലും നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ പരിശ്രമിക്കും. സാമ്പത്തിക സ്ഥിതിയില്‍ ശക്തിയുണ്ടാകും. ധനാഗമനത്തില്‍ വര്‍ദ്ധനവ് കാണുന്നു. ആഭരണലബ്ധി, സ്ഥാനലബ്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്. ആത്മീയമായ കാര്യങ്ങളില്‍ താത്പര്യം വളരും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. തൊഴില്‍പരമായി നിങ്ങള്‍ക്കിത് നല്ല സമയമാണ്. എന്നാല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനായി അല്‍പം കഠിനാധ്വാനം ചെയ്യേണ്ടിവരും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില നഷ്ടങ്ങള്‍ സാധ്യമാണ്. ചില രോഗങ്ങള്‍ നിങ്ങളെ അലട്ടും. വായ്പകള്‍ കഴിയുന്നതും ഒഴിവാക്കുക. വ്യക്തി ബന്ധങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കാര്യതടസ്സം, ശത്രുഭയം തുടങ്ങിയവ നിങ്ങളെ അലട്ടും. എങ്കിലും നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് നല്ല സഹകരണം പ്രതീക്ഷിക്കാം. ഈ സമയം പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മൂലം, പൂരാടം, ഉത്രാടം1/4 എന്നിവര്‍. ഈ സമയം തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം. ജീവിതത്തില്‍ സ്‌നേഹവും സന്തോഷവുമുണ്ടാകും. തൊഴില്‍പരമായുള്ള യാത്രകള്‍ ഗുണം ചെയ്യും. പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ കാര്യതടസ്സത്തിന് സാധ്യതയുണ്ട്. സ്ത്രീകള്‍ കാരണം കലഹം, അപകീര്‍ത്തി അവസരം തുടങ്ങിയവ കരുതിയിരിക്കണം. സന്താന സുഖം, ധനലാഭം തുടങ്ങിയവ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുരോഗതി പ്രതീക്ഷിക്കാം. ജോലിയില്‍ നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.

ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയിപ്പിക്കാനാകും. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ബന്ധുക്കളുടെ പിന്തുണയുണ്ടാകും. തൊഴില്‍ലാഭം, ധനലാഭം, വസ്ത്രലാഭം, സ്ത്രീസുഖം, സന്താനസൗഖ്യം തുടങ്ങിയവ ഈ സമയം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ സമയം തടസ്സങ്ങള്‍ നേരിടേണ്ടിവരാം. അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കേണ്ടിവന്നേക്കാം. സാമ്പത്തികം ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ എന്നിവര്‍. ഈ സമയം നിങ്ങള്‍ക്ക് ജോലിയില്‍ വളരെ ശ്രദ്ധിക്കണം. കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. മനോവ്യസനം, രോഗക്ലേശം എന്നിവയുണ്ടാകും. ബന്ധുക്കളുമായി കലഹത്തിന് സാധ്യതയുണ്ട്. സാമ്പത്തികമായി ധനനഷ്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധിച്ച് എടുക്കണം. ദൂരയാത്രകള്‍ ഒഴിവാക്കണം. ബന്ധങ്ങള്‍ വഷളാകാതെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഏത് കാര്യവും ചിന്തിച്ച് മാത്രം ചെയ്യുക. തിരക്ക് പിടിച്ച് ഒരു ജോലിയും ചെയ്യരുത്. ശത്രുക്കളെ കരുതിയിരിക്കുക. അപകടം അടുത്തുള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും ഈ സമയം ശ്രദ്ധ വേണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. നിങ്ങള്‍ക്ക് ഇത് വ്യക്തിപരമായും ഔദ്യോഗികമായും സാമ്പത്തികമായ തീരുമാനങ്ങള്‍ക്ക് പറ്റിയ സമയമല്ല. ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം വെല്ലുവിളികള്‍ നേരിടേണ്ടിവരും. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അല്‍പം പരിശ്രമിക്കേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കണം. ഉദരരോഗം, നേത്രരോഗം എന്നിവ നിങ്ങളെ അലട്ടിയേക്കാം. ധനനാശവും കാര്യതടസ്സവും പ്രതീക്ഷിക്കാം. സ്ത്രീകള്‍ കാരണം ദോഷാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

Story first published: Wednesday, October 18, 2023, 9:37 [IST]
X
Desktop Bottom Promotion