സര്‍വ്വേശ്വരന്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തും; അശ്വതി-രേവതി 27 നക്ഷത്രത്തിനും കുംഭമാസ നക്ഷത്രഫലം

കുംഭ മാസം ആരംഭിച്ചുകഴിഞ്ഞു. മകര രാശിയിലെ സംക്രമണം അവസാനിപ്പിച്ച് സൂര്യന്‍ കുംഭം രാശിയില്‍ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 14 മുതല്‍ അടുത്ത ഒരുമാസക്കാലം സൂര്യന്‍ കുംഭം രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ കാലയളവില്‍ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ബുധന്‍, ശുക്രന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ക്കൊക്കെ ഈ കാലയളവില്‍ സ്ഥാനചലനമുണ്ടാകും.

ഇതുകൂടാതെ പല വിശേഷ ദിനങ്ങളും കുംഭ മാസത്തില്‍ വരുന്നുണ്ട്. ജ്യോതിഷപ്രകാരം കുംഭ മാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും കുംഭ മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ കുംഭമാസ നക്ഷത്രഫലം വായിക്കൂ.

Kumbham Malayalam Month Birth Star Prediction

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മിക്ക കാര്യങ്ങളും ഈ സമ.ം സഫലമാകും. വിദ്യാഭ്യാസ കാര്യങ്ങളിലും കര്‍മ്മരംഗത്തും വളരെയധികം ഉയര്‍ച്ച കാണാനാകും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജീവിതത്തില്‍ ഒരു നല്ല ജീവിതരീതി കൈവരും. വിലപിടിപ്പുള്ള ചില വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയം അല്‍പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം ദാമ്പത്യ ജീവിതം മെച്ചപ്പെടും. നിങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കുറയും. കുടുംബത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും. തൊഴില്‍ രംഗത്തെ നിങ്ങളുടെ പ്രകടനം വിജയം നല്‍കും. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തും. പുതിയ ഗൃഹം വാങ്ങാവാനുള്ള അവസരവും വന്നുചേരും. ഈ സമയം നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ഈ സമയം അല്‍പം കഠിനമായിരിക്കും. ദമ്പതികള്‍ തമ്മില്‍ പലവിധ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ സമയം യുക്തിക്ക് നിരക്കാത്ത ചില പ്രവര്‍ത്തികള്‍ ചെയ്യാനിടയുണ്ട്. ധനനഷ്ടം, മാനഹാനി എന്നിവ വന്നേക്കാം. ശത്രുഭയം മനസ്സിനെ അലട്ടും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കരുത്. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ നാക്ക് ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ സംസാരം ഈ സമയം പല തെറ്റിദ്ധാരണകള്‍ക്കും കാരണമായേക്കാം. അറിയാത്ത കാര്യത്തിന് അഭിപ്രായം പറയാന്‍ പോകരുത്. ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഈ സമയം പഠനകാര്യത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം ദോഷചിന്തകളാല്‍ മനോദുരിതത്തിന് സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും അകന്നുനില്‍ക്കുക. നിങ്ങളുടെ ആരോഗ്യം ഈ സമയം വഷളായേക്കാം. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് പ്രശ്‌നമുണ്ടാക്കും. വീട്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കുടുംബബന്ധങ്ങള്‍ തകരാതെ നോക്കണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കും. പങ്കാളിത്ത ബിസിനസില്‍ നേട്ടം ലഭിക്കും. പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച നേട്ടങ്ങള്‍ കൈവരും. കടബാധ്യത അധികരിക്കാതിരിക്കാന്‍ അല്‍പം ശ്രദ്ധ വേണം. പുതിയ വ്യക്തികളുമായി ചങ്ങാത്തമുണ്ടാകും. കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം വീട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യം വന്നേക്കാം. അനാവശ്യ ചിന്തകള്‍ നിങ്ങളുടെ വഴി തെറ്റിക്കും. ഈ സമയം റിസ്‌ക് പിടിച്ച തീരുമാനങ്ങളൊന്നും എടുക്കരുത്. അല്ലാത്തപക്ഷം അത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയേക്കാം. ബന്ധുക്കളുമായി കലഹങ്ങള്‍ കരുതിയിരിക്കുക. മുന്‍കോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക ഇടപാടുകളില്‍ വളരെയേറെ ശ്രദ്ധ വേണം. അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ജോലിക്കാര്‍ക്ക് മേലധികാരികളില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടിവന്നേക്കാം. എന്നാല്‍ നിങ്ങളുടെ പരിശ്രമത്താല്‍ പ്രതികൂല സാഹചര്യങ്ങള്‍ മാറി അനുകൂല സാഹചര്യങ്ങള്‍ വന്നു ചേരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ക്ക് ഈ സമയം ക്രയവിക്രയങ്ങളില്‍ ലാഭം കാണുന്നു. നിങ്ങളുടെ ജോലികള്‍ തടസപ്പെടുത്താന്‍ ശത്രുക്കള്‍ പരമാവധി ശ്രമിക്കും. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വാഹനം വാങ്ങാനാകും. സമൂഹത്തിലെ ഉന്നതരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ സമയം ശത്രുക്കളെ കൊണ്ട് ഉപദ്രവങ്ങള്‍ ഉണ്ടായേക്കാം. ബന്ധുക്കളും സുഹ്യത്തുക്കളുമായി കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. നിങ്ങളുടെ വാക്കുകളില്‍ മിതത്വം പാലിക്കണം. ജോലിസ്ഥലത്ത് അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. ഈശ്വരനെ ഭജിച്ച് ഈ സമയം മുന്നോട്ട് പോകുക. എല്ലാ കാര്യങ്ങളിലും ഗുണം ലഭിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അഭിപ്രായ വ്യത്യാസങ്ങള്‍ വളരാന്‍ വിടരുത്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുക. ചില അനാവശ്യ പ്രശ്‌നങ്ങളില്‍ തലയിടുന്നതുമൂലം നിങ്ങള്‍ക്ക് മാനഹാനി വന്നേക്കാം. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം ഉദരരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ ഈ സമയം ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കും. എങ്കിലും വിജയത്തിലെത്താന്‍ അല്‍പം പ്രയാസപ്പെടും. നിങ്ങളുടെ മുന്‍കോപം നിയന്ത്രിയണം. ഈ സമയം കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കാം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന കാര്യങ്ങള്‍ ചെയ്യാതെ നോക്കണം.

X
Desktop Bottom Promotion