പുത്തന്‍ പ്രതീക്ഷകള്‍ക്ക് മിഴിതുറന്നു; അശ്വതി-രേവതി, കന്നിമാസ നക്ഷത്രഫലം 27 നക്ഷത്രത്തിനും

ചിങ്ങമാസത്തിന് വിരാമമായി കന്നിമാസം പിറന്നുകഴിഞ്ഞു. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ കന്നി മാസത്തിലൂടെയാവും നാം സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ ചില പ്രധാന ഗ്രഹസംക്രമങ്ങളും സംയോഗങ്ങളും ശുഭയോഗങ്ങളുമൊക്കെ വരുന്നുണ്ട്. കൂടാതെ ധാരാളം വിശേഷ ദിനങ്ങളും ഈ 30 ദിവസത്തിനുള്ളില്‍ വരുന്നുണ്ട്.

ജ്യോതിഷപ്രകാരം കന്നിമാസം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. 27 നക്ഷത്രക്കാര്‍ക്കും കന്നി മാസത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ കന്നി മാസത്തിലെ നക്ഷത്രഫലം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് കന്നി മാസത്തില്‍ കരിയറിന്റെ കാര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. എതിരാളികളെ ജയിക്കാനാകും. എന്നാല്‍ നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നേരിടും. അഹംഭാവം വെടിയുക. എല്ലാവരോടും നന്നായി പെരുമാറുക. വ്യാപാരികള്‍ക്ക് ഈ സമയം നേട്ടം ലഭിക്കും.

ബിസിനസ് മേഖല വിപുലീകരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് തെളിയിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുക. ഈ സമയം നിങ്ങള്‍ക്ക് ഒരു ദീര്‍ഘയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഉദരരോഗവും നേത്രരോഗവും നിങ്ങളെ അലട്ടിയേക്കാം. ജോലിയില്‍ കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കും. ഊര്‍ജ്ജസ്വലതയോടെ ജോലികള്‍ പൂര്‍ത്തിയാക്കാനാകും.

Monthly Horoscope

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം പുതിയ സംരംഭങ്ങള്‍ വഴി നേട്ടമുണ്ടാകും. എന്നാല്‍ നിക്ഷേപങ്ങളില്‍ കരുതല്‍ വേണം. അനുചിതമായ നിക്ഷേപങ്ങള്‍ നഷ്ടത്തിന് കാരണമാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരും ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയും നിങ്ങള്‍ക്ക് ഈ സമയം പ്രശ്‌നങ്ങള്‍ നല്‍കിയേക്കാം. കടുത്ത വിമര്‍ശനങ്ങള്‍ നേരിടും.

ഉചിതമായി പ്രശ്‌നം കൈകാര്യം ചെയ്ത് മുന്നോട്ട് നീങ്ങുക. സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം. വീട്ടില്‍ തര്‍ക്കവും ഭിന്നതയും ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തില്‍ ചി അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. മാനസിക വിഷമം മൂലം നിങ്ങളുടെ പല പദ്ധതികളും ഒഴിവാക്കേണ്ടി വരും. കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് കര്‍മ്മരംഗത്ത് ഈ സമയം ചില വലിയ ചുമതലകള്‍ വന്നുചേരും. മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.

യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് മാനഹാനിക്ക് സാദ്ധ്യതയുണ്ട്, ഇക്കാര്യം ശ്രദ്ധിക്കണം. സാമ്പത്തികമായി സ്ഥിത മെച്ചപ്പെടും, വിവിധ സ്രോതസ്സുകളിലൂടെ ധനാഗമനത്തിന് സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. ബന്ധുക്കളില്‍ നിന്ന് സഹകരണം ലഭിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ സമയം ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍പരമായ എല്ലാ വെല്ലുവിളികളും ജയിക്കാനാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ധനം ലഭിക്കും. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു കാലഘട്ടമാണിത്.

നിങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധവേണം. ഉദരരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. കുടുംബാംഗങ്ങളുമൊത്ത് ഒരു യാത്രപോകാനാകും. തന്ത്രപൂര്‍വം കാര്യങ്ങള്‍ നീക്കും. ഐശ്വര്യം, കുടുംബസുഖം തുടങ്ങിയവ കൈവരുത്താന്‍ പരമാവധി നിങ്ങള്‍ പരിശ്രമിക്കും. എതിരാളികളെ കരുതിയിരിക്കണം.

Monthly Horoscope

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിരതയുണ്ടാകും. അപ്രതീക്ഷിതമായി ധനാഗമം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി, ഓഹരിവിപണി എന്നിവയിലൂടെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം ആവശ്യമാണ്. ധനലാഭം, ശത്രുനാശം, ഭക്ഷണസുഖം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ തലയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് അലസത വെടിയുക, കഠിനാധ്വാനം ചെയ്യുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ സമയം ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. സാമ്പത്തിക ഉയര്‍ച്ച പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹത്തിനായുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ സാധിക്കും.

അഗ്‌നിഭയം, ശത്രുപീഢ, ബന്ധുകലഹം, രോഗം തുടങ്ങിയ ദോഷാനുഭവങ്ങള്‍ ജീവിതത്തില്‍ കണ്ടേക്കാം. ഇത്തരം കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ക്കുക. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് വഴിയിലെ തടസ്സങ്ങള്‍ നീങ്ങും. വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ പറ്റിയ സമയമാണ് ഇത്. ജോലിസ്ഥലത്ത് ജോലി ഭാരം കൂടും. എങ്കിലും കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനാകും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം പുതിയ പദ്ധതികള്‍ ലാഭകരമാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ ആശയ വിനിമയ കഴിവ് വളരും. എല്ലാവരെയും സംസാരിച്ച് ആകര്‍ഷിക്കാനാകും. യാത്രകള്‍ ഗുണം ചെയ്യും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ ശ്രദ്ധിക്കണം. അവര്‍ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. പണച്ചെലവ് കൂടും. എന്നാലും ഈ സമയം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍ നിന്ന് മികച്ച സഹകരണം ലഭിക്കും. എന്നാല്‍ കാര്യതടസ്സം, രോഗം തുടങ്ങിയവ ഈ സമയം നിങ്ങളെ അലട്ടിയേക്കാം.

Monthly Horoscope

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ സമയം തൊഴിലില്‍ നല്ല പുരോഗതി കൈവരിക്കാന്‍ സാധിക്കും. പലവഴികളിലൂടെ വരുമാനം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തില്‍ വെല്ലുവിളികളെ നേരിടാനാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമൊത്ത് ഉല്ലസിക്കാന്‍ അവസരമുണ്ടാകും. ശത്രുക്കള്‍ ശക്തരാകും, സ്ത്രീകള്‍ കാരണം കലഹം, അപമാനം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ വിജയത്തില്‍ സന്തോഷിക്കും. മന:സുഖം ലഭിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാര്‍ക്ക് ഈ സമയം ധനാഭിവൃദ്ധി കൈവരിക്കാനാകും. ജീവിതത്തില്‍ ധാരാളം സുഖാനുഭവങ്ങളുണ്ടാകും. ദാമ്പത്യസുഖം, മന:സുഖം, വസ്ത്രലാഭം എന്നിവ പ്രതീക്ഷിക്കാം. ഉന്നതരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനാകും. ആരോഗ്യക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. സന്താനങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. ശത്രുക്കള്‍ നിങ്ങളെ ശല്യപ്പെടുത്തും. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഇക്കാര്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് തന്ത്രപൂര്‍വം തീരുമാനങ്ങള്‍ എടുക്കും. ജീവിതത്തില്‍ പല തരത്തിലുള്ള പുരോഗതി ഈ സമയം ദൃശ്യമാകും. ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കും. ഏറ്റെടുത്ത ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കും. ജോലിയില്‍ ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് കന്നി മാസത്തില്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി സാധിക്കും. മറ്റുള്ളവരെ വിശ്വാസത്തിലെടുത്ത് വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍. വ്യക്തിബന്ധങ്ങള്‍ തകരാതെ നോക്കണം. പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. ഭൂമി വാങ്ങാനുള്ള ശ്രമങ്ങള്‍ വിജയം കാണും.

സന്താനങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കും. ഈ സമയം നിങ്ങള്‍ക്ക് ഗൃഹോപകരണലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ചാരിറ്റി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. ചെറിയ ആപത്തുകള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പാലിക്കണം.

Monthly Horoscope

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ ഈ സമയം സാമ്പത്തികമായി ശക്തരാകും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ജോലിസ്ഥലത്ത മേലധികാരികളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ നേട്ടത്തില്‍ നിങ്ങള്‍ സന്തോഷിക്കും. വ്യാപാരികള്‍ക്ക് ഈ സമയം ലാഭം നേടാനാകും. മാനസികമായി അല്‍പം സന്തോഷം ലഭിക്കും. ജീവിതപങ്കാളി കാരണം ഉയര്‍ച്ച ഉണ്ടാകും.

ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. നിങ്ങളുടെ വിവേകത്തിന്റെ ശക്തിയാല്‍ എതിരാളികളെ ജയിക്കാനാകും. ഈ സമയം നിങ്ങളുടെ ആരോഗ്യത്തിലും ദിനചര്യയിലും ആഹാരക്കാര്യത്തിലും ശ്രദ്ധ വേണം. ഏറ്റെടുത്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ സമയം ചില യാത്രകള്‍ ചെയ്യാനാകും. കരിയറില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടിവരും. ജോലിയില്‍ പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാന്‍ അല്പം ബുദ്ധിമുട്ടും. അസ്ഥിരത കാരണം പലപ്പോഴും വിഷമിക്കും. എതിരാളികള്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം.

പങ്കാളിയുമായി ഭിന്നതകള്‍ ശക്തമാകും. ദാമ്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക, ചെറിയ അപകടത്തിന് സാദ്ധ്യതയുണ്ട്. ഈ സമയം നിങ്ങളുടെ ശത്രുക്കള്‍ ശക്തമാകും. മാനസിക വിഷമങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും.

X
Desktop Bottom Promotion