പാപങ്ങള്‍ കെട്ടടങ്ങും, കോടിപുണ്യം ജീവിതം മാറ്റിമറിക്കും; മോക്ഷദ ഏകാദശി ആരാധന

ഈ വര്‍ഷത്തിലെ അവസാനത്തെ ഏകാദശി ഡിസംബര്‍ 22ന് ആചരിക്കും. ഈ ദിവസം മോക്ഷദ ഏകാദശിയാണ്. മാര്‍ഗശീര്‍ഷ മാസത്തിലെ പതിനൊന്നാം തീയതി ആഘോഷിക്കുന്ന ഈ ഏകാദശി മുക്തിയുടെ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശിയാണിത്. ഈ ദിവസം മഹാവിഷ്ണുവിന്റെ ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ശ്രീ ഹരി വിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു. ദ്വാപരയുഗത്തില്‍ ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്.

മോക്ഷദ ഏകാദശിയില്‍ വ്രതമെടുത്താല്‍ അത് ഭക്തര്‍ക്ക് ആസക്തി നശിപ്പിച്ച് മോക്ഷം പ്രദാനം ചെയ്യുന്നതായി കണക്കാക്കുന്നു. ഈ ദിവസം ആരാധിക്കുന്നവരുടെ എല്ലാ പ്രയാസങ്ങളും മായ്ുകയും പാപങ്ങള്‍ കെട്ടടങ്ങുകയും ചെയ്യുന്നു. മോക്ഷദ ഏകാദശിയില്‍ ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ ശുഭകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ഭാഗ്യം ഉണര്‍ത്തുകയും സന്തോഷവും സമൃദ്ധിയും നല്‍കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മോക്ഷദ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും ചെയ്യേണ്ട പ്രതിവിധികളും എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Mokshada Ekadashi 2023 Date, Shubha Muhutham

മോക്ഷദ ഏകാദശി തിഥി

2023ലെ അവസാന ഏകാദശി ഡിസംബര്‍ 22, 23 തീയതികളില്‍ ആഘോഷിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി ഡിസംബര്‍ 22ന് രാവിലെ 8:16 ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 11 വരെ തുടരും. ഡിസംബര്‍ 22-ന് മോക്ഷദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക്, ഡിസംബര്‍ 23-ന് ഉച്ചയ്ക്ക് 1:22 മുതല്‍ 3:25 വരെയാണ് വ്രതം തുറക്കാനുള്ള സമയം. ഡിസംബര്‍ 23 ന് വൈഷ്ണവ ആചാരം പിന്തുടരുന്ന വ്രതമനുഷ്ഠിക്കുന്നവര്‍ ഡിസംബര്‍ 24 ന് രാവിലെ 9:14 ന് വ്രതം പൂര്‍ത്തിയാക്കണം.

മോക്ഷദ ഏകാദശിയുടെ പ്രാധാന്യം

മോക്ഷദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ പാപങ്ങള്‍ നശിക്കുമെന്നും പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിവസമാണ് എന്നതിനാല്‍ ഈ ഏകാദശിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.

സാമ്പത്തിക നേട്ടത്തിന്

നിങ്ങള്‍ ജീവിതത്തില്‍ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍, മോക്ഷദ ഏകാദശിയില്‍ തുളസി ജപമാല ഉപയോഗിച്ച് ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ജപിച്ച് പാവപ്പെട്ടവര്‍ക്ക് വാഴപ്പഴവും ഭക്ഷണവും പണവും നല്‍കുക. അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സന്താന ഭാഗ്യത്തിന്

മോക്ഷദ ഏകാദശി ദിനത്തില്‍ വൈകുന്നേരം തുളസിക്ക് മുന്നില്‍ നെയ്യ് വിളക്ക് കത്തിക്കുകയും ഈ സമയത്ത് തുടര്‍ച്ചയായി 'ഓം നമോ: നാരായണായ നമഃ' എന്ന മന്ത്രം ജപിക്കുകയും വേണം. തുളസി ചെടിക്ക് ചുറ്റും 11 അല്ലെങ്കില്‍ 21 തവണ വലം വയ്ക്കണം. ഇത് ചെയ്യുന്നത് ലക്ഷ്മിയെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. നിങ്ങളുടെ എല്ലാ പാപങ്ങളും മാഞ്ഞുപോകും. നിങ്ങള്‍ക്ക് ഈ പ്രതിവിധിയിലൂടെ സന്താനഭാഗ്യവും കൈവരും.

ജോലി വിജയത്തിന്

കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലെങ്കില്‍ മോക്ഷദ ഏകാദശി നാളില്‍ 11 ആലിലകള്‍ കൊണ്ട് മാലയാക്കി ശനി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഈ സമയത്ത്, 'ശം ഓം ശം നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതോടെ എല്ലാ സാഹചര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാകാന്‍ തുടങ്ങുമെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ ആല്‍മരത്തിനു ചുവട്ടില്‍ വിളക്ക് കൊളുത്തിയാല്‍ പൂര്‍വികരുടെ പ്രീതി നിങ്ങള്‍ക്ക് ലഭിക്കും.

ഇവ വീട്ടിലെത്തിക്കൂ

മോക്ഷദ ഏകാദശി നാളില്‍ തുളസി, വെള്ളി അല്ലെങ്കില്‍ പിച്ചളയില്‍ തീര്‍ത്ത മത്സ്യം, കാമധേനു പശുവിന്റെ പ്രതിമ, വലംപിരിശംഖ് എന്നിവ വീട്ടിലെത്തിക്കുന്നത് ലക്ഷ്മി ദേവിയെയും സത്യനാരായണനെയും വളരെയധികം സന്തോഷിപ്പിക്കുന്നു. മാര്‍ഗശീര്‍ഷ മാസത്തിലാണ് മഹാവിഷ്ണു മത്സ്യാവതാരമെടുത്തതെന്നും അതിനാല്‍ മത്സ്യവിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് ശുഭകരമാണെന്നും പറയപ്പെടുന്നു. കാമധേനു പശു ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടതാണ്. വലംപിരി ശംഖ് വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.

വിഷ്ണു സഹസ്രനാമം

മോക്ഷദ ഏകാദശി ദിനത്തില്‍ വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. ഇത് പാരായണം ചെയ്യുന്നതിലൂടെ എല്ലാവിധ വിഷമതകളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

തുളസി പൂജ

മോക്ഷദ ഏകാദശി നാളില്‍ വൈകുന്നേരം തുളസി ചെടിയുടെ മുന്നില്‍ നെയ്യ് വിളക്ക് തെളിയിക്കുക. ഇതോടൊപ്പം 11 പരിക്രമണം നടത്തുകയും ഓം വാസുദേവായ നമഃ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. എന്നാല്‍ ഏകാദശി ദിനത്തില്‍ തുളസി ചെടിക്ക് വെള്ളം നല്‍കരുത്. കാരണം തുളസി ദേവി ഈ ദിവസം നിര്‍ജ്ജല വ്രതം ആചരിക്കുന്നു. ഇതുകൂടാതെ, ഈ ദിവസം ഒരു തുളസി ചെടി നടുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ജമന്തി പൂക്കള്‍ അര്‍പ്പിക്കുക

മോക്ഷദ ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുമ്പോള്‍ മഞ്ഞ ജമന്തിപ്പൂവ് സമര്‍പ്പിക്കുക. ജമന്തി പുഷ്പം ലഭ്യമല്ലെങ്കില്‍, മറ്റേതെങ്കിലും മഞ്ഞ പുഷ്പം സമര്‍പ്പിക്കാം.

വെറ്റില പ്രതിവിധി

സാമ്പത്തിക നേട്ടത്തിനായി മോക്ഷദ ഏകാദശി ദിനത്തില്‍ വെറ്റില കൊണ്ട് ഈ പ്രതിവിധി ചെയ്യുന്നത് ശുഭകരമാണ്. അതിനായി ശുദ്ധമായ ഒരു വെറ്റില എടുത്ത് അതില്‍ കുങ്കുമം കൊണ്ട് 'ശ്രീ' എന്ന് എഴുതി ഈ വെറ്റില ഭഗവാന്‍ വിഷ്ണുവിന്റെ പാദങ്ങളില്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുക. അടുത്ത ദിവസം ഇത് പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ അലമാരയിലോ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ലെന്ന് പറയപ്പെടുന്നു.

Story first published: Wednesday, December 20, 2023, 12:39 [IST]
X
Desktop Bottom Promotion