കാര്യസിദ്ധിയും ജീവിത വിജയവും ഉറപ്പ്; ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ മകരഭരണി

അധര്‍മ്മത്തെ നിഗ്രഹിക്കുന്ന മൂര്‍ത്തിയാണ് ഭദ്രകാളി ദേവി. അതുകൊണ്ടുതന്നെ ഭദ്രകാളി ദേവിയെ ആരാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ലഭിക്കാത്തതായി യാതൊന്നുമില്ല. ജീവിതത്തില്‍ ദുരിതദുഖങ്ങള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക്, അതില്‍നിന്നുള്ള മോചനത്തിന് ഏറ്റവും നല്ലവഴിയാണ് മകരഭരണിദിനത്തിലെ ആരാധന. ക്ഷിപ്രപ്രസാദിനിയും ക്ഷിപ്രകോപിയുമായ ആദിപരാശക്തിക്ക് വിവിധ രൂപങ്ങളുണ്ട്. ഇതില്‍ ഭദ്രകാളീ ഭാവത്തിലാണ് ദേവിയെ ഭരണിനാളില്‍ ആരാധിക്കുന്നത്. ഈവര്‍ഷത്തെ മകരഭരണി വരുന്നത് ജനുവരി 19 വെള്ളിയാഴ്ചയാണ്. ഈ ദിവസം ദേവീ ഭക്തര്‍ക്ക് ആരാധനയ്ക്ക് വളരെ ഉത്തമമായ സമയമാണ്.
മകരഭരണിയുടെ കൂടുതല്‍ വിശേഷങ്ങളും പ്രാധാന്യവും അറിയാന്‍ ലേഖനം വായിക്കൂ.

മലയാള മാസമായ മകരത്തില്‍ ഭരണി നക്ഷത്രം വരുന്ന ദിവസമാണ് മകര ഭരണി. കേരളത്തിലെ ദേവീ ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ അനേകം ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് ദുര്‍ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നയിടങ്ങളില്‍ ഈ ദിവസം പ്രത്യേക ഘോഷയാത്രകള്‍ ഉള്‍പ്പെടുന്ന വിവിധ തരത്തിലുള്ള ആചാരങ്ങള്‍ നടക്കുന്നു.

Makara Bharani 2024

ഭദ്രകാളി ആരാധന

ഈ ദിവസം വ്രതമെടുത്ത് ഭഗവതിയെ ആരാധിച്ചാല്‍ കാര്യസിദ്ധിയും ജീവിത വിജയവും ഉറപ്പാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കും നിരാശ ബാധിച്ചവര്‍ക്കും ക്ഷിപ്രഫലദായകമാണ് ഭരണി വ്രതം. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്ര ദിവസം ദേവീക്ഷേത്രങ്ങളില്‍ പ്രാര്‍ഥനയുടെയും ആഘോഷത്തിന്റെയും ഉത്സവമാണ്. ദൈവികമായി കരുതുന്ന ഉത്തരായണം തുടങ്ങിയതിന് ശേഷം ആദ്യം വരുന്ന ഭരണിയെന്നതാണ് മകരഭരണിയുടെ പ്രത്യേകത. ഭദ്രകാളീ ഭാവത്തിലുള്ള ദേവീ ആരാധനയ്ക്ക് പ്രധാനമാണ് ഭരണി നക്ഷത്രം.

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ചില ദിവസങ്ങളുണ്ട്. അമാവാസി ദിനം, ചൊവ്വ, വെള്ളി ദിവസം, ഭരണി നക്ഷത്രം എന്നിവയാണ് അത്. അതില്‍ തന്നെ മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്രം കാളീ ദേവിക്ക് അതിവിശേഷമാണ്. ഈ ദിവസം വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദര്‍ശനവും വഴിപാടുകളും നടത്തി പ്രാര്‍ത്ഥിച്ചാല്‍ പെട്ടെന്ന് ആഗ്രഹസാഫല്യം കൈവരുന്നതായിരിക്കും.

മകരഭരണി ദിനത്തില്‍ വൈകുന്നേരം നാമജപത്തോടെ ദേവീക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് വളരെ ഫലദായകമാണ്. പൂജ തൊഴുതാല്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നെയ് വിളക്കിന് മുമ്പിലിരുന്ന് ലളിതാസഹസ്രനാമം ജപിക്കുന്നതും വളരെ ഉത്തമമാണ്.

മകരഭരണി വ്രതദിനങ്ങളില്‍ ഉച്ചക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും വൈകിട്ടും ഉപവാസിക്കുക. പഴവര്‍ഗ്ഗങ്ങളോ ലഘുഭക്ഷണമോ കഴിക്കാം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കുകയും ബ്രഹ്‌മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളില്‍ രണ്ട് നേരവും ദേവീക്ഷേത്ര ദര്‍ശനം നടത്തണം. ചുവന്ന വസ്ത്രം പൂര്‍ണ്ണമായോ ജപസമയത്തോ ധരിക്കണം. പുല, വാലായ്മ, ആര്‍ത്തവം ഉള്ളവര്‍ വ്രതമെടുക്കരുത്. രണ്ട് നേരവും വീട്ടില്‍ നെയ്വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. വ്രതം കഴിഞ്ഞാല്‍ പിറ്റേദിവസം ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കുക.

മഹാകാളീമന്ത്രം

ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തര്‍ഗതേ നിത്യേ
സര്‍വ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ

മുന്‍ജന്മപാപങ്ങള്‍ അകറ്റി സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും സമ്മാനിക്കുന്ന ഉഗ്രശക്തിയുള്ള മന്ത്രമാണിത്. ഈ മന്ത്രം ഭരണി നക്ഷത്ര ദിവസം തുടങ്ങി 48 തവണ വീതം രാവിലെയും വൈകിട്ടും നിത്യേന ജപിക്കുന്നത് വളരെ ഉത്തമമാണ്. വടക്ക് അഭിമുഖമായിരുന്ന് മന്ത്രം ജപിക്കണം. പൂജാമുറിയില്‍ ദിക്ക് പ്രധാനമല്ല. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസങ്ങള്‍ മന്ത്രജപം തുടങ്ങാന്‍ വളരെ നല്ലതാണ്.

X
Desktop Bottom Promotion