മകരസംക്രാന്തി 2025: ഏറ്റവും മംഗളകരമായ ദിവസം, ഏതാഗ്രഹവും നടക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടത് ഈ സമയത്ത്

Makar Sankranti 2025:ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരവും നിലയ്ക്കാത്ത ഊര്‍ജ്ജസ്രോതസ്സും കണ്‍മുന്നിലെ ദൈവ തേജസ്സുമായ സൂര്യ ഭഗവാനെ ആരാധിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് മകര സംക്രാന്തി. ഈ വര്‍ഷത്തെ മകരസംക്രാന്തി ജനുവരി 14, രാവിലെ 9.03ന് ആരംഭിക്കുകയാണ്. അന്നേദിവസം രാവിലെ 9.03 മുതല്‍ വൈകുന്നേരം 5.46 വരെയുളള എട്ട് മണിക്കൂര്‍ 43 മിനിട്ട് വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. സൂര്യതേജസ്സില്‍ പ്രപഞ്ചം വിളങ്ങുന്ന സമയമായിരിക്കും ഇത്.

makar sankranti
Photo Credit: AI Generated

സൂര്യന്‍ മകരം രാശിയിലേക്ക് എത്തുന്ന മംഗള മുഹൂര്‍ത്തമാണ് മകരസംക്രാന്തി. ഉത്തരായനത്തിന് ആരംഭമാണത്. പ്രപഞ്ചം മുഴുവനും സര്‍വ്വ ചരാചരങ്ങളിലും പോസിറ്റിവിറ്റിയും ഉന്മേഷവും ഉത്സാഹവും നിറയുന്ന സമയമാണിത്. ഈ സമയം പുതിയ തുടക്കങ്ങള്‍ക്ക് വളരെ ശുഭകരമാണ്. സൂര്യന്‍ ഉത്തരായനത്തില്‍ ആയിരിക്കുമ്പോള്‍ പകല്‍ സമയത്തിന് ദൈര്‍ഘ്യം കൂടും. നിരാശയ്ക്ക് മേല്‍ പ്രതീക്ഷയും ഇരുട്ടിന് മേല്‍ വെളിച്ചവും തിന്മയ്ക്ക് മേല്‍ നന്മയും വിളയാടും.

ഇന്ത്യയില്‍ സാംസ്‌കാരികമായും ആത്മീയമായും കാര്‍ഷികപരമായും പ്രാധാന്യമുള്ള ആഘോഷമാണ് മകരസംക്രാന്തി. ശൈത്യത്തിന് ശേഷം വസന്തം എത്തുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് ജീവന്‍ വെക്കും. കൃഷി സജീവമാകും. കൃഷിക്ക് പ്രകൃതിയുടെ അനുകൂലമാകുന്ന സമയമാണിത്. വരുംവര്‍ഷം മുഴുവന്‍ സമൃദ്ധിയും ഐശ്വര്യവും നിറയാന്‍ കര്‍ഷകര്‍ പ്രകൃതിയുടെ അനുഗ്രഹം തേടുന്നു.

മകരസംക്രാന്തി പുരാണം

മകരസംക്രാന്തിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. ഇതിലൊന്ന് ശനിദേവനും അദ്ദേഹത്തിന്റെ പിതാവായ സൂര്യ ഭഗവാനുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവര്‍ക്കിടയില്‍ അത്ര സുഖകരമായ ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാല്‍ മകരസംക്രാന്തിക്ക് ഇരുവരും പിണക്കം മറന്ന് ഒന്നായെന്നാണ് വിശ്വാസം. അതുകൊണ്ട് ഒന്നുചേരലിന്റെയും വിട്ടുകൊടുക്കലിന്റെയും ക്ഷമയുടെയും സന്തുലിതാവസ്ഥയുടെയും ആഘോഷമായി മകരസംക്രാന്തി കണക്കാക്കപ്പെടുന്നു.

മറ്റൊരു ഐതിഹ്യം ഭഗീരഥ മഹാരാജാവും ഗംഗയുമായി ബന്ധപ്പെട്ടുള്ളതാണ്. പുണ്യനദിയായ ഗംഗയെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി ഭഗീരഥ മഹാരാജ് തീവ്രമായി പരിശ്രമിച്ചു. ഒടുവില്‍ മകരസംക്രാന്തി ദിവസമാണ് അദ്ദേഹത്തിന്റെ പിതൃക്കളുടെ പാപം കളയുന്നതിനായി ഗംഗ ഭൂമിയിലേക്ക് ഒഴുകിയതെന്നാണ് വിശ്വാസം.

തിന്മയ്ക്ക് മേല്‍ ഭഗവാന്‍ വിഷ്ണു നേടിയ വിജയത്തിന്റെ ആഘോഷമായും മകരസംക്രാന്തി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തിന്മയ്ക്ക് മേല്‍ നന്മയുടെ ആഘോഷമാണ് മകരസംക്രാന്തി.

ദൈവങ്ങള്‍ ഉണര്‍ന്നിരിക്കുന്ന ആറുമാസം

സൂര്യദേവന്‍ മകരം രാശിയിലേക്ക് കടക്കുന്നതോടെ ഉത്തരായനത്തിന് തുടക്കമാകും. കര്‍ക്കിടക സംക്രാന്തി വരെയുള്ള ആറുമാസം വളരെ മംഗളകരമായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയം ദൈവങ്ങള്‍ ഉണര്‍ന്നിരിക്കുകയും ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേല്‍ അനുഗ്രഹം ചൊരികയും സമൃദ്ധിയും സന്തോഷവും ഐശ്വര്യവും വാരിക്കോരി നല്‍കുകയും ചെയ്യുമെന്നാണ് വിശ്വാസം.

ആത്മീയതലത്തില്‍, ആത്മപരിശോധനകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ഏറ്റവും നല്ല സമയമാണ് മകരസംക്രാന്തി. സൂര്യന്‍ ഉത്തരാര്‍ദ്ധത്തില്‍ സഞ്ചരിക്കുമ്പോള്‍ ബോധോദയവും ജ്ഞാനവും കൈവരും. മൗഢ്യവും അഹങ്കാരവും ശമിക്കും. മുന്‍കാല വേദനകളും പകയും മറന്നുകളഞ്ഞ് ജീവിതത്തിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരണമെന്ന സന്ദേശമാണ് ഈ ദിവസം നല്‍കുന്നത്.

മകരവിളക്ക്

മലയാളികളെ സംബന്ധിച്ചെടുത്തോളം മകരസംക്രാന്തി ദിനത്തിലെ പ്രധാന ആഘോഷങ്ങളിലൊന്ന് ശബരിമല മകരവിളക്ക് ഉത്സവമാണ്. അന്നേദിവസം ശബരിമലയില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളും ഉണ്ടാകും. ധനുരാശിയില്‍ നിന്നും സൂര്യന്‍ മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തില്‍ സന്നിധാനത്ത് മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും.വൈകുന്നേരം ആകാശത്ത് തെളിയുന്ന മകരജ്യോതിയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദിവ്യപ്രകാശവും ഭക്തരെ സംബന്ധിച്ച് അയ്യപ്പസ്വാമിയുടെ സാന്നിധ്യമാണ്. മൂന്ന് തവണയാണ് മകരജ്യോതി തെളിയുക.

തൈപ്പൊങ്കല്‍

തമിഴ്‌നാട്ടില്‍ മകരസംക്രാന്തി ദിവസം മകരപ്പൊങ്കല്‍ അഥവാ തൈപ്പൊങ്കല്‍ ആയി ആഘോഷിക്കുന്നു. നാല് ദിവസമാണ് ഈ ആഘോഷം നീണ്ടുനില്‍ക്കുക. വിളസമൃദ്ധിക്കുള്ള നന്ദിസൂചകമായി സൂര്യന്‍, കന്നുകാലികള്‍, ഭൂമി എന്നിവയെ ആദരിക്കുന്നതിനുള്ള അവസരമാണിത്. അന്ന് വിളവെടുന്ന അരിയും പാലും ശര്‍ക്കരയും കൊണ്ട് പൊങ്കല്‍ തയ്യാറാക്കി ദൈവത്തിന് സമര്‍പ്പിക്കുന്നു. വീടുകളില്‍ കോലം വരയ്ക്കുകയും അലങ്കരിക്കുകയും ചെയ്യുന്നു.

ആചാരങ്ങള്‍

മകരംസക്രാന്തി ദിവസം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരയുള്ള മണിക്കൂറുകള്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് പ്രാര്‍ത്ഥിക്കുന്നതെല്ലാം നടക്കുമെന്നും ഇരട്ടിഫലം ലഭിക്കുമെന്നുമാണ് വിശ്വാസം. മകരസംക്രാന്തി ദിവസത്തിലെ പുണ്യസ്‌നാനം സകല പാപങ്ങളും കഴുകിക്കളയുമെന്നും കരുതപ്പെടുന്നു. ഗംഗ, യമുന, ഗോദാവരി , കൃഷ്ണ തുടങ്ങിയ നദികളില്‍ അന്നേദിവസം സ്‌നാനം ചെയ്യാന്‍ സാധിക്കുന്നത് അത്യന്തം ശുഭകരമാണ്.

അതിന് സാധിക്കാത്തവര്‍ വീടുകളില്‍ തന്നെ അതിരാവിലെ എഴുന്നേറ്റ് സ്‌നാനം ചെയ്യുക. മനസ്സ് കൊണ്ടും വാക്കുകള്‍ കൊണ്ടും കര്‍മ്മം കൊണ്ടും ചെയ്ത പാപങ്ങള്‍ കളയണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടുവേണം സ്‌നാനം ചെയ്യാന്‍. ശേഷം വിഷ്ണുഭഗവാനെ പൂജിക്കുക. വിഷ്ണുക്ഷേത്ര ദര്‍ശനവും ശുഭകരമാണ്. മകരംസ്‌ക്രാന്തി ദിവസത്തില്‍ അവനവന് സാധിക്കുംപോലെ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമാണ്. നാരായണജപത്തോടെ അരി, കറുത്ത എള്ള്, ഉഴുന്ന്, ശര്‍ക്കര, ഇഞ്ചി, പച്ചക്കറി, ഉപ്പ് എന്നിവ നിരാലംബര്‍ക്ക് ദാനം ചെയ്യുക. മകരസംക്രാന്തിക്ക് എള്ള് കൊണ്ടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ശിവക്ഷേത്രത്തില്‍ എള്ളെണ്ണ സമര്‍പ്പിക്കുന്നതും ഉത്തമമാണ്.

X
Desktop Bottom Promotion