കുംടുംബത്തില്‍ പരസ്പര സ്‌നേഹവും ഐക്യവും എന്നും നിലനില്‍ക്കാന്‍ വാസ്തു ടിപ്പ്‌സ്

കുടുംബാംഗങ്ങള്‍ക്കിടയിലെ സ്‌നേഹവും ഐക്യവും എന്നും നിലനിര്‍ത്തി കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകളുടെ പലതരം തിരക്കുകളും ജോലിയും സമ്മര്‍ദ്ദവുമെല്ലാം പ്രതിഫലിക്കുക കുടുംബത്തിലാണ്. തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് കുടുംബാംഗങ്ങള്‍ക്ക് പരസ്പര സ്‌നേഹവും പ്രതീക്ഷകളും എന്നും ഒരുപോലെ നിലനിര്‍ത്തി കൊണ്ടുപോകുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

vastu tips

പക്ഷേ കുടുംബത്തിന്റെ കെട്ടുറപ്പ് അഴിയാതെ, കുടുംബാംഗങ്ങള്‍ക്കിടയില്‍ എന്നും സ്‌നേഹവും സന്തോഷവും ഐക്യവും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ വാസ്തുശാസ്ത്രം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ലിവിംഗ് റൂം വടക്കുപടിഞ്ഞാറ്

കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് സമയം ചിലവഴിക്കുന്ന ഇടമാണ് ലിവിംഗ് റൂം. പരസ്പരം വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്‌നങ്ങളുമെല്ലാം പങ്കുവെക്കപ്പെടുന്ന ഈ സ്ഥലം വടക്കുപടിഞ്ഞാറ് ദിശയില്‍ ആയിരിക്കുന്നതാണ് കുടുംബത്തിന് നല്ലതെന്ന് വാസ്തുശാസ്ത്രം പറയുന്നു. അന്യോന്യം മനസ്സിലാക്കാനും സഹകരിക്കാനും ഈ ദിശയില്‍ ലിവിംഗ് റൂം ഇരിക്കുന്നതാണ് നല്ലത്. അതുപോലെ ലിവിംഗ് റൂം എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തില്‍, സന്തോഷവും മനസുഖവും നല്‍കുന്ന രീതിയില്‍ വൃത്തിയും ചിട്ടയും ഉള്ളതായിരിക്കണം.

ഊണുമുറി പടിഞ്ഞാറ്

ലിവിംഗ് റൂം കഴിഞ്ഞാല്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് സമയം ചിലവിടുന്ന മറ്റൊരുസ്ഥലം ഊണുമുറിയാണ്. ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന ഈ സ്ഥലം പടിഞ്ഞാറ് ദിശയിലോ വടക്കുപടിഞ്ഞാറ് ദിശയിലോ ആകുന്നതാണ് ഉചിതം. ഡൈനിംഗ് ടേബിള്‍ വട്ടത്തിലോ ഓവല്‍ ആകൃതിയിലോ ആകുന്നതാണ് നല്ലതെന്നും വാസ്തുശാസ്ത്രം പറയുന്നു. മാത്രമല്ല, ഒരിക്കലും പ്രധാന വാതിലിന് പുറംതിരിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയില്‍ ആകരുത് ഡൈനിംഗ് ഏരിയ.

കിടപ്പുമുറി എങ്ങനെയാകണം

കുടുംബത്തിന്റെ കെട്ടുറപ്പില്‍ കിടപ്പുമുറിയുടെ സ്ഥാനം വളരെ പ്രധാനമാണെന്ന് വാസ്തുശാസ്ത്രം പറയുന്നു. കുടുംബനാഥനും നാഥയും കിടക്കുന്ന പ്രധാന കിടപ്പുമുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ ആകുന്നതാണ് ഉചിതം. കുട്ടികളുടെ മുറി പടിഞ്ഞാറോ വടക്കുപടിഞ്ഞറോ ആകാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്ഥിരതയും പരസ്പരബന്ധവും നിലനില്‍ക്കാന്‍ കിടപ്പുമുറി ഈ നിലയില്‍ ആകുന്നതാണ് നല്ലത്.

ഫോട്ടോകളുടെ സ്ഥാനം

വീടുകളില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ അതിനായി പ്രത്യേക സ്ഥാനമൊന്നും നമ്മള്‍ നോക്കാറില്ല. കാണാന്‍ ഭംഗി തോന്നുന്ന, സ്ഥലമുള്ള ഒരിടത്ത് വെക്കും. എന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം ലിവിംഗ് റൂമിന്റെ വടക്കോ, കിഴക്കോ ദിശയില്‍ ഫോട്ടോകള്‍ തൂക്കുന്നത് കുടുംബത്തില്‍ സന്തോഷം കൊണ്ടുവരും. നല്ല ഓര്‍മ്മകളും സന്തോഷവുമാണ് ഫോട്ടോകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷവും ഐക്യവും വളര്‍ത്തുന്നതിനുള്ള നല്ല മാര്‍ഗ്ഗമാണ് അവ.

അടുക്കും ചിട്ടയും

വീട്ടിനുള്ളില്‍ അടുക്കും ചിട്ടയും വൃത്തിയും ഉണ്ടെങ്കില്‍ കുടുംബാംഗങ്ങളില്‍ പോസിറ്റിവിറ്റിയും മനസമാധാനം ഉണ്ടാകും. അതുകൊണ്ട് സ്ഥിരമായി വീട് വൃത്തിയായി സൂക്ഷിക്കുകയും അടിക്കടി എല്ലാം അടുക്കിവെക്കുകയും ചെയ്യുക. പ്രത്യേകിച്ച് തെക്ക്പടിഞ്ഞാറേ മൂലയില്‍ ഒന്നും അലങ്കോലപ്പെട്ട് കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. കാരണം ഈ മൂല ബന്ധങ്ങളെ സ്വാധീനിക്കുന്ന ഇടമാണ്. ഇവിടെ പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കള്‍ വെക്കാതിരിക്കുക.

ലൈറ്റിംഗ്

പ്രകാശമെന്നാല്‍ പ്രതീക്ഷയുടെയും പോസിറ്റിവിറ്റിയുടെയും പ്രതീകമാണ്. വീടിനുള്‍വശം ഇരുണ്ടരിക്കുന്ന അവസ്ഥ ഒഴിവാക്കുക. പ്രത്യേകിച്ച് വൈകുന്നേരവും രാത്രിയും വീട്് പ്രകാശമാനമാക്കി വെക്കുക. സന്ധ്യാദീപം കത്തിക്കുന്നത് തന്നെ ഇതാണ് അര്‍ത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് വടക്കുകിഴക്ക് മൂലയിലേക്ക് ദീപം കത്തിക്കുന്നത് കുടുംബത്തില്‍ ഐക്യവും സന്തോഷവും കൊണ്ടുവരും.

ചെടികള്‍

കുടുംബാംഗങ്ങള്‍ക്കിടയിലെ സ്‌നേഹവും സഹകരണം മെച്ചപ്പെടുത്താന്‍ വീടിനുള്ളില്‍ ചില പ്രത്യേകയിനം ചെടികള്‍ വെക്കാവുന്നതാണ്. മണിപ്ലാന്റ്, മുള തുടങ്ങിയവ വീടിന്റെ തെക്ക്കിഴക്കായി വെക്കുന്നത് നല്ലതാണ്. ഈ ചെടികള്‍ ഐശ്വര്യദായകമായി കരുതപ്പെടുന്നു. വീടിനുള്ളില്‍ സമാധാനവും കുടുംബബന്ധങ്ങളില്‍ വളര്‍ച്ചയും കൊണ്ടുവരാന്‍ അവ സഹായിക്കും.

ജലവിതാനങ്ങള്‍

ജലം ശാന്തിയുടെയും വൈകാരിക സന്തുലിതാവസ്ഥയുടെയും പ്രതീകമാണ്. അതുകൊണ്ട് ജലവിതാനങ്ങള്‍ പോലുള്ളവ വടക്ക്കിഴക്ക് മൂലയില്‍ വെക്കുക. ഇത് സമാധാനവും ഐക്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും.

നിറങ്ങളുടെ ഉപയോഗം

നിറങ്ങള്‍ക്ക് വാസ്തുശാസ്ത്രം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. ഇളംമഞ്ഞ, ഇളംപച്ച, ക്രീം പോലുള്ള നിറങ്ങളാണ് കുടുംബത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ലിവിംഗ് മുറിക്ക് അനുയോജ്യം. ഇരുണ്ട നിറങ്ങള്‍, ചുവപ്പ്, കറുപ്പ് എന്നിവ കുടുംബങ്ങള്‍ ഒന്നിക്കുന്ന സ്ഥലങ്ങളില്‍ ഒഴിവാക്കുക.

അടുക്കളസ്ഥാനം

ഒരു വീട്ടില്‍ അടുക്കള തെക്ക്കിഴക്ക് ദിശയില്‍ ആയിരിക്കുന്നതാണ് ഉചിതം. കിഴക്ക് വശത്തേക്ക് അഭിമുഖമായി നിന്ന് പാചകം ചെയ്യണം. അഗ്നി കൂടി ഉള്‍പ്പെടുന്ന പ്രക്രിയ ആയതുകൊണ്ട് കിഴക്കോട്ട് നോക്കി പാചകം ചെയ്താല്‍ പോസിറ്റിവിറ്റി ഉണ്ടാകും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, September 28, 2024, 19:12 [IST]
X
Desktop Bottom Promotion