For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ദിനം: ഓരോ വാക്കിനും ഒരുപാട് കഥകളുമായി ശീതള്‍

|

ഒരു കുന്നിക്കുരുവോളം സ്വപ്‌നം കണ്ടിരുന്ന ഒരു കുട്ടി, ആ കുട്ടിക്ക് കിട്ടിയതാകട്ടെ ഇപ്പോള്‍ ഒരു കുന്നോളം സൗഭാഗ്യവും. ഈ സൗഭാഗ്യത്തിന് പിന്നില്‍ കുറേ കഷ്ടപ്പാടിന്റേയും വെല്ലുവിളികളുടേയും കണ്ണീരിന്റേയും കഥകളുണ്ട്. ഇന്ന് എല്ലാ ആഗ്രഹങ്ങളും സഫലമാക്കി കൊച്ചിയിലെ ഒരു കൊച്ചു വീട്ടില്‍ ഈ സ്വപ്‌നങ്ങളുടെ ഉടമയും ഭര്‍ത്താവും സന്തോഷത്തോടെ കഴിയുന്നുണ്ട്. ഇപ്പോള്‍ കൂട്ടായി ഒരു മകനും. താന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കി സ്വപ്‌നങ്ങള്‍ കാണുന്നതിന് മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തും നല്‍കുന്ന ശീതള്‍ ശ്യാം എന്ന വ്യക്തി. ആണോ പെണ്ണോ എന്ന് ചോദിക്കുമ്പോള്‍ മനുഷ്യനാണ് താന്‍ എന്ന് ഉറപ്പിച്ച് പറയാന്‍ തക്ക കരുത്തയായ പെണ്ണ്. കേരളത്തിലെ ട്രാന്‍സ്ജന്‍ഡര്‍ പോരാട്ടങ്ങളില്‍ എന്നും മുന്‍ നിരയില്‍ നമ്മള്‍ കാണുന്ന അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒരു മുഖം തന്നെയാണ് സോഷ്യല്‍ ആക്ടിവിസ്റ്റും നര്‍ത്തകിയും അഭിനേത്രിയുമായ ശീതള്‍ ശ്യാമിന്റേത്.

Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

അത്ര സുഖകരമല്ലാത്ത ഒരു കുട്ടിക്കാലത്ത് നിന്നും കൗമാരത്തിലേക്കും അവിടുന്ന് യൗവ്വനത്തിലേക്കും എത്തി നില്‍ക്കുന്ന ഇവര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം അഭിനന്ദനാര്‍ഹമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നും അംഗീകരിക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ചിരിച്ച് കൊണ്ട് തന്നെ ധൈര്യപൂര്‍വ്വം നേരിടുന്ന ശീതള്‍ ശ്യാം എന്ന വ്യക്തിക്ക് ഈ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ നമ്മളോട് ചിലത് പറയാനുണ്ട്. അതെന്താണെന്ന് കേള്‍ക്കാനും മറ്റാരെക്കാളും അവര്‍ അര്‍ഹിക്കുന്ന സ്ഥാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നല്‍കുന്നതിനും നമ്മളില്‍ ഒരാളായി ചേര്‍ത്തു പിടിക്കുന്നതിനും ഇതിലൂടെ നമുക്ക് കഴിയട്ടെ....

 കുട്ടിക്കാലം

കുട്ടിക്കാലം

ആണ്‍കുട്ടിയായി ജനിച്ച് ഇപ്പോള്‍ സ്ത്രീയായി ജീവിക്കുന്ന ഒരു വ്യക്തിയാണ് ശീതള്‍ ശ്യാം. ഒരിക്കലും പൂര്‍ണതയുള്ള ഒരു സ്ത്രീ എന്നുള്ളതിനേക്കാള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് അറിയപ്പെടുന്നതിന് തന്നെയാണ് ശീതളിന് താല്‍പ്പര്യവും. നിറങ്ങളുള്ള ഒരു ബാല്യമായിരുന്നില്ല ശീതളിനെ കാത്തിരുന്നിരുന്നത്. റോമന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ശീതള്‍ ചെറുപ്പത്തിലേ തന്നെ വളരെയധികം പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിച്ചിരുന്നു. പെണ്‍കുട്ടികളെ പോലെ പെരുമാറുന്നു, കണ്ണാടിയില്‍ നോക്കുന്നു, പെണ്‍കുട്ടികളുമായി കൂട്ടു കൂടുന്നു എന്നുള്ളതായിരുന്നു വീട്ടിലെയും നാട്ടിലേയും പരാതി. എന്നാല്‍ ഒരിക്കല്‍ പോലും ആ കുഞ്ഞിന്റെ മനസ്സ് കാണാനോ മനസ്സിലാക്കുന്നതിനോ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചില്ല എന്നുള്ളത് തന്നെയാണ് സത്യം. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തില്‍ വളരെയധികം വെല്ലുവിളികളോടും വിധിയോടും പട വെട്ടി തന്നെയായിരുന്നു ശ്യാം എന്ന ആണ്‍കുട്ടിയുടെ ജീവിതം. മാനസികമായും ശാരീരികമായും വളരെയധികം തകര്‍ന്നു പോവുന്ന അവസ്ഥയില്‍ ഒന്‍പതാം ക്ലാസ്സില്‍ വെച്ച് തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും ശീതള്‍ ശ്യാം പറയുന്നു.

ഒറ്റപ്പെടലുകളും

ഒറ്റപ്പെടലുകളും

കുട്ടിക്കാലത്തെ ഒറ്റപ്പെടലുകളും പല വിധത്തിലുള്ള ചൂഷണങ്ങളും മാറ്റി നിര്‍ത്തപ്പെടലുകളും എല്ലാം ശീതള്‍ ശ്യാം എന്ന കുട്ടിയുടെ ബാല്യത്തിന്റെ നിറം കെടുത്തി. എങ്കിലും അമ്മയുടെ പിന്തുണയും സ്‌നേഹവും തന്നെയായിരുന്നു കുറച്ച് കാലമെങ്കില്‍ കുറച്ച് കാലം നാട്ടില്‍ നില്‍ക്കുന്നതിന് അവരെ പ്രേരിപ്പിച്ചതും. പള്ളിയില്‍ കൊയര്‍ പാടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പോലും പെണ്‍കുട്ടികളുടെ ശബ്ദമാണ് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടേണ്ടി വന്ന ഒരു അവസ്ഥ വരെ ഇവര്‍ക്കുണ്ടായിരുന്നു. ഒട്ടും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു കുട്ടിക്കാലമായിരുന്നു എന്ന് വളരെ ദു:ഖത്തോടെ തന്നെ ശീതള്‍ ശ്യാം പറയുന്നു.

 സ്‌കൂളും വ്യത്യസ്തമായിരുന്നില്ല

സ്‌കൂളും വ്യത്യസ്തമായിരുന്നില്ല

സ്‌കൂളിലെ അനുഭവങ്ങളും വ്യത്യസ്തമായിരുന്നില്ല. വീട്ടിലേയും നാട്ടിലേയും ഒറ്റപ്പെടലിന്റെ ബാക്കിയായിരുന്നു അവര്‍ സ്‌കൂളില്‍ അനുഭവിച്ച് കൊണ്ടിരുന്നതും. ഒരിക്കലും ഒരു കുട്ടിയും അനുഭവിച്ചിട്ടില്ലാത്ത അനുഭവങ്ങളിലൂടെയായിരുന്നു ശീതളിന്റെ സ്‌കൂള്‍ ജീവിതവും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒറ്റപ്പെടുത്തുകയും മാനസിക രോഗമാണെന്ന് പറഞ്ഞ് ഡോക്ടറെ കാണിക്കേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ എത്തുന്ന അവസ്ഥ വരെയുണ്ടായി. ആണ്‍സുഹൃത്തുക്കളേക്കാള്‍ പെണ്‍സുഹൃത്തുക്കളോട് കൂടുന്നു എന്ന് പറഞ്ഞ് പല വിധത്തിലുള്ള ചൂഷണങ്ങളും ആ ചെറു പ്രായത്തില്‍ തന്നെ ഇവര്‍ അനുഭവിച്ചു. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം കൊണ്ട് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റുള്ളവരില്‍ നിന്ന് ഒളിച്ചോടുന്നതിന് തന്നെ ശീതള്‍ തീരുമാനിച്ചു. തൊഴിലന്വേഷിച്ച് പല സ്ഥലത്തും എത്തിയെങ്കിലും അവിടെ നിന്നെല്ലാം അവസാനം എത്തിയത് ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ ആയിരുന്നു.

ബാംഗ്ലൂര്‍ ജീവിതം

ബാംഗ്ലൂര്‍ ജീവിതം

തന്നെ പോലെയുള്ള നിരവധി പേരെ ബാംഗ്ലൂരില്‍ കണ്ടെത്തുകയും ഇത്തരം സ്വഭാവം ഒരു രോഗമല്ല ഇതാണ് തന്റെ സ്വത്വം എന്ന ഒരു തിരിച്ചറിവുംഇവര്‍ക്ക് നല്‍കിയത് ബാംഗ്ലൂര്‍ എന്ന മഹാനഗരമാണ്‌. ഏകദേശം അഞ്ച് വര്‍ഷത്തോളം ബാംഗ്ലൂരില്‍ താമസിച്ചു.ജോലി ചെയ്ത് കൊണ്ടിരുന്നപ്പോള്‍ തന്നെ കമ്മ്യൂണിറ്റിക്ക് വേണ്ടിയും തന്നെപ്പോലെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നവര്‍ക്ക് വേണ്ടിയും സജീവമായി തന്നെ ഇടപെട്ടിരുന്നു ശീതള്‍ ശ്യാം. ഇതിലൂടെ 'സംഗമ' എന്ന ഓര്‍ഗനൈസേഷനില്‍ ജോയിന്‍ ചെയ്യുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും തന്റെ ഐഡന്റിറ്റയെക്കുറിച്ച് കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സംഗമ. എങ്ങനെ തന്നിലൂടെ മറ്റുള്ളവര്‍ക്കും മുന്നേറാം എന്നും ഒരാളെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാം എന്നും മനസ്സിലാക്കിയത് സംഗമയിലൂടെയാണ്. ഒരു നല്ല വ്യക്തിയായി എങ്ങനെ സമൂഹത്തില്‍ ജീവിക്കാം എന്നതും എങ്ങനെ ശക്തിയാര്‍ജ്ജിച്ച് സമൂഹത്തിന്റെ ചോദ്യങ്ങളെ നേരിടാം എന്നും ഉള്ളത് സംഗമയില്‍ നിന്ന് തന്നെ മനസ്സിലാക്കി. തന്നെപ്പോലെ നിരവധി പേരെ അവിടെ നിന്നും പരിചയപ്പെടുകയും അവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുകയും ചെയ്തു ശീതള്‍ ശ്യാം എന്ന വ്യക്തിക്ക്.

ധാരാളം അനുഭവങ്ങള്‍ ജോലികള്‍

ധാരാളം അനുഭവങ്ങള്‍ ജോലികള്‍

ധാരാളം അനുഭവങ്ങളും വിവിധ തരത്തിലുള്ള ജോലികളും ശീതള്‍ ശ്യാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ പഠിച്ചെടുത്തു. അലുമിനിയം കമ്പനി, സ്റ്റുഡിയോ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്‌തെങ്കിലും പലപ്പോഴും പലരില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളും മറ്റുമാണ് കേരളത്തിനേക്കാള്‍ സുരക്ഷിതമാണ് ബാംഗ്ലൂര്‍ എന്ന തോന്നലിലേക്ക് ശീതളിനെ എത്തിച്ചത്. തന്റെ സ്വത്വബോധം തിരിച്ചറിയുന്നതിനും തന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും ശീതളിനെ പഠിപ്പിച്ചത് ബാംഗ്ലൂര്‍ എന്ന മഹാനഗരമാണെന്ന് അവര്‍ നിസ്സംശയം പറയും. പിന്നീട് ജ്വാല എന്ന സംഘടനയുടെ ഭാഗമായി. അതിന് ശേഷം പല വിധത്തിലുള്ള സാമൂഹ്യ സേവനങ്ങളും ജീവിതത്തില്‍ തനിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും സ്വന്തമാക്കി മുന്നേറി ശീതള്‍. പല ന്യൂനപക്ഷങ്ങളുടേയും സമൂഹത്തില്‍ ഒറ്റപ്പെട്ട് പോവുന്നവര്‍ക്ക് വേണ്ടിയും സംസാരിക്കുകയും അവരെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ക്യൂര്‍പ്രൈഡ് എന്ന സംഘടനയുടെ ഫൗണ്ടര്‍ ആയി ഇത്തരത്തില്‍ ഒരുപാട് സംഘടനകള്‍ രൂപീകരിക്കുകയും കേരളത്തില്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു ശീതള്‍. ദ്വയ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റും കൂടിയാണ്.

വിവിധ സംഘടനകള്‍ വിവിധ സ്ഥാനങ്ങള്‍

വിവിധ സംഘടനകള്‍ വിവിധ സ്ഥാനങ്ങള്‍

മൈനോരിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍, ഹിജഡ കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 2016-ല്‍ ട്രാന്‍സ് പോളിസി കൊണ്ട് വരുന്നതിന് വേണ്ടിയും ഇവര്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു പോളിസി ഇംപ്ലിമെന്റേഷന്‍ നടക്കുന്നത്. ഇതിലൂടെ പല കാര്യങ്ങളും നിലവില്‍ വരുകയും ധാരാളം മാറ്റങ്ങള്‍ വരുകയും ചെയ്തു. ഇത് കൂടാതെ 2017-ല്‍ ധ്വയ എന്ന സംഘടന രൂപം കൊണ്ടു. പ്രശസ്ത മേക്കപ് ആര്‍ട്ടിസ്റ്റും ആക്റ്റിവിസ്റ്റും ആയ രഞ്ജു രജിമാറിന്റേയും ശീതള്‍ ശ്യാമിന്റേയും നേതൃത്വത്തിലാണ് ധ്വയ രൂപീകരിക്കപ്പെട്ടത്. ധ്വയയിലൂടെ കമ്മ്യൂണിറ്റിയുടെ ചിത്രത്തിന് മാറ്റം വന്നു. സൂാമൂഹ്യ നീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തില്‍ ബ്യൂട്ടി അക്കാദമിയും ഇതോടൊപ്പം തന്നെ സ്ഥാനം പിടിച്ചു. കേരളത്തിലെ ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കൂടിയാണ് ശീതള്‍ ഇപ്പോള്‍. സമൂഹത്തില്‍ പുറകിലേക്ക് പോവേണ്ടവരല്ല എല്ലാവരേയും പോലെ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് ഇവരും എന്ന് നമ്മളെ ഓരോ നിമിഷവും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

സാമൂഹ്യ പ്രവര്‍ത്തനവും കലാ ജീവിതവും

സാമൂഹ്യ പ്രവര്‍ത്തനവും കലാ ജീവിതവും

സാമൂഹ്യ പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ തന്റെ കലാ ജീവിതത്തിനും പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ശീതള്‍ ശ്യാം. ജീവിതത്തില്‍ കലാകാരിയായി അറിയപ്പെടണം എന്നുള്ളത് തന്നെയായിരുന്നു ശീതളിന്റെ ആഗ്രഹവും. നിരവധി സിനിമകളും ഷോട്ട്ഫിലിമുകളും ഇവര്‍ ഇവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു. നിഴലാട്ടം എന്ന ഷോട്ട് ഫിലിംഫെസ്റ്റിവലില്‍ 'അവളോടൊപ്പം' എന്ന ഷോട്ട്ഫിലിമിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ശീതള്‍ ശ്യാമിനെയാണ്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന് തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് തന്നിലൂടെ ശീതള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇത് കൂടാതെ സിദ്ധാര്‍ത്ഥ് ശിവ എന്ന ഡയറക്ടറുടെ അസിസ്റ്റന്റ് ആയാണ് തന്റെ അടുത്ത സ്വപ്‌നം ശീതള്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്. ഇത് കൂടാതെ മഴവില്‍ ധ്വനി എന്ന തീയേറ്ററിലൂടെ നാടക രംഗത്തും ഇവര്‍ ചുവടുറപ്പിച്ച് കഴിഞ്ഞു. 15 പേരാണ് ഇവരുടെ നാടക ട്രൂപ്പിലുള്ളത്. കേരളത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. മാറ്റി നിര്‍ത്തേണ്ടവരല്ല നമ്മളോടൊപ്പം നമ്മളില്‍ ഒരാളായി ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ തന്നെയാണ് ഈ വിഭാഗവും എന്നുള്ളത് മറക്കരുത്.

സമൂഹത്തിന് മാതൃക

സമൂഹത്തിന് മാതൃക

ശീതള്‍ സമൂഹത്തിന് മാതൃകയാണെന്ന് നമുക്ക് ഉറച്ച് പറയാവുന്നതാണ്. കാരണം ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റ് ആയ ആദം ഹാരിയുടെ അച്ഛനും അമ്മയുമാണ് ഇന്ന് ശീതള്‍ ശ്യാമും ഭര്‍ത്താവും. ഇനിയെന്താണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന എന്റെ ചോദ്യത്തിന് തന്റെ മൂന്ന് പ്രധാനപ്പെട്ട ആഗ്രഹങ്ങളെ ഒരു കുഞ്ഞ് പൊട്ടിച്ചിരിയിലൂടെ ശീതള്‍ വെളിപ്പെടുത്തി. വിമാനത്തില്‍ കയറണം, സിനിമ ചെയ്യണം, ഒരു പോസ്റ്ററിലെങ്കിലും തന്റെ മുഖം അടിച്ച് വരണം. ഇത് മൂന്നും പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് എല്ലാവരും നന്നായിട്ട് ജീവിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ പോണം എന്നാണ് ഇപ്പോഴുള്ള ആഗ്രഹമെന്ന് ശീതള്‍ പറയുന്നു. വിമാനത്തില്‍ കയറാന്‍ ഇപ്പോള്‍ ഒരു പൈലറ്റ് മകന്റെ കൂട്ട്കൂ ടിയുണ്ട്‌ ശീതളിന്‌. എന്നാല്‍ ഇന്ന് എല്ലാ ആഗ്രഹങ്ങളും സാധിച്ച് ജീവിതത്തില്‍ വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കുകയാണ് ശീതള്‍ ശ്യാം. രാഷ്ട്രീയത്തില്‍ പാര്‍ട്ടികളേക്കാള്‍ വ്യക്തികള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. രാഷ്ട്രീയത്തില്‍ വന്നാല്‍ പോലും മൈനോരിറ്റി വിഭാഗങ്ങള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും വേണ്ടി മുന്നേറണം എന്നുള്ളത് തന്നെയാണ് ഇവരുടെ മനസ്സിന്റെ നന്മയിലൂടെ വെളിവാകുന്നത്.

പുരുഷ ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോയ സ്ത്രീ മനസ്സുമായി ജീവിക്കുന്ന നിരവധി പേര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ഇവരെ അവഗണിക്കാതെ ഒപ്പം നിര്‍ത്തി നമ്മളില്‍ ഒരാളായി നമുക്ക് മുന്നോട്ട് പോവാം. ഈ വനിതാ ദിനത്തില്‍ ഇവരെ ഓര്‍ത്തില്ലെങ്കില്‍ പിന്നെ ആരെ ഓര്‍ക്കാന്‍. ബോള്‍ഡ്‌സ്‌കൈ മലയാളത്തിന്റെ വനിതാ ദിന ആശംസകള്‍.

English summary

Women's Day Special : Interview With Transgender actor Sheethal Shyam

On the occasion of women's day, Boldsky Malayalam did an exclusive interview with transgender actor sheethal shyam. Catch the interview here.
X