എസിയില്‍ നിന്ന് തീ പടരാന്‍ കാരണം ഈ അബദ്ധങ്ങള്‍, ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യാം

എസിയില്‍ നിന്ന് തീ പടര്‍ന്ന് പുക ശ്വസിച്ചോ, പൊള്ളലേറ്റോ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ എസി ഓണ്‍ ചെയ്ത് ഉറങ്ങുന്നവര്‍ ഒരിക്കലും അതില്‍ നിന്നും തീ പടരാനുള്ള സാധ്യത ചിന്തിക്കാറില്ല. പലര്‍ക്കും അതെക്കുറിച്ച് അറിയുകയും ഇല്ല. അതുകൊണ്ടുതന്നെ യാതൊരു വിധ മുന്‍കരുതലുകളും ഇല്ലാതെയാണ് ആളുകള്‍ എസി ഉപയോഗിക്കുന്നത്.

ac fire

അസഹിനീയമായ ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിക്ക വീടുകളിലും ഇന്ന് എസി ഉണ്ട്. രാത്രിയില്‍ ഉറങ്ങുമ്പോഴാണ് മിക്കവരും എസി ഉപയോഗിക്കുന്നതും. ഈ സാഹചര്യത്തില്‍ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ എങ്ങനെയാണ് എസിയില്‍ നിന്ന് തീ പടരുന്നതെന്നും അതിനെതിരെ എന്തെല്ലാം മുന്‍കരുതലുകളാണ് എടുക്കേണ്ടതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.

എസിയില്‍ നിന്ന് പടരാനുള്ള കാരണങ്ങള്‍

ഇലക്ട്രിക്കല്‍ തകരാറുകള്‍

വയറിംഗിലെ പ്രശ്‌നം: ശരിയല്ലാത്തതും, കാലപ്പഴക്കമുള്ളതുമായ വയറിംഗ് ഷോര്‍ട്ട്‌സര്‍ക്ക്യൂട്ട് ഉണ്ടാക്കുകയും അതില്‍ നിന്ന് സ്പാര്‍ക്കുകളും തീപിടിത്തവും ഉണ്ടാകുകയും ചെയ്യാം. വയറുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിക്കുകയോ തുരുമ്പിക്കുകയോ ചെയ്താല്‍ ഇലക്ട്രിക്കല്‍ തകരാറുകള്‍ ഉണ്ടാകാം.

ഓവര്‍ലോഡഡ് സര്‍ക്യൂട്ട്: ഓവര്‍ലോഡ് ആയ സര്‍ക്യൂട്ടിലേക്ക് എസി പ്ലഗ്ഗ് ചെയ്യുന്നതും അപകടകരമാണ്. ഇതുമൂലം ആ സര്‍ക്യൂട്ടില്‍ കൂടുതല്‍ വൈദ്യുതി ഒഴുകുകയും ചൂടുകൂടി തീപിടിത്തം ഉണ്ടാകുകയും ചെയ്യാം. പഴയ കെട്ടിടങ്ങളില്‍ ഇത് സാധാരണമാണ്.

കപ്പാസിറ്റര്‍ തകരാറ്: കപ്പാസിറ്ററിന്റെയും ഫാന്‍ മോട്ടറിന്റെയും സഹായത്തോടെയാണ് എസി ഓണ്‍ ആകുന്നത്. അത് കേടുവന്നാല്‍ അമിതമായി ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകും.

അറ്റക്കുറ്റപ്പണി ചെയ്യാത്തത്

കോയിലുകളും ഫില്‍റ്ററുകളും ചെളിപിടിക്കുന്നത്: എസിയുടെ ഫില്‍റ്ററുകളിലും കോയിലുകളിലും അഴുക്കും പൊടിയും പറ്റിപ്പിടിച്ചാല്‍ എസി യൂണിറ്റ് അമിതമായി ചൂടാകും. അമിതമായി ചൂടാകുന്നത് തീപിടിത്തത്തിന് കാരണമാകും. കൃത്യമായ ഇടവേളകളില്‍ എസി വൃത്തിയാക്കുന്നത് ശരിയായ വായുസഞ്ചാരവും കൂളിംഗും ഉറപ്പ് നല്‍കും.

വെള്ളം കെട്ടിക്കിടക്കുന്നത്: എസിയില്‍ നിന്നും വെള്ളം പോകാനുള്ള വഴികളില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ വെള്ളം എസിയില്‍ കെട്ടിക്കിടക്കുകയും ഓവര്‍ഫ്‌ളോ ആകുകയും ചെയ്യും. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകും.

റെഫ്രിജന്റിലെ ലീക്ക്: എസിയില്‍ ഉപയോഗിരക്കുന്ന റെഫ്രിജന്റുകള്‍ തീപിടിത്തത്തിന് കാരണമാകാം. അശ്രദ്ധമായ ഉപയോഗവും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതും തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാക്കാം.

രാസപ്രവര്‍ത്തനം: ചില റെഫ്രിജന്റുകള്‍ മറ്റ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ രാസപ്രവര്‍ത്തനം നടക്കുകയും തത്ഫലമായി തീപിടിത്തം ഉണ്ടാകുകയും ചെയ്യാം.

ഓവര്‍ഹീറ്റിംഗ്

നിരന്തരമായ ഉപയോഗം: ഇടവേളയില്ലാതെ എസി പ്രവര്‍ത്തിപ്പിക്കുന്നത് ഓവര്‍ഹീറ്റ് ആകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്് തീപിടിത്തത്തിന് കാരണമാകാം. അതിനൊപ്പം ഫില്‍റ്ററുകള്‍ വൃത്തിയാക്കാത്തത് പോലുള്ള കാരണങ്ങള്‍ കൂടി വന്നാല്‍ അപകടസാധ്യത വര്‍ധിക്കും.

വെന്റുകള്‍ ബ്ലോക്ക്:എസി വെന്റുകള്‍ ബ്ലോക്ക് ആയാല്‍ വായുസഞ്ചാരം കുറഞ്ഞ് ഓവര്‍ഹീറ്റിംഗ് നടക്കാം. എസിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുക.

നിര്‍മ്മാണത്തിലെ തകരാറ്

കംപ്രസ്സറുകള്‍, ഫാനുകള്‍, കപ്പാസിറ്ററിന്റെ പ്രശ്‌നം തുടങ്ങി എസിയുടെ നിര്‍മ്മാണത്തിലെ തകരാറുകള്‍ തീപിടിത്തത്തിനും പൊട്ടിത്തെറിക്കും കാരണമാകാം. ഇത് ഒഴിവാക്കാന്‍ വിശ്വസ്തതയുള്ള നല്ല ബ്രാന്‍ഡുകളുടെ എസി വാങ്ങാന്‍ ശ്രമിക്കുക. ഇത് ശരിയായി സ്ഥാപിക്കാനും ശ്രദ്ധിക്കുക.

നിലവാരം കുറഞ്ഞ സാധനങ്ങളാണ് എസിയില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇലക്ട്രിക്കല്‍ അപകടസാധ്യത വര്‍ധിക്കും. ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നോക്കി എസി വാങ്ങാന്‍ ശ്രമിക്കുക.

തീപിടിത്തം എങ്ങനെ ഒഴിവാക്കാം

കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യുക

കൃത്യമായ ഇടവേളകളില്‍ എസി ടെക്‌നീഷ്യന്മാരെ കൊണ്ട് എസി പരിശോധിപ്പിക്കുകയും പ്രവര്‍ത്തനം വിലയിരുത്തിപ്പിക്കുകയും ചെയ്യുക. അപകടസാധ്യതകള്‍ കണ്ടെത്താനും കൃത്യസമയത്ത് അവ പരിഹരിക്കാനും ഇതിലൂടെ സാധിക്കും.

ഫില്‍റ്ററുകളും കോയിലുകളും പൊടിയും അഴുക്കും കളയാന്‍ അടിക്കടി വൃത്തിയാക്കുക. ആവശ്യം വന്നാല്‍ എയര്‍ ഫില്‍റ്ററുകള്‍ മാറ്റി കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുക.

വയറിംഗും ഇലക്ട്രിക്കല്‍ സുരക്ഷയും ഉറപ്പാക്കുക

വിദഗ്ധനായ ഇലക്ട്രീഷനെ കൊണ്ട് എസി സ്ഥാപിപ്പിക്കുക. എസി സ്ഥാപിക്കുന്ന സര്‍ക്യൂട്ടിന് എസിക്ക് ആവശ്യമായ വൈദ്യതപ്രവാഹം താങ്ങാനാകുമെന്ന് ഉറപ്പാക്കുക. പഴയ വീടുകളില്‍ ആവശ്യമെങ്കില്‍ വയറിംഗ് മാറ്റുക.

അടിക്കടി വയറിംഗ് സുരക്ഷ പരിശോധിക്കുക. തകരാറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പരിഹരിക്കുക.

റെഫ്രിജന്റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

എസിയിലെ റെഫ്രിജന്റുകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കൃത്യമായ പരിചരണവും ഉപയോഗവും ലീക്കുകള്‍ ഇല്ലാതിരിക്കാനും അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.

എസി ലീക്ക് ആകുന്നുണ്ടോയെന്ന് അടിക്കടി പരിശോധിക്കണം. ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണം.

ഉപയോഗം നിയന്ത്രിക്കുക

നിരന്തരമായി എസി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഇടവേള ലഭിച്ചെങ്കിലേ എസി ഓവര്‍ഹീറ്റാകാതെ, തണുക്കകയുള്ളു. നിയന്ത്രിതവും ശരിയായതുമായ ഉപയോഗം കൂടുതല്‍ കാലം എസി നിലനില്‍ക്കാനും അപകടം ഒഴിവാക്കാനും സഹായിക്കും.

എസി വെന്റുകള്‍ ബ്ലോക്ക് അല്ലെന്ന് ഉറപ്പാക്കുക. നല്ല തണുപ്പ് ലഭിക്കാനും ഓവര്‍ഹീറ്റ് ആകാതിരിക്കാനും അത് ആവശ്യമാണ്.

ഗുണനിലവാരം ഉറപ്പാക്കുക

എസി വാങ്ങുമ്പോള്‍ വിലക്കുറവ് നോക്കാതെ, ഗുണനിലവാരം നോക്കി വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഗുണനിലവാരമുള്ള എസികള്‍ ശരിയായി ഉപയോഗിച്ചാല്‍ അപകടസാധ്യത ഉണ്ടാക്കില്ല.

കൃത്യമായ സമയത്ത്, വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. ആവശ്യമെങ്കില്‍ ഉള്ളിലെ ഉപകരണങ്ങള്‍ അടക്കം മാറ്റിവാങ്ങുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, July 21, 2024, 13:41 [IST]
X
Desktop Bottom Promotion