For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്റ് ബിൽ കുറയ്ക്കാൻ ചില വഴികൾ

By Saritha P
|

മാറ്റമില്ലാത്ത ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും. ഒരു ശരാശരി കുടുംബനാഥനെ സംബന്ധിച്ച് ഏറ്റവും പിരിമുറക്കം അനുഭവിക്കുന്ന വിഷയങ്ങളിലൊന്നാണിത്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് ഓരോ മാസവും നമ്മള്‍ സ്വയം ചോദിച്ചു പോകാറുണ്ട്.

45

നിസ്സാരമായി പലപ്പോഴും പുച്ഛിച്ചുതള്ളുന്ന വീട്ടുഭരണം ചില്ലറക്കാര്യമല്ല. ടൈം മാനേജ്‌മെന്റ് പോലെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വകുപ്പാണ് വീട്ടുകാര്യം. മാസത്തിലും കിട്ടുന്ന വലിയ ബില്ലുകളെ ലഘൂകരിക്കാന്‍ വീട്ടിലെ ഒരംഗത്തിന് മാത്രം സാധിക്കുന്ന കാര്യമല്ല. കൂട്ടായ തീരുമാനത്തിലൂടെ ഇത്തരം മാസവാടകകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

ചെലവ് കുറയ്ക്കാൻ

ചെലവ് കുറയ്ക്കാൻ

ചെലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വലിയ മികവ് ആവശ്യമില്ല. എന്നാല്‍ വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധ്യമല്ല. അപ്പോഴോ? കുറച്ചു കൊണ്ടുവരാനേ സാധിക്കൂ.

എങ്ങനെ ഇത്തരം ചെലവുകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും? വീട്ടിലെ ഓരോ ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉപകരണങ്ങളെ ആശ്രയിക്കാതിരിക്കുക. ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മതിയാകും ഒരു വലിയ തുക തന്നെ നിങ്ങള്‍ക്ക് ആ മാസം മിച്ചം പിടിക്കാന്‍ പറ്റിയെന്നും വരാം. നോക്കാം അതെങ്ങനെയെല്ലാമെന്ന്

 ഇലക്ട്രിക് ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക

ഇലക്ട്രിക് ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക

വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.

എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.

 ഉപയോഗം കുറക്കാവുന്ന മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍

ഉപയോഗം കുറക്കാവുന്ന മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍

കാലാവസ്ഥയ്ക്കിണങ്ങുന്ന വസ്ത്രങ്ങളണിയാം: തണുപ്പുകൂടിയ സമയങ്ങളില്‍ വീടിനകത്ത് ഹീറ്റര്‍ ഓണ്‍ ചെയ്തിടുന്നതിന് പകരം ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങള്‍ അണിയാം. ഹീറ്ററുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും വാതിലുകളും ജനലുകളും അടച്ചിട്ട ശേഷം മാത്രം ഹീറ്റര്‍ ഓണ്‍ ചെയ്താല്‍ മതി.

വാതിലിനും ജനലിനും ഇടയിലുള്ള വിള്ളലുകളും മറ്റും കണ്ടെത്തി അതും പരിഹരിച്ച് വേണം ഹീറ്റര്‍ ഓണ്‍ ചെയ്യാന്‍. മുറിക്ക് ആവശ്യമായ ചൂട് ലഭിച്ചുതുടങ്ങിയാല്‍ ഹീറ്റര്‍ ഓഫ് ചെയ്തിടാം. രാത്രികാലങ്ങളില്‍ കട്ടിയുള്ള കര്‍ട്ടനുകളുപയോഗിച്ച് അടച്ചിട്ട ജനലുകള്‍ മറക്കുന്നതും മുറിക്കുള്ളില്‍ ചൂടുണ്ടാകാന്‍ സഹായിക്കും.

ഡ്രയര്‍ ഉപയോഗിക്കുന്നത്

ഡ്രയര്‍ ഉപയോഗിക്കുന്നത്

വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി നോക്കൂ. വെയിലുള്ള നേരങ്ങളില്‍ വീടിന് പുറത്തിട്ട് തുണികള്‍ ഉണക്കാവുന്നതാണ്. മഴക്കാലത്ത് വീടിനകത്ത് വെക്കാവുന്ന ക്ലോത്ത് റാക്ക് വാങ്ങി അത് ബാല്‍ക്കണിയിലോ മഴ തട്ടാത്ത ഭാഗത്തായോ വെച്ച് തുണികള്‍ ഉണക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോള്‍ ഡ്രയര്‍ ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി ചെലവും ലാഭം.

ഇലക്ട്രിക് ബ്ലാങ്കറ്റോ ഹോട്ട് വാട്ടര്‍ ബോട്ടിലോ

ഇലക്ട്രിക് ബ്ലാങ്കറ്റോ ഹോട്ട് വാട്ടര്‍ ബോട്ടിലോ

മൈനസ് ഡിഗ്രി തണുപ്പുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ചെറിയ തണുപ്പുപോലും താങ്ങാനാവാത്തവര്‍ക്കും ഇലക്ട്രിക് ബ്ലാങ്കറ്റ് പോലുള്ള സഹായ ഉപകരണങ്ങള്‍ കൈവശമുണ്ടാകാനിടയുണ്ട്. എന്നാല്‍ എന്തുകൊണ്ട് ഇലക്ട്രിക് ബ്ലാങ്കറ്റിന് പകരം ഒരു ഹോട്ട് വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ചുകൂടാ?

ഇലക്ട്രിക് ഉപകരണങ്ങള്‍ വഴിയുള്ള അപകടത്തില്‍ നിന്നും രക്ഷനേടാനാകും. ഇനി, ഇലക്ട്രിക് ബ്ലാങ്കറ്റ് തന്നെ ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് കിടക്കാന്‍ പോകുന്നതിന് മുമ്പ് ഇത് ഓണ്‍ ചെയ്ത് ആവശ്യമായ ചൂട് നിലനിര്‍ത്തി കിടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പായി ഓഫ് ചെയ്താലും മതി

ലൈറ്റ് ഓഫ് ചെയ്യുക

ലൈറ്റ് ഓഫ് ചെയ്യുക

ആര്‍ക്കും ഒന്നും ശ്രമിച്ചാല്‍ അല്ലെങ്കില്‍ ശീലമാക്കിയാല്‍ ഒഴിവാക്കാവുന്ന വൈദ്യുതി ചാര്‍ജ്ജാണ് ബള്‍ബ്, ട്യൂബ് ഉള്‍പ്പടെയുള്ള ഇലക്ട്രിക് വിളക്കുകളുണ്ടാക്കുന്നത്. പകല്‍ സമയങ്ങളില്‍ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നല്‍കുന്ന സുഖം ഒരിക്കലും ഒരു ഇലക്ട്രിക് ബള്‍ബും നല്‍കുകയില്ല. അഥവാ കണ്ണിന് സുഖകരമായ രീതിയില്‍ സൂര്യപ്രകാശം എത്തിപ്പെടാത്ത മുറികളുണ്ടെങ്കില്‍ അവിടെ ബള്‍ബുപയോഗിച്ചോളൂ. എങ്കിലും മുറിയില്‍ നിന്ന് മടങ്ങുമ്പോള്‍ ആ വൈദ്യുതിവിളക്കുകള്‍ അണയ്ക്കാന്‍ മറക്കരുത്.

ഇസ്തിരിയിടുന്നത് ക്രമീകരിക്കാം:

ഇസ്തിരിയിടുന്നത് ക്രമീകരിക്കാം:

ദിവസവും പുറത്തിറങ്ങുന്നതിന് മുമ്പായി ഇളം ചൂടുള്ള വടിവൊത്ത വസ്ത്രം ധരിച്ച് പോയി ശീലമുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ ചെറിയൊരു ത്യാഗം വൈദ്യുതി ബില്ലില്‍ വലിയൊരു മാറ്റം ഉണ്ടാക്കിയേക്കാം.

ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക. ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും ഉറപ്പ്. വസ്ത്രങ്ങള്‍ എപ്പോഴും നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കില്‍ എപ്പോഴും ഇസ്തിരിയിടേണ്ട ആവശ്യവുമില്ല.

ഈ ശീലം ഇനി മാറണം

ഈ ശീലം ഇനി മാറണം

പുറത്തുപോയി വന്ന് വീട്ടിലെത്തിയാലുടനെ നമ്മള്‍ ചെയ്യുന്ന കാര്യമാണ് ലൈറ്റ് ഓണ്‍ ചെയ്യുക ഒപ്പം തന്നെ ഫാനും ഓണ്‍ ചെയ്യുക. എന്നാലും കാറ്റ് കൊണ്ട് അല്പം ആശ്വാസം കിട്ടിയാല്‍ കറങ്ങുന്ന ഫാനിനെ മറന്ന് നമ്മള്‍ മറ്റൊരു ഭാഗത്തേക്ക് ഓരോ ആവശ്യങ്ങള്‍ക്കായി നീങ്ങുകയും ചെയ്യും. ആരും ഓഫ് ചെയ്യാനില്ലാതെ എന്തിനോ വേണ്ടി കറങ്ങുന്ന ഫാനും ലൈറ്റും അപ്പോഴും അവിടെ കാണാം. ഈ ശീലം ഇനി മാറണം. ആവശ്യത്തിന് ഉപയോഗിച്ച ശേഷം താമസംവിനാ ഓഫ് ചെയ്യുക ഈ ഉപകരണങ്ങളും.

 ഇലക്ട്രിക് വാട്ടര്‍ കെറ്റിലുകള്‍

ഇലക്ട്രിക് വാട്ടര്‍ കെറ്റിലുകള്‍

ചൂടുള്ള വെള്ളം കുടിക്കാന്‍ ഇടക്കിടെ ഇലക്ട്രിക് വാട്ടര്‍ കെറ്റിലുകള്‍ ഉപയോഗിക്കണോ? ചൂട് മണിക്കൂറുകളോളം നിലനിര്‍ത്താവുന്ന ഫ്‌ളാസ്‌കുകള്‍ സുലഭമായ ഈ കാലത്ത് ചൂടോടെ വെള്ളം ഫ്‌ളാസ്‌കില്‍ നിറച്ചുവെച്ചാല്‍ അത്രയും നേരം ഇലക്ട്രിക് കെറ്റിലിന്റെ ഉപയോഗം ഒഴിവാക്കാവുന്നതല്ലേ?

 വെള്ളക്കരം കുറക്കുന്നതിന്

വെള്ളക്കരം കുറക്കുന്നതിന്

വൈദ്യുതി ബില്‍ പോലെ തന്നെ കണ്ണുതള്ളിക്കുന്നതാണ് മാസത്തിലടക്കുന്ന വെള്ളക്കരവും. എന്നാല്‍ പ്രായോഗികമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ വെള്ളത്തിന്റെ ബില്ലിലും ഉള്ളൂ.

1. വെള്ളം ഏറ്റവും അധികം ഉപയോഗിക്കേണ്ടി വരുന്നത് അടുക്കളയിലും കുളിമുറി/കക്കൂസുകളിലുമാണ്. ഇവിടങ്ങളിലെല്ലാം ആദ്യം തന്നെ പരിഹാരം കാണേണ്ടത് പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുകയെന്നതാണ്. തുള്ളിതുള്ളിയായി പൈപ്പില്‍ നിന്നും ഒരു ദിവസത്തില്‍ നഷ്ടമാകുന്ന വെള്ളത്തിന്റെ അളവ് നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. വെള്ളം പൈപ്പില്‍ നിന്നും ഇറ്റിറ്റുവീണ് നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കുക.

2. ഷവറുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ഏറെ നേരം ഉപയോഗിക്കാതിരിക്കുക. ഷവറുകളുടെ ഉപയോഗത്തിലൂടെ വലിയൊരളവ് ജലം ദിനംപ്രതി നഷ്ടമാകുന്നുണ്ട്. ബക്കറ്റുകളില്‍ വെള്ളം നിറച്ച് അത് ഉപയോഗിക്കുന്നതാണ് എല്ലാ അവസരങ്ങളിലും ഷവര്‍ ഉപയോഗിക്കുന്നതിലും ഗുണകരം.

3. ടോയ്‌ലറ്റുകളില്‍ ഡ്യുവല്‍ ഫ്‌ളഷ് സൗകര്യം ഉണ്ടാക്കുക

4. പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള്‍ പൈപ്പ് ഓണ്‍ചെയ്തിടുന്ന ശീലം ഒഴിവാക്കി. വായ കഴുകുമ്പോള്‍ മാത്രം പെപ്പ് തുറക്കാം. അല്ലെങ്കില്‍ പാത്രത്തില്‍ വെള്ളം നിറച്ച് വായ കഴുകാന്‍ അത് ഉപയോഗിക്കാം.

5. ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചിട്ടും വെള്ളക്കരം കൂടുതലാണെന്ന് തോന്നുന്നെങ്കില്‍ ഒരു പക്ഷെ പ്ലമ്പിങില്‍ എവിടെങ്കിലും ഒരു ലീക്ക് ഉണ്ടായിക്കാണും. പക്ഷെ അത് നമുക്ക് കണ്ടെത്താന്‍ പറ്റണമെന്നുമില്ല. അത്തരം ലീക്കുകള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ആദ്യം വാട്ടര്‍ മീറ്ററിലെ റീഡിങ് നോക്കുക. അതിന് ശേഷം എല്ലാവരും കുറച്ച് നേരത്തേക്ക് വീട് പൂട്ടി പുറത്തേക്ക് പോകുക. തിരിച്ച് വന്ന് വീണ്ടും മീറ്റര്‍ നോക്കണം. അപ്പോള്‍ റീഡിങില്‍ മാറ്റം ഉണ്ടെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ നമ്മുടെ ശ്രദ്ധയില്‍ പെടാത്ത മറ്റെവിടെങ്കിലും ലീക്ക് ഉണ്ടായേക്കാം. ഉടനെ പ്ലംബറെ വിളിച്ച് പ്രശ്‌നം പരിഹരിക്കുക.

 ജലത്തിന്റെ പുനരുപയോഗം:

ജലത്തിന്റെ പുനരുപയോഗം:

പുനരുപയോഗ യോഗ്യമായ വെള്ളം എടുത്തുവെച്ച് ഒട്ടേറെ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

1. പച്ചക്കറികള്‍ കഴുകുന്ന വെള്ളം, മുട്ട പുഴുങ്ങുമ്പോഴും ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോഴും ബാക്കി വരുന്ന ജലം എന്നിവ ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് അത് ചെടികള്‍ക്കൊഴിക്കാനായി ഉപയോഗിക്കാം.

2. വാഷിങ്‌മെഷീനില്‍ നിന്നും പുറന്തള്ളുന്ന ജലവും ചെടികള്‍ നനക്കുന്നതിന് ഉപയോഗിക്കാം. മാത്രമല്ല ഒരിക്കല്‍ കൂടി അലക്കാനുണ്ടെങ്കില്‍ ആദ്യം ഉപയോഗിച്ച് വെള്ളം തന്നെ ഉപയോഗപ്പെടുത്താന്‍ വാട്ടര്‍ റീയൂസ് ഓപ്ഷന്‍ സഹിതമാണ് വാഷിങ്‌മെഷീനുകളും എത്തുന്നത്.

3. ഡിഷ് വാഷറും വാഷിങ്‌മെഷീനുമെല്ലാം ഉപയോഗിക്കുമ്പോള്‍ അവ നിറച്ച് ഉണ്ടെങ്കില്‍ മാത്രം ഉപയോഗിക്കുക. ഇല്ലെങ്കില്‍ എത്രത്തോളം ഉണ്ട് അതിന് യോജിക്കുന്ന ജലനിരപ്പ് തെരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പിക്കുക.

4. തണുത്തജലത്തില്‍ വസ്ത്രങ്ങള്‍ അലക്കുക.

 ഗ്യാസ് ബില്ലിനെക്കുറിച്ച് ആലോചിക്കാം

ഗ്യാസ് ബില്ലിനെക്കുറിച്ച് ആലോചിക്കാം

1. സ്റ്റൗ ആദ്യമേ കത്തിച്ച് വെച്ച് കറിക്ക് അരിയുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എന്നാല്‍ ഗ്യാസ് ബില്‍ കൂടിയാല്‍ അത്ഭുതപ്പെടേണ്ട. ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പിനും ശേഷമായാണ് സ്റ്റൗ കത്തിക്കേണ്ടത്. കുടിക്കാനല്ലാത്ത ആവശ്യങ്ങള്‍ക്കുള്ള വെള്ളവും സ്റ്റൗവില്‍ ചൂടാക്കുന്നവര്‍ ആ വെള്ളം വെട്ടിത്തിളക്കും വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ആവശ്യത്തിന് ചൂടായാല്‍ ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുന്നതാണ് നല്ല ശീലം. ഇനി കിഞ്ചനവര്‍ത്തമാനത്തിനായി ഗ്യാസ് സ്റ്റൗ സിം മോഡിലിട്ട് അയലത്തേക്ക് പോകുന്നവരും ഗ്യാസ് ബില്‍ കൂടാന്‍ കാരണക്കാരാണ്. സിം ചെയ്യുന്നത് ആ സമയത്ത് ഗ്യാസ് ഉപഭോഗം കുറക്കുകയാണെങ്കിലും ഏറെ നേരം സിം ആക്കി വെച്ചാലേ ആഹാരസാധനങ്ങള്‍ പാകമാവൂ എന്നതിനാല്‍ വലിയ തോതില്‍ ഗ്യാസ് നഷ്ടമാകാനും ഇടയാക്കുന്നുണ്ട്. അതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സ്റ്റൗ സിം ചെയ്യുക. അല്ലാത്ത നേരങ്ങളില്‍ ആഹാരപദാര്‍ര്‍ത്ഥങ്ങള്‍ വേഗം പാകം ചെയ്ത് ഗ്യാസ് ഓഫ് ചെയ്തിടുക.

ഇനി ഇടക്കിടെ ഗ്യാസ് കത്തിച്ച് ഭക്ഷണം തയ്യാറാക്കുന്നതിലും ഉചിതമാണ് എല്ലാ ഭക്ഷണങ്ങളും ഒന്നിനുപിറകെ ഒന്നായി പാകം ചെയ്തു വെക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇടക്കിടെ ഗ്യാസ് ഓണ്‍ ചെയ്യുമ്പോള്‍ പാഴാകാനിടയുള്ള ഗ്യാസും ലാഭിക്കാം. വേവ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യാന്‍ പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുക, ഭക്ഷണങ്ങള്‍ അടച്ചിട്ട് പാകം ചെയ്യുക ഇവയെല്ലാം അടുക്കളയില്‍ ഗ്യാസ് ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

2. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍ ഉപയോഗിക്കുന്ന വീടുകളില്‍ കുറഞ്ഞ ഊഷ്മാവ് സെറ്റ് ചെയ്ത ശേഷം ഹീറ്ററുകള്‍ ഉപയോഗിക്കാന്‍ ശീലിക്കുക. ഇത് ഗ്യാസ് ബില്ലില്‍ വരുന്ന കുറവ് വ്യക്തമാക്കുന്നതരത്തിലായിരിക്കും. ഗ്യാസ് ബൂസ്റ്റര്‍ സംവിധാനമുള്ള സോളാര്‍ പാനലുകളും ഹീറ്ററിന് പകരമായി ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ സൂര്യന്റെ സഹായത്തോടെ വെള്ളം ചൂടാക്കാം. സൂര്യപ്രകാശം കൂടുതലില്ലാത്ത സമയങ്ങളില്‍ മാത്രമേ ഗ്യാസ് ബൂസ്റ്റര്‍ പ്രവര്‍ത്തിക്കുകയുമുള്ളൂ.

മുമ്പ് വൈദ്യുതി ലാഭിക്കാന്‍ പറഞ്ഞ മാര്‍ഗ്ഗം പോലെ ഗ്യാസ് ഹീറ്ററിന്റെ സഹായത്തോടെ മുറികള്‍ ചൂടാക്കുന്നവര്‍ വാതിലുകളും ജനലുകള്‍ നല്ലവണ്ണം അടച്ചും വിള്ളലുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച ശേഷവും മാത്രം ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുക. മുറിക്ക് ആവശ്യമായ ചൂട് കിട്ടിയാല്‍ ഹീറ്റര്‍ ഓഫ് ചെയ്തിടുകയും വേണം. ഇനി നല്ല ചൂട് പ്രദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും വലിയൊരു പരിധി വരെ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറക്കും.

ചെലവ് കുറക്കുക എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. വരുംതലമുറക്ക് കൂടി അനുഭവിക്കാനുള്ള മേല്‍പ്പറഞ്ഞ ഈ ഊര്‍ജ്ജസ്രോതസ്സുകളെ സംരക്ഷിക്കേണ്ടതും നമ്മള്‍ തന്നെയാണ്. നമ്മളെ കണ്ട് വേണം ഇനിയുള്ള തലമുറയും അവരുടെ ഭാവിക്കായി ഇവയെല്ലാം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ശീലിക്കേണ്ടത്.

English summary

how-to-save-water-and-electricity

Managing a home is as important as time management.
Story first published: Tuesday, June 26, 2018, 12:28 [IST]
X
Desktop Bottom Promotion