നിങ്ങള്‍ ആരോഗ്യമുള്ള വ്യക്തിയാണോ, എങ്ങനെയറിയാം? ആരോഗ്യത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

ഇന്ന് ലോക ആരോഗ്യദിനമാണ്. ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനമെന്നാണ് ചൊല്ല്. എത്ര വലിയ സമ്പത്ത് ഉണ്ടായാലും ആരോഗ്യമില്ലെങ്കില്‍ ആ സമ്പത്ത് കൊണ്ട് ഒരു കാര്യവുമില്ലെന്നത് ലോകതത്വമാണ്. ജീവിതത്തില്‍ ആരോഗ്യത്തിനുള്ള ഈ പ്രാധാന്യം കൊണ്ടാണ് ലോക ആരോഗ്യദിനമെന്ന പേരില്‍ ആരോഗ്യമുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഒരു ദിനം തന്നെ മാറ്റിവെച്ചിരിക്കുന്നത്.

woman doing workout

ആരോഗ്യം എന്ന വാക്ക് ജീവിതത്തില്‍ പലപ്പോഴായി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യമില്ലാത്തത് കൊണ്ടാണോ പലതിനും സാധിക്കാത്തതെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും നമ്മള്‍ കുറ്റം പറയാറുണ്ട്. മെലിഞ്ഞിരിക്കുന്നവരെ കണ്ട് ആരോഗ്യം തീരെ ഇല്ലാത്തവരെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്. ഞാന്‍ ആരോഗ്യമുള്ള ഒരു വ്യക്തിയാണ് അല്ലെങ്കില്‍ ആരോഗ്യമുള്ള വ്യക്തിയല്ല എന്ന് എങ്ങനെ നമ്മള്‍ തറപ്പിച്ച് പറയും. ഒരു വ്യക്തി ആരോഗ്യമുള്ളയാളാണ് എന്ന് സൂചിപ്പിക്കുന്ന ചില സൂചകങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലൂടെ നമുക്ക് ആരോഗ്യത്തെ വിലയിരുത്താനാകും. ആദ്യം അവ ഏതെല്ലാമാണെന്ന് നോക്കാം.

  • കിടന്ന് അര മണിക്കൂറിനുള്ളില്‍ ഉറങ്ങുക: സ്ഥിരമായ ഉറക്ക ക്രമത്തിന്റെ ലക്ഷണമാണിത്. ആരോഗ്യമുള്ള ഒരു ശരീരത്തിന് കൃത്യമായ ഉറക്ക ക്രമം ഉണ്ടായിരിക്കണം.
  • കൃത്യമായ ആര്‍ത്തവം: ഇക്കാര്യം സ്ത്രീകള്‍ക്ക് ഉള്ളതാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു സ്ത്രീയുടെ ആര്‍ത്തവ ചക്രം 21-45 ദിവസങ്ങളാണ് എങ്കില്‍ അവരുടെ പ്രത്യുല്‍പ്പാദന ആരോഗ്യം മികച്ചതാണ്.
  • എപ്പോഴും ഊര്‍ജ്ജസ്വലരായിരിക്കുക: സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ സാധാരണയില്‍ കവിഞ്ഞ് ജോലികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ ക്ഷീണിതരാകുന്നില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം ഭദ്രമാണ്.
  • ഓര്‍മ്മശക്തി: മികച്ച ഓര്‍മ്മശക്തി തീര്‍ച്ചയായും ആരോഗ്യത്തിന്റെ ലക്ഷണമാണ്.
  • ശോധന: കൃത്യമായ, ബുദ്ധിമുട്ടില്ലാത്ത ശോധന ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.
  • ഒരു മിനിറ്റില്‍ നാല് നില കയറാന്‍ പറ്റുക: കേള്‍ക്കുമ്പോള്‍ ഒന്ന് ശങ്കിച്ചുപോകുമെങ്കിലും സ്‌റ്റെയര്‍ ടെസ്റ്റ് എന്ന പേരിലുള്ള ഈ പരീക്ഷണം ഹൃദയാരോഗ്യത്തിന്റെ ലക്ഷണമാണ്. ഒരു മിനിറ്റിനുള്ളില്‍ നാല് നിലകള്‍ കയറാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഹൃദയാരോഗ്യം ഓകെയാണ്.
  • മൂത്രത്തിന്റെ നിറം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടോയെന്നത് മൂത്രത്തിന്റെ നിറത്തിലൂടെ അറിയാം. മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണ് ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഉണ്ടാകേണ്ടത്.
  • മുറിവുകള്‍ പെട്ടെന്ന് ഉണങ്ങണം: മുറിവുകള്‍ പെട്ടെന്ന് തന്നെ ഉണങ്ങുന്നത് പ്രതിരോധ വ്യവസ്ഥ മികച്ചതാണെന്നതിന്റെ ലക്ഷണമാണ്. അസുഖങ്ങളില്‍ നിന്നും കീടാണുക്കളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനമാണ്.
  • ചര്‍മ്മാരോഗ്യം:ചര്‍മ്മം നോക്കിയും ആരോഗ്യം നിര്‍ണ്ണയിക്കാം. ചര്‍മ്മത്തില്‍ ചൊറിച്ചിലോ പുകച്ചിലോ പാടുകളോ ഒന്നും ഇല്ലെങ്കില്‍ അത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.
  • കണ്ണുകള്‍: കണ്ണുകളില്‍ അസ്വസ്ഥതകള്‍ ഒന്നും തോന്നാതിരിക്കുക, എപ്പോഴും വെള്ളം നിറഞ്ഞിരിക്കുകയോ അല്ലെങ്കില്‍ വരണ്ടിരിക്കുകയോ ചെയ്യാതിരിക്കുക എന്നിവയെല്ലാം ആരോഗ്യത്തിന്റെ ലക്ഷണമാണ്.
  • മുടികൊഴിച്ചില്‍: ഒരു ദിവസം 50 മുതല്‍ 100 മുടിയിഴകള്‍ വരെ പൊഴിയുന്നത് സാധാരണമാണ്. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുണ്ടെന്നും ഇതിലൂടെ ഉറപ്പാക്കാം. പക്ഷേ ഇതില്‍ കൂടുതല്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അനാരോഗ്യമാണ്.
  • എത്ര ദൂരം വേണമെങ്കിലും നടക്കാം: മുട്ടിലോ സന്ധികളിലോ വേദന ഇല്ലാതെ ഒരുപാട് ദൂരം നടക്കാന്‍ കഴിയുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് എല്ലുകളുടെ ആരോഗ്യം സൂചിപ്പിക്കുന്നു.
  • പല്ല് പുളിപ്പ് ഇല്ലാതിരിക്കുക: തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ലില്‍ അസ്വസ്ഥത തോന്നുന്നില്ലെങ്കില്‍ അത് ദന്താരോഗ്യത്തിന്റെ ലക്ഷണമാണ്.
  • വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്: അവനവന്റെയും മറ്റുള്ളവരുടെയും വികാരങ്ങളെ മനസ്സിലാക്കാനും അവ കൈകാര്യം ചെയ്യാനും കഴിവുള്ള വ്യക്തിയാണെങ്കില്‍ നിങ്ങളുടെ വൈകാരിക ആരോഗ്യം മികച്ചതാണ്.

ആരോഗ്യ സൂചികകള്‍

പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണെന്ന് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടൊന്നും ഇല്ല. എങ്കിലും ആരോഗ്യ വിദഗ്ധരെ സംബന്ധിച്ച് ചില പ്രധാന സൂചകങ്ങള്‍ നോക്കിയാണ് അവര്‍ ഒരു വ്യക്തിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട നാല് സൂചകങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം

ഏതൊരു അസുഖവുമായി ഡോക്ടറുടെ അടുത്ത് പോയാലും അവര്‍ ആദ്യം തന്നെ രക്തസമ്മര്‍ദ്ദം നോക്കുന്നത് കണ്ടിട്ടില്ലേ. ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളില്‍ ഒന്ന് രക്തസമ്മര്‍ദ്ദം ആയതുകൊണ്ടാണത്. ഒരു ശരാശരി വ്യക്തിക്ക് വേണ്ട രക്തസമ്മര്‍ദ്ദം 120/80 ആയിരിക്കണമെന്നാണ് കണക്ക്. ഹൃദയമാണ് രക്ത സമ്മര്‍ദ്ദത്തിലെ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് രക്തക്കുഴലുകളിലൂടെ കൃത്യമായി രക്തമൊഴുക്കുന്നതിന് ഹൃദയം കൊടുക്കുന്ന സമ്മര്‍ദ്ദമാണത്. 120/80 എന്നതിനേക്കാള്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദ നിലയും ആരോഗ്യത്തിന്റെ ലക്ഷണമാണ്. പക്ഷേ അതിന് ചില മാനദണ്ഡങ്ങളുണ്ട്. മികച്ച ആരോഗ്യവും രക്തപര്യയന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം 90/60 വരെ ആകാം. എന്നാലത് ഓരോ വ്യക്തികളിലും വ്യത്യാസപ്പെടാം. മറ്റ് ചില അനാരോഗ്യ ലക്ഷണങ്ങളും കുറഞ്ഞ രക്തസമ്മര്‍ദ്ദവും ഉണ്ടെങ്കില്‍ അത് ഒരു രോഗത്തിന്റെ സൂചനയാകാം.

ഹൃദയമിടിപ്പ്

ഒരു വ്യക്തി എത്രത്തോളം ആരോഗ്യവാനാണോ അയാളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് അത്രത്തോളം കുറവായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒരാളുടെ ഹൃദയമിടിപ്പ് മിനിറ്റില്‍ 30-40 ആണെങ്കില്‍ അയാള്‍ ആരോഗ്യമുള്ള ഒരു വ്യക്തിയാണ്. പക്ഷേ കായികതാരങ്ങള്‍ക്കൊക്കെയാണ് ആ നിരക്കിലുള്ള ഹൃദയമിടിപ്പ് ഉണ്ടാകാറുള്ളൂ. ഒരു ശരാശരി വ്യക്തിയെ സംബന്ധിച്ചെടുത്തോളം മിനിറ്റില്‍ 60-100 ഹൃദയമിടിപ്പ് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

ശരീര താപനില

ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു സൂചകമാണ് ശരീര താപനില. സാധാരണനിലയില്‍ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസ് (98.6 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണെങ്കില്‍ അത് ആരോഗ്യത്തിന്റെ സൂചനയാണ്. ശരീര താപനില സാധാരണ നിലയില്‍ നിന്നും വ്യത്യാസപ്പെട്ടാല്‍ അത് നിസ്സാരമോ ഗുരുതരമോ ആയ അസുഖങ്ങളുടെ ലക്ഷണമാകാം.

ശ്വാസോച്ഛാസ നിരക്ക്

വളരെ അധ്വാനം വേണ്ടിവരുന്ന പ്രവൃത്തികളോ അല്ലെങ്കില്‍ കഠിന വ്യായാമോ ചെയ്യുമ്പോള്‍ ശ്വാസോച്ഛാസ നിരക്ക് കൂടുക അല്ലെങ്കില്‍ കിതപ്പ് അനുഭവപ്പെടുക സ്വാഭാവികമാണ്. പക്ഷേ അതുകഴിയുമ്പോള്‍ ശ്വാസോച്ഛാസ നിരക്ക് സാധാരണഗതിയിലേക്ക് ആകണം. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോള് മിനിറ്റില്‍ 12-16 തവണ ശ്വാസമെടുക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, April 7, 2024, 11:59 [IST]
X
Desktop Bottom Promotion