കരള്‍രോഗ ലക്ഷണങ്ങള്‍

By Super

അടിവയറിന്‌ മുകളില്‍ കാണപ്പെടുന്ന ഇരുണ്ട ചുവപ്പ്‌ നിറത്തിലുള്ള അവയവമാണ്‌ കരള്‍. കോണ്‍ ആകൃതിയിലുള്ള ഇത്‌ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്‌. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌.

അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ്‌ എന്നിവയാണ്‌ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അനാരോഗ്യകരമായ ആഹാരശീലങ്ങള്‍, അമിത മദ്യപാനം, പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം എന്നിവ മൂലമാണ്‌ ഈ രോഗങ്ങളുണ്ടാകുന്നത്‌. രോഗിയുടെ ശരീരം പരിശോധിക്കുമ്പോള്‍ തന്നെ കരള്‍ രോഗമുണ്ടോയെന്ന്‌ ഡോക്ടര്‍മാര്‍ക്ക്‌ ബോധ്യമാകും. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.

ഏതാനും കരള്‍രോഗ ലക്ഷണങ്ങളും അവ എങ്ങനെ തടയാമെന്നുമാണ്‌ ഇവിടെ വിവരിക്കുന്നത്‌. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്‌. ഉടന്‍ തന്നെ ഡോക്ടറെ കണ്ട്‌ ചികിത്സ തേടുക.

Liver

1. മഞ്ഞ- കണ്ണുകള്‍, ത്വക്ക്‌, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത്‌ കരള്‍രോഗ ലക്ഷണമാണ്‌. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം മൂലമാണ്‌ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്‌ പിത്തരസത്തിന്റെ അമിത ഉത്‌പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍. മൂത്രത്തിലോ ശരീരഭാഗങ്ങളിലോ മഞ്ഞനിറം പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടുക.

2. ഛര്‍ദ്ദി- അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാറ്‌ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്‌. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്‌. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

3. അടിവയറിലെ നീര്‌- കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ്‌ അടിവയറിലെ നീര്‌. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത്‌ കൊണ്ടാണ്‌ നീരുണ്ടാകുന്നത്‌. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രടമാകൂ. ഈ സമയത്ത്‌ രോഗി അപകടാവസ്ഥയില്‍ ആയി കഴിഞ്ഞിരിക്കും അതിനാല്‍ അടിവയറിലെ നീര്‌ അവഗണിക്കരുത്‌. ഉടനടി ഡോക്ടറെ കാണുക.

4. മയക്കം- കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ എല്ലായ്‌പ്പോഴുമുള്ള മയക്കം. രോഗബാധിതര്‍ക്ക്‌ എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇതിനൊപ്പം മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ കൂടി പ്രകടമാവുകയാണെങ്കില്‍ ഗുരുതരമായ കരള്‍രോഗം ഏതാണ്ട്‌ ഉറപ്പിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം.

5. മാനസികാസ്വാസ്ഥ്യം- കരള്‍രോഗം അതീവ ഗുരുതരമാകുമ്പോഴാണ്‌ ഈ ലക്ഷണം പ്രത്യക്ഷപ്പെടുക. ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന്‌ പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത്‌ മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്‌. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച്‌ തുടങ്ങിയാല്‍ ഉടന്‍ രോഗിയെ ആശുപത്രിയിലെത്തിക്കുക. ഈ ലക്ഷണം അവഗണിക്കുന്നത്‌ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കാം.

6. കോമ- കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion