മൂത്രത്തിന്റെ നിറം ഇതിലൊന്നാണോ, നിര്‍ജലീകരണം മുതല്‍ കൈലൂറിയ വരെ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

നമ്മുടെ ആരോഗ്യത്തെ കുറിച്ചും അനാരോര്യത്തെ കുറിച്ചും ശരീരം പല സൂചനകളും നല്‍കാറുണ്ട്. അതിലൊന്നാണ് മൂത്രത്തിന്റെ നിറം. നിര്‍ജലീകരണം മുതല്‍ വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ മൂത്രത്തിന്റെ നിറം നോക്കി മനസ്സിലാക്കാം. മൂത്രത്തിന്റെ നിറവ്യത്യാസങ്ങളും അതിലൂടെ വ്യക്തമാകുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിശോധിക്കാം.

urine color
Photo Credit: Pexels

നിറമില്ലാത്ത മൂത്രം

വെള്ളം പോലെ, പ്രത്യേകിച്ച് നിറമില്ലാതെ കാണപ്പെടുന്ന മൂത്രം ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ട് എന്നതിന് തെളിവാണ്. ശരീരത്തിലെ ദ്രാവകനില സന്തുലിതമാണെന്നും അത് സൂചിപ്പിക്കുന്നു. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നാണ് അതിനര്‍ത്ഥം. മതിയായ ജലാംശം ശരീരത്തില്‍ ഉള്ളതുകൊണ്ട് വൃക്കയുടെ പ്രവര്‍ത്തനം ശരിയായി നടക്കുകയും ശരീരത്തില്‍ നിന്നും വിഷാംശം യഥാവിധി പുറന്തള്ളപ്പെടുകയും ചെയ്യും. പക്ഷേ മൂത്രത്തിന്റെ നിറം വളരെ സുതാര്യമാണെങ്കില്‍ അത് വെള്ളം ആവശ്യത്തില്‍ കൂടുതല്‍ കുടിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

ഇളംമഞ്ഞ മൂത്രം

ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം മതിയായ ജലാംശം ശരീരത്തില്‍ ഉണ്ടെന്നുള്ളതിന് തെളിവാണ്. ശരീരം ദ്രവങ്ങളെ ശരിയായ വിധം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സന്തുലിതമായ ജലാംശം ശരീരത്തിലുണ്ടെന്നുമാണ് അതിനര്‍ത്ഥം. വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ വിധത്തിലാണെന്നും ശരീരത്തില്‍ നിന്നും വിസര്‍ജ്യം വേണ്ടവിധത്തില്‍ പുറന്തള്ളപ്പെടുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.

കടുംമഞ്ഞ നിറം

കടുംമഞ്ഞ നിറത്തിലുള്ള മൂത്രം നേരിയ തോതിലുള്ള നിര്‍ജലീകരണമാണ് സൂചിപ്പിക്കുന്നത്. ശരീരത്തിന് കൂടുതല്‍ ജലാംശം ആവശ്യമാണെന്നും കൂടുതല്‍ വെള്ളവും പാനീയങ്ങളും കുടിക്കണമെന്നുമാണ് അത് അര്‍ത്ഥമാക്കുന്നത്. മൂത്രത്തില്‍ വിസര്‍ജ്യവസ്തുക്കളുടെ അളവ് കൂടുതലാകുന്നതാണ് കടുത്ത മഞ്ഞനിറത്തിന്റെ കാരണം. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തിന്റെ നിറം ഇളംനിറമാകും.

ചുവന്ന നിറം

മൂത്രത്തിന് ചുവപ്പ് നിറം വന്നാല്‍ വളരെ ശ്രദ്ധിക്കണം. രക്തത്തിന്റെ സാന്നിധ്യമാണ് മൂത്രത്തിന്റെ ചുവപ്പ് നിറത്തിന് കാരണം. മൂത്രാശയ അണുബാധ, മൂത്രത്തില്‍ കല്ല് തുടങ്ങി വളരെ ശ്രദ്ധ ആവശ്യമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണത്.

ഓറഞ്ച് നിറം

നിര്‍ജലീകരണം കൊണ്ടോ ചില ഭക്ഷണങ്ങളോ വൈറ്റമിന്‍ സപ്ലിമെന്റുകളോ മരുന്നുകളോ അധികമാകുന്നത് കൊണ്ടോ മൂത്രത്തിന് ഓറഞ്ച് നിറം വരാം. വിട്ടുമാറാത്ത തരത്തില്‍ മൂത്രത്തിന് ഓറഞ്ച് നിറമുണ്ടെങ്കില്‍ അത് കരളിനും പിത്തനാളിക്കും ഉണ്ടാകുന്ന തകരാറിന്റെ സൂചനയാകാം.

നീല അല്ലെങ്കില്‍ പച്ചനിറം

നീല അല്ലെങ്കില്‍ പച്ച നിറത്തിലുള്ള മൂത്രം വളരെ അപൂര്‍വ്വമാണ്. ഭക്ഷണത്തിലെ നിറം, അല്ലെങ്കില്‍ ചില മരുന്നുകള്‍ എന്നിവ കൊണ്ടാണ് മൂത്രത്തിന് ഈ നിറം വരുന്നത്. ഇതുപോലെ പുറത്ത് നിന്നുള്ള വസ്തുക്കള്‍ കൊണ്ട് അല്ലെങ്കില്‍അപൂര്‍വ്വ രോഗാവസ്ഥകളുടെ സൂചനയാകാം.

ബ്രൗണ്‍ അല്ലെങ്കില്‍ കടുത്ത നിറം

ബ്രൗണ്‍ നിറത്തിലോ കടുംനിറത്തിലോ ഉള്ള മൂത്രം കടുത്ത നിര്‍ജലീകരണത്തിന്റെ സൂചനയാണ്. അല്ലെങ്കില്‍ കരള്‍, വൃക്ക രോഗങ്ങളുടെ സൂചനയാകാം. ചില ഭക്ഷണങ്ങളും മരുന്നുകളും കഴിച്ചാലും മൂത്രത്തിന് ബ്രൗണ്‍ നിറം ഉണ്ടാകാം.

തെളിച്ചമില്ലാത്ത മൂത്രത്തില്‍

മൂത്രം ക്ലിയര്‍ അല്ലെങ്കില്‍ അത് ബാക്ടീരിയ, ശ്വേത രക്താണുക്കള്‍, ക്രിസ്റ്റലുകള്‍ എന്നിവയുടെ സാന്നിധ്യമാകാം സൂചിപ്പിക്കുന്നത്. മൂത്രാശയ അണുബാധയും മൂത്രത്തില്‍ കല്ലും ഉണ്ടാകുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്.

മൂത്രത്തില്‍ പത

മൂത്രത്തില്‍ പത ഉണ്ടാകുന്നത് ഒന്നുകില്‍ നിര്‍ജലീകരണം കൊണ്ടാകാം. സ്ഥിരമായി മൂത്രത്തിമ് മഞ്ഞനിറം ഉണ്ടെങ്കില്‍ പ്രോട്ടീനൂറിയ എന്ന അസുഖത്തിന്റെ സൂചനയാകാം. മൂത്രത്തില്‍ അധിക പ്രോട്ടീന്‍ ഉള്ള അവസ്ഥയാണിത്. ഇത് വൃക്ക രോഗങ്ങളുടെയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയോ സൂചനയാകാം.

വെള്ള നിറം

പാല്‍ പോലെയോ അല്ലെങ്കില്‍ വെളുത്ത നിറത്തിലോ ഉള്ള മൂത്രം കൈലൂറിയ എന്ന അവസ്ഥയാണ്. കൊഴുപ്പ് കൂടുതലുള്ള ലിംഫാറ്റിക് ദ്രവത്തിന്റെ സാന്നിധ്യം കൊണ്ടാണ് മൂത്രത്തിന് വെള്ളനിറം വരുന്നത്. വൃക്കരോഗമോ, ലിംഫുമായി ബന്ധപ്പെട്ട അസുഖങ്ങളോ ആണ് ഇതിന് കാരണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, December 26, 2024, 17:45 [IST]
X
Desktop Bottom Promotion