For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്താതിസമ്മര്‍ദ്ദം അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ്

By Lakshmi
|

Chocolate
രക്താതിസമ്മര്‍ദ്ദം അകറ്റാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കി, ഹൃദയത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഡാര്‍ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഡാര്‍ക് ചോക്ലേറ്റില്‍ വലിയ അളവില്‍ ആന്റിഓക്‌സിഡന്റുകളുണ്ടെന്നും ഇത് ശരീരത്തിന് നല്ലതാണെന്നും നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാനും ഇത്തരം ചോക്ലേറ്റുകള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയത്.

ബിപികുറയ്ക്കാനായി കഴിയ്ക്കുന്ന മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരത്തിലാണത്രേ ഡാര്‍ക് ചോക്ലേറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബിപി വര്‍ധിപ്പിക്കുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം തടയുകയാണ് ഇവ ചെയ്യുന്നത്.

ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ, കേറ്റ്ചിന്‍സ്, പ്രോസിഅനിഡൈന്‍സ് തുടങ്ങിയ രാസവസ്തുക്കളുമാണത്രേ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ഇല്ലാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഡാര്‍ക് ചോക്ലേറ്റ് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നവരല്ലെങ്കില്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതല്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ ഡാര്‍ക് ചോക്ലേറ്റ് സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറച്ച് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുമെന്നും കണ്ടെത്തിയിരുന്നു.

Story first published: Friday, November 12, 2010, 12:35 [IST]
X
Desktop Bottom Promotion