For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവ്‌ ആത്മഹത്യയിലേയ്‌ക്ക്‌ നയിക്കും

By Staff
|

Sleeping
രാത്രി ഏറെ വൈകുവോളം നീളുന്ന ജോലി പിന്നെ വീട്ടിലെ ചുമതലകള്‍ കുട്ടികളുടെ കാര്യം ഇങ്ങനെ പലപ്രശ്‌നങ്ങള്‍ കാരണം മാനസിക സംഘര്‍ഷവും അതിന്റെ ഭാഗമായി ഉറക്കക്കുറവും അനുഭവിക്കുന്നവര്‍ ഇന്ന്‌ ഏറെയാണ്‌.

എല്ലാറ്റിനുമൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയെന്ന പ്രതിഭാസം കൂടി വന്നചേര്‍ന്നതോടെ അല്‍പമെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നവര്‍ക്കും ഏതാണ്ട്‌ ഉറക്കമില്ലാത്ത സ്ഥിതിയായി. എന്നാല്‍ ഈ ഉറക്കക്കുറവിനെ നിസാരമായി തള്ളിക്കളയുന്നവരാണ്‌ പലരും.

ഉറക്കം വന്നില്ലെങ്കില്‍ അത്രയും സമയമെടുത്ത്‌ ജോലികള്‍ ചെയ്യാമല്ലോയെന്ന്‌ ചിന്തിക്കുന്നവര്‍. എന്നാല്‍ ഒന്നോര്‍ക്കുക ഇത്‌ നിങ്ങളുടെ ആരോഗ്യത്തെ എന്തിന്‌ ജീവിതത്തെത്തന്നെയും പ്രതിസന്ധിയിലാക്കും. ഉറക്കക്കുറവ്‌ ശരീരത്തിന്റെ താളം തെറ്റിക്കുമെന്നകാര്യം അറിയാത്തവരുണ്ടാകില്ല. എന്നാല്‍ ഉറക്കക്കുറവ്‌ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുമെന്നകാര്യം പുതിയ അറിവായിരിക്കും.

അടുത്തിടെ നടന്ന ഒരു പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. നേരത്തേ ഉറക്കം ഉണരുക, ഉറക്കം വരാന്‍ വളരെ വൈകുക, ഗാഢനിദ്ര കിട്ടാതിരിക്കുക തുടങ്ങി ഉറക്കമില്ലായ്‌മ പലതരത്തിലുണ്ട്‌. ഉറക്കക്കുറവ്‌ ഏത്‌ തരത്തിലുള്ളതായാലും അത്‌ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിപ്പിക്കുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ ഉണ്ടാക്കുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരെ അപേക്ഷിച്ച്‌ ഉറക്കക്കുറവുള്ളവരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണെന്നാണ്‌ നിരീക്ഷണത്തില്‍ കണ്ടെത്തിയത്‌. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി, പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്‌ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌.

ഉറക്കമില്ലായ്‌മയോ അതുപോലുള്ള പ്രശ്‌നങ്ങളോ ഉള്ളതായി തോന്നുകയാണെങ്കില്‍ ഒട്ടും വൈകാതെ വൈദ്യ സഹായം തേടണമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ലോകത്താകമാനമായി 877,000 ആളുകളോളം ആത്മഹത്യ ചെയ്യുന്നുണ്ട്‌.

ഇതുപോലെതന്നെ ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുന്നവരുടെ എണ്ണവും കൂടുതലാണ്‌. ലിംഗവ്യത്യാസം, ഹോര്‍മോണ്‍ സംബന്ധമായ അസന്തുലിതാവസ്ഥ, മാനസിക സമ്മര്‍ദ്ദം, വിഷാദം, വൈവാഹിക ജീവിതം സംബന്ധിച്ച പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലകാരണങ്ങള്‍ ഉറക്കമില്ലായ്‌മയ്‌ക്ക്‌ കാരണമാകാം.

Story first published: Tuesday, April 7, 2009, 15:40 [IST]
X
Desktop Bottom Promotion