മത്തയില കൊണ്ട് ഇങ്ങനെയൊരു വിഭവം പരീക്ഷിച്ചിട്ടുണ്ടോ, മറ്റ് കറികള്‍ മാറിനില്‍ക്കും, ആരോഗ്യദായകം

Pumpkin Leaves Curry: കാലം മാറുന്നതിനനുസരിച്ച് ചില രുചികള്‍ നമുക്ക് നഷ്ടപ്പെടും. പണ്ട് വീടുകളില്‍ അമ്മമാര്‍ തൊടിയില്‍ നിന്നും എന്തെങ്കിലും പറച്ചുകൊണ്ടുവന്ന് കറികള്‍ ഉണ്ടാക്കും. കടയില്‍ നിന്ന് വാങ്ങുന്നതൊക്കെ വിശേഷ ദിവസങ്ങളില്‍ മാത്രമായിരിക്കും. പുതിയ രുചികള്‍ കണ്ടെത്താനുള്ള അവരുടെ ശ്രമത്തില്‍ തൊടിയിലെ ഭക്ഷ്യയോഗമായ എല്ലാ സാധനങ്ങളും തോരനും കറിയുമായി തീന്‍മേശയിലെത്തും. ഉണ്ടാക്കുന്ന വിഭവത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞുകൊണ്ടായിരിക്കില്ല പണ്ടുകാലത്ത് വീട്ടമ്മമാര്‍ ഓരോന്ന് ഉണ്ടാക്കിയിരുന്നത്. പക്ഷേ, അന്നുള്ളവരുടെ ആരോഗ്യത്തില്‍ വീട്ടില്‍ തന്നെയുള്ള പച്ചക്കറികളും ഇലക്കറികളും കൊണ്ട് തയ്യാറാക്കുന്ന വ്യത്യസ്തമായ വിഭവങ്ങള്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

pumpkin leaf
Photo Credit: AI Generated

അങ്ങനെ പലരും മറുന്നുപോയ ഒരു രുചി കഴിഞ്ഞ ദിവസം ഫുഡ് വ്‌ളോഗറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഇഞ്ചിപ്പെണ്ണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മത്തയില-പയര്‍ എരിശ്ശേരി. മത്തങ്ങയും പയറും കൊണ്ടുള്ള എരിശ്ശേരി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. പക്ഷേ മത്തയിലയും പയറും കൊണ്ടുള്ള എരിശ്ശേരി എല്ലാവരും പരീക്ഷിച്ചിട്ടുണ്ടാകില്ല. അവര്‍ക്കായി ഈ റെസിപ്പിയും മത്തയിലയുടെയും പയറിന്റെയും ആരോഗ്യഗുണങ്ങളും ഒന്നുനോക്കാം.

മത്തയില-പയര്‍ എരിശ്ശേരി

ചേരുവകള്‍

മത്തയില
വന്‍പയര്‍
തേങ്ങ
ചെറിയുള്ളി
ജീരകം
പച്ചമുളക്
വെളുത്തുള്ളി
മഞ്ഞള്‍പ്പൊടി
മുളകുപൊടി
കടുക്
വറ്റല്‍മുളക്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ നേരത്തെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. നന്നായി കുതിര്‍ന്നതിന് ശേഷം ഒരു മണ്‍ചട്ടിയിലോ പാത്രത്തിലോ പയറ് ഉപ്പ് ചേര്‍ത്ത് വേവിക്കാന്‍ വെക്കുക. ഇനി മത്തന്റെ തളിരില പൊട്ടിച്ച് നന്നായി കഴുകി തോരന് അരിയുന്നത് പോലെ ചെറുതായി അരിയുക. വെന്ത പയറിലേക്ക് മത്തയില അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മത്തയില വേവാന്‍ അധികം സമയം വേണ്ടിവരില്ല. ഈ സമയം കൊണ്ട് തേങ്ങയും ജീരകവും രണ്ടുമൂന്ന് ചെറിയുള്ളിയും വെളുത്തുള്ളിയും എരിവ് അനുസരിച്ച് പച്ചമുളകും നന്നായി അരച്ചെടുക്കുക. വെന്ത മത്തയില- പയര്‍ കൂട്ടിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് നോക്കി പാകം അനുസരിച്ച് ചേര്‍ക്കണം. ശേഷം കടുകും മുളകും കറിവേപ്പിലയും കൊണ്ട് കടുക് താളിക്കാം. ചില സ്ഥലങ്ങളില്‍ എരിശ്ശേരിക്ക് കടുക് താളിക്കുമ്പോള്‍ കുറച്ച് തേങ്ങയും ചെറിയ ഉള്ളി അരിഞ്ഞതും എണ്ണയില്‍ മൂപ്പിച്ച് ചേര്‍ക്കാറുണ്ട്.

മത്തയിലയുടെ ആരോഗ്യഗുണങ്ങള്‍

പ്രത്യേകിച്ചൊരു വളമോ വെള്ളമോ കൊടുക്കാതെ തന്നെ ആരോടും പരിഭവമില്ലായെ തൊടിയില്‍ പടര്‍ന്നുകിടക്കുന്ന മത്തന്‍ ചെടിയുടെ വേരൊഴിച്ച് മറ്റെല്ലാം ഭക്ഷ്യയോഗ്യമാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് വെറുതെ മത്തങ്ങക്കുരു ഉണക്കിയത് കഴിക്കാറുണ്ട്. അതുകൂടാതെ മത്തയുടെ തണ്ടും ഇലയും പൂവും കായും തൊലിയും എല്ലാം ഓരോ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ എടുക്കാറുണ്ട്.

മത്തയില കൊണ്ട് സാധാരണയായി തോരനാണ് ഉണ്ടാക്കാറ്. പക്ഷേ ചില സ്ഥലങ്ങളില്‍ മത്തയില കൊണ്ടുള്ള കറിയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കാറുണ്ട്.

ഹൃദയാരോഗ്യം സംരക്ഷിക്കും
വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും
ആര്‍ത്തവകാല അസ്വസ്ഥതകള്‍ തടയും
ദത്താരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും
എല്ലുകള്‍ ബലപ്പെടുത്താന്‍ സഹായിക്കും
കുടലിലെ കാന്‍സറിനെതിരെ പോരാടും
പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തും
ചര്‍മ്മാരോഗ്യം സംരക്ഷിക്കും
ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും

വണ്ണം കുറയ്ക്കാന്‍ സഹായിക്കുംഏകദേശം 39 ഗ്രാമിന് തുല്യമായ ഒരു കപ്പ് മത്തയിലയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, കാല്‍സ്യം, സിങ്ക്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, വൈറ്റമിന്‍ ബി6, ബി3, സി തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. മറ്റെന്തെല്ലാം ഗുണങ്ങളാണ് മത്തയിലയ്ക്ക് ഉള്ളതെന്ന് അറിയാം.

മത്തയിലയുടെ പോഷകമൂല്യം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം, അസ്ഥികളുടെ ബലം, വിട്ടുമാറാത്ത രോഗങ്ങള്‍ തടയല്‍, ശരീരഭാരം കുറയ്ക്കല്‍ എന്നിവയ്ക്ക് മത്തയില എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇവയിലെ നാരുകള്‍ കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. കൂടാതെ, ഈ ഇലകളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള കാല്‍സ്യവും ഫോസ്ഫറസും അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഇവ സന്ധി വേദനകളില്‍ നിന്ന് ആശ്വാസം നല്‍കുകയും മലവിസര്‍ജ്ജനം സുഗമമാക്കാനും വന്‍കുടല്‍ കാന്‍സര്‍ പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്നു.

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്ക്, മത്തയിലകളിലെ വിറ്റാമിന്‍ ബി 6 പേശികളിലും സന്ധികളിലും വേദന കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആര്‍ത്തവ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ഈ ഇലയില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് സഹായിക്കുന്നു. ഫോസ്ഫറസ്, വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ ദന്താരോഗ്യം ഉറപ്പാക്കും. ഇവ മോണയുടെ ആരോഗ്യവും പല്ലിന്റെ ഇനാമലിന്റെ ബലവും ഉറപ്പാക്കും.

ഗര്‍ഭകാലത്ത് മത്തങ്ങ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണം നല്‍കുന്നു. ഇവയിലെ നാരുകളുടെ സാന്നിധ്യം ദഹന പ്രക്രിയകള്‍ സുഗമമാക്കുന്നു, അതേസമയം ഗര്‍ഭസ്ഥശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഫോളേറ്റ് നിര്‍ണായകമാണ്. പേശികളുടെ കേടുപാടുകള്‍ പരിഹരിക്കാനും അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പ്രോട്ടീനും ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും നിര്‍ണ്ണായകമാണ്.

മാത്രമല്ല, മത്തയിലകളിലെ ഇരുമ്പിന്റെ അംശം രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും വിവിധ രോഗങ്ങളെയും അണുബാധകളെയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇരുമ്പ് സഹായിക്കുന്നു. അതുവഴി ശരീരത്തിലുടനീളം ഓക്‌സിജന്‍ ഒഴുക്ക് മെച്ചപ്പെടുത്തുന്നു. മത്തയിലയിലെ വൈറ്റാമിന്‍ എ ചര്‍മ്മം മൃദുവായിരിക്കാന്‍ സഹായിക്കുന്നു, കൂടാതെ ബീറ്റാ-ക്രിപ്റ്റോക്സാന്തിന്‍, ബീറ്റാ കരോട്ടിന്‍, ആല്‍ഫ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം രോഗ പ്രതിരോധത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മറ്റ് ഇലകളില്‍ നിന്നും വ്യത്യസ്തമാണ മത്തയിലയുടെ രുചി. മൂപ്പ് കൂടിയ മത്തയിലയ്ക്ക് ചെറിയ കയ്പ്പും ചവര്‍പ്പും തോന്നാം. പക്ഷേ തളിരിലകള്‍ രുചികരമാണ്. മണ്ണിനോട് ചേര്‍ന്നുകിടക്കുന്ന വള്ളികളില്‍ ഉണ്ടാകുന്നതിനാല്‍ മത്തയിലയില്‍ ധാരാളം മണ്ണും അഴുക്കും ഉണ്ടാകാം. ഒഴുകുന്ന വെള്ളത്തിനടിയില്‍ കഴുകിയാല്‍ അവ നീക്കം ചെയ്യാം.

വന്‍പയറിന്റെ ഗുണങ്ങള്‍

സാധാരണ പയറിനേക്കാള്‍ വന്‍പയറിന് പോഷകമൂല്യം കൂടുതലാണ്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ വന്‍പയര്‍ പോഷകങ്ങളുടെ ഒരു കലവറയാണ്. ഇതില്‍ ഫോളേറ്റ്, കോപ്പര്‍്, തയാമിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് (170 ഗ്രാം) വേവിച്ച വന്‍പയറില്‍ 194 കലോറിയും 13 ഗ്രാം പ്രോട്ടീനും 11 ഗ്രാം നാരും മറ്റ് സുപ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തല്‍, ഭാരം നിയന്ത്രിക്കല്‍, ദഹനം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുപോലുള്ള നിരവധി ആരോഗ്യ ഗുണങ്ങള്‍ വന്‍പയര്‍ കഴിക്കുന്നതിലൂടെ ലഭിക്കും. ഇവയിലെ ഉയര്‍ന്ന പ്രോട്ടീനും ലയിക്കുന്ന നാരുകളും വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിന്റെ അളവ് കുറയ്ക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുന്നുന്ന വ്യക്തികള്‍ക്ക് വയറിലെ കൊഴുപ്പ് അല്ലെങ്കില്‍ പൊണ്ണത്തടി കൂടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് ശതമാനം കുറയ്ക്കുന്നതിനും ഇവ ഫലപ്രദമാണ്.

ശരീരഭാരം നിയന്ത്രിക്കുന്നതിനു പുറമേ, ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലും വന്‍പയര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇവയിലെ ലയിക്കുന്ന നാരുകള്‍ ശരിയായ ശോധന പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും ഗുണകരമായ കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വീക്കം കുറയ്ക്കുന്നതിലും രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിലും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിലും ഈ ബാക്ടീരിയകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ,നാരുകള്‍ കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ്, വയറ്റിലെ അള്‍സര്‍ എന്നിവയുള്‍പ്പെടെയുള്ളവ ദഹന സംബന്ധമായ അസുഖങ്ങള്‍ സാധ്യത കുറയ്ക്കും.

പയറുവര്‍ഗ്ഗങ്ങളുടെ പതിവ് ഉപഭോഗം മൊത്തം കൊളസ്‌ട്രോളിന്റെയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു, ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion