ആര്‍ത്തവവിരാമത്തിന് ശേഷവും രക്തസ്രാവം ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യം അറിഞ്ഞിരിക്കൂ

40 വയസ്സിനു ശേഷമുള്ള സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവവിരാമം.ഇത് പ്രകൃതിദത്തമായ ഒരു പ്രക്രീയയാണ്.നാളിതുവരെ ക്രമമായി വന്നിരുന്ന ആര്‍ത്തവം സ്ഥിരമായി മുടങ്ങുന്നതിനെ ആര്‍ത്തവവിരാമം എന്ന് ലളിതമായി പറയാം. ഇത് ഒരു രോഗമല്ല. മറിച്ച് മധ്യവയസ്സില്‍ സ്ത്രീകളില്‍ സ്വാഭാവികമായി വന്നുചേരുന്ന ഒരു അനിവാര്യതയാണ്. ശരീരത്തിലെ ചില ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അരങ്ങൊഴിയുന്നു എന്നതിന്റെ നിശബ്ദ സന്ദേശമാണ് ആര്‍ത്തവവിരാമം. ഇത് 40-കളുടെ അവസാനത്തിലോ 50-കളുടെ തുടക്കത്തിലോ ഉണ്ടാകാം.

ആര്‍ത്തവവിരാമം എന്നാല്‍ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്.ഈ ഘട്ടത്തില്‍ ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ഗണ്യമായി കുറയാറുണ്ട്. ഒരു സ്ത്രീയുടെ അവസാന ആര്‍ത്തവത്തിന് ശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി ആര്‍ത്തവം ഇല്ലെങ്കില്‍, അവര്‍ ആര്‍ത്തവവിരാമത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പറയപ്പെടുന്നു.എന്നാല്‍ പല സ്ത്രീകളിലും ആര്‍ത്തവവിരാമത്തിന് ഒരു വര്‍ഷത്തിന് ശേഷം രക്തസ്രാവം ഉണ്ടാകാറുണ്ട്. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം സാധാരണയായി ഒരു ചെറിയ ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമാണ്, എന്നാല്‍ ചിലപ്പോള്‍ കൂടുതല്‍ ഗുരുതരമായ രോഗത്തിന്റെ ആദ്യകാല ലക്ഷണവുമാകാം. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് നോക്കാം.

Reason Behind Bleeding After Menopause And Ways To Control It; Details In Malayalam

എന്‍ഡോമെട്രിയല്‍ അട്രോഫി

ഗര്‍ഭാശയത്തിന്റെ ആന്തരിക പാളിയെ എന്‍ഡോമെട്രിയം എന്ന് വിളിക്കുന്നു.സ്ത്രീ ശരീരത്തിലെ പ്രധാന ഹോര്‍മോണുകളായ ഈസ്ട്രജന്‍,പ്രൊജസ്ട്രോണ്‍ തുടങ്ങിയവയുടെ നിയന്ത്രണം നടക്കുന്നത് എന്‍ഡോമെട്രിയത്തിലാണ്. ആര്‍ത്തവവിരാമത്തിനു ശേഷം ഇത്തരം ഹോര്‍മോണുകളുടെ ഉത്പാദനം കുറയുകയും ഒപ്പം എന്‍ഡോമെട്രിയത്തിന്റെ കട്ടി കുറയുകയും ചെയ്യുന്നു.അതിന്റെ ഫലമായി രക്തസ്രാവം ഉണ്ടാകുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത് യോനിയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിന് കാരണമാകും.സ്ത്രീകളിലെ ലൈംഗികതയേയും , പ്രത്യുല്പാദന പ്രക്രീയകളെയും വളരെയേറെ സ്വാധീനിക്കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍.ഈസ്ട്രജന്റെ ഉത്പാദനം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എന്‍ഡോമെട്രിയല്‍ അട്രോഫി .

വജൈനല്‍ അട്രോഫി

സ്ത്രീകളുടെ യോനിയിലെ കോശങ്ങള്‍ നേര്‍ത്തതാകുന്ന അവസ്ഥയാണ് വജൈനല്‍ അട്രോഫി .ആര്‍ത്തവവിരാമത്തോടെ ഈസ്ട്രജന്റെ അളവ് കുറയുകയും യോനിയിലെ കോശങ്ങള്‍ നേര്‍ത്തതും വരണ്ടതുമാകുന്നു.ഇത്തരം കോശങ്ങള്‍ക്ക് വീക്കവും സംഭവിക്കുന്നു.ഇത് രക്തസ്രാവത്തിലേക്ക് നയിക്കുന്നു. ഇതാണ് വജൈനല്‍ അട്രോഫി.

Reason Behind Bleeding After Menopause And Ways To Control It; Details In Malayalam

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ

കട്ടികൂടിയ എന്‍ഡോമെട്രിയം അഥവാ എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ എന്നത് ഗര്‍ഭാശയഭിത്തിയില്‍ കോശങ്ങള്‍ അമിതമായി വളര്‍ന്ന് കട്ടി കൂടുന്ന അവസ്ഥയാണ്.ആര്‍ത്തവവിരാമത്തിന് ശേഷം ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ താളം തെറ്റുന്നു.ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലരില്‍ ഈസ്ട്രജന്റെ അളവ് വളരെ കൂടുതലും പ്രൊജസ്ട്രോണ്‍ വളരെ കുറവും ആയിരിക്കും.ഇത്തരം സാഹചര്യങ്ങളില്‍ എന്‍ഡോമെട്രിയത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് കട്ടികൂടുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു.

എന്‍ഡോമെട്രിയല്‍ പോളിപ്പ്

ഗര്‍ഭാശയ ഭിത്തിയിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് എന്‍ഡോമെട്രിയല്‍ പോളിപ്പ് ഉണ്ടാകാനുള്ള കാരണം.ഇവ കൂടുതലും ക്യാന്‍സര്‍ അല്ലാതെ കോശങ്ങള്‍ ആയിരിക്കും.എന്നാല്‍ സെര്‍വിക്കല്‍ കനാലിനുള്ളില്‍ വളരുന്ന പോളിപ്പുകള്‍ വേദന ഉണ്ടാക്കാറുണ്ട്.ചില പോളിപ്പുകള്‍ വേദനയ്ക്കൊപ്പം രക്തസ്രാവവും ഉണ്ടാക്കും.

Reason Behind Bleeding After Menopause And Ways To Control It; Details In Malayalam

ഫൈബ്രോയിഡുകള്‍

ഗര്‍ഭാശയ ഭിത്തിയില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ അല്ലാതെ വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍. ഇവ ആര്‍ത്തവവിരാമത്തിന് മുന്‍പോ അതിനു ശേഷമോ ഉണ്ടാകാം.പലപ്പോഴും ഇവയ്ക്ക് യാതൊരു ലക്ഷണങ്ങളും ഉണ്ടാകാറില്ല.ചിലരില്‍ ഫൈബ്രോയിഡുകള്‍ വേദനയും രക്തസ്രാവവും ഉണ്ടാക്കാറുണ്ട്.

ആര്‍ത്തവവിരാമത്തിന് ശേഷമുള്ള രക്തസ്രാവത്തിന്റെ ചികിത്സ

ആന്റിബയോട്ടിക്കുകള്‍

പലപ്പോഴും ആര്‍ത്തവവിരാമത്തിന് ശേഷമുള്ള രക്തസ്രാവം അണുബാധ മൂലമായിരിക്കും.ഗര്‍ഭാശയത്തിലുള്ള ഇത്തരം അണുബാധകള്‍ ആന്റിബയോട്ടിക്കുകള്‍ വഴി ഭേദമാക്കാന്‍ സാധിക്കുന്നവയാണ്.

Reason Behind Bleeding After Menopause And Ways To Control It; Details In Malayalam

ഈസ്ട്രജന്‍ തെറാപ്പി

ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് മൂലമാണ് യോനിയില്‍ വരള്‍ച്ചയും രക്തസ്രാവവും ഉണ്ടാകുന്നത്.ഈസ്ട്രജന്‍ തെറാപ്പി വഴി കൂടുതല്‍ ഈസ്ട്രജന്‍ ശരീരത്തില്‍ എത്തിച്ചു ഗര്‍ഭാശയഭിത്തിയുടെ കട്ടി കുറയുന്ന എന്‍ഡോമെട്രിയല്‍ അട്രോഫി തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ സാധിക്കും.മരുന്നായോ, വജൈനല്‍ ക്രീമോ ,ഗുളികയോ ആയി ഈസ്ട്രജന്‍ ശരീരത്തില്‍ എത്തിക്കാന്‍ കഴിയും.ഇത്തരത്തില്‍ ഈസ്ട്രജന്‍ തെറാപ്പി വഴി അമിത രക്തസ്രാവത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

Reason Behind Bleeding After Menopause And Ways To Control It; Details In Malayalam

പ്രൊജസ്റ്റിന്‍

ഈസ്ട്രജന്‍ പോലെ പ്രധാനമായ മറ്റൊരു ഹോര്‍മോണാണ് പ്രൊജസ്ട്രോണ്‍. പ്രൊജസ്‌ട്രോണിന്റെ അളവ് കുറയുന്നത് ഗര്‍ഭാശയഭിത്തിയിലെ കോശങ്ങളില്‍ അമിതവളര്‍ച്ച ഉണ്ടാകാന്‍ കാരണമാകുന്നു.ഇത് എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ എന്നറിയപ്പെടുന്നു.പ്രൊജസ്ട്രോണ്‍ ഹോര്‌മോണിന്റെ സിന്തറ്റിക് ഫോമായ പ്രൊജസ്റ്റിന്‍ എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ ചികിത്സിക്കാന്‍ മികച്ചതാണ്,ഇത് ഗുളിക രൂപത്തിലോ ക്രീമായോ ലഭ്യമാണ്.നിങ്ങളുടെ ആരോഗ്യവിദഗ്ധന്‍ ഇത് നിര്‍ദ്ദേശിക്കുന്നതായിരിക്കും.

ഹിസ്റ്റെറോസ്‌കോപ്പി

നിങ്ങളുടെ ശരീരത്തില്‍ രക്തസ്രാവം ഉണ്ടാക്കുന്ന പോളിപ്പുകള്‍,അമിത കോശങ്ങള്‍ എന്നിവയെ നീക്കം ചെയ്യുന്ന രീതിയാണ് ഹിസ്റ്റെറോസ്‌കോപ്പി. ഒരു നേര്‍ത്ത ട്യൂബ് നിങ്ങളുടെ യോനിയിലൂടെ കടത്തിവിട്ട് അമിത വളര്‍ച്ചയുള്ള കോശങ്ങളെയും പോളിപ്പുകളെയും കണ്ടെത്തി നശിപ്പിക്കുന്നു.ഗര്‍ഭാശയ ഭിത്തിക്ക് കട്ടികൂടുന്ന എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ മൂലമുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ ഇതുവഴിയുള്ള ചികിത്സയ്ക്ക് സാധിക്കും.എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ, പോളിപ്പുകള്‍ എന്നിവയെ നേരിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്ന ചികിത്സയാണ് ഡൈലേഷന്‍ ആന്‍ഡ് ക്യൂറെറ്റേജ് .

ആര്‍ത്തവവിരാമം ഒരു രോഗമല്ല. ഓരോ സ്ത്രീയിലും ഉണ്ടാകുന്ന പ്രകൃതിദത്തമായ ഒരു അവസ്ഥയാണിത്.ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ചെറുതോ വലുതോ ആയ രക്തസ്രാവം നിങ്ങളുടെ ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്. അതിനാല്‍ മടിക്കാതെ വിദഗ്ദ്ധ ചികിത്സ തേടുക.ചിട്ടയായ ജീവിതശൈലി ക്രമീകരിക്കുന്നതും ഇഷ്ടമുള്ള മേഖലകളില്‍ സജീവമാകുന്നതും ആര്‍ത്തവവിരാമഘട്ടത്തെ ആഹ്‌ളാദഭരിതമാക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion