Nipah Virus: 'നിപ, ഭയക്കേണ്ട സാഹചര്യമില്ല, പക്ഷേ ജാഗ്രത വേണം, വീണ്ടും വരാനുള്ള സാധ്യതയുണ്ട്‌' സുല്‍ഫി നൂഹു

Nipah Virus: 2018-ലാണ് നിപ വൈറസ് ആദ്യമായി കേരളത്തില്‍ കണ്ടെത്തിയത്. 2018-ല്‍ 17 പേരാണ് നിപ വൈറസ് ബാധ മൂലം മരണപ്പെട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി രോഗം ബാധിച്ചവരും നിരവധിയുണ്ടായിരുന്നു. പിന്നീട് 2021-ലും 2023-ലും ഇപ്പോള്‍ 2024-ലും നിപ മൂലം മരണം സംഭവിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14-കാരനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കഴിഞ്ഞ നാല് തവണയും രോഗബാധയുണ്ടാവുമ്പോള്‍ അതിനെയെല്ലാം നമ്മുടെ ആരോഗ്യ രംഗം മികച്ച രീതിയില്‍ തന്നെയാണ് നേരിട്ടതും.

നിപ തിരിച്ച് വരുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം, എങ്ങനെയാണ് വൈറസ് ബാധയുണ്ടാവുന്നത്, രോഗാവസ്ഥയെ എങ്ങനെ പ്രതിരോധിക്കണം, എന്നതിനെക്കുറിച്ചെല്ലാം പ്രമുഖ ഇ എന്‍ ടി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുല്‍ഫി നൂഹു ബോള്‍ഡ്‌സ്‌കൈ മലയാളത്തോട് വിശദീകരിക്കുന്നു.

Nipah Cases In Kerala

നിപ പ്രതിസന്ധി
നിപ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു വലിയ വിഷയത്തിലേക്ക് പോവുന്നതിനുള്ള സാധ്യതയില്ലെന്നാണ് ഡോ. സുല്‍ഫി നൂഹുവിന്റെ അഭിപ്രായം. രോഗം ബാധിച്ച വ്യക്തിയെ ഐസൊലേറ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടക്കുകയും ആ വ്യക്തി മരണപ്പെടുകയും ചെയ്തു എന്നത് ശരിയാണ്. എന്നാല്‍ ഭയക്കേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും നിപ നമ്മുടെ സംസ്ഥാനത്ത് ഇനിയും വരാനുള്ള സാധ്യതയുണ്ട്. കാരണം പഴം തീനി വവ്വാലുകള്‍ കേരളത്തില്‍ ഉള്ളത് കൊണ്ട് തന്നെ നിപക്കുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിപയുടെ സാഹചര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഴങ്ങളുടെ ഉപഭോഗം തന്നെയാണ് പ്രധാന കാര്യം. വവ്വാല്‍ കടിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാതിരിക്കുക. ഒരു കാരണവശാലും ആ ഭാഗം മുറിച്ച് കളഞ്ഞ് കഴിക്കുന്ന ശീലത്തെ പാടേ ഉപേക്ഷിക്കുക. അതൊരിക്കലും ചെയ്യാന്‍ പാടില്ല. മാത്രമല്ല പഴങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യും കാലും എല്ലാം നല്ലതുപോലെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. അതിന് ശേഷം മാത്രമേ ഭക്ഷണം കൈകാര്യം ചെയ്യുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ എല്ലാം ചെയ്യാവൂ.

സാധാരണ വൈറല്‍ പനിയും നിപയും
നിപയുടെ തുടക്ക ലക്ഷണങ്ങള്‍ എപ്പോഴും സാധാരണ വൈറല്‍ പനിയുമായി സാമ്യമുള്ളതാണ്. എന്നാല്‍ ഗുരുതര ലക്ഷണങ്ങളിലേക്ക് പോവുമ്പോഴാണ് നിപയെക്കുറിച്ച് സംശയിക്കേണ്ടത്. എന്നാല്‍ വൈറല്‍ പനിയാണെങ്കിലും ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പനിയോടൊപ്പം അതികഠിനമായ തലവേദന, ഭയങ്കര ക്ഷീണം എന്നിവയുണ്ടെങ്കില്‍ അതിനെ കൃത്യമായി തുടക്കത്തിലേ ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ താമസം അരുത്.

അശ്രദ്ധമൂലം അപകടം
പലപ്പോഴും നമ്മുടെ ഇടയില്‍ തന്നെ പലരും കുട്ടികളായാലും മുതിര്‍ന്നവരായാലും തൂങ്ങിക്കിടക്കുന്ന വവ്വാല്‍ കൂട്ടത്തെ അടിച്ചോടിക്കുന്നതിനുള്ള ഒരു പ്രവണത കാണിക്കാറുണ്ട്. എന്നാല്‍ ഈ വൈറസുകളില്‍ കോടിക്കണക്കിന് അണുക്കളുണ്ട്. അതുകൊണ്ട് തന്നെ ഇവയെ അടിച്ചോടിക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കുമ്പോള്‍ ഇവ കൂടുതല്‍ ആക്റ്റീവ് ആവുന്നു. ഈ സമയം വൈറസ് പുറത്തേക്ക് വരുകയും. അത് ആ സ്ഥലങ്ങളില്‍ അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയെ ഉപദ്രവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

തുറന്ന് വെച്ച പാനീയങ്ങള്‍
രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് പനങ്കള്ള് പോലുള്ളവ കുടിക്കാന്‍ വവ്വാലുകള്‍ വരുന്നു. ഇത് വഴി രോഗബാധ പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും തുറന്ന് വെച്ച പാനീയങ്ങള്‍ കുടിക്കരുത്. ഇതെല്ലാം രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.

എന്തുകൊണ്ട് ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം രോഗബാധ?
നിപ വൈറസ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ജില്ലകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം വീണ്ടും രോഗബാധയുണ്ടാവുന്നതിനുള്ള കാരണമായി ഡോക്ടര്‍ പറയുന്നത് ഈ ഇടങ്ങളില്‍ വവ്വാലുകള്‍ കൂടുതലുണ്ട്, അവരുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്ന് ചെല്ലുമ്പോള്‍ അതും രോഗകാരണമായി വരാം. പഴവര്‍ഗ്ഗങ്ങള്‍ കൂടുതലുള്ളതിനാല്‍ ആ ഭാഗത്തേക്കുള്ള മനുഷ്യരുടെ കടന്ന് കയറ്റവും കൂടുതലാണ്. ഇത് രോഗം ബാധിക്കുന്നതിനുള്ള ഒരു സാധ്യത തന്നെയാണ്.

മരുന്നിലൊതുങ്ങുമോ നിപ?
മോണോക്ലോണല്‍ ആന്റിബോഡി പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് വഴി രോഗത്തിന്റെ തീവ്രത കുറക്കാന്‍ സാധിക്കും. രോഗം ബാധിച്ച് ആദ്യത്തെ 5 ദിവസത്തിനുള്ളില്‍ നല്‍കുകയാണെങ്കില്‍ രോഗാവസ്ഥയില്‍ കാര്യമായ മാറ്റം കണ്ടെത്താം. കൂടാതെ ഗുരുതരമായ അവസ്ഥയില്‍ രോഗത്തില്‍ നിന്ന് രോഗിയെ രക്ഷിച്ചെടുക്കുക എന്ന നിലക്കും മരുന്ന് നല്‍കാവുന്നതാണ്. നിപ ബാധിച്ച് കഴിഞ്ഞാല്‍ 50-80% വരെ ആളുകള്‍ക്ക് മരണം സംഭവിക്കാം. അപ്പോള്‍ മരണ നിരക്ക് കുറക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. നിപയുടെ മരണ നിരക്ക് പൊതുവേ കൂടുതലാണ്. ഉദാഹരണത്തിന് 100 പേര്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍ 40-70% പേര്‍ക്ക് വരെ മരണം സംഭവിച്ചേക്കാം.

രോഗാവസ്ഥയും രോഗപ്രതിരോധ ശേഷിയും
സാധാരണ രോഗപ്രതിരോധ ശേഷിയുള്ള ഒരു വ്യക്തിക്ക് രോഗം അത്രത്തോളം ഗുരുതരമായി മാറണം എന്നില്ല. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറവുള്ള ഒരു വ്യക്തിയാണെങ്കില്‍ പലപ്പോഴും അത് ഗുരുതരാവസ്ഥയിലേക്കെത്തുകയും തലച്ചോറിനെ ബാധിച്ച് മരണത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പനി വരുന്നതെല്ലാം നിപയാണ് എന്ന് പറയാനും സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തില്‍ ഭയക്കേണ്ടതില്ല, കരുതലോടെ തുടര്‍ന്നാല്‍ മതി.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion