കൊളസ്‌ട്രോളിനെ പേടിച്ച് മിക്കവരും ഒഴിവാക്കും, പക്ഷേ ഈ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലത്

കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് അറിയുന്ന നിമിഷം മുതല്‍ അതിനെ പൊരുതി തോല്‍പ്പിക്കുന്നത് വരെ ചില അരുതുകളുടെ ലോകത്താണ് കൊളസ്‌ട്രോളുകാരുടെ ജീവിതം. ആ ഭക്ഷണം കഴിക്കരുത്, ഈ ഭക്ഷണം കഴിക്കരുത്, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്.. ഇങ്ങനെ അരുതുകള്‍ കേട്ട് മടുത്ത് കൊളസ്‌ട്രോളിനെ അങ്ങേയറ്റം വെറുത്ത് പോകുന്നവരുമുണ്ട്, പ്രത്യേകിച്ച് ഭക്ഷണപ്രേമികള്‍.

high cholesterol diet

പക്ഷേ ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കൊളസ്‌ട്രോള്‍ അളവ് കൂടുതലാണെങ്കിലും ആരോഗ്യദായകമായ ചില ഭക്ഷണങ്ങള്‍ മിക്കവര്‍ക്കും ദോഷത്തേക്കാളേറെ ഗുണം ചെയ്യുന്നുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളില്‍ ധാരാളം അവശ്യപോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ള എന്നാല്‍ ധാരാളം പോഷകങ്ങളുള്ള ചില ഭക്ഷണങ്ങളും പഴങ്ങളും പരിചയപ്പെടാം.

മുട്ട

നമുക്ക് സുലഭമായി ലഭിക്കാന്‍, ഏറെ പോഷകഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് മുട്ട. പ്രത്യേകിച്ച് പ്രോട്ടീനിന്റെ മികച്ച സ്രോതസാണത്. പക്ഷേ വലിയൊരു മുട്ടയില്‍ 207 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ മുട്ട കഴിച്ചത് കൊണ്ട് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കൂടില്ലെന്നും പകരം ഹൃദയത്തിന് സംരക്ഷണമേകുന്ന എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ ആണ് കൂടുന്നതെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മറിച്ചും പറയുന്ന പഠനങ്ങളുണ്ട്. പക്ഷേ ദിവസം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നാണ് പറയപ്പെടുന്നത്.

ചീസ്

22 ഗ്രാം വരുന്ന ഒരു കഷ്ണം ചീസില്‍ 20 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. പക്ഷേ അത് കാല്‍സ്യത്തിന്റെയും മറ്റ് പോഷകങ്ങളുടെയും മികച്ച കലവറയാണ്. ചീസ് ധാരാളം കഴിക്കുന്ന ആളുകളിലും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുന്നില്ലെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കക്ക, ചെമ്മീന്‍,ഞണ്ട്

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇതൊന്നും കഴിക്കരുതെന്നാണ് പൊതുവെ പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ ഈ ഭക്ഷണങ്ങളെല്ലാം പ്രോട്ടീന്‍ ബി, വിറ്റമിന്‍, അയേണ്‍, സെലീനിയം എന്നിവയുടെ മികച്ച ഉറവിടമാണ്. ഈ ഭക്ഷണങ്ങളില്‍ കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും കൂടുതല്‍ കടല്‍വിഭവങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഹൃദയത്തിനും രക്തപര്യയന വ്യവസ്ഥയ്ക്കും നല്ലതാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കിഡ്‌നി, ലിവര്‍, ഹാര്‍ട്ട്

മാംസം കഴിക്കുമ്പോള്‍ പലരും കിഡ്‌നിയും ലിവറും ഹാര്‍ട്ടുമൊക്കെ കഴിക്കാറുണ്ട്. അതില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവ വളരെ പോഷകസമ്പുഷ്ടമാണ്. ഉദാഹരണത്തിന് കോഴിയുടെ ഹാര്‍ട്ട് വളരെ മിച്ച ആന്റിഓക്‌സിഡന്‌റിന്റെ കലവറയാണ്. വൈറ്റമിന്‍ ബി12, അയേണ്‍, സിങ്ക്, എന്നിവയും അതില്‍ ധാരാളമുണ്ട്. മിതമായ അളവില്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.

മത്തി

ധാരാളം പോഷകങ്ങളുടെയും പ്രോട്ടീനിന്റെയും കലവറയായ മത്തിയിലും ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. എന്നാല്‍ വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, കാല്‍സ്യം എന്നിവയെല്ലാം മത്തിയില്‍ ധാരാളമുണ്ട്.

തൈര്

കൊഴുപ്പ് മാറ്റാത്ത തൈരും കൊളസ്‌ട്രോള്‍ അധികമായുള്ള ഭക്ഷണപദാര്‍ത്ഥമാണ്. പക്ഷേ ഇതില്‍ ധാരാളം പോഷകാശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ പുളിച്ച പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും അളവ് കുറയ്ക്കുമെന്നും , സ്‌ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവ കൂടാതെ, പേരക്ക, ബെറീസ്, ഓറഞ്ച്, മാതളനാരങ്ങ, മുന്തിരി, ആപ്പിള്‍, പപ്പായ എന്നിവയും കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ധമനികളില്‍ കൊഴുപ്പ് അടിയാതിരിക്കാനും സഹായിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

The image used in the story is AI-generated

X
Desktop Bottom Promotion