സമ്മര്‍ദ്ദം കൂടുന്നത് ശരീരം കാണിക്കും, കോര്‍ട്ടിസോള്‍ ഉയരുന്ന 8 അപായ സൂചനകള്‍

Health Tips: നിങ്ങളുടെ ശരീരത്തിലെ അഡ്രീനല്‍ ഗ്രന്ഥികളാണ് കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. രക്തത്തിലൂടെ നിങ്ങളുടെ ശരീരാവയവങ്ങള്‍, ചര്‍മ്മം, പേശികള്‍,കോശങ്ങള്‍ എന്നിവയിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. എന്താണ് ചെയ്യേണ്ടതെന്നും എപ്പോള്‍ ചെയ്യണമെന്നും ഈ സിഗ്‌നലുകള്‍ നിങ്ങളുടെ ശരീരത്തോട് പറയുന്നു. ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ വിവിധ തരത്തിലുള്ള ഹോര്‍മോണുകള്‍ ആവശ്യമാണ്. അതിലൊന്നാണ് കോര്‍ട്ടിസോള്‍.

ശരീരത്തിലെ കോര്‍ട്ടിസോളിന്റെ ഉത്പാദനം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് രാവിലെയാണ്. നിങ്ങളുടെ ശരീരത്തിലെ സമ്മര്‍ദ്ദം നിയന്ത്രിക്കുക, ശരീരത്തിലെ കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ നിയന്ത്രിക്കുക, വീക്കത്തിനെതിരെ പോരാടുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, ഉറക്ക ചക്രം നിയന്ത്രിക്കാന്‍ സഹായിക്കുക എന്നിവയാണ് ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം. എന്നിരുന്നാലും, കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ്. ഈ ലേഖനത്തില്‍, നിങ്ങളുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നുവെന്ന് മനസിലാക്കിത്തരുന്ന ചില ലക്ഷണങ്ങളെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.

signs of high cortisol levels

മുടികൊഴിച്ചില്‍

അമിതമായ മുടി കൊഴിച്ചില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ഒരു ലക്ഷണമായിരിക്കാം. ഈ ലക്ഷണം നിങ്ങള്‍ കണ്ടാല്‍ ധ്യാനം അല്ലെങ്കില്‍ യോഗ പോലുള്ള വിശ്രമ വിദ്യകളിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക. എന്നിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.

മുഖക്കുരു

കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നത് ചര്‍മ്മത്തിലെ സെബം ഉല്‍പാദനത്തെയും വീക്കത്തെയും ഉത്തേജിപ്പിക്കും. ഇത് മുഖക്കുരു വരുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരമായി സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കുക. ആരോഗ്യകരമായ ചര്‍മ്മസംരക്ഷണ ദിനചര്യ നിലനിര്‍ത്തുക. എന്നിട്ടും നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

ഓര്‍മ്മ തകരാറ്

വിട്ടുമാറാത്ത സമ്മര്‍ദ്ദവും ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവും ഓര്‍മ്മയും ഏകാഗ്രതയും ഉള്‍പ്പെടെയുള്ള വൈജ്ഞാനിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ് അല്ലെങ്കില്‍ മറവി എന്നിവ ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളായിരിക്കാം. ഇത് പരിഹരിക്കാനായി നിങ്ങള്‍ നല്ല ഉറക്കം നേടുക. കോഗ്‌നിറ്റീവ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, റിലാക്‌സേഷന്‍ ടെക്‌നിക്കുകളിലൂടെയോ തെറാപ്പിയിലൂടെയോ സമ്മര്‍ദ്ദം നിയന്ത്രിക്കുക.

ദഹന പ്രശ്‌നങ്ങള്‍

ഗ്യാസ്, വയറിളക്കം അല്ലെങ്കില്‍ മലബന്ധം തുടങ്ങിയവ ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ സൂചനയാകാം. കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നത് കുടലിന്റെ ചലനം മാറ്റുന്നതിലൂടെയും ദഹന എന്‍സൈമുകളുടെ സ്രവണം കുറയ്ക്കുന്നതിലൂടെയും നിങ്ങളുടെ ദഹന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇത് പരിഹരിക്കാനായി സമീകൃതാഹാരം കഴിക്കുക. റിലാക്‌സേഷന്‍ ടെക്‌നിക്കുകളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക.

മൂഡ് സ്വിംഗ്

ഉയര്‍ന്ന കോര്‍ട്ടിസോള്‍ നിങ്ങളില്‍ മാനസികാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, ക്ഷോഭം, അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. വിട്ടുമാറാത്ത സമ്മര്‍ദ്ദവും ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവും ന്യൂറോ ട്രാന്‍സ്മിറ്റര്‍ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് മൂഡ് സ്വിംഗിനും വൈകാരിക ചാഞ്ചാട്ടത്തിനും ഇടയാക്കും. ഇത് പരിഹരിക്കാനായി സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കുക, സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക. കഠിനമായ അവസ്ഥകളില്‍ തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിംഗ് ചെയ്യുക.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നതിന്റെ മറ്റൊരു ലക്ഷണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. കോര്‍ട്ടിസോളിന്റെ അളവ് ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് രക്താതിമര്‍ദ്ദത്തിന് കാരണമാകുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് പരിഹരിക്കാനായി ചിട്ടയായ വ്യായാമം, സമീകൃതാഹാരം, സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക് എന്നിവ പരിശീലിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറെ കാണിച്ച് അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക.

ബലഹീനത

മതിയായ വിശ്രമവും പോഷകാഹാരവും ഉണ്ടായിരുന്നിട്ടും നിങ്ങള്‍ക്ക് ബലഹീനതയോ ക്ഷീണമോ അനുഭവപ്പെടുന്നത് ശ്രദ്ധിക്കുക. വിട്ടുമാറാത്ത സമ്മര്‍ദ്ദവും ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവും കാലക്രമേണ നിങ്ങളുടെ പേശി ക്ഷയത്തിനും ബലഹീനതയ്ക്കും കാരണമാകും. ഇത് പരിഹരിക്കാന്‍ വിശ്രമത്തിന് മുന്‍ഗണന നല്‍കുക. ലഘു വ്യായാമമോ സ്‌ട്രെച്ചിംഗോ ചെയ്യുക.

മധുരപലഹാരത്തോട് ആസക്തി

മധുരം അല്ലെങ്കില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളോടുള്ള തീവ്രമായ ആസക്തി, ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ലക്ഷണമാണ്. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് വിശപ്പ് നിയന്ത്രണത്തെ സ്വാധീനിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തിയിലേക്ക് നയിക്കുകയും ചെയ്യും. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനും ഉപാപചയ അസ്വസ്ഥതകള്‍ക്കും കാരണമാകും. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക. മതിയായ പ്രോട്ടീനും നാരുകളും അടങ്ങിയ സമീകൃത ആഹാരത്തിന് മുന്‍ഗണന നല്‍കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion