തല വെട്ടിപ്പൊളിക്കുന്ന വേദന; മൈഗ്രേന്‍ പ്രശ്‌നത്തിന് പരിഹാരം ഈ ജീവിതശൈലി മാറ്റം

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, നാഡീവ്യവസ്ഥയുടെ ഏറ്റവും സാധാരണമായ രോഗങ്ങളില്‍ ഒന്നാണ് തലവേദന. സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമാണ് മൈഗ്രെയ്ന്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ 7-ല്‍ ഒരാള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ട്. നീണ്ടുനില്‍ക്കുന്ന തലവേദന ചിലപ്പോള്‍ മൈഗ്രേന്‍ ആകാം. മൈഗ്രെയ്ന്‍ സാധാരണയായി ഒരു വ്യക്തിയുടെ തലയുടെ പകുതി ഭാഗത്ത് വേദന ഉണ്ടാക്കുന്നു. സ്ത്രീകളാണ് ഇത്തരത്തിലുള്ള തലവേദന കൂടുതലായി അനുഭവിക്കുന്നത്.

അമിതമായ സമ്മര്‍ദ്ദം, ഉത്കണ്ഠ, ശരിയായ ഉറക്കം കിട്ടാത്തത്, കാലാവസ്ഥയിലെ മാറ്റം അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം എന്നിവ കാരണം നിങ്ങള്‍ക്ക് മൈഗ്രേന്‍ വരാം. മൈഗ്രെയ്ന്‍ വന്നാല്‍ അത് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കും. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ അതിന്റെ വേദന വളരെ കഠിനമായിരിക്കും. മൈഗ്രേന്‍ തടയാനായി നിങ്ങളുടെ ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

home remedies for migraine

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

തലവേദനയും മൈഗ്രേനുമൊക്കെ വരാതെ സൂക്ഷിക്കാന്‍ നിങ്ങള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായുണ്ട്. മദ്യം, ചോക്ലേറ്റ്, പാല്‍ക്കട്ടകള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ടെന്‍ഷന്‍, തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍ ഉണ്ടാക്കും. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുക.

പുകവലിക്കരുത്

പുകവലി നിങ്ങളുടെ ശ്വാസകോശത്തെ മാത്രമല്ല, നിങ്ങളുടെ തലയെയും ബാധിക്കും. ഇതുകാരണം തലവേദനയും മറ്റ് ലക്ഷണങ്ങളും മൈഗ്രേനും വര്‍ദ്ധിക്കും. അതിനാല്‍ മൈഗ്രേന്‍, തലവേദന എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ പുകവലി ശീലം ഒഴിവാക്കുക.

സമീകൃത ഭക്ഷണം കഴിക്കുക

നിങ്ങളുടെ ഭക്ഷണം ശ്രദ്ധിക്കുക എന്നതാണ് മൈഗ്രേന്‍ തടയാന്‍ മറ്റൊരു വഴി. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. തലവേദനയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളെ പരിമിതപ്പെടുത്തുക. മൈഗ്രെയിനുകള്‍ അല്ലെങ്കില്‍ തലവേദന തടയുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണിത്. കൂടാതെ, ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പിന് കാരണമാവുകയും ഇത് മൈഗ്രെയ്ന്‍ രൂക്ഷമാക്കുകയും ചെയ്യും.

കൃത്യമായ ഉറക്കം

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്താനും വിഷാദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാനും ഉറക്കം നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ ഓരോരുത്തരും ദിവസവും മതിയായ ഉറക്കം നേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരു പതിവായ ഉറക്കസമയം ക്രമീകരിക്കുക. എല്ലാ ദിവസവും ഒരേസമയം ഉറങ്ങാന്‍ പോകുക, എല്ലാ ദിവസവും ഒരേ സമയം ഉണരുക. മോശം ഉറക്കശീലം, ഉറക്കക്കുറവ്, അല്ലെങ്കില്‍ കൂടുതല്‍ ഉറക്കം എന്നിവ മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്കോ തലവേദനയ്‌ക്കോ കാരണമാകും.

വ്യായാമം ചെയ്യുക

മൈഗ്രെയ്ന്‍, തലവേദന എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിനചര്യയില്‍ എയ്റോബിക് അല്ലെങ്കില്‍ ലഘുവ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക. വ്യായാമത്തിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങുകയും അതിലൂടെ തലവേദന അകലുകയും ചെയ്യുന്നു.

ഇരിക്കുന്ന രീതി

ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം നിങ്ങളുടെ നട്ടെല്ലിനെ പ്രയാസപ്പെടുത്താതിരിക്കുക. ഉദാഹരണത്തിന്, ദിവസം മുഴുവന്‍ ഒരു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നത് നിങ്ങളുടെ തല, കഴുത്ത്, തോളിലെ പേശികള്‍ എന്നിവയെ ബുദ്ധിമുട്ടിക്കുകയും മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ ശ്രദ്ദിക്കുക. നിങ്ങളുടെ തോള്, നട്ടെല്ല് എന്നിവ നേരെയാണോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇത്തരം കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, മൈഗ്രെയിന്‍, ടെന്‍ഷന്‍, തലവേദന എന്നിവ കുറയ്ക്കാന്‍ സാധിക്കും.

സമ്മര്‍ദ്ദം ഒഴിവാക്കുക

പല മൈഗ്രെയിനുകളും തലവേദനകളും ഉണ്ടാവുന്നത് സമ്മര്‍ദ്ദത്തിന്റെ പ്രേരണയാലാണ്. സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് എങ്ങനെ തടയാമെന്നും അറിഞ്ഞാല്‍ത്തന്നെ നിങ്ങളുടെ പകുതി മൈഗ്രെയിന്‍ പ്രശ്‌നങ്ങളും ഗണ്യമായി കുറയ്ക്കാനാകും. തിരക്കിട്ട ദിനചര്യയില്‍ നിന്ന് ആശ്വാസം തേടാന്‍ നിങ്ങളുടെ ഹോബികള്‍ വളര്‍ത്തുക. നിങ്ങളുടെ സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, February 27, 2024, 13:08 [IST]
X
Desktop Bottom Promotion