For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം എച്ച്‌ഐവിയെ ഭയക്കുക

By Lakshmi
|

AIDS
ലോകമൊട്ടുക്കും എയ്‍‍ഡ്‍സ് ബാധയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും എച്ച്‌ഐവിക്കാരായ അമ്മമാരില്‍ നിന്നും ഗര്‍ഭസ്ഥശിശുക്കള്‍ക്ക് രോഗം പടരുന്നത് ഭീഷണിയായി നിലനില്‍ക്കുന്നു.

ലോക എയ്‍‍ഡ്‍സ് ദിനമായ ഡിസംബര്‍ 1നോടനുബന്ധിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്. ഗര്‍ഭിണികളില്‍ നിന്നും കുട്ടികളിലേയ്ക്ക് രോഗം പടരുന്നത് തടയാന്‍ കഴിയാതെ വൈദ്യശാസ്ത്രം പരാജയപ്പെടുകയാണ്.

ഇന്ത്യയില്‍ 53,000 കുട്ടികള്‍ എച്ച്‌ഐവി ബാധികരാണെന്നാണാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അമ്മയില്‍ നിന്നും ഗര്‍ഭാവസ്ഥയില്‍ പകര്‍ന്നുകിട്ടിയതാണ് രോഗം.

2009ല്‍ മാത്രം 18,000 കുഞ്ഞുങ്ങള്‍ക്കാണ് അമ്മയില്‍നിന്ന് എച്ച്‌ഐവി ബാധയുണ്ടായത്. എയ്‍‍ഡ്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടന എയ്‍‍ഡ്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എച്ച്‌ഐവി ബാധിതരായ വെറും പത്തുശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഇന്ത്യയില്‍ കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരുന്നതിനെതിരായ സംരക്ഷണം ലഭിക്കുന്നുള്ളൂവെന്നതാണ് വസ്തുത.

തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധിച്ച കുഞ്ഞുങ്ങളുള്ളത്(2651 പേര്‍). തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ് (1269 പേര്‍).

പ്രതിരോധമരുന്നുമായി പ്രതിപ്രവര്‍ത്തിച്ച് എച്ച്‌ഐവി വൈറസിന് ജനിതക വ്യതിയാനം സംഭവിച്ച് കൂടുതല്‍ മാരകമായ രണ്ടാം എച്ച്‌ഐവി രൂപം കൊണ്ടേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം രണ്ടു പതിറ്റാണ്ടിലേറെയായി മാനവരാശി നടത്തുന്ന പോരാട്ടത്തിന് ഫലം കണ്ടുതുടങ്ങി. പ്രതിവിധിയില്ലാത്ത എയ്ഡ്‌സ് എന്ന മാരകരോഗത്തിന്റെ വ്യാപനം കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 20 ശതമാനം കുറയ്ക്കാനായിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുള്‍പ്പെടെയുള്ള 56 രാജ്യങ്ങളിലെങ്കിലും എയ്ഡ്‌സ് പടരുന്നത് വന്‍തോതില്‍ കുറയ്ക്കാനായതായി ഐക്യരാഷ്ട്രസഭാ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് എയ്ഡ്‌സ് പകുതിയായി കുറഞ്ഞു.

ഈ രോഗം ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്ന ദക്ഷിണാഫ്രിക്കയിലും പുതിയ കേസുകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവുണ്ടായി. 2009ല്‍ ഈ രണ്ടു രാജ്യങ്ങളിലുമായി അഞ്ചുലക്ഷം പേര്‍ക്കാണ് പുതുതായി എയ്ഡ്‌സ് കണ്ടെത്തിയത്.

രോഗം സംബന്ധിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനായതും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലുള്ള സന്നദ്ധതയുമാണ് എയ്ഡ്‌സിനെ അകറ്റിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

കോടിക്കണക്കിന് ഡോളര്‍ ചെലവിട്ടുള്ള എച്ച്‌ഐവി പ്രതിരോധ പരിപാടികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായകഫലം ഉണ്ടാക്കാനാവുന്നുണ്ടെന്ന് യു.എന്‍.സാക്ഷ്യപ്പെടുത്തുന്നു.

Story first published: Wednesday, December 1, 2010, 11:36 [IST]
X
Desktop Bottom Promotion