For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൈനസൈറ്റിസും ചികിത്സയും

By ഡോ.ടി.കെ.അലക്‌സാണ്ടര്‍
|

Maxilar Sinusites
ജലദോഷം, അലര്‍ജി, സൈനസൈറ്റിസ് ഇവ ഓരോന്നും വേര്‍തിരിച്ചറിഞ്ഞ് ചികിത്സിക്കുക പ്രയാസമാണ്. കാരണം എല്ലാറ്റിനും ലക്ഷണങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണ്. മിക്കവാറും ജലദോഷത്തിന്റെയോ, അലര്‍ജിയുടെയോ ചുവടുപിടിച്ചാവും സൈനസൈറ്റിസ് വരുന്നത്. അതായത് മൂക്കിനെ അലോസരപ്പെടുത്തുന്ന ഏത് രോഗാവസ്ഥയും സൈനസൈറ്റിസിന്റെ മുന്നോടിയാണ്.
സ്ഥിരമായ തലവേദന, രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതിലെ അപാകം, മൂക്കിന് പിന്നില്‍നിന്നും തൊണ്ടയിലേക്ക് കഫം ഇറങ്ങിവരിക-ഇവയെല്ലാം സൈനസൈറ്റിസുമായി ബന്ധപ്പെട്ടതാണ്. ശ്രദ്ധാപൂര്‍വം ചികിത്സിച്ചാല്‍ സൈനസൈറ്റിസ് ഭേദപ്പെടുത്താവുന്നതേയുള്ളൂ.

എന്താണ് സൈനസൈറ്റിസ്

മൂക്കിനും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള അസ്ഥികള്‍ക്കിടയില്‍ വായുനിറഞ്ഞുനില്ക്കുന്ന ശൂന്യമായ അറകളാണ് സൈനസുകള്‍. മാക്‌സിലറി, ഫ്രോണ്ടല്‍, സ്​പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. നെറ്റിത്തടത്തില്‍ കണ്ണുകള്‍ക്ക് മുകളിലായി ഇടത്-വലത് ഭാഗത്ത് കാണപ്പെടുന്നതും ഫ്രോണ്ടല്‍ സൈനസ്-കവിള്‍ത്തടഭാഗത്ത് കാണുന്നത് മാക്‌സിലറി സൈനസ്-കണ്ണുകള്‍ക്കിടയ്ക്ക്, മൂക്ക് ചേരുന്നിടത്ത്, തൊട്ടുപിന്നിലായി എത്‌മോയ്ഡ് സൈനസ്-എത്‌മോയ്ഡിനും പിന്നില്‍, മൂക്കിന് മുകളറ്റത്തിനും കണ്ണുകള്‍ക്കും പിന്നിലായി സ്​പിഗോയ്ഡ് സൈനസ്-ഇങ്ങനെ നാല് ജോഡികളിലായി എട്ട് വായു അറകളാണുള്ളത്. ഈ വായു നിറഞ്ഞ അറകളെല്ലാം പരസ്​പരം ബന്ധപ്പെട്ടിരിക്കുന്നു.

മുഖത്തുള്ള ഈ അറകളുടെ പ്രധാനധര്‍മം ശ്വസനവായുവിന് ആവശ്യമായത്ര ഈര്‍പ്പം നല്കുക, ശബ്ദത്തിന് ഓരോ വ്യക്തിക്കും അനുസരണമായ മുഴക്കം നല്കുക എന്നിവയാണെന്ന് കരുതപ്പെടുന്നു. ഈ വായു അറകള്‍ ഓഷ്ടിയ (ostia) എന്നറിയപ്പെടുന്ന സൂക്ഷ്മമായ ദ്വാരത്തിലൂടെയാണ് മൂക്കിലേക്ക് തുറക്കപ്പെടുന്നത്. ജലദോഷം, അലര്‍ജി തുടങ്ങിയവമൂലം ശ്ലേഷ്മചര്‍മം വീര്‍ത്തുവരുമ്പോള്‍ ഓഷ്ടിയ ദ്വാരം അടയപ്പെടുകയും അറകളിലേക്കുള്ള വായുസഞ്ചാരം നിലയ്ക്കപ്പെടുകയും തുടര്‍ന്ന് സൈനസൈറ്റിസ് ബാധയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.

മൂക്കിനുള്ളില്‍ ദശ വളര്‍ച്ചയെന്നു പറയുന്നത് ശ്ലേഷ്മ ചര്‍മം വീര്‍ത്തുണ്ടാകുന്നതാണ്.

നാം ശ്വസിച്ചെടുക്കുന്ന വായുവില്‍ ജലകണികകള്‍ ഉണ്ട്. ഇത് വായുവിനെ ഈര്‍പ്പമുള്ളതാക്കിത്തീര്‍ക്കുന്നു. ഈര്‍പ്പമില്ലാത്ത വായുസ്ഥിരമായി ശ്വസിച്ചെടുക്കുന്നവര്‍ക്ക് സൈനസൈറ്റിസ് ഉണ്ടാവാം. അറയ്ക്കുള്ളിലെ ശ്ലേഷ്മം ഈര്‍പ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എ.സി. മുറികളിലെ വായു ശീതീകരിക്കപ്പെട്ടതും ഈര്‍പ്പരഹിതവുമാണ്. എ.സി. മുറികളില്‍ ജോലിചെയ്യുന്നവരുടെ സൈനസൈറ്റിസ് ഭേദപ്പെടുത്താന്‍ പ്രത്യേക ഔഷധങ്ങളും ദിനചര്യയും ആവശ്യമാണ്.

ശരീരത്തിലെ ഇമ്മ്യൂണിറ്റി പ്രക്രിയകളുടെ അധികരിച്ച പ്രവര്‍ത്തനംമൂലം ശ്വാസകോശത്തിലെ ശ്ലേഷ്മ ചര്‍മത്തിന് മിനുക്കമുണ്ടായി ആസ്ത്മ ഉണ്ടാകുന്നു. അതേ പ്രവര്‍ത്തനം സൈനസിനുള്ളിലെ ശ്ലേഷ്മചര്‍മത്തിന് നീര്‍വീക്കമുണ്ടായി വായുഅറകള്‍ അടയപ്പെട്ട് സൈനസൈറ്റിസ് സംഭവിക്കാം.


സൈനസൈറ്റിസ് കാരണങ്ങള്‍

വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ ബാധിച്ച് സൈനസൈറ്റിസ് ഉണ്ടാവാം. കൂടാതെ പഴുപ്പുളവാക്കപ്പെടുന്ന ദന്തരോഗങ്ങള്‍, അലര്‍ജി, ഉപയോഗിച്ച ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍, മൂക്ക് ശക്തിയായി തുടരെത്തുടരെ ചീറ്റുന്നതിനെത്തുടര്‍ന്ന്, ഇങ്ങനെ പല കാരണങ്ങളാലും സൈനസൈറ്റിസ് ഉണ്ടാവാം. ക്രോണിക് സൈനസൈറ്റിസിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്.

ഫംഗസ് സൈനസൈറ്റിസ് കൂടുതലും സംഭവിക്കുന്നത് നിയന്ത്രിക്കപ്പെടാത്ത പ്രമേഹരോഗികള്‍, ഇമ്മ്യൂണിറ്റി സപ്രസ് ചെയ്യുന്ന ഔഷധങ്ങളുടെ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം,നേസല്‍ സ്‌പ്രേയുടെ അമിത ഉപയോഗം തുടങ്ങിയവയില്‍നിന്നാണ്. ഓഷ്ടിയ അടഞ്ഞുകഴിഞ്ഞാല്‍ അണുബാധയുണ്ടായി അറയ്ക്കുള്ളിലെ ഓക്‌സിജന്‍ ഇല്ലാതാകുകയും ഫംഗസിന് വളരാന്‍ നിലമൊരുക്കപ്പെടുകയും ചെയ്യുന്നു.

ബാക്ടീരിയ മൂലമല്ലാതെ സംഭവിക്കുന്നതാണ് ക്രോണിക് സൈനസെറ്റിസ്. രോഗാവസ്ഥ ഭേദപ്പെടുത്തുന്നതിന് ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ തീര്‍ത്തും ഫലപ്രദമാണ്. ഓരോ വ്യക്തിക്കും പ്രത്യേകമായി തിരഞ്ഞെടുക്കുന്ന ഔഷധങ്ങള്‍ ആറുമാസമെങ്കിലും തുടരുകയും ചെയ്യണം.

ഏറെ സാധാരണവും എല്ലാവരിലും തന്നെ ഒരിക്കലെങ്കിലും ഉണ്ടാവുന്നതുമാണ് അക്യൂട്ട് സൈനസൈറ്റിസ്. ഓരോ തവണയും ഒരാഴ്ചയില്‍ കൂടുതല്‍ തുടരുകയില്ല. ശരിയായ ചികിത്സ ലഭിച്ചാല്‍ ശ്ലേഷ്മ ചര്‍മത്തിന് ക്ഷതം സംഭവിക്കയില്ല. ബാക്ടീരിയമൂലം സംഭവിക്കുന്നവ ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ഭേദപ്പെടും.

പഴകിയ സൈനസൈറ്റിസ് രോഗികള്‍ക്ക് വിവിധ തരത്തിലുള്ള തലവേദന മാത്രമായും കാണപ്പെടാം. പ്രത്യേകിച്ചും രാവിലെ മൂക്കടയ്ക്കുക, മൂക്കിലൂടെ ധാരാളം നീരിളക്കമുണ്ടാകുക, അസഹ്യമാംവിധം ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകുക, പൊതുവേ അധികം ശരീരക്ഷീണമുണ്ടാകുക, ക്രമേണ മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. എത്ര പഴകിയ രോഗാവസ്ഥയാണെങ്കിലും ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ കൊണ്ട് ഭേദപ്പെടുത്താം.

എറണാകുളത്തെ എച്ച്.ആര്‍.സി.ക്ലിനിക്കിലെ ഡോക്ടറായ ടി.കെ.അലക്‌സാണ്ടറെ ഈ വിലാസത്തില്‍ ബന്ധപ്പെടാം - [email protected]

Story first published: Sunday, August 29, 2010, 14:15 [IST]
X
Desktop Bottom Promotion