For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സദ്യയില്‍ തൊട്ടുകൂട്ടാന്‍ പുളിയിഞ്ചി

|

പുളിയിഞ്ചി നമ്മുടെ സദ്യയിലെ ഒഴിച്ച് കൂടാന്‍ ആവാത്ത ഒരു വിഭവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും നമ്മളില്‍ പലര്‍ക്കും ഇത് എങ്ങനെ തയ്യാറാക്കണം എന്നുള്ളത് അറിയില്ല എന്നതാണ് സത്യം. പലപ്പോഴും കല്ല്യാണത്തിനും മറ്റ് സദ്യകള്‍ക്കും പലരും കഴിച്ചിട്ടുണ്ടാവുമെങ്കിലും എങ്ങനെ തയ്യാറാക്കണം എന്നുള്ളത് പലപ്പോഴും സംശയം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഓണത്തിനും വിഷുവിനും എന്ന് വേണ്ട പുളിയിഞ്ചി ഇല്ലാത്ത സദ്യയില്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇനി ഓണസദ്യക്ക് വീട്ടില്‍ തന്നെ നമുക്ക് പുളിയിഞ്ചി തയ്യാറാക്കി നോക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം, എന്താണ് ഇതിന്റെ പ്രത്യേകത എന്ന് നമുക്ക് നോക്കാം. വീട്ടില്‍ പുളിയിഞ്ചി തയ്യാറാക്കാന്‍ റെഡി ആണോ, എന്നാല്‍ വരൂ....

How To Make Puli Inji For Onam Sadya

കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചികൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി

ആവശ്യമുള്ള സാധനങ്ങള്‍

ഇഞ്ചി ചെറുതായി അരിഞ്ഞത് - അരക്കപ്പ്
ശര്‍ക്കര - 5,6 അച്ച്
പച്ചമുളക് - 2 എണ്ണം
വാളന്‍ പുളി - രണ്ട് ചെറുനാരങ്ങ വലിപ്പം
മുളക് പൊടി- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
കായം പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
കടുക്- വറുത്തിടാന്‍
വറ്റല്‍ മുളക് - രണ്ടോ മൂന്നോ

തയ്യാറാക്കുന്ന വിധം

പുളി ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക അല്‍പ നേരം. ഇഞ്ചി അരിഞ്ഞത് അല്‍പം ഉപ്പ് ചേര്‍ത്ത് വെക്കുക. ഇത് നല്ലതുപോലെ ഉപ്പില്‍ നിന്ന് പിഴിഞ്ഞെടുക്കണം. അതിന് ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി ഇതിലിട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ക്കുക. ഇവയെല്ലാം നല്ല ബ്രൗണ്‍ നിറമാവുമ്പോള്‍ അതിലേക്ക് കായം പൊടിച്ചതും മുളക് പൊടിയും ചേര്‍ക്കേണ്ടതാണ്. ശേഷം പുളി നല്ലതുപോലെ പിഴിഞ്ഞ് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒന്ന് ചൂടായിക്കഴിയുമ്പോള്‍ അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക.

പിന്നീട് ഒരു നുള്ള് ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കേണ്ടതാണ്. ഇത് അധികം കട്ടിയാവാതെ കുറച്ച് അയഞ്ഞ പരുവത്തില്‍ തന്നെ തീ ഓഫ് ചെയ്ത് വാങ്ങി വെക്കേണ്ടതാണ്. മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് അതനുസരിച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. പുളി കൂടുതല്‍ വേണ്ടവര്‍ക്ക് അങ്ങനേയും ചേര്‍ക്കാം. ഇതെല്ലാം ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ പുളിയിഞ്ചി തയ്യാര്‍. ഇത് നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ കൂടി നല്‍കുന്ന ഒന്നാണ് എന്നുള്ളതാണ്. അപ്പോ ഈ ഓണം സുരക്ഷിതരായും സാമൂഹിക അകലം പാലിച്ചും നമുക്ക് ആഘോഷിക്കാം.

Image Courtesy: sharmispassions

English summary

How To Make Puli Inji For Onam Sadya

Puli Inji is a popular kerala dish which is an essential part of kerala sadya. Here we explain how to make puli inji for onam sadya. Take a look.
X
Desktop Bottom Promotion