കണ്ടാൽ പ്രായം കൂടിയ പോലെ തോന്നുന്നുണ്ടോ? സ്കിൻ കെയറിൽ ദേ... ഇത്രയും ശ്രദ്ധിച്ചാൽ മതി

പ്രായമാകുക എന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രകൃയയാണ്. എന്നാൽ ചില വ്യക്തികളിൽ വാർധക്യത്തിന്റെ ലക്ഷണങ്ങൾ വളരെ നേരത്തെ കണ്ടു തുടങ്ങും. ശാരീരികവും മാനസികവും പാരമ്പര്യപരവുമായ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകും. മുപ്പത് വയസ്സാകുമ്പോഴേക്കും 40 വയസുള്ള വ്യക്തിയേക്കാൾ പ്രായം തോന്നിക്കുന്ന അവസ്ഥ ഏതൊരു വ്യക്തിക്കും വിഷമമുണ്ടാക്കുന്ന ഒന്നാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാവുക ചർമത്തിലാണ്. അതിനാൽ തന്നെ മികച്ച ചർമ സംരക്ഷണ ഉപാധികൾ കൊണ്ട് ചർമത്തെ ഊർജത്തോടെ നിലനിർത്തി പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഫലപ്രദമായി ചെറുക്കൻ കഴിയും.

പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിൽ നിന്നും കൊളാജൻ, എലാസ്റ്റിൻ തുടങ്ങിയ ഘടകങ്ങൾ നഷ്ടമാകാൻ തുടങ്ങുന്നു. അതിനാൽ ചർമത്തിൽ ഹൈലൂറോണിക് ആസിഡിൻ്റെ അളവ് കുറയുകയും നേർത്ത വരകൾ, ചുളിവുകൾ ഉണ്ടാകുകയും ചെയ്യുന്നു. വാർധക്യ ലക്ഷണങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ പ്രസ്തുത ചേരുവകൾ ഉണ്ടെന്നു ഉറപ്പാക്കാം..

ageing problem remedy

1. ഹൈലൂറോണിക് ആസിഡ്

ചർമത്തിന്റെ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായ ഘടകമാണിത്. ചർമത്തിലും കണ്ണുകളിലും ഈർപ്പം നിലനിർത്തുന്നതിനും ചർമത്തിന്റെ തിളക്കം നഷ്ടമാകാതിരിക്കാനും ഹൈലൂറോണിക് ആസിഡ് ആവശ്യമാണ്. എന്നാൽ പ്രായം കൂടുന്നതിന് അനുസൃതമായി ഇത് ശരീരത്തിൽ നിന്നും ഇല്ലാതാകുന്നു.അതിനാൽ ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ക്രീമുകൾ, മോയ്ചറൈസറുകൾ എന്നിവയിൽ ഹൈലൂറോണിക് ആസിഡ് ഉണ്ടെന്നു ഉറപ്പാക്കുക. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.

2 വിറ്റാമിൻ സി

ശരീരത്തിനും ചർമത്തിനും ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിൻ സി . വിറ്റാമിൻ സി ഒരു ആൻ്റിഓക്‌സിഡൻ്റാണ്. കെമിക്കലുകൾ പൊടിപടലങ്ങൾ എന്നിവമൂലം ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ ഇല്ലാതാക്കാൻ വിറ്റാമിൻ സി കൊണ്ട് കഴിയുന്നു. മുഖത്തുണ്ടാകുന്ന ചുളിവുകൾ , പാടുകൾ എന്നിവ ഫലപ്രദമായി കുറയ്ക്കാൻ ഇത് കൊണ്ട് സാധിക്കും. ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കാനും വിറ്റാമിൻ സി ഫലപ്രദമാണ്. അതിനാലാണ് സൺസ്‌ക്രീനുകളിലെ പ്രാഥമിക ചേരുവകളിലൊന്നായി വിറ്റാമിൻ സി ഉപയോഗിക്കുന്നത്.

3. റെറ്റിനോൾ

വിറ്റാമിൻ എ യുടെ ഒരു രൂപമാണ് റെറ്റിനോൾ, ഇത് ചർമ്മകോശങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനും സുഷിരങ്ങൾ അടയ്ക്കാനും അതിലൂടെ കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ഫലപ്രദമാണ്. ചർമത്തിൽ നിന്നും അഴുക്കുകൾ റംതള്ളാനും റെറ്റിനോൾ സഹായിക്കുന്നു. ക്രീമുകൾ, ലോഷനുകൾ, സെറം തുടങ്ങിയ ചർമസംരക്ഷണ ഉൽപ്പന്നങ്ങളിൽ റെറ്റിനോൾ അടങ്ങിയിരിക്കുന്നു . റെറ്റിനോളിന് ചർമത്തെ ഫ്രഷ് ആയി നിലനിർത്താനുള്ള കഴിവുണ്ട്.സെൻസിറ്റിവ് സ്കിൻ, മുഖക്കുരു എന്നിവ ചെറുക്കുന്നതിന് റെറ്റിനോളിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഏജിംഗ് ഘടകങ്ങൾ ഫലപ്രദമാണ്.

4. നിയാസിനാമൈഡ്

നിയാസിനാമൈഡ് വിറ്റാമിൻ ബി 3 യുടെ ഒരു രൂപമാണ്. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി-ഏജിംഗ് ഗുണങ്ങൾ ഇതിനുണ്ട്. ഇത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയുന്നതിന് സഹായിക്കുന്നു .ഹൈപ്പർപിഗ്മെൻ്റേഷൻ, സെൻസിറ്റിവ് സ്കിൻ , പാടുകൾ, മുഖക്കുരു, എക്സിമ, സോറിയാസിസ്, റോസേഷ്യ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ഉള്ളവർക്ക് നിയാസിനാമൈഡ് അടങ്ങിയ ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ ഗുണകരമാണ്.

5. പെപ്റ്റൈഡ്

ചർമത്തിൽ കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡിൻ്റെ ഒരു രൂപമാണ് പെപ്റ്റൈഡുകൾ. ഇത് നിചർമത്തെ കൂടുതൽ മൃദുലവുമാക്കാൻ ഫലപ്രദമാണ്. പ്രായമാകുന്തോറും ചർമ്മത്തിൻ്റെ കൊളാജൻ സ്വാഭാവികമായി നഷ്ടപ്പെടാൻ തുടങ്ങുന്നു, അതിനാൽ പ്രത്യേകമായി പെപ്റ്റൈഡുകൾ അടങ്ങിയ ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ ഗുണകരമാകും . പെപ്റ്റൈഡ് ചേർന്ന ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് പ്രായമാകുന്നതിന്റെ അടയാളങ്ങളെ ഫലപദമായി ചെറുക്കും.

6. സെറാമിഡുകൾ

ചർമകോശങ്ങളിൽ കാണപ്പെടുന്ന ഒരു തരം സ്വാഭാവിക കൊഴുപ്പാണ് സെറാമൈഡുകൾ. മലിനീകരണം, സൂര്യാഘാതം എന്നിവയിൽ നിന്നെല്ലാം ചർമത്തെ ഇവ സംരക്ഷിക്കുന്നു. ചർമത്തിൽ സ്വാഭാവികമായുള്ള സെറാമിഡുകൾ പ്രായമാകുമ്പോൾ സ്വാഭാവികമായും കുറയുകയും ചർമത്തിലെ ജലാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതുമൂലം വരണ്ട ചർമം, ചുളിവുകൾ, നേർത്ത വരകൾ, ഇലാസ്തികത കുറഞ്ഞു ചർമ്മം തൂങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. ഈ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സെറാമിഡുകൾ ചേർത്ത ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ കൊണ്ട് സാധിക്കുന്നു.

ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ പുരട്ടേണ്ടത് എപ്പോൾ ?

വിറ്റാമിൻ സി ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ പുരട്ടേണ്ടത് പകൽ സമയങ്ങളിലാണ്. റെറ്റിനോൾ പോലെയുള്ളവ രാത്രിയിൽ പുരട്ടണം. ഇല്ലെങ്കിൽ സൂര്യപ്രകാശം മൂലം വേണ്ടത്ര ഗുണം ലഭിക്കില്ല. വരണ്ട ചര്മമുള്ള വ്യക്തികൾ എന്നും മോയ്സ്ചറൈസർ ഇടുക. ഇത് ചർമത്തിൽ ജലാംശം നിലനിർത്തും. ദിവസത്തിന്റെ തുടക്കത്തിൽ ആദ്യം മുഖത്ത് വിറ്റാമിൻ സി ഉൽപ്പന്നം ഇടുക, പിന്നീട് സൺസ്ക്രീൻ ഇടുക, അതിനു ശേഷം ആവശ്യമായ മേക്കപ്പ് ഇടാം. തുടർന്ന് വൈകിട്ട് മേക്കപ്പ് പൂർണമായും ഒഴിവാക്കിയ ശേഷം, റെറ്റിനോൾ പുരട്ടുക, അതിനുശേഷം മോയ്സ്ചറൈസർ ഇടുക. ചർമസംരക്ഷണത്തിനായി തെരഞ്ഞെടുക്കുന്ന ഉൽപ്പന്നങ്ങൾ മൂലം ഏതെങ്കിലും തരത്തിലുള്ള അലർജി ഉണ്ടാകുകയാണെങ്കിൽ ഉടനെ വൈദ്യ സഹായം തേടുക .

Story first published: Monday, June 10, 2024, 19:00 [IST]
X
Desktop Bottom Promotion