കുഞ്ഞുവാവക്ക് അപകടമുണ്ടാക്കുന്ന 6 ചർമ്മ സംരക്ഷണ വസ്തുക്കൾ !

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ആന്തരികാവയങ്ങളെ സംരക്ഷിച്ചു കൊണ്ട് നിൽക്കുന്ന ശരീര ചർമ്മത്തിന്റെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ചർമം അർഹിക്കുന്ന ഒരു സംരക്ഷണം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.ചർമത്തെ സംരക്ഷിക്കാനായി ഉപയോഗിക്കുന്ന പല സ്കിൻ കെയർ ഉല്പന്നങ്ങളിലും ചർമത്തിന്റെ ആരോഗ്യം തകർക്കുന്ന ചില ചേരുവകൾ കൂടി അടങ്ങിയിരിക്കുന്നു. എന്നാൽ ഇത് മനസിലാക്കാതെയാണ് പലരും ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്.

baby

കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇത്തരം കെമിക്കലുകളുടെ അതിപ്രസരം ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ കുട്ടികളിൽ വിവിധങ്ങളായ ക്രീമുകൾ, സോപ്പുകൾ , മോയ്സ്ചറൈസുകൾ എന്നിങ്ങനെ പലവിധ ചരമ സംരക്ഷണ വസ്തുക്കൾ പുരട്ടാറുണ്ട്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ കുട്ടികളിൽ ഉപയോഗിക്കുന്നതിനു മുൻപായി അവയിലെ ചേരുവകൾ പരിശോധിച്ച് ചർമത്തിന് ഹാനികരമായവ മാറ്റുന്നതാണ് ഉത്തമം. കുഞ്ഞിന്റെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന 6 ചർമ്മ സംരക്ഷണ വസ്തുക്കൾ ഇവയാണ്.

1. പാരബെൻസ്

കുഞ്ഞുങ്ങളുടെ ചർമ്മത്തിന് ഹാനികരമായ സൗന്ദര്യവർദ്ധക വസ്തുക്കളിലെ ഒരു പ്രധാന ചേരുവയാണ് പാരബെൻസ്. ഇത് ഒരു തരം പ്രിസർവേറ്റിവ് ആണ് . ബാക്ടീരിയയുടെ വളർച്ച തടയുന്നതിനും ഉൽപ്പന്നങ്ങളുടെ ആയുസ് കൂട്ടുന്നതിനുമായാണ് ഇവ ചേർക്കുന്നത്. സോപ്പുകളും ഷാംപൂകളും പോലുള്ള ഉൽപ്പന്നങ്ങളിൽ ഇവ കാണപ്പെടുന്നു. എന്നാൽ ശരീരത്തിന്റെ ഹോർമോണുകളെ വരെ ബാധിക്കുന്ന രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്.പാരബെൻസ് ചേർക്കാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ കുഞ്ഞുങ്ങൾക്കായി ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

2. താലേറ്റുകൾ

കുട്ടികൾക്കായുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽനിന്നും നിർബന്ധമായും ഒഴിവാക്കേണ്ട മറ്റൊരു കൂട്ടം രാസവസ്തു താലേറ്റുകൾ ആണ്. സൗന്ദര്യവർദ്ധക വസ്തുക്കളിൽ നല്ല ഗന്ധം ലഭിക്കുന്നതിനായാണ് ഇവ ചേർക്കുന്നത്. അവ ബൈൻഡിംഗ് ഏജൻ്റായി പ്രവർത്തിക്കുകയും ഉൽപ്പന്നങ്ങളുടെ ഷെൽഫ് കൂട്ടുകയും ചെയ്യുന്നു. എന്നിരുന്നാലും, അലർജികൾ, ഹോർമോൺ തടസ്സം, പൊണ്ണത്തടി, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവയ്ക്ക് വരെ താലേറ്റുകൾ കാരണമാകുന്നു. ചർമ്മ സംരക്ഷണ വസ്തുക്കളിൽ മാത്രമല്ല, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളിലും താലേറ്റുകൾ അടങ്ങിയിരിക്കുന്നു.

3. കൃത്രിമ ഗന്ധങ്ങൾ

വ്യത്യസ്തങ്ങള ഗന്ധങ്ങൾ കുട്ടികൾ ഇഷ്ടപ്പെടും. ഇത് മനസിലാക്കിയാണ് കുട്ടികൾക്കായുള്ള ഉൽപ്പന്നങ്ങളിൽ കൃത്രിമ ഗന്ധങ്ങൾ ചേർക്കുന്നത്.തലേറ്റുകൾ,പെട്രോളിയം റെന്നിവയുടെ സാന്നിധ്യം ഇത്തരം ഗന്ധങ്ങൾ നൽകുന്ന വസ്തുക്കളിൽ കാണാം. ഇത് പരിസ്ഥിതിക്കും കുഞ്ഞുങ്ങൾക്കും ഒരു പോലെ അപകടമാണ്. ചിലർക്ക് ഇത് അലർജിയുണ്ടാക്കുന്നു.എക്‌സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളുള്ള കുട്ടികളിൽ ഇത്തരം ഉത്പന്നങ്ങൾ അസുഖം വർധിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇത്തരം കൃത്രിമ ഗന്ധങ്ങൾ ആസ്ത്മ ഉള്ളവരിൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

4. സൾഫേറ്റുകൾ

കുഞ്ഞിൻ്റെ ചർമ്മം അതിലോലവും സെൻസിറ്റീവുമാണ്. അതിനാൽ സൾഫേറ്റ് രഹിതമായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ വേണം കുഞ്ഞുങ്ങൾക്കായി വാങ്ങുവാൻ.

ചർമ്മത്തിൽ നിന്ന് എണ്ണകൾ നീക്കം ചെയ്യുന്ന ഉപാധികളാണ് സൾഫേറ്റുകൾ. ഷാംപൂ, ക്ലെൻസറുകൾ, സോപ്പുകൾ എന്നിവയിൽ സൾഫേറ്റുകൾ ഉപയോഗിക്കുന്നു.സൾഫേറ്റുകൾ ചര്മത്തെയും മുടിയേയും വരണ്ടതാക്കുന്നു. ഇത് ചർമത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ അലർജി, ചൊറിച്ചിൽ എന്നിവ ഉണ്ടാകുകയും ത്വക് രോഗങ്ങളെ കൂട്ടുകയും ചെയ്യുന്നു. ഈ അവസ്ഥ ഒഴിവാക്കാൻ ''സൾഫേറ്റ്-ഫ്രീ" അല്ലെങ്കിൽ "SLS-ഫ്രീ"എന്ന് രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വാങ്ങുക.

5. ടാൽക്ക്

ബേബി പൗഡറിലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളിലും പലപ്പോഴും ഉപയോഗിക്കുന്ന മൃദുവായ ധാതുവാണ് ടാൽക്ക്. കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ഈർപ്പം ആഗിരണം ചെയ്യുവാൻ ഇത് സഹായിക്കുന്നു. എന്നാൽ ഇതിന്റെ അമിതോപയോഗം അർബുദത്തിന് വരെ കാരണമായേക്കാം. ഇതിലടങ്ങിയിരിക്കുന്ന ആസ്ബറ്റോസിസ് ഘടകം ശ്വാസകോശം, ശ്വാസനാളം, അണ്ഡാശയം, ആമാശയം എന്നിവ ബാധിക്കുന്ന അർബുദത്തിന് കാരണമാകും.

6. ആൽക്കഹോൾ

ലോഷനുകൾ, സാനിറ്റൈസറുകൾ, വെറ്റ് വൈപ്പുകൾ തുടങ്ങിയ പല ശിശു ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും മിതമായ അളവിലെങ്കിലും ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുന്ന ശക്തമായ ആൻ്റിമൈക്രോബയൽ ഏജൻ്റാണിത്.എന്നാൽ ഇത് ചർമ്മത്തെ അങ്ങേയറ്റം വരണ്ടതാക്കുകയും സെന്സിറ്റിവ് ആക്കുകയും ചെയ്യും. തൽഫലമായി ദേഹത്ത് തിണർപ്പ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, June 10, 2024, 21:00 [IST]
X
Desktop Bottom Promotion