For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശ സംരക്ഷണത്തിന്‌

By Super Admin
|

Hair
കാലം മാറുന്നു ജീവിത രീതികളും മാറുന്നു അതിനൊപ്പം നമ്മളെല്ലാം വേഷവിധാനത്തിലും സൗന്ദര്യസങ്കല്‌പങ്ങളിലും വ്യത്യാസം വരുത്തി.

എന്നാല്‍ ഏതൊരു മലയാളിപ്പെണ്‍കുട്ടിയുടെയും മനസ്സില്‍ മാറാതെനില്‍ക്കുന്ന ഒരു സങ്കല്‌പമുണ്ട്‌ നീണ്ടുവിടര്‍ന്നിരിയ്‌ക്കുന്ന കാര്‍ക്കൂന്തല്‍. എന്തൊക്കെ പരിഷ്‌കാരത്തിനും തയ്യാറായാലും സ്‌ത്രീകള്‍ കൈവെയ്‌ക്കാന്‍ മടിയ്‌ക്കുന്ന ഒന്നാണ്‌ കാര്‍കൂന്തല്‍.

എന്തോ മലയാളിയുടെ മനസ്സില്‍ മുട്ടറ്റം നീളമുള്ള കാച്ചെണ്ണ ഗന്ധമുള്ള മുടി ഒരു മരിക്കാത്ത സങ്കല്‌പം തന്നെയാണ്‌. ഇന്നത്തെ തിരക്കുകള്‍ക്കിടയ്‌ക്ക്‌ നീണ്ട മുടി വൃത്തിയായും ആരോഗ്യത്തോടെയും സൂക്ഷിയ്‌ക്കുകയെന്നത്‌ ചുരുക്കിപ്പറഞ്ഞാല്‍ ഒരു വെല്ലുവിളി തന്നെയാണ്‌. ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിയ്‌ക്കുന്നതിനൊപ്പംതന്നെ കുറച്ച്‌ സമയം ചെലവാക്കിയാല്‍ മുടിയുടെ സംരക്ഷണത്തിനായി വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌. ഒട്ടൊന്ന്‌ ശ്രദ്ധിച്ചാല്‍ ഉള്ളമുടി വൃത്തിയായും ഭംഗിയായും സൂക്ഷിയ്‌ക്കാം.

വൈറ്റമിന്‍ എ യാണ്‌ മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ ഏറ്റവും ആവശ്യം. അത്‌ ഭക്ഷണത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നതാണ്‌ ഉചിതം. കാരറ്റ്‌, പഴവര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നിവയിലെല്ലാം വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതുകൂടാതെ ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍, വൈറ്റമിന്‍ ഇ ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, തക്കാളി, കാബേജ്‌ എന്നിവയും തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും നല്ലതാണ്‌.

താരന്‍ പ്രശ്‌നമാകുമ്പോള്‍

സ്‌ത്രീകളെന്നോ പുരുഷന്മാരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ പിടിപെടാവുന്ന ഒന്നാണ്‌ താരന്‍. ഒരു പരിധിവരെ ഇത്‌ മുടികൊഴിച്ചിലിനും മറ്റ്‌ അലര്‍ജികള്‍ക്കും ഇടയാക്കും.സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്‌തമായി കോശങ്ങള്‍ ദ്രുതഗതിയില്‍ കൊഴിയു ന്നതാണ്‌ താരനു കാരണ മാകുന്നത്‌.തെറ്റായ ആഹാരരീതി, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, വൃത്തിയില്ലാത്ത തലയോട്ടി, അണുബാധ.... എല്ലാം താരനു കാരണമാകാം.താരന്‍ രണ്ടുതരത്തിലാണുള്ളത്‌. വരണ്ട ചര്‍മമുള്ളവര്‍ക്കു ണ്ടാകുന്ന വരണ്ട (ഡ്രൈ) താരനും എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ക്കുണ്ടാകുന്ന എണ്ണമയമുള്ള(ഓയിലി) താരനും .

വരണ്ട താരനുള്ളവരുടെ തലയോട്ടിയില്‍ മെല്ലെയൊന്നുരസിയാല്‍ പോലും പൊടി താഴേക്കു വീഴും. പുരികത്തിലും കണ്‍പീലിയിലുമെല്ലാം താരന്‍ ബാധിക്കുകയും ചെയ്യും. എന്നാല്‍ എണ്ണമയമുള്ളതാരനുള്ളവര്‍ക്ക്‌ തലയിലുള്ള ചൊറിച്ചിലാണ്‌ പ്രധാന പ്രശ്നം. ഇക്കൂട്ടരുടെ നെറ്റിയിലും നിറയെ കുരുക്കള്‍ ഉണ്ടാവും. താരനുണ്ടെന്നു സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു ചര്‍മരോഗവിദഗ്ദ്ധനെ കാണുക. മരുന്നുകള്‍ക്കൊപ്പം വീട്ടിലും ചില പൊടിക്കൈകള്‍ ചെയ്താല്‍ താരന്‍ അകറ്റാം.

വരണ്ട താരനുള്ളവര്‍ ഒലിവെണ്ണയോ വെളിച്ചെണ്ണയോ ചെറുചൂടോടെ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കണം. അതിനുശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു തുണി ഉപയോഗിച്ച്‌ തലമുടി പൊതിഞ്ഞു വയ്ക്കുക. അരമണിക്കൂറിനുശേഷം ഏതെങ്കിലും ആന്റിഡാന്‍ഡ്രഫ്‌ ഷാംപൂ തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഷാംപൂ നന്നായി കഴുകിക്കളയുക. ഷാംപൂ ചെയ്യുമ്പോള്‍ മുടി വരണ്ടതാകാന്‍ സാധ്യത കൂടും. അതിനാല്‍ ഷാംപൂ ചെയ്‌ത ശേഷം ഹെയര്‍ ഓയിലോ ഹെയര്‍ സീറമോ മുടിയില്‍ പുരട്ടുന്നതു നന്നായിരിക്കും.

എണ്ണമയമുള്ള താരനുള്ളവര്‍ക്കുള്ള ചികിത്സ വ്യത്യസ്‌തമാണ്‌. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക. ഒരു പഞ്ഞി ഉപയോഗിച്ച്‌ ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. പതിനഞ്ചു മിനിട്ടിനുശേഷം ബേബി ഷാംപൂ ഉപയോഗിച്ച്‌ കഴുകിക്കളയാം. താരന്‍ ശല്യമകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകളിലും പ്രത്യേക ചികിത്സയുണ്ട്‌. ഹെയര്‍ ടോണിക്‌, ഹെയര്‍ പായ്ക്ക്‌, ഓസോണ്‍ ട്രീറ്റ്മെന്റ്‌, ഓയില്‍ മസാജ്‌, സ്റ്റീമിങ്‌, ഓയിന്റെമെന്റ്‌ ട്രീറ്റ്മെന്റ്‌, പ്രോട്ടീന്‍ ട്രീറ്റ്മെന്റ്‌, ഹെയര്‍സ്പാ തുടങ്ങിയ ചികിത്സകളാണിത്‌.

താരന്‍ പകരുമെന്നാണ്‌ മിക്കയാളുകളുടെയും ധാരണ. എന്നാല്‍ താരന്‍ പകരില്ല. പലപ്പോഴും താരന്‍ മൂലമുണ്ടാകുന്ന അണുബാധയാണ്‌ പ്രശ്നമുണ്ടാക്കുന്നത്‌. താരന്‍ മൂലം തല ചൊറിയുമ്പോള്‍, നഖം കൊണ്ട്‌ തലയോട്ടി മുറിയും. ആ മുറിവില്‍ അഴുക്കു പിടിച്ച്‌ അണുബാധയുണ്ടാകുമ്പോഴാണ്‌ താരന്‍ പകരുന്നത്‌. തലമുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌ താരനെ നേരിടാനുള്ള പ്രധാന മാര്‍ഗം. എല്ലാ ദിവസവും മുടി വൃത്തിയായി കഴുകണം. മുടി കഴുകാന്‍ ചീവയ്ക്കാ പൊടിയോ പയറുപൊടിയോ ഉപയോഗിക്കാം. ഉണക്കനെല്ലിക്കയുടെ നീര്‌, കറ്റാര്‍വാഴയുടെ നീര്‌, ഉഴുന്നരച്ചത്‌ എന്നിവ തലയോട്ടിയില്‍ പുരട്ടുന്നതു ഗുണം ചെയ്യും. കീഴാര്‍ നെല്ലി നീര്‌ തലയില്‍ പുരട്ടുന്നതും തേങ്ങാപ്പാല്‍, തൈര്‌, മോര്‌ എന്നിവ തേച്ച്‌ പിടിപ്പിച്ചശേഷം കഴുകിക്കളയുന്നതും താരനെ ചെറുക്കും.

ശ്രദ്ധിയ്ക്കേണ്ട മറ്റു കാര്യങ്ങള്‍

നനഞ്ഞ മുടി ശക്തിയായി ചീകുകയോ കെട്ടിവെയ്‌ക്കുകയോ ചെയ്യരുത്‌. ചീപ്പുകളും ടവ്വലുകളും പങ്കിട്ടുപയോഗിയ്‌ക്കരുത്‌. കഴിയുന്നതും മുടി തനിയെ ഉണക്കാന്‍ വിടുക. ഡ്രൈയറും മറ്റും ഉപയോഗിയ്‌ക്കുന്നത്‌ പിന്നീട്‌ മുടി പൊട്ടുന്നതിനിടയാക്കും. മുടി അറ്റം പിളരുന്നുണ്ടെങ്കില്‍ മാസത്തിലൊരിക്കല്‍ ചെറുതായി അറ്റമൊപ്പിച്ച്‌ മുറിയ്‌ക്കുക.മുടികൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്‌ത്‌ നല്ല ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍ കൊണ്ട്‌ മുടി കുറച്ചു നേരം കെട്ടിവെയ്‌ക്കുക. പിന്നീട്‌ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ എണ്ണ കഴുകിക്കളയുക.

Story first published: Tuesday, March 8, 2011, 14:57 [IST]
X
Desktop Bottom Promotion