അറ്റം പിളരുന്നത് തടയാന്‍ മുടി വെട്ടിയിട്ട് കാര്യമില്ല, ശാശ്വത പരിഹാരം ഇതാണ്

അറ്റത്തായി മുടി രണ്ടോ അതിലധികമോ ആയി പിളരുന്ന അവസ്ഥയെ ആണ് അറ്റം പിളരുന്നത് അഥവാ സ്പ്ലിറ്റ് എന്‍ഡ് എന്ന് വിളിക്കുന്നത്. മിക്കവരുടെയും പ്രധാന കേശാരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണത്. മുടിയുടെ അറ്റം ധാരാളമായി പിളരുന്നുണ്ടെങ്കില്‍ അടിഭാഗം വെട്ടിക്കൊടുക്കണമെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. പക്ഷേ എത്രയൊക്കെ വെട്ടിയാലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മുടിയുടെ അറ്റം പിളര്‍ന്ന് പഴയപടിയാകും എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും, ഇതുമൂലം മുടിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്താണെന്നും ഇതെങ്ങനെ തടയാനാകുമെന്നും നോക്കാം.

hair splitting

എന്തുകൊണ്ടാണ് അറ്റം പിളരുന്നത്?

മുടിക്ക് എത്രയൊക്കെ കരുതല്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞാലും പലതരത്തില്‍ ദിവസവും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. പുറത്തിറങ്ങുമ്പോഴുള്ള പൊടിപടലങ്ങളും, വെള്ളത്തിന്റെ പ്രശ്‌നങ്ങളും, കാലാവസ്ഥയും അങ്ങനെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു. ഒരു മുടിയിഴയുടെ ഏറ്റവും പ്രായംചെന്ന ഭാഗമാണല്ലോ അറ്റം. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് സംരക്ഷണം കുറവായിരിക്കും. അതാണ് ഇവിടെ മുടി പിളാരനുള്ള കാരണമെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. നേരത്തെ പറഞ്ഞ കാരണങ്ങള്‍ കൂടാതെ മുടിയില്‍ അമിതമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും സ്‌റ്റൈലിംഗിനായി ചൂട് ഉപയോഗിക്കുന്നതും പരുഷമായി ചീകുന്നതുമെല്ലാം അറ്റം പിളരാനുള്ള കാരണങ്ങളാണ്.

പിളര്‍ന്ന മുടി തിരിച്ച് പഴയതുപോലെ ഒന്നാകുക അസാധ്യമാണ് അതുകൊണ്ട് അറ്റം വെട്ടി പിളര്‍ന്ന മുടി കളഞ്ഞ്, വീണ്ടും മുടി പിളരാതിരിക്കാനുള്ള വഴികള്‍ തേടുക മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം.

മുടിയുടെ അറ്റം പിളരുന്നത് തടയാനുള്ള വഴികള്‍

1.5-2 മാസത്തിനിടയ്ക്ക് മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നതിലൂടെ പിളര്‍ന്ന മുടി തലയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കും. പക്ഷേ അതിലൂടെ അറ്റം പിളരല്‍ എന്ന പ്രശ്‌നത്തില്‍ നിന്നും എന്നന്നേക്കുമായി രക്ഷപ്പെട്ടു എന്ന് കരുതരുത്. കൃത്യമായ പ്രതിവിധികള്‍ ചെയ്തില്ലെങ്കില്‍ മുടിയുടെ അറ്റം വീണ്ടും പിളരും. ഈ കേശാരോഗ്യ പ്രശ്‌നം മുഴുവനായി മാറ്റാനുള്ള, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

മുടി കഴുകിയതിന് ശേഷം പ്രത്യേകശ്രദ്ധ: നനഞ്ഞ മുടി പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. കൂടാതെ അലക്ഷ്യമായി നനഞ്ഞ മുടി കൈകാര്യം ചെയ്താല്‍ അത് ക്യൂട്ടിക്കിളുകള്‍ക്ക് കേടുപാട് ഉണ്ടാക്കുകയും അവസാനം മുടിയുടെ അറ്റം പിളരാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് നനഞ്ഞ മുടി കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകശ്രദ്ധ നല്‍കുക. ടവ്വല്‍ ഉപയോഗിക്കുമ്പോള്‍ വളരെ മൃദുവായി തുവര്‍ത്തിയെടുക്കുക.

ജടകള്‍ വേര്‍പെടുത്തുക: നനഞ്ഞ അവസ്ഥയിലും ഉണങ്ങിയിരിക്കുമ്പോഴും മുടി ജട കെട്ടുന്നത് അല്ലെങ്കില്‍ കെട്ടുകള്‍ വീഴുന്നത് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. മുടി ഉണക്കുന്നതിന് മുമ്പും ചീകുന്നതിനും മുമ്പും കെട്ടുന്നതിന് മുമ്പും ജടകളും കെട്ടുകളും പതുക്കെ വേര്‍പെടുത്തുക. പല്ലുകളുടെ അകലം കൂടിയ ചീര്‍പ്പുകള്‍ ഇതിനായി ഉപയോഗിക്കാം. അല്ലാത്ത പക്ഷം മുടി പൊട്ടിപ്പോയേക്കാം.

ഹെയര്‍മാസ്‌ക് പരിചരണം: ഈര്‍പ്പം ഇല്ലാതാക്കുന്നത് മുടിയുടെ അറ്റം പിളരാനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നാണ്. ആഴ്ചയിലൊരിക്കല്‍ പ്രകൃതിദത്തമായ ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലൂടെ ആവശ്യമായ പോഷകഗുണങ്ങളും ജലാംശവും മുടിയിലെത്തും. തേങ്ങാപ്പാല്‍, നെല്ലിക്ക, കയ്യുണ്ണി എന്നിവ ഉപയോഗിച്ചുള്ള ഹെയര്‍മാസ്‌കുകള്‍ പരീക്ഷിക്കുക.

ചൂടേല്‍ക്കുന്നത് കുറയ്ക്കുക: സ്‌റ്റൈലിംഗിനായി മുടിയില്‍ ചൂടേല്‍പ്പിക്കുന്നതും ഹെയര്‍ ഡ്രയറുകളും മറ്റും ഉപയോഗിക്കുന്നതും മുടിയിലെ ഈര്‍പ്പവും പ്രോട്ടീനും ഇല്ലാതാക്കുകയും മുടി വരണ്ട് പൊട്ടിപ്പോകാന്‍ കാരണമാകുകയും ചെയ്യുന്നു. സ്വാഭാവികമായി കാറ്റത്ത് തന്നെ മുടി ഉണങ്ങാന്‍ അനുവദിക്കുക.

മുടി അധികമായി ചീകാതിരിക്കുക: എപ്പോഴും മുടി ചീകിക്കെട്ടണമെന്ന പഴഞ്ചന്‍ ധാരണ കൈവിടുക. കൂടുതലായി മുടി ചീകിയാല്‍ മുടി പൊട്ടിപ്പോകാനും മുടിയുടെ അറ്റം പിളരാനും സാധ്യതയുണ്ട്. മുടി ചീകുമ്പോള്‍ പരുഷമായി ശക്തിയില്‍ വലിച്ച് ചീകാതിരിക്കുക.

തലയിണക്കവറുകള്‍ ശ്രദ്ധിക്കുക: സില്‍ക്കിന്റെയോ സാറ്റിന്റെയോ തലയണക്കവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ രാത്രികാല കേശ പരിചരണം പ്രധാനമാണ്. തലമുടി വരുന്ന ഭാഗം വളരെ മൃദുലവും ഫ്രിക്ഷന്‍ കുറഞ്ഞതുമായ പ്രതലമായിരിക്കണം. ഇത് മുടി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കും.

ഇവ കൂടാതെ നല്ലവണ്ണം വെള്ളം കുടിക്കുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, വെളിച്ചെണ്ണയോ ഒലീവെണ്ണയോ പോലുള്ള നല്ല എണ്ണകള്‍ ഉപയോഗിച്ച് കൃത്യമായി മസാജ് ചെയ്യുക, അമിതമായി മുടി കഴുകാതിരിക്കുക, മുടി മുറുക്കി കെട്ടാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മുടിയുടെ അറ്റം പിളരുന്നത് ഒരു പരിധി വരെ തടയാനാകും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, May 6, 2024, 18:30 [IST]
X
Desktop Bottom Promotion