മാര്‍ച്ച് 29-ന് ശേഷം മിഥുനം രാശിക്കാര്‍ക്ക് തലവര തെളിയും, കര്‍ക്കിടകത്തിന് ഗുണദോഷങ്ങള്‍; ശനിമാറ്റ ഫലങ്ങള്‍

Saturn Transit 2025:2025 മാര്‍ച്ച് 29-ലെ മഹാശനിമാറ്റം ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ഒന്നാണ്. ശനിയെന്നാല്‍ നീതിയുടെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ്. 2023 ജനുവരി 17നായിരുന്നു ഇതിന് മുമ്പുള്ള ശനിമാറ്റം. അന്ന് സ്വന്തം മൂലത്രികോണ രാശിയായ കുംഭത്തിലേക്കാണ് ശനി എത്തിയത്. ഇപ്പോള്‍ കുംഭത്തിലുള്ള ശനി മാര്‍ച്ച് 29ന് വ്യാഴത്തിന്റെ സ്വാധീനത്തിലുള്ള മീനത്തിലേക്ക് കടക്കും. 2027 ജൂണ്‍ മൂന്നുവരെ ശനി മീനത്തിലായിരിക്കും. 2027-ല്‍ മീനത്തില്‍ നിന്നും മേടത്തിലെത്തുമെങ്കിലും അതേവര്‍ഷം ഒക്ടോബറില്‍ ശനി വീണ്ടും വക്രഗതിയില്‍ മീനത്തിലെത്തുന്ന അപൂര്‍വ്വ പ്രതിഭാസവും നടക്കും. യഥാര്‍ത്ഥത്തില്‍ 2028 ഫെബ്രുവരി 23-ന് മാത്രമേ ശനി ശരിക്കും മീനത്തില്‍ നിന്നും പുറത്തിറങ്ങുകയുള്ളു.

ജ്യോതിഷ വിശ്വാസികള്‍ക്കിടയില്‍ പൊതുവെ ശനിക്ക് ഒരു ഭീതിയുടെ പരിവേഷമുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. ശനിമാറ്റങ്ങളെ ആളുകള്‍ ഭീതിയോടും ഉത്കണ്ഠയോടും കൂടി കാണുന്നു. ശനിയെ ഒട്ടും പേടിക്കേണ്ട എന്ന് പറയാനാകില്ല. ശനിദോഷവും ഏഴരശനിയും കണ്ടകശനിയും സത്യമായ കാര്യങ്ങളാണ്. എന്നാല്‍ ശനി നല്ല ഫലങ്ങളും നല്‍കുന്ന കാര്യം വിസ്മരിക്കരുത്. ജീവിതത്തില്‍ ഒരു വ്യക്തി അറിവുകള്‍ നേടുന്നതും പക്വത കൈവരിക്കുന്നകും വിവേകമതികളാകുന്നതും ശനിയുടെ സ്വാധീനകാലത്താണ്. ശനിമാറ്റ സമയത്ത് കരിയര്‍, ബന്ധങ്ങള്‍, ആരോഗ്യം, മൊത്തത്തിലുള്ള ജീവിതക്ഷേമം എന്നിങ്ങനെ പല മേഖലകളും സ്വാധീനിക്കപ്പെടും. വ്യക്തിപരമായ വളര്‍ച്ചയുടെയും സ്വയം വിലയിരുത്തലിന്റെയും കാലമാണത്. പലതരം വെല്ലുവിളികള്‍ ഉയര്‍ന്നുവരാമെങ്കിലും അവയെ അതിജീവിക്കാനുള്ള കരുത്തും അതിലൂടെ ചില ജീവിതപാഠങ്ങളും നേടാനാകും.

12 രാശികളില്‍ എല്ലാ രാശികളും ശനിമാറ്റത്തിന്റെ സ്വാധീനം ജീവിതത്തിലറിയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. പന്ത്രണ്ട് രാശികള്‍ക്കും വ്യത്യസ്തമായിരിക്കും ഫലങ്ങള്‍. ചിലര്‍ക്ക് ഏഴരശനി, കണ്ടകശനി, ശനിമഹാദശ എന്നിങ്ങനെ ശനിദോഷങ്ങളില്‍ ഏതെങ്കിലും ഒന്നിന് തുടക്കമാകാം. മറ്റുചിലര്‍ക്ക് ശനിയാല്‍ നല്ലകാലവും വന്നുചേരാം.

12 രാശികള്‍ക്കും വരാനിരിക്കുന്ന മഹാശനിമാറ്റം എങ്ങനെയായിരിക്കുമെന്ന് നോക്കാം. ഇന്ന് മിഥുനം, കര്‍ക്കിടകം രാശിക്കാര്‍ക്കുള്ള ഫലം അറിയാം.

saturn transit 2025
Photo Credit: AI Generated

മിഥുനം രാശിക്കാര്‍ക്ക് പ്രതിഫലങ്ങളുടെ കാലം

മിഥുനം രാശിക്കാര്‍ക്ക് നിങ്ങള്‍ മുന്‍കാലത്ത് കാഴ്ചവെച്ച കഠിനാധ്വാനത്തിന്റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ സമയമെത്തിയിരിക്കുന്നു. മാര്‍ച്ച് 29 മുതല്‍, ശനി നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട പത്താം ഭാവത്തിലൂടെ സഞ്ചരിക്കും. ജ്യാതിഷശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രകാരം ഇത് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് വലിയ സമ്പത്ത് നേടുന്നതിനുള്ള യോഗം നല്‍കും.

കരിയര്‍ ഭാവത്തിലേക്ക് ശനി പ്രവേശിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് ഒരു പ്രധാന കാലഘട്ടത്തിന്റെ തുടക്കമാണ്. ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം, ശനി വീണ്ടും രാശി മാറുമ്പോള്‍, അത് നിങ്ങളുടെ ലാഭത്തിന്റെ ഭാവനത്തിലേക്ക് നീങ്ങും. ജ്യോതിഷശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രകാരം, ശനി ഈ ഭാവനത്തില്‍ ഏറ്റവും അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ കരിയര്‍ മേഖലയില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കമിടും. മിഥുനം രാശിക്കാരില്‍ ശനിമാറ്റം ബൗദ്ധിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ അക്കാദമികമായി മികവ് കാണിക്കും. ബിസിനസുകാരും ഉദ്യോഗസ്ഥരും അവരുടെ പരിശ്രമത്തിന് ആനുപാതികമായി വിജയം കാണും. ഇക്കാലയളവില്‍ മടുപ്പ് ഒഴിവാക്കുന്നത് നിര്‍ണായകമാണ്. വിദേശത്തുനിന്ന് വലിയൊരു ഓര്‍ഡര്‍ ലഭിക്കാം. ഇതുമൂലം പ്രമോഷനുകള്‍, ശമ്പള വര്‍ധനവ് അല്ലെങ്കില്‍ പുതിയ പദ്ധതികള്‍ എന്നിവ ജീവിതത്തില്‍ ഉണ്ടാകാം. കൂടാതെ ജീവിതം കൂടുതല്‍ ചലനാത്മകമാകും. സ്വപ്‌നം കാണാത്ത രീതിയില്‍ സ്വത്തുക്കളില്‍ വര്‍ധനയും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങളും വരുമാന സ്രോതസ്സുകളുടെ വര്‍ധനയും ജീവിതശൈലിയില്‍ വലിയ മാറ്റങ്ങളും വരാന്‍ പോകുകയാണ്. വിവാഹജീവിതം കൂടുതല്‍ സൗഹാര്‍ദ്ദപരമായേക്കാം, പ്രണയബന്ധങ്ങള്‍ക്ക് ആഴമേറിയേക്കാം, നിങ്ങളുടെ കരിയറിന് വഴിത്തിരിവേകുന്ന ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടുമുട്ടാനും സാധ്യതയുണ്ട്.

പൊതുവെ മിഥുനം രാശിക്കാര്‍ക്ക് വരാനിരിക്കുന്ന മഹാശനിമാറ്റം ഗുണകരമാണ്. പ്രത്യേകിച്ച് ജാതകത്തില്‍ നിലവില്‍ അനുകൂലമായ ഗ്രഹകാലഘട്ടങ്ങള്‍ (മഹാദശ അല്ലെങ്കില്‍ അന്തര്‍ദശ) അനുഭവിക്കുന്നുവെങ്കില്‍, ശനിയുടെ ഇടപെപെടല്‍ പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ആരോഗ്യപരമായി നോക്കുമ്പോള്‍ ഈ കാലഘട്ടം അനുകൂലമാണ്.

മിഥുന രാശിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

മിഥുന രാശിയിലുള്ളവര്‍ ഗ്രഹനിലയിലെ ശനി സ്ഥാനം പരിശോധിച്ച ശേഷം വേണ്ട പരിഹാരങ്ങള്‍ ചെയ്യണം. ശനിയാഴ്ചകളില്‍ ശനീശ്വര മന്ത്രവും ജപവും നടത്തുന്നത് ഉചിതമാണ്. ശനിദേവന്റെ അനുഗ്രഹം തേടാന്‍ എല്ലാ ശനിയാഴ്ചയും അടുത്ത് ശനി ക്ഷേത്രം ഉണ്ടെങ്കില്‍ സന്ദര്‍ശിക്കുക അല്ലെങ്കില്‍ ശാസ്താക്ഷേത്രത്തില്‍ പോകുക. ഏഴുമുഖവും പതിനാലുമുഖവും ഉള്ള രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. കൂടാതെ, ശുഭ മുഹൂര്‍ത്തത്തില്‍ ശനി യന്ത്രം നിര്‍മ്മിച്ച് ധരിക്കുക, ഇത് നല്ല ഫലങ്ങള്‍ നല്‍കും.

കര്‍ക്കിടകം- ശനിക്കൊപ്പം വ്യാഴത്തിന്റെയും സ്വാധീനം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിമാറ്റത്തിന് പിന്നാലെ, 2025 മെയ് മാസത്തിന്റെ മധ്യത്തില്‍ വ്യാഴം ഇവരുടെ ലാഭസ്ഥാനം വിട്ട് ചെലവുകളുടെ സ്ഥാനത്തേക്ക് മാറും, ഇത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ചെലവുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. അതുകൊണ്ട് ഇക്കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ വ്യാഴത്തെയും ശനിയെയും പ്രീതിപ്പെടുത്താനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കുന്നത് ലാഭം ഉറപ്പാക്കാനും അനാവശ്യ നഷ്ടങ്ങള്‍ ഒഴിവാക്കാനും സഹായകരമായിരിക്കും. ഇവര്‍ക്ക് ശനിമാറ്റത്തോടെ താമസം മാറ്റേണ്ട സാഹചര്യവും ഉണ്ടാകാം.

ഈ രാശിയിലുള്ളവര്‍ക്ക് മക്കളെ സംബന്ധിച്ച ആശങ്കകള്‍ തുടര്‍ന്നേക്കാം. വിവിധ വിഷയങ്ങളില്‍ കലഹങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഈ രാശിക്കാരുടെ ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ ചെയ്യേണ്ടത് ഗുണദോഷസമ്മിശ്ര സാഹചര്യങ്ങളെ അനുകൂലമായി മാറ്റുന്നതിന്് സഹായിക്കും. ശനി രാശി മാറുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള കര്‍ക്കിടകം രാശിക്കാര്‍ക്ക് ആശ്വാസം ലഭിക്കാം. പുതിയതായി ചികിത്സിക്കുന്ന ഡോക്ടറും ചികിത്സാ രീതിയും ഫലപ്രദമാകും. ജോലി സ്ഥലത്ത്, ശനിയുടെ അനുകൂല സ്വാധീനം മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ നേടാന്‍ സഹായകമാകും. ശനിമാറ്റം ഇവര്‍ക്ക് ശമ്പളവര്‍ദ്ധനവോ പ്രമോഷനോ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിമാറ്റത്തിലൂടെ പുതിയ ബിസിനസ് അവസരങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. ഏറെ നാളായി കാത്തിരുന്ന ലാഭം സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളില്‍ മിശ്രഫലങ്ങള്‍ പ്രതീക്ഷിക്കാം. മാര്‍ച്ച് 29 ന് മുമ്പ് ശനിയുടെ സ്വാധീനം കാരണമുള്ള സാമ്പത്തിക നഷ്ടങ്ങള്‍ അവസാനിക്കും. പിന്നീട് വിജയത്തിലേക്ക് നയിക്കുന്ന പുതിയ വഴികള്‍, സൗഹൃദങ്ങള്‍, ഊര്‍ജ്ജം എന്നിവയ്ക്കുള്ള സമയമാണ്. മാര്‍ച്ച് 29 മുതല്‍ മെയ് മാസത്തിന്റെ മധ്യഭാഗം വരെ യാത്രകള്‍ സുഖകരവും ഗുണകരവുമാകും. കര്‍ക്കിടകം രാശിക്കാര്‍ പൊതുവെ വികാരാധീനരാണ്. എന്നാല്‍ വരുംനാളുകളില്‍ വികാരങ്ങളെ നിയന്ത്രിക്കുന്നത് ജോലി, പെരുമാറ്റം, സമൂഹത്തില്‍ ബഹുമാനം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കര്‍ക്കിടകം രാശിക്കാര്‍ വരുംനാളുകളില്‍ ഓഹരി വിപണി നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അക്കാദമിക വിജയത്തിന് അനുകൂല സാഹചര്യങ്ങളുണ്ട്.

കര്‍ക്കടക രാശിക്കാര്‍ക്കുള്ള പരിഹാരങ്ങള്‍

ജീവിതത്തിലെ മടുപ്പ് ഒഴിവാക്കി, സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ആരാധനയും പ്രാര്‍ത്ഥനയും നടത്തുക എന്നത് ഒരു ശീലമാക്കുക. ഈ ശീലം ശനിയാഴ്ച ആരംഭിക്കുന്നത് പ്രത്യേകിച്ച് ഗുണം ചെയ്യും. കൂടാതെ ദിവസേന ശനി സ്‌തോത്രം പാരായണം ചെയ്യുക. ആത്മീയമായ ഗുണങ്ങള്‍ക്കായി ഏഴ് മുഖവും പതിനാലു മുഖവും ഉള്ള രുദ്രാക്ഷം ധരിക്കുന്നത് പരിഗണിക്കുക.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Desktop Bottom Promotion