ധനു രാശിക്കാര്‍ക്ക് ഇനി കണ്ടകശനി, മകരത്തിന് ഏഴരശനി അവസാനം; ശനിമാറ്റം നിങ്ങള്‍ക്ക് എങ്ങനെ

Saturn Transit 2025:വരും ദിവസങ്ങളിലെ, ഒരുപക്ഷേ ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ജ്യോതിഷ പ്രതിഭാസമാണ് മാര്‍ച്ച് 29-ന് നടക്കാനിരിക്കുന്നത്. ശനി കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ഈ രാശിമാറ്റത്തിലൂടെ 12 രാശികളിലും ജനിച്ചവര്‍ക്ക് അവരുടെ ബന്ധങ്ങളിലും തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും കര്‍മ്മത്തിലും മാറ്റമുണ്ടാകും. ഈ മേഖലകളിലെല്ലാം വലിയ മാറ്റം ശനിയാല്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

saturn transit

നവഗ്രഹങ്ങളില്‍ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശനി. ഒരു വ്യക്തിയുടെ ജീവിതത്തിലെ വെല്ലുവിളികള്‍ ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശനി ഒരാളെയും സുഖിപ്പിക്കില്ല. ശനി കാരണം സന്തോഷമോ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടന്നുവെന്നോ വരില്ല. ശുക്രനെയോ, വ്യാഴത്തെയോ പോലെ സുഖസൗകര്യങ്ങളും സമ്പത്തും വാരിക്കോരി നല്‍കുന്ന ഗ്രഹവുമല്ല ശനി. ശനി നമുക്ക് അര്‍ഹിക്കുന്നത് മാത്രമേ നല്‍കുകയുള്ളു, കര്‍മ്മത്തിനൊത്ത് ഫലം എന്നുള്ളതാണ് ന്യായാധിപനെന്നും അറിയപ്പെടുന്ന ശനിയുടെ ന്യായം.

ശനിയുടെ മാറ്റം 12 രാശികളെയും വ്യത്യസ്തമായി സ്വാധീനിക്കും. ചിലര്‍ക്ക് ദോഷങ്ങള്‍ മാറി നല്ലകാലം വരും. മറ്റുചിലര്‍ക്ക് കഷ്ടകാലം ആരംഭിക്കും. ചിലര്‍ക്ക് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 12 രാശികളില്‍ ധനു, മകരം രാശികളെ ശനിമാറ്റം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അവര്‍ക്കുള്ള ദോഷപരിഹാരങ്ങളും വിശദമായി അറിയാം.

ധനു രാശിക്ക് കണ്ടകശനി തുടങ്ങി

2025 മാര്‍ച്ച് 29 ഓടെ ധനു രാശിക്കാര്‍ക്ക് കണ്ടകശനി ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഇത് ഈ രാശിക്കാരുടെ സാമ്പത്തിക പ്രതീക്ഷകളെ തകിടം മറിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ തടസ്സപ്പെടാം. ഈ കാലയളവില്‍ ഓഹരി വിപണിയിലോ സമാനസംരംഭങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കണം, കാരണം അത് ലാഭത്തിന് പകരം നഷ്ടത്തിലേക്ക് നയിക്കാം. സ്വത്തുക്കള്‍് വാങ്ങുമ്പോള്‍ നഷ്ടസാധ്യതയും പ്രശ്‌ന സാധ്യതയും കണക്കിലെടുത്ത് ജാഗ്രത പാലിക്കുക.

ശനിയുടെ സ്വാധീനം മൂലം അടുത്ത ബന്ധുക്കളുമായി സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുമാനം കുറയുകയും ചെലവുകള്‍ ഉയരുകയും ചെയ്യാം, മാത്രമല്ല ബിസിനസില്‍ വലിയ രീതിയിലുള്ള പരിശ്രമത്തിന് ശേഷം മാത്രമേ സ്ഥിരമായ വരുമാന ഉറവിടങ്ങളും ലാഭവും കണ്ടെത്താന്‍ കഴിയൂ. പ്രിയപ്പെട്ടവരുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കി സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ജാതകത്തില്‍ പറയുന്നത് പോലെയുള്ള പരിഹാരങ്ങള്‍ പിന്തുടരുന്നത് അത്യാവശ്യമാണ്. കണ്ടകശനിയുടെ തുടക്കത്തില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്; അല്ലെങ്കില്‍ കടം എടുക്കേണ്ടതായിവരാം.

വാഹനം വാങ്ങുന്നതിനോ മറ്റ് കാര്യങ്ങള്‍ക്കോ വായ്പ എടുക്കേണ്ടി വന്നാല്‍, ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ജോലിയില്‍ താല്‍ക്കാലിക തടസ്സങ്ങള്‍ ഉണ്ടാകാമെങ്കിലും, ഉചിതമായ ഇടപെടലുകളിലൂടെ അവ പരിഹരിക്കാനാകും. അതിനാല്‍ അനാവശ്യമായ ആശങ്ക വേണ്ട. മറ്റ് ഗ്രഹ സ്ഥാനങ്ങളും സംയോഗങ്ങളും സ്വാധീനങ്ങളും കണ്ടകശനിക്കാലത്ത് ധനു രാശിക്കാരുടെ രക്ഷയ്‌ക്കെത്തും.

ദോഷ പരിഹാരങ്ങള്‍

ശനി നല്കുന്ന വെല്ലുവിളികളെ കുറയ്ക്കാന്‍ ശനിയാഴ്ച വ്രതം അനുഷ്ഠിക്കാം. അമാവാസി കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ച തന്നെ വ്രതം ആരംഭിക്കാം. ഈ വ്രതം 51 അല്ലെങ്കില്‍ 19 ശനിയാഴ്ചകള്‍ തുടരാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യുക. ഈ കാലയളവുകള്‍ സാധ്യമല്ലെങ്കില്‍, കുറഞ്ഞത് 8 ശനിയാഴ്ചകള്‍ വ്രതം അനുഷ്ഠിക്കുന്നത് ദോഷഫലങ്ങള്‍ കുറയ്ക്കും.

  • ശനിയാഴ്ചകളില്‍ ഭക്തര്‍ ഹനുമാനെ ആരാധിക്കുകയും ക്ഷേത്രദര്‍ശനം നടത്തുകയും വേണം.
  • ശനിയാഴ്ച പണം കടമെടുക്കരുത്. അതുപോലെ അന്നേദിവസം ശനി ദേവനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സംഭാവനകള്‍ സ്വീകരിക്കരുത്.
  • സ്വന്തം ക്ഷേമത്തിനൊപ്പം മറ്റുള്ളവരുടെ ക്ഷേമവും പരിഗണിച്ച്, സാധ്യമായിടത്തോളം സഹായം നല്‍കുക.
  • പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നതും നല്ലതാണ്.

മകരം രാശിക്കാര്‍ക്ക് ആശ്വാസം

ഏഴര വര്‍ഷത്തെ ദീര്‍ഘകാലത്തിനുശേഷം, ഏഴരശനിയുടെ വെല്ലുവിളികള്‍ നേരിട്ടിരുന്ന മകരം രാശിക്കാര്‍ക്ക് ശനി മീനത്തിലേക്ക് മാറുന്നതോടെ അതില്‍ നിന്നും ആശ്വാസം ലഭിക്കും. 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ മാറ്റം, അവരുടെ ഏഴരശനിയുടെ ദോഷഫലങ്ങള്‍ അവസാനിപ്പിക്കുകയും വിജയത്തിന്റെ പുതിയ ഘട്ടം ജീവിതത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു.

വ്യവസായം, ബിസിനസ്, ആരോഗ്യം വിവാഹം പോലെ വിവിധ മേഖലകളില്‍ ശ്രമങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കിത്തുടങ്ങും. ഈ കാലയളവില്‍, മകരം രാശിക്കാര്‍ക്ക് അവരുടെ കഴിവുകളിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. അവര്‍ക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താനും മാനസിക സമാധാനം അനുഭവിക്കാനും സാധിക്കും. ബുദ്ധിയും കഠിനാധ്വാനവും ഉപയോഗപ്പെടുത്തുന്ന സമയം ആയതിനാല്‍ എല്ലാ ശ്രമങ്ങളിലും വിജയം പ്രതീക്ഷിക്കാം. പൂര്‍ത്തിയാകാത്ത കാര്യങ്ങള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാകും. ആഗ്രഹിച്ച സ്വത്ത് സ്വന്തമാക്കുന്നതിലൂടെ സന്തോഷം ഉണ്ടാകും. ജോലി ചെയ്യാനുള്ള ഉത്സാഹം വര്‍ധിക്കും. ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങള്‍ ഉചിതമായ പ്രതിഫലം നല്‍കും.

പുതിയ പദ്ധതികളും ആശയങ്ങളും യാഥാര്‍ത്ഥ്യമാകാനിടയുണ്ട്. സാമ്പത്തിക നേട്ടങ്ങളും പ്രശസ്തിയും വര്‍ദ്ധിക്കുന്നത് കൂടാതെ ജീവിതസൗകര്യങ്ങളും സമൃദ്ധിയും വര്‍ധിക്കും. ജാതകത്തിലെ നാലാം ഭാവം ശക്തമാണെങ്കില്‍ അല്ലെങ്കില്‍ അനുകൂല യോഗങ്ങളുണ്ടെങ്കില്‍ ഭൂമി വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ ഈ സമയത്ത് ലാഭമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കുകയും നല്ല ഗ്രേഡുകള്‍ നേടുകയും ചെയ്യും. മടുപ്പ് ഉപേക്ഷിച്ച് ശരിയായ രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നത് വലിയ നേട്ടങ്ങള്‍ നല്‍കും. അവര്‍ക്ക് ശേഷിക്കുന്ന എല്ലാ അനുകൂല ഫലങ്ങളും ശനി ദേവന്‍ നല്‍കും. ശനി തൊഴിലിനെ പ്രതീനിധീകരിക്കുന്നു; അതിനാല്‍, അത് അധ്വാനശീലരായ ആളുകള്‍ക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും.

ദോഷപരിഹാരങ്ങള്‍

ശനിയുടെ ദോഷ പ്രഭാവം കുറയ്ക്കാന്‍ സൂര്യനാരാധന സഹായകമാണ്. കാരണം ശനി സൂര്യന്റെ മകനായി കണക്കാക്കപ്പെടുന്നു. അതിനാല്‍ സൂര്യനെ പ്രീതിപ്പെടുത്തിയാല്‍ ശനിയുടെ അനുഗ്രഹം നേടാം. രാവിലെ സൂര്യന് ജലതര്‍പ്പണം നടത്തുക. സൂര്യനെ നോക്കിക്കൊണ്ട് 'സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷഃ ശിവപ്രിയേ മന്ദചാരരോ പ്രസന്നാത്മാ പീഡാ ഹരതു മേ ശനിഃ എന്ന മന്ത്രം ദിവസവും 21 തവണ ജപിക്കുക: ഇത് ശനിയുടെ നെഗറ്റീവ് സ്വാധീനം കുറയ്ക്കുമെന്നാണ് വിശ്വാസം.

  • കൂടാതെ, ആദിത്യഹൃദയം സ്‌തോത്രം ജപിക്കുകയും, മൊന്തയിലോ കിണ്ടിയിലോ വെള്ളം നിറച്ച് സൂര്യനു അര്‍പ്പിക്കുകയും ചെയ്യുക.
  • ഒറ്റമുഖ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്.
  • ശനിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കുക.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Desktop Bottom Promotion