കണ്ടകശനിയും ഏഴരശനിയും മാത്രമല്ല, ദോഷം നല്‍കും ശനിഭാവങ്ങള്‍ വേറെയുമുണ്ട്

നവഗ്രഹങ്ങളില്‍ മിക്കവരും ഭയക്കുന്ന ഗ്രഹമാണ് ശനി. കാരണം ശനി ദോഷസ്ഥാനത്താണെങ്കില്‍ അതിന്റെ ഫലം കഠിനമായിരിക്കും. ഗ്രഹങ്ങളിലെ ന്യായാധിപനായ ശനി അര്‍ഹിക്കുന്ന ഫലമേ ഏവര്‍ക്കും നല്‍കുകയുള്ളു. അതോടൊപ്പം മുജ്ജന്മ കര്‍മ്മഫലവും ഈ ജന്മത്തിലെ കര്‍മ്മഫലവും ശനിയുടെ ഫലങ്ങളെ സ്വാധീനിക്കും. ശനിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പറഞ്ഞ് കേട്ടിട്ടുള്ള പദങ്ങളാണ് കണ്ടകശനി, ഏഴരശനി എന്നിവ. ശനികോപത്തിന്റെയും പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും കാലമാണിത്. എന്നാല്‍ അവ മാത്രമല്ല, അഷ്ടമശനി, ജന്മശനി എന്നിങ്ങനെ ശനിദോഷത്തിന് വേറെയും ചില രൂപങ്ങളുണ്ട്.

saturn
Photo Credit: AI Generated

ഒരാളുടെ ജാതകത്തില്‍ ഏത് ഭാവത്തിലാണ് ശനി നില്‍ക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ശനി നല്‍കുന്ന ഫലങ്ങളെ പലതായി തിരിച്ചിരിക്കുന്നത്. പലതരം ശനിദോഷങ്ങളും അവയ്ക്കുള്ള കാരണവും ഫലങ്ങളും പരിഹാരവും വിശദമായി പരിശോധിക്കാം.

ഏഴരശനി

ഒരു വ്യക്തി ജനിച്ച രാശിയിലും അതിന്റെ രണ്ടും പന്ത്രണ്ടും രാശികളിലും ശനി സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴരശനി എന്ന് പറയുന്നത്. ശനിയുടെ രാശികാലം രണ്ടരവര്‍ഷമാണ്. മുകളില്‍ പറഞ്ഞത് പോലെ മൂന്ന് രാശികളിലും സഞ്ചരിക്കാന്‍ ശനി ഏഴരവര്‍ഷമെടുക്കും. അതുകൊണ്ടാണ് ഏഴരശനി എന്ന് ഈ ശനിസ്ഥിതിയെ വിളിക്കുന്നത്. ഒരു മനുഷ്യായുസ്സില്‍ 3 തവണ ഏഴരശനി വരാനിടയുണ്ട്. ഇതില്‍ ആദ്യത്തെ ഏഴരശനി കഠിനമായിരിക്കും. രണ്ടാമത്തേത്ത് നിരുപദ്രവകാരിയും. മൂന്നാമത്തെ ഏഴരശനിക്കാലത്ത് മരണമുണ്ടാകുക സ്വാഭാവികമാണെന്ന് ജ്യോതിഷപണ്ഡിതര്‍ പറയുന്നു.

ഏഴരശനി ജീവിതത്തിലെ പ്രതിസന്ധികാലമാണ്. ഏഴരവര്‍ഷത്തിലെ ആദ്യഭാഗത്തില്‍ ശനി പന്ത്രണ്ടാം രാശിയിലായിരിക്കും. ഈ കാലയളവില്‍ ജാതകന് ജോലിയില്‍ അഹിതങ്ങളും രോഗങ്ങളും അധിചിലവും മാനസികാസ്വാസ്ഥ്യങ്ങളും ഉണ്ടാകും. അതിന് ശേഷം ശനി ഏഴരശനിയുടെ രണ്ടാം ഭാഗത്തിലേക്ക് കടക്കും. അപ്പോള്‍ ആ വ്യക്തി ജനിച്ച രാശിയിലായിരിക്കും ശനിയുടെ സഞ്ചാരം. ഈ കാലയളവില്‍ ശരീരഭംഗി നഷ്ടപ്പെടുന്നതായി തോന്നും. ചര്‍മ്മപ്രശ്‌നങ്ങള്‍, നര തുടങ്ങിയ പ്രശ്‌നങ്ങളും ചെയ്യുന്ന കാര്യങ്ങളിലെല്ലാം കുഴപ്പം, പങ്കാളിക്ക് ദുരിതങ്ങള്‍, മനസമാധാനവും സ്വസ്ഥതയും നഷ്ടപ്പെടല്‍ എന്നിവയെല്ലാമാണ് ഈ രണ്ടര വര്‍ഷക്കാലം അനുഭവിക്കേണ്ടി വരിക. അതിനുശേഷം ശനി രണ്ടാം രാശിയിലേക്ക് എത്തും. ചെയ്യുന്നതെല്ലാം പരാജയപ്പെടുക, ബന്ധുജനങ്ങളുമായി കലഹം, ധനനഷ്ടം എന്നിവയെല്ലാം ഈ സമയത്തുണ്ടാകും.

കണ്ടകശനി

ഒരു വ്യക്തി ജനിച്ച രാശിയിലോ അതിന്റെ നാലിലോ ഏഴിലോ പത്തിലോ ശനി വരുമ്പോഴാണ് അതിനെ കണ്ടകശനി എന്ന് വിളിക്കുന്നത്. കണ്ടകശനി കൊണ്ടേ പോകു എന്ന് പഴഞ്ചൊല്ല് ഉണ്ടെങ്കിലും ഏഴരശനിയെ പോലെ ഭയക്കേണ്ട ഒന്നല്ല കണ്ടകശനി. അലച്ചില്‍, ജോലിയിലെ മാറ്റം എന്നിവയെല്ലാമാണ് കണ്ടകശനിയുടെ പൊതുവായ ഫലങ്ങള്‍. രണ്ടര വര്‍ഷമാണ് കണ്ടകശനി കാലയളവ്. ഒരു മനുഷ്യായസ്സില്‍ 9 കണ്ടകശനി അനുഭവിക്കേണ്ടി വരുമെന്നാണ് പറയുന്നത്.

നാലാംരാശിയിലാണ് ശനിയെങ്കില്‍ സ്വന്തം സ്ഥലം വിട്ട് മറ്റൊരു സ്ഥലത്ത് ചെന്ന് താമസിക്കേണ്ടതായി വരും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഈ കാലയളവില്‍ പതിവാണ്. ഏഴാംരാശിയില്‍ ശനി വരുന്ന കണ്ടകശനിക്കാലത്ത് സ്വന്തം നാടുവിട്ട് അന്യനാട്ടിലേക്ക് പോകേണ്ടിവരും. പത്താംരാശിയിലെ ശനി ജോലിയിലെ മാറ്റങ്ങളെയും ജോലിയിലെ പതനത്തെയും സൂചിപ്പിക്കുന്നു.

അഷ്ടമശനി

ജനിച്ച രാശിയുടെ എട്ടാമത്തെ രാശിയില്‍ ശനി വരുന്ന സ്ഥിതിയാണ് അഷ്ടമശനി. രണ്ടരവര്‍ഷമാണ് അഷ്ടമശനി കാലയളവ്. അങ്ങനെ ഒരു മനുഷ്യായുസ്സില്‍ മൂന്ന് അഷ്ടശനിയാണ് ഒരാള്‍ക്ക് അനുഭവിക്കേണ്ടിവരിക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, January 10, 2025, 14:45 [IST]
X
Desktop Bottom Promotion