ശ്രീകൃഷ്ണന്‍ എന്തുകൊണ്ട് രാധയെ വിവാഹം കഴിച്ചില്ല, പുരാണങ്ങള്‍ നല്‍കുന്ന സൂചനകള്‍

മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഭക്തര്‍ക്ക് ഏറ്റവും പ്രിയം ഒരുപക്ഷേ ശ്രീകൃഷ്ണനോടായിരിക്കും. ഒരു ദൈവം എന്നതിനേക്കാള്‍ വീട്ടിലുള്ള ഒരാളോടെന്ന പോലെയുള്ള ഇഷ്ടമാണ് പലര്‍ക്കും കൃഷ്ണനോട്. വെണ്ണ കട്ടുതിന്നുന്ന, ഗോപികമാരുടെ വസ്ത്രങ്ങള്‍ ഒളിപ്പിക്കുന്ന, ഗോവര്‍ദ്ധനഗിരി കയ്യിലെടുക്കുന്ന കൃഷ്ണനോട് വാത്സല്യവും ഭക്തിയും പ്രേമവുമെല്ലാം കലര്‍ന്ന ഇഷ്ടമാണ് ഭക്തര്‍ക്ക്. ശ്രീകൃഷ്ണന്റെ ജനനും കുട്ടിക്കാലവും കുട്ടിക്കാലത്തെ ലീലകളും ഗോപികരമാരോടുള്ള കളിതമാശകളും പ്രണയങ്ങളുമെല്ലാം ഹിന്ദു സംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കെല്ലാം മനഃപാഠമാണ്. കൃഷ്ണനെന്ന പേര് കേട്ടാല്‍ നമുക്ക് മനസ്സില്‍ വരുന്ന മറ്റൊരു പേരുണ്ട്. രാധ. കൃഷ്ണന്റെ പ്രിയപ്പെട്ട കളിത്തോഴി, അവരുടെ അനശ്വരമായ പ്രണയം.. ഇതെല്ലാം നമുക്ക് പ്രിയപ്പെട്ടവയാണ്. പക്ഷേ അത്ര അഗാധമായ പ്രണയമായിരുന്നിട്ടും കൃഷ്ണന്‍ എന്തുകൊണ്ട രാധയെ വിവാഹം ചെയ്തില്ലെന്ന സംശയം പലരുടെയും മനസ്സിലുണ്ടാകും.

radhakrishna

രാധയുടെയും കൃഷ്ണന്റെയും ആഴത്തിലുള്ള സൗഹൃദവും ഇഷ്ടവും നമുക്കറിയാം. രാധാകൃഷ്ണന്‍ എന്ന പേരുപോലും അവരുടെ ബന്ധത്തില്‍ നിന്നും ഉണ്ടായതാണ്. ഇത്രയെല്ലാം അഗാധമായ ബന്ധം ഉണ്ടായിരുന്നിട്ടും അവര്‍ വിവാഹിതരായില്ല. ഇതുമായി ബന്ധപ്പെട്ട് പല കഥകളും ഐതിഹ്യങ്ങളും പുരാണങ്ങള്‍ നല്‍കുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

കൃഷ്ണനോടുള്ള രാധയുടെ പ്രണയം ദൈവികമായിരുന്നു

രാധയും കൃഷ്ണനും തമ്മിലുള്ള ആഴത്തിലുള്ള പ്രണയമാണ് നമ്മള്‍ ചര്‍ച്ച ചെയ്യാറുള്ളതെങ്കിലും നമ്മള്‍ കരുതുന്നത് പോലെയുള്ള സാധാരണ ലൗകികമായ സ്‌നേഹമായിരുന്നില്ല അവര്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. കൃഷ്ണന്‍ ഒരു സാധാരണ മനുഷ്യനല്ലെന്ന് രാധയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അതിനാല്‍ തന്നെ കൃഷ്ണനോടുള്ള രാധയുടെ പ്രണയം ദൈവികമായിരുന്നുവെന്നും ചിലര്‍ കരുതുന്നു. ആദ്യത്തെ കൃഷ്ണഭക്ത ആയിരുന്നു രാധയെന്ന് വേണമെങ്കില്‍ പറയാം. ഭഗവാന്‍ കൃഷ്ണനും രാധയ്ക്കുമിടയിലെ പ്രണയം ശാരീരികമായിരുന്നില്ല. അത് ആത്മീയവും വിശുദ്ധവുമായ ആരാധനയുമായിരുന്നു. പ്രണയത്തിന്റെ ദൈവികമായ രൂപമാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

വിവാഹം എന്ന സങ്കല്‍പ്പത്തെ മറികടക്കുന്ന ബന്ധം

രാധയുടെയും കൃഷ്ണന്റെയും അന്യോന്യമുള്ള സ്‌നേഹം വിവാഹം എന്ന സങ്കല്‍പ്പത്തിനും മീതെ ഉള്ളതാണെന്നാണ് മറ്റൊരു വാദം. അവരുടെ പ്രണയം വിശുദ്ധവും നിസ്വാര്‍ത്ഥവുമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വിവാഹം ചെയ്തില്ല. പ്രണയവും വിവാഹവും തീര്‍ത്തും വ്യത്യസ്തമായ രണ്ട് സങ്കല്‍പ്പങ്ങളാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധം. ശാരീരികമായി ബന്ധിക്കപ്പെട്ട വികാരം എന്നതിനേക്കാള്‍ പ്രണയമെന്നാല്‍ അനശ്വരവും വിശുദ്ധവും നിസ്വാര്‍ത്ഥവുമായ വികാരമാണെന്ന് ഈ ആശയം പറഞ്ഞുവെക്കുന്നു. അന്യോന്യമുള്ള അതിരില്ലാത്ത ആരാധനയും പ്രണയവും മാത്രമാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

കൃഷ്ണനും രാധയും രണ്ടല്ല

രാധയും കൃഷ്ണനും രണ്ട് വ്യത്യസ്ത ആളുകള്‍ ആയിരുന്നില്ല, പകരം ഒറ്റ ആത്മാവ് ആയിരുന്നു എന്നതാണ് മറ്റൊരു വിശ്വാസം. ഒരാള്‍ മറ്റൊരാളില്‍ കുടികൊള്ളുന്ന നിലയിലുള്ള രാധാകൃഷ്ണ സങ്കല്‍പ്പത്തില്‍ വിവാഹം അപ്രസക്തമാണ്. രാധയും താനും ഒരു ആത്മാവാണെന്നാണ് കൃഷ്ണന്‍ പോലും കരുതിയിരുന്നതെന്നും സ്വന്തം ആത്മാവിനെ തന്നെ താന്‍ എങ്ങനെ വിവാഹം ചെയ്യുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്നും ഇസ്‌കോണ്‍ വെബ്‌സൈറ്റില്‍ പറയുന്നു.

രാധയും രുഗ്മിണിയും ഒരാള്‍ തന്നെ

രാധയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രിയപത്‌നി രുഗ്മിണിയും രണ്ടുപേരല്ല, ഒരാള്‍ തന്നെയാണെന്നാണ് മറ്റൊരു വിശ്വാസം. ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് കൃഷ്ണനെങ്കില്‍ രുഗ്മിണി ലക്ഷ്മി ഭഗവതിയുടെ അവതാരമാണ്. ഐതിഹ്യം അനുസരിച്ച് വിദര്‍ഭയിലാണ് രുഗ്മിണി ജനിച്ചത്. അവള്‍ വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ രാക്ഷസിയായ പൂതന അവളെ കൊല്ലാന്‍ വന്നിരുന്നു. കൃഷ്ണനെ കൊല്ലാന്‍ ശ്രമിച്ചത് പോലെ തന്നെ ഭംഗിയുള്ള സ്ത്രീയുടെ രൂപത്തില്‍ വന്ന് മുലയൂട്ടി രുഗ്മിണിയെ കൊല്ലാനായിരുന്നു പൂതനയുടെ ശ്രമം. എന്നാല്‍ രുഗ്മിണി അതിന് വഴങ്ങിയില്ല. അതുകൊണ്ട് പൂതന രുഗ്മിണിയെയും എടുത്ത് പറന്നു. രുഗ്മിണി മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അവള്‍ മൂന്നിരട്ടിയായി ഭാരം വെച്ചു, ഭാരം താങ്ങാനാകാതെ പൂതന അവളെ താഴേക്കിട്ടു. വീണ്ടും ഒരു കുഞ്ഞായി രുഗ്മിണി ഒരു താമരക്കുളത്തില്‍ വീണു. അവിടെ നിന്നും വൃഷഭന്‍, കൃത്രി എന്നീ ദമ്പതിമാര്‍ അവളെ രക്ഷിച്ചു വളര്‍ത്തി. ദൈവത്തിന്റെ അനുഗ്രഹമായി കരുതി അവര്‍ അവള്‍ക്ക് രാധ എന്ന പേര് നല്‍കി. എന്നാല്‍ വലുതായപ്പോള്‍ രാധ രുഗ്മിണി ആണെന്ന് തിരിച്ചറിയപ്പെടുകയും വിദര്‍ഭയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വിദര്‍ഭയിലെ ജനങ്ങള്‍ കൃഷ്ണന് എതിരായിരുന്നു. മഹാരാജായ ശിശുപാലിന് രുഗ്മിണിയെ വിവാഹം ചെയ്തുകൊടുക്കാനായിരുന്നു അവളുടെ സഹോദരനായ രുഗ്മിന്റെ ആഗ്രഹം. എന്നാല്‍ രുഗ്മിണിക്ക് കൃഷ്ണനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം. അങ്ങനെ കൃഷ്ണന്‍ വിദര്‍ഭയില്‍ നിന്നും രുഗ്മിണിയെ തട്ടിക്കൊണ്ടുപോയി ദ്വാരകയില്‍ ചെന്ന് വിവാഹം കഴിച്ചു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, September 4, 2024, 12:15 [IST]
X
Desktop Bottom Promotion