ദിവസത്തിലെ ഏറ്റവും നല്ല സമയം, ഫലപ്രാപ്തി ഉറപ്പ്, ഒരു ദിവസത്തിലെ ഗ്രഹ സ്വാധീനം എങ്ങനെയറിയാം?

ജീവിതത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്വാധീനം അനുഭവപ്പെടുന്ന ദശ പോലെ ഒരു ദിവസത്തിലും ഗ്രഹങ്ങളുടെ സ്വാധീനം അനുഭവപ്പെടുന്ന സമയം ഉണ്ട്. ഈ സമയത്തിനനുസരിച്ച് ദിവസത്തെ ക്രമീകരിച്ചാല്‍ ആ ദിവസം ഏറ്റവും കാര്യക്ഷമമാക്കി മാറ്റാമെന്നാണ് ജ്യോതിഷം പറയുന്നത്. ഈ തത്വം അനുസരിച്ച് ഒരോ മണിക്കൂറുകളും ഓരോ ഗ്രഹങ്ങളുടെ സ്വാധീനത്തിലാണ്. ആ ഗ്രഹങ്ങളുടെ പ്രത്യേകതകള്‍ അനുസരിച്ച് ഒരു ദിവസത്തെ പ്രവൃത്തികള്‍ തരംതിരിച്ച് ചെയ്താല്‍ അത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്നാണ് വിശ്വാസം.

navagraha

ഇതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.

സൂര്യന്‍

സൂര്യോദയത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ആധിപത്യമുള്ള സമയമാണ്. ഊര്‍ജ്ജസ്വലത, ആത്മവിശ്വാസം, നേതൃഗുണം എന്നിവ അനുഭവവേദ്യമാകുന്ന സമയമാണിത്. ഒരു ദിവസത്തെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. ഈ സമയത്ത് ഏകാഗ്രതയും ഭാവനാശക്തിയും കൂടുതല്‍ ആയിരിക്കും. മാത്രമല്ല മനസ്സിന് കൂടുതല്‍ വ്യക്തത കൈവരുന്ന ഈ സമയം തീരുമാനങ്ങള്‍ എടുക്കാനും വളരെ ഉചിതമായ സമയമായി കരുതപ്പെടുന്നു.

ചന്ദ്രന്‍

സൂര്യോദയത്തിന് ശേഷമുള്ള രണ്ടാമത്തെ മണിക്കൂര്‍ ചന്ദ്രന് ആധിപത്യമുള്ള സമയമാണ്. വൈകാരികമായി ആഴത്തില്‍ ചിന്തിക്കുന്ന സമയം, ഉള്‍പ്രേരണ, സ്വം വിലയിരുത്തല്‍ എന്നിവയെല്ലാം സംഭവിക്കുന്നത് ഈ സമയത്താണ്. ആശയവിനിമയം, പരസ്പരബന്ധം, സഹാനുഭൂതി, മനസ്സിലാക്കല്‍ എന്നിവയ്‌ക്കെല്ലാം അനുകൂലമായ സമയമാണിത്. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ആഴത്തിലാക്കാനും ഈ സമയം ഉപയോഗപ്പെടുത്താം.

ചൊവ്വ

സൂര്യോദയത്തിന് ശേഷമുള്ള മൂന്നാംമണിക്കൂര്‍ ചൊവ്വയുടെ ആധിപത്യമായിരിക്കും. പ്രവൃത്തി, നിശ്ചയദാര്‍ഢ്യം, ഊര്‍ജ്ജം എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രഹമാണ് ചൊവ്വ. ഈ മണിക്കൂറില്‍ ശാരീരികക്ഷമത ആവശ്യമുള്ള കാര്യങ്ങളും പ്രശ്‌ന പരിഹാരവും നടത്താം. ധൈര്യം കാണിക്കാനും ധീരമായ തീരുമാനങ്ങള്‍ എടുക്കാനും ഉചിതമായ സമയമാണിത്. ചൊവ്വയുടെ നിശ്ചയദാര്‍ഢ്യം ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തും. വെല്ലുവിളികളെ എതിരിടാനും ചൊവ്വയുടെ ഊര്‍ജ്ജം സഹായിക്കും.

ബുധന്‍

ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, പെട്ടെന്ന് ചിന്തിക്കാനുള്ള കഴിവ് എന്നിവയുടെയെല്ലാം കാരണഭൂതനാണ് ബുധന്‍. സൂര്യോദയത്തിന് ശേഷമുള്ള നാലാമത്തെ മണിക്കൂര്‍ ബുധന്റെ ആധിപത്യമായിരിക്കും. ഈ മണിക്കൂറില്‍ മാനസികവും ബുദ്ധിപരവുമായ ക്ഷമത വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാം. എഴുതുക, കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക, വിവരങ്ങള്‍ അപഗ്രഥനം ചെയ്യുക എന്നിവയ്‌ക്കെല്ലാം ഈ മണിക്കൂര്‍ അനുകൂലമാണ്. ഈ മണിക്കൂറില്‍ കാര്യങ്ങള്‍ പദ്ധതിയിടുന്നതും പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിക്കുന്നതും മികച്ച ഫലം നല്‍കും.

വ്യാഴം

വളര്‍ച്ച, ശുഭാപ്തി വിശ്വാസം, വിവേകം എന്നീ ഗുണങ്ങളെ പിന്തുണയ്ക്കുന്ന ഗ്രഹമാണ് വ്യാഴം. സൂര്യോദയത്തിന് ശേഷമുള്ള അഞ്ചാമത്തെ മണിക്കൂര്‍ വ്യാഴത്തിന്റെ ആധിപത്യമാണ് ഉണ്ടായിരിക്കുക. ദീര്‍ഘവീക്ഷണത്തിനും ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും ശുഭാപ്തി വിശ്വാസവും ദീര്‍ഘവീക്ഷണവും ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനും ഈ സമയം അനുകൂലമാണ്. പഠനമോ ഗവേഷണമോ ആവശ്യമുള്ള സംഗതികളും നിയമപരമായ കാര്യങ്ങളും ഈ മണിക്കൂറില്‍ ചെയ്യുന്നതാണ് ഉചിതം.

ശുക്രന്‍

സൂര്യോദയത്തിന് ശേഷമുള്ള ആറാമത്തെ മണിക്കൂര്‍ ശുക്രന് കീഴിലാണ്. സൗന്ദര്യം, ഐക്യം, ഭാവന എന്നിവയുടെ കാരണഭൂതനാണ് ശുക്രന്‍. കലാപരമായ കാര്യങ്ങള്‍ക്ക് ഈ മണിക്കൂര്‍ വളരെ അനുയോജ്യമാണ്. ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ സമയം ഉചിതമാണ്. എന്തെങ്കിലും നിര്‍മ്മിക്കാനും അലങ്കരിക്കാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കാനും ഏറ്റവും ഉചിതമായ സമയമാണിത്.

ശനി

സൂര്യോദയത്തിന് ശേഷമുള്ള ഏഴാം മണിക്കൂര്‍ ശനിയുടെ സ്വാധീനത്തിലായിരിക്കും പ്രപഞ്ചം. അച്ചടക്കം, ഘടന, ഉത്തരവാദിത്തം എന്നിവയുടെ കാരണഭൂതനാണ് ശനി. ക്ഷമ, സംഘടന മികവ്, സൂക്ഷ്മ പരിശോധന എന്നിവ ആവശ്യമുള്ള ജോലികള്‍ ചെയ്യാന്‍ ഏറ്റവും അനുകൂലം ഈ മണിക്കൂറാണ്. ദീര്‍ഘകാല പ്രോജക്ടുകളില്‍ ജോലി ചെയ്യാന്‍ ഈ സമയം അനുകൂലമാണ്.

ഗ്രഹങ്ങളുടെ സ്വധീനത്തിനനുസരിച്ച് ദൈനംദിനകാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ പ്രപഞ്ചത്തിന്റെ താളത്തിനൊത്ത് നീങ്ങാന്‍ സാധിക്കുമെന്നും കൂടുതല്‍ ഫലപ്രാപ്തി ഉണ്ടാകുമെന്നും കരുതപ്പെടുന്നു. ഒരു ദിവസത്തില്‍ ഓരോ ഗ്രഹവും അവരുടേതായ സ്വാധീനം ലോകത്ത് സൃഷ്ടിക്കുന്നുണ്ട്. ഈ താളത്തിനൊത്ത് നീങ്ങുന്നവ പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജ്ജവുമായി ഒത്തുപോകും.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Tuesday, December 3, 2024, 13:38 [IST]
X
Desktop Bottom Promotion