വര്‍ഷഫലം 2025: വരുംവര്‍ഷം നിങ്ങളുടെ വിധി നിശ്ചയിക്കുന്ന ഗ്രഹമേത്, മേടം മുതല്‍ മീനം വരെ സമ്പൂര്‍ണഫലം

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ സഞ്ചാരം ആളുകളുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടാക്കുന്നു. ആകാശമണ്ഡലത്തെ പന്ത്രണ്ട് രാശികളായാണ് തിരിച്ചിട്ടുള്ളത്. ആ പന്ത്രണ്ട് രാശികളില്‍ ഓരോ രാശിയിലും രണ്ടേകാല്‍ ഗ്രഹങ്ങളും ഉള്‍പ്പെടുന്നു. ഓരോ രാശികളെയും അതില്‍ ഉള്‍പ്പെടുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളുടെ സഞ്ചാരം വ്യത്യസ്തമായാണ് സ്വാധീനിക്കുക. ഒരു ഗ്രഹം തന്നെ പല ഫലങ്ങള്‍ വ്യത്യസ്ത രാശികള്‍ക്ക് നല്‍കും.

zodiac wheel
Photo Credit: AI Generated

എന്താണ് ലഗ്നം

രാശിചക്രത്തിലെ 12 രാശികള്‍ ഓരോ രണ്ടര മണിക്കൂറിലും ഉദിക്കും. ഒരു വ്യക്തി ജനിക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഏത് രാശിയാണോ ഉദിക്കുന്നത് അതാണ് അയാളുടെ ലഗ്നം (Rising Sign, Ascendant). ഉദാഹരണത്തിന് ജനന സമയത്ത് മേടം രാശിയാണ് കിഴക്ക് ഉദിച്ചിരിക്കുന്നതെങ്കില്‍ അയാളുടെ ലഗ്നം മേടം ലഗ്നമാണ്. അയാളുടെ ഗ്രഹനിലയിലെ ഒന്നാം ഭാവത്തില്‍ ഈ രാശി ആയിരിക്കും. ഒരു വ്യക്തിയുടെ ബാഹ്യമായ പെരുമാറ്റം, ശരീരപ്രകൃതം, വ്യക്തിത്വം, സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം ലഗ്നത്തില്‍ അധിഷ്ഠിതമാണ്.

ലഗ്നത്തില്‍ ഗ്രഹങ്ങളുടെ സഞ്ചാരം ഉണ്ടാക്കുന്ന സ്വാധീനം ആ രാശിയുടെ ജീവിതഗതിയും വിധിയും നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. ഓരോ ജീവിതമണ്ഡലത്തിലും അതിന്റെ സ്വാധീനം അറിയാനാകും. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ചില രാശിമാറ്റങ്ങളും ലഗ്നം അനുസരിച്ച് ഓരോ രാശികളില്‍ അതുണ്ടാക്കുന്ന സ്വാധീനവും മനസ്സിലാക്കാം.

മേടം ലഗ്നം

മേടം ലഗ്നത്തില്‍ വരുന്നയാളുകള്‍ക്ക് അടുത്ത വര്‍ഷം അവരുടെ രണ്ടാമത്തെ ഭാവത്തില്‍ വ്യാഴം വരുന്നത് ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ധനകാര്യങ്ങളെയാണ് ഇത് സ്വാധീനിക്കുക. സമൃദ്ധിയുടെ ഗ്രഹമായ വ്യാഴം രണ്ടാം ഭാവത്തിലേക്ക് എത്തുന്നതോടെ ഇവര്‍ സാമ്പത്തിമായി അഭിവൃദ്ധിപ്പെടും. സ്വത്തുവകകള്‍ കൈവരും. ജീവിത സ്ഥിരത ഉണ്ടാകും. ധനകാര്യങ്ങളില്‍ ശ്രദ്ധ നല്‍കാന്‍ ഉചിതമായ വര്‍ഷമാണിത്. പുതിയ വരുമാന സ്രോതസ്സുകള്‍ വളര്‍ത്തിയെടുക്കുക, പണമിടപാടുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുക എന്നീ കാര്യങ്ങളിലൂടെ ഇവര്‍ സാമ്പത്തിക സ്ഥിരത നേടും.

ഇടവം ലഗ്നം

ഇടവം ലഗ്നത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഒന്നാമത്തെ ഭാവത്തിലേക്ക് വ്യാഴമെത്തുന്നത് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. അവനവനുമായി ബന്ധപ്പെട്ട ഭാവമാണ് ഒന്ന്. അതുകൊണ്ട് അടുത്ത വര്‍ഷം വ്യക്തപരമായ വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. കൂടുതല്‍ ശുഭാപ്തി വിശ്വാസം തോന്നും. ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ തോന്നും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ജോലിയില്‍ പ്രവേശിക്കാനും വ്യക്തിപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാനും അനുകൂലമായ വര്‍ഷമാണ് ഇവര്‍ക്ക് 2025.

മിഥുനം ലഗ്നം

മിഥുനം ലഗ്നമുള്ളവരെ അടുത്ത വര്‍ഷം ഏറ്റവുമധികം സ്വാധീനിക്കുന്ന ഗ്രഹമാറ്റം എന്ന് പറയുന്നത് ഇവരുടെ കരിയറുമായി ബന്ധപ്പെട്ട ഭാവമായ പത്താം ഭാവത്തിലേക്ക് ശനി എത്തിച്ചേരുന്നതാണ്. ഈ മാറ്റത്തോടെ കരിയറിനെ വളരെ ഗൗരവത്തോടെ കാണാന്‍ ഇവര്‍ തയ്യാറാകും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന ബോധ്യം ഇവരില്‍ വളരും. ക്ഷമയും അത്മാര്‍ത്ഥതയും ഉണ്ടെങ്കിലേ അംഗീകാരങ്ങളും പ്രതിഫലങ്ങളും ലഭിക്കുകയുള്ളുവെന്ന് ഇവര്‍ തിരിച്ചറിയും.

കര്‍ക്കിടകം ലഗ്നം

കര്‍ക്കിടകം ലഗ്നമായിട്ടുള്ള ആളുകള്‍ക്ക് അടുത്ത വര്‍ഷം അവരെ ബാധിക്കുന്ന പ്രധാനപ്പെട്ട ഗ്രഹമാറ്റം എന്ന് പറയുന്നത് അവരുടെ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഏഴാം ഭാവത്തിലേക്ക് പ്ലൂട്ടോ വന്നെത്തുന്നതാണ്. പങ്കാളിത്തങ്ങളില്‍ വലിയ മാറ്റം ഇതോടെ ദൃശ്യമാകും. തീവ്രമായ ബന്ധങ്ങള്‍ ചിലരോട് തോന്നുകയും ചില ബന്ധങ്ങള്‍ വേണ്ടെന്ന് വെക്കുകയും ചെയ്യും. ബന്ധങ്ങളുടെ കാര്യത്തില്‍ ഇവര്‍ മാറ്റത്തിന് തയ്യാറാകുന്ന വര്‍ഷമാണ് 2025.

ചിങ്ങം ലഗ്നം

ചിങ്ങം ലഗ്നമുള്ള ആളുകള്‍ക്ക്് അവരുടെ കരിയര്‍ ഭാവമായ പത്തിലേക്ക് യുറാനസ് എത്തുന്നതിലൂടെ ഉദ്യോഗജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ആശയങ്ങളോട് മുഖം തിരിക്കാതിരിക്കാന്‍ ശ്രമിക്കണം. പഴയ കരിയര്‍ പാതകളും രീതികളും ഇനി വിലപോകില്ലെന്ന് മനസ്സിലാക്കി മാറ്റത്തിന് തയ്യാറാകുക.

കന്നി ലഗ്നം

കന്നി ലഗ്നം ഉള്ളവരെ സംബന്ധിച്ച് അവരുടെ ബന്ധങ്ങളുമായി ബന്ധപ്പെട്ട ഏഴാം ഭാവത്തിലേക്ക് നെപ്റ്റിയൂണ്‍ വന്നെത്തുന്നത് ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും. ഇവര്‍ ബന്ധങ്ങളില്‍, വ്യക്തിബന്ധം ആയാലും ഉദ്യോഗബന്ധം ആയാലും വ്യക്തത വരുത്തേണ്ട വര്‍ഷമാണ് 2025. തോന്നലുകള്‍ ശരിയായിക്കൊള്ളണമെന്നില്ല. സത്യസന്ധതയ്ക്കും ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിനും മുന്‍ഗണന നല്‍കുക.

തുലാം ലഗ്നം

തുലാം ലഗ്നത്തില്‍ പെട്ടവരുടെ ആരോഗ്യം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ആറാമത്തെ ഭാവത്തിലേക്ക് ശനി വന്നെത്താന്‍ പോകുകയാണ്. ദിനചര്യകളില്‍ അച്ചടക്കം കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യമാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. ആരോഗ്യശീലങ്ങള്‍ മെച്ചപ്പെടുത്താനും ജോലിഭാരം ക്യത്യമായി കൈകാര്യം ചെയ്യാനും അടുത്ത വര്‍ഷം ഇവര്‍ ശ്രമിച്ചേക്കും. ജോലിയും ആരോഗ്യവും സന്തുലിതമാക്കി കൊണ്ടുപോകാനുള്ള ഓര്‍മ്മപ്പെടുത്തലാണ് ശനി ഇവര്‍ക്ക് നല്‍കാന്‍ പോകുന്നത്.

വൃശ്ചികം ലഗ്നം

വൃശ്ചികം ലഗ്നമായിട്ടുള്ളവരുടെ ബന്ധങ്ങളുടെ ഏഴാം ഭാവത്തിലേക്ക് വ്യാഴം വന്നെത്തുന്നത് ശുഭകരമായ മാറ്റം കൊണ്ടുവരും. ബന്ധങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വരും. പ്രണയമായാലും ബിസിനസ് ആയാലും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയമാണ്. വിവാഹിതര്‍ക്ക് അവരുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാധിക്കും.

ധനു ലഗ്നം

ധനു ലഗ്നത്തില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ധനവുമായി ബന്ധപ്പെട്ട രണ്ടാം ഭാവത്തിലേക്ക് പ്ലൂട്ടോ വന്നെത്തുന്നത് സാമ്പത്തികകാര്യങ്ങളില്‍ കാര്യമായ മാറ്റം നല്‍കും. മാറ്റങ്ങള്‍ക്ക് അനുകൂലമായ പ്ലൂട്ടോയുടെ ഊര്‍ജം ഇവരുടെ സാമ്പത്തിക സാഹചര്യത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരും. പണം കൈകാര്യം ചെയ്യുന്ന രീതികളില്‍ പുനര്‍ചിന്തനം നടത്താന്‍ ഇവര്‍ തയ്യാറാകും. ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുകയും അനാരോഗ്യകരമായ സാമ്പത്തിക ശീലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും.

മകരം ലഗ്നം

മകരം ലഗ്നത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവരുടെ സര്‍ഗാത്മകതയുടെ ഭാവമായ അഞ്ചിലേക്ക് യുറാനസ് വരുന്നത് ജീവിതത്തെ സ്വാധീനിക്കും. കലാപരമായ കഴിവുകള്‍ മെച്ചപ്പെടുകയും പ്രണയകാര്യത്തിലും സ്വന്തം വികാരങ്ങള്‍ പ്രകടമാക്കുന്നതിലും താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്യും. പുതിയ ശീലങ്ങള്‍ തുടങ്ങും. പ്രണയകാര്യത്തില്‍ റിസ്‌കുകള്‍ക്ക് തയ്യാറാകും. ഈ മേഖലകളില്‍ അപ്രതീക്ഷിത അവസരങ്ങള്‍ ഉണ്ടാകും.

കുംഭം ലഗ്നം

കുംഭം ലഗ്നത്തിന്റെ കുടുംബവുമായും വീടുമായും ബന്ധപ്പെട്ട നാലാമത്തെ ഭാവത്തിലേക്ക് ശനി വന്നെത്തുന്നത് ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. കുടുംബബന്ധത്തില്‍ ശക്തമായ അടിത്തറ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധ്യനമാകും. ജീവിതസാഹചര്യത്തിലും അന്തരീക്ഷത്തിലും മാറ്റം വേണ്ടതായി തോന്നും. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കും. വ്യക്തിജീവിതത്തില്‍ ദീര്‍ഘവീക്ഷണത്തോടെ തീരുമാനങ്ങള്‍ എടുക്കും.

മീനം ലഗ്നം

മീനം ലഗ്നത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഭാവത്തിലേക്ക് വ്യാഴം വന്നെത്തുന്നത് ആശയവിനിമയ ശേഷികളിലും പഠനകാര്യങ്ങളിലും കൂടുതല്‍ മുന്നേറാനുള്ള അവസരങ്ങള്‍ നല്‍കും. സഹോദരങ്ങളുമായും അയല്‍ക്കാരുമായും ഉള്ള ബന്ധം മെച്ചപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. ചെറിയ യാത്രകള്‍ പോകാനും പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion