പുരികം നോക്കിയാലറിയാം സ്വഭാവം; പല ആകൃതികളിലുള്ള പുരികങ്ങളും അവയുടെ അര്‍ത്ഥങ്ങളും

മുഖ സൗന്ദര്യത്തെ നിര്‍വ്വചിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുരികങ്ങള്‍. മുഖത്തിന്റെ ആകൃതി അനുസരിച്ച് അതിനിണങ്ങുന്ന പുരികങ്ങളും വ്യത്യസ്തമായിരിക്കും. സൗന്ദര്യം മാത്രമല്ല, മുഖവും കണ്ണുകളും പുരികങ്ങളുമെല്ലാം ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ചും ഭാഗ്യത്തെ കുറിച്ചുമെല്ലാം പല സൂചനകളും നല്‍കുന്നുണ്ടെന്നാണ് വദന ശാസ്ത്രം പറയുന്നത്.

eyebrow

വദന ശാസ്ത്രം എന്താണ്?

മുഖം നോക്കി ലക്ഷണം പറയുന്ന വിജ്ഞാനശാഖയാണ് വദന ശാസ്ത്രം അഥവാ ഫെയ്‌സ് റീഡിംഗ്. ഫിസിയോഗ്ണമി എന്നും ഇതറിയപ്പെടുന്നു. മുഖം, മുഖത്തെ മറ്റ് പ്രത്യേകതകള്‍ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവം, ഭാവി, പ്രത്യേകതകള്‍ എന്നിവയെല്ലാം അറിയാന്‍ സാധിക്കുമെന്നാണ് വദന ശാസ്ത്രം പറയുന്നത്. ചൈന, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കാലാകാലങ്ങളായി ഭാവി പ്രവടനങ്ങള്‍ക്കായി വദന ശാസ്ത്രം ഉപയോഗിക്കാറുണ്ട്. ചൈനയില്‍ മിയാന്‍ക്‌സിയാംഗ് എന്നാണ് ഇതറിയപ്പെടുന്നത്. അതേസമയം ജപ്പാനില്‍ കാന്‍സോഗാകു എന്ന് വദനശാസ്ത്രം അറിയപ്പെടുന്നു.

ഒരു വ്യക്തിയുടെ ഭൂതകാലത്തെ കുറിച്ചും വര്‍ത്തമാനത്തെ കുറിച്ചും ഭാവിയെ കുറിച്ചും മുഖം നോക്കി പ്രവചിക്കാന്‍ സാധിക്കും. വദനശാസ്ത്രത്തില്‍ ആയുസ്സ് പറയുന്ന അവയവമെന്നാണ് പുരികങ്ങള്‍ അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യം, ക്ഷേമം എന്നിവ പുരികത്തിന്റെ ആകൃതിയിലൂടെ വെളിപ്പെടുന്നു. കട്ടിയുള്ള പുരികത്തിനൊപ്പം കട്ടിയുള്ള പുരിക എല്ല് കൂടിയുള്ള വ്യക്തിയാണെങ്കില്‍ അവര്‍ അധികാര സ്ഥാനങ്ങളില്‍ എത്തും.

പല തരത്തിലുള്ള പുരിക ആകൃതികളും അവയുടെ അര്‍ത്ഥങ്ങളും നോക്കാം.

വളഞ്ഞ പുരികങ്ങള്‍

നല്ല വളഞ്ഞ പുരികങ്ങള്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ലക്ഷണമാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരുടെയും പുരികങ്ങള്‍ ഇങ്ങനെയാകാറുണ്ട്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. മൊത്തത്തില്‍ വളഞ്ഞ പുരികം ആലോചിച്ച് തീരുമാനമെടുക്കുന്നവരുടെ ലക്ഷണമാണ്. അതേസമയം കുത്തനെയുള്ള വളവ് പെട്ടെന്ന് തീരുമാനമെടുക്കുന്നവരുടെ ലക്ഷണമാണ്. വളഞ്ഞ പുരികങ്ങള്‍ ഉള്ളവര്‍ ആത്മവിശ്വാസം ഉള്ളവരും ദേഷ്യം നിയന്ത്രിക്കാന്‍ കഴിവുള്ളവരും ഉത്തരവാദിത്തമുള്ള ജോലികള്‍ തിരഞ്ഞെടുക്കുന്നവരും ആയിരിക്കും.

round eyebrow

നേരെയുള്ള പുരികങ്ങള്‍

വളവില്ലാതെ, നേരെയുള്ള പുരികം ഉള്ള ആളുകള്‍ വളരെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുന്നവരാണ്. നേരെയുള്ള പുരികം യുക്തിയെ സൂചിപ്പിക്കുന്നു. കാര്യങ്ങള്‍ വിലയിരുത്തുന്ന സ്വഭാവക്കാരാണ് ഇങ്ങനെ പുരികമുള്ളവര്‍. സാധ്യതകളെ കുറിച്ച് വളരെയധികം ആലോചിച്ച് തീരുമാനമെടുക്കുന്നവരാണ് ഇവര്‍. സ്വയം വളരെയധികം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവരായിരിക്കും ഇവര്‍. പോസിറ്റീവ് ചിന്തകളും സ്വയം പ്രോത്‌സാഹിതരാകുന്ന സ്വഭാവവും ഇവരെ വിജയത്തിലേക്ക് എത്തിക്കും. വികാരങ്ങളുടെ പുറത്ത് തീരുമാനം എടുക്കാതെ വസ്തുതകളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയും വലിയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ് ഇവര്‍.

അര്‍ദ്ധവൃത്താകൃതിയിലുള്ള പുരികങ്ങള്‍

അര്‍ദ്ധവൃത്താകൃതിയിലുള്ള പുരികം കാരുണ്യമുള്ളവരുടെ ലക്ഷണമാണ്. ഭംഗിയുള്ള സ്ത്രീകളുടെ ലക്ഷണമായും ഒരിക്കല്‍ അര്‍ദ്ധവൃത്താകൃതിയിലുള്ള പുരികങ്ങളെ കരുതിയിരുന്നു. ഈ രീതിയിലുള്ള പുരികങ്ങള്‍ ഉള്ളവര്‍ എപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ ആയിരിക്കും. ഈ രീതിയിലുള്ള പുരികം ഉള്ള സ്ത്രീകള്‍ സങ്കീര്‍ണ്ണ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാന്‍ മിടുക്കരായിരിക്കും. നയതന്ത്രജ്ഞരും അവിചാരിതമായ വഴികളിലൂടെ ഇച്ഛകള്‍ നടത്തുന്നവരും ആയിരിക്കും ഇവര്‍. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത.

കട്ടിയുള്ള പുരികം

കട്ടിയുള്ള പുരികങ്ങള്‍ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതപ്പെടുന്നത്. ഇത്തരത്തില്‍ പുരികങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരിലും പ്രകൃതിയിലുമെല്ലാമുള്ള സൗന്ദര്യത്തെ ആരാധിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരായിരിക്കും. അനാവശ്യമായി കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടാതെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കുന്നവരായിരിക്കും ഇവര്‍. റിസ്‌കുകള്‍ എടുക്കുന്ന ഇവര്‍ പാകപ്പിഴകള്‍ വന്നാല്‍ അതില്‍ ഭയപ്പെടുകയില്ല. എന്നാല്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഇവര്‍ കോപാകുലരാകും. ലോകത്തിലെ ഏറ്റവും ഭാവനാസമ്പന്നരായ ആളുകളെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

കട്ടി കുറഞ്ഞ പുരികം

thin eyebrow

കട്ടി കുറഞ്ഞ പുരികം ഉള്ള ആളുകള്‍ ആത്മവിശ്വാസം കുറഞ്ഞ ആളുകളായിരിക്കുമെന്നാണ് പറയാറ്. പക്ഷേ ഇത് ശരിയല്ല. പല രീതികളിലാണ് ഇവര്‍ അത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതേസമയം തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സ്വഭാവക്കാരാണ് ഇവര്‍. ഇക്കാര്യത്തില്‍ അവര്‍ മറ്റുള്ളവരുടെ സഹായം തേടുന്നു. നേതൃസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. അണിയറകളില്‍ ഇരിക്കാനും നിശബ്ദരായിരിക്കാനും ആണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. നാണമുള്ള, അധോമുഖരായുള്ളവരായാണ് അവരെ ആളുകള്‍ കരുതുന്നതെങ്കിലും വളരെ ബുദ്ധിയുള്ള മറ്റുള്ളവരോട് അനുകമ്പയുള്ള ആളുകളാണ് ഇവര്‍.

നീളമുള്ള പുരികങ്ങള്‍

ചിലയാളുകള്‍ക്ക് കണ്‍കോണുകള്‍ വരെയെത്തുന്ന നീളമുള്ള പുരികങ്ങളാണ് ഉണ്ടായിരിക്കുക. ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, അറിയപ്പെടുന്ന ആളുകളായിരിക്കും ഇവര്‍. ഇവര്‍ക്ക് പല കഴിവുകളും ഉണ്ടായിരിക്കും. മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ പ്രത്യേക കഴിവ് ഇവര്‍ക്ക് ഉണ്ടായിരിക്കും.

long eyebrow

ചെറിയ പുരികങ്ങള്‍

ചെറിയ പുരികങ്ങള്‍ക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവ് കുറവായിരിക്കും. അവര്‍ക്ക് വളരെ കുറച്ച് സുഹൃത്തുക്കളെ ഉണ്ടായിരിക്കുകയുള്ളു. മറ്റുള്ളവരെ സഹായിക്കാനും ഇവര്‍ പിന്നിലായിരിക്കും. അതേസമയം നേരെവാ നേരേപോ സ്വഭാവക്കാരായിരിക്കും ഇവര്‍.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion