ശുക്രന്റെ രാശിമാറ്റം: പന്ത്രണ്ട് രാശികളിലും അനുകൂല പ്രതികൂല ഫലങ്ങള്‍, സൗഭാഗ്യം ഇവര്‍ക്ക്

ജ്യോതിഷത്തില്‍ ഒരു ഗ്രഹം സ്ഥാനം മാറുമ്പോള്‍ ചില രാശികളില്‍ ഉള്ളവര്‍ക്ക് നല്ലകാലവും എന്നാല്‍ മറ്റുചില രാശികള്‍ക്ക് കഷ്ടകാലവും തുടങ്ങും. ജാതകത്തില്‍ ഈ ഗ്രഹം ഏത് രാശിയിലും ഭാവത്തിലുമാണ് നില്‍ക്കുന്നതെന്നതടക്കം പല ഘടകങ്ങള്‍ ഇക്കാര്യത്തെ സ്വാധീനിക്കുന്നുണ്ട്. എപ്രില്‍ മാസത്തില്‍ പല ഗ്രഹങ്ങളും അവ നില്‍ക്കുന്ന രാശി മാറുന്നുണ്ട്. ജീവിതത്തിന്റെ പല മേഖലകളിലും ഈ രാശിമാറ്റം പ്രതിഫലിക്കും.

venus

ശുക്രന്‍ മേടം രാശിയിലേക്ക്

വേദ ജ്യോതിഷത്തിലെ ഒരു സുപ്രധാന ഗ്രഹമായ ശുക്രന്‍ മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. എല്ലാവരുടെ ജീവിതത്തിലും ഇതിന്റെ ഫലമായുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നതില്‍ ഒരു സംശയവും വേണ്ട. ശുക്രന്‍ ചൊവ്വയുടെ രാശിയായ മേടത്തിലേക്കാണ് എത്തുന്നത്. ഇന്ന് രാത്രി, അതായത് 2024 ഏപ്രില്‍ 24 രാത്രി 11.44നാണ് ശുക്രന്‍ മേടത്തിലെത്തുക. സാധാരണയായി 23 ദിവസങ്ങളാണ് ശുക്രന്‍ ഒരു രാശിയില്‍ തുടരുക.

ശുക്രനെ പൊതുവെ മംഗളകരവും സത്ഭാവനയുള്ള ഗ്രഹവുമായാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമ്പത്തും സ്‌നേഹവും കലാപരമായ ഗുണങ്ങളും ഉണ്ടാകണമെങ്കില്‍ ശുക്രന്റെ അനുഗ്രഹം കൂടിയേ തീരൂ. പന്ത്രണ്ട് രാശികളില്‍ ഇടവത്തിന്റെയും തുലാത്തിന്റെയും അധിപനാണ് ശുക്രന്‍. കൂടാതെ ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളുടെയും അധിപനായി ശുക്രന്‍ കണക്കാക്കപ്പെടുന്നു.

ആദ്യ രാശിയായ മേടത്തിലേക്ക് ശുക്രന്‍ എത്തുമ്പോള്‍ ചില രാശികള്‍ക്ക് നേരിയ രീതിയിലുള്ള ഗുണങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാം. തന്റേടം, കാര്യപ്രാപ്തി, അഭിനിവേശം, സ്വാതന്ത്ര്യം, സ്വയം തിരിച്ചറിയാനുള്ള അവസരം എന്നിങ്ങനെ പല തരത്തില്‍ ഈ രാശിമാറ്റം ജീവിതത്തില്‍ പ്രതിഫലിക്കും. ഓരാ രാശികളിലും ശുക്രന്റെ മാറ്റം ഏതുതരത്തിലുള്ള പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുകയെന്ന് നോക്കാം.

മേടം: ഈ രാശിയില്‍ ജനിച്ചവരുടെ രണ്ടും ഏഴും ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ ഒന്നാംഭാവത്തിലേക്കാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. പൊതുവേ ഈ രാശിമാറ്റം കൊണ്ട് മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളാണ് ഉണ്ടാകുക. കരിയറില്‍ ഉയര്‍ച്ച, സാമ്പത്തികരംഗത്ത് ഉണര്‍വ്വ,് പ്രിയപ്പെട്ടവരുമായി ഊഷ്മളമായ ബന്ധം, പങ്കാളിയുമായി കൂടുതല്‍ ആത്മബന്ധം ശാരീരിക, മാനസിക ഉന്മേഷം എന്നിവയാണ് രാശിമാറ്റത്തിന്റെ ഫലമായി മേടം രാശിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുക.

ഇടവം: ഇടവം രാശിയിലുള്ളവരുടെ ഒന്ന്. ആറ് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ ശുക്രന്‍ നീങ്ങുന്നത്. തത്ഫലമായി ഇടവം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഗുണദോഷ സമ്മിശ്രമായിരിക്കും ഈ കാലയളവില്‍ ജീവിതം. കരിയറില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തുമെങ്കിലും ഇവ നല്ലതായിരിക്കുമോ എന്ന് തീരുമാനിച്ചുവേണം അത് തിരഞ്ഞെടുക്കാന്‍. ചിലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പണം ചിലവഴിക്കുന്നതില്‍ ശ്രദ്ധയുണ്ടാകണം. കുടുംബവുമായി സമയം ചിലവഴിച്ച് തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പരിഹരിക്കുക. സ്വന്തം ശാരീരിക, മാനസിക ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ട സമയം കൂടിയാണിത്. വ്യായാമവും ധ്യാനവും യോഗയും പോലെയുള്ള മാനസിക ക്ഷേമകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

മിഥുനം: മിഥുനം രാശിയുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. മിഥുനത്തിന്റെ പതിനൊന്നാം ഭാവത്തിലേക്കാണ് ശുക്രന്‍ നീങ്ങുന്നത്. ഈ രാശിയില്‍ ഉള്ളവര്‍ക്ക് ഉദ്യോഗരംഗത്ത് ഉയര്‍ച്ച, സാമ്പത്തിക ലാഭം, വരുമാന വര്‍ദ്ധനവ് എന്നിവയ്‌ക്കെല്ലാം സാധ്യത കാണുന്നുണ്ട്. സാമ്പത്തികമായ ആഗ്രഹങ്ങള്‍ നിറവേറപ്പെടുകയും ബിസിനസ് ചെയ്യുന്നവര്‍ക്ക് കാര്യമായ ലാഭം ലഭിക്കുകയും ചെയ്യും. ഇവര്‍ക്ക് സമൂഹവുമായുള്ള അടുപ്പവും സൗഹൃദങ്ങളും കൂടുകയും പങ്കാളികളുമായുള്ള ഐക്യം വര്‍ദ്ധിക്കുകയും ചെയ്യും. അതേസമയം മിഥുനം രാശിക്കാര്‍ ആരോഗ്യകാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.

കര്‍ക്കിടകം: കര്‍ക്കിടകം രാശിയുടെ നാല്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇപ്പോള്‍ പത്താം ഭാവത്തിലേക്കാണ് ശുക്രന്‍ അടുക്കുന്നത്. ഇതിന്റെ ഫലമായി ഈ രാശിയില്‍ ഉള്ളവരുടെ കരിയറിലും ഉദ്യോഗരംഗത്തും അനുകൂലമായ മാറ്റങ്ങള്‍ കാണാനാകും. സ്ത്രീകള്‍ക്ക് അവരുടെ ഉദ്യോഗജീവിതവും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള സ്ഥിതി വരും. സാമ്പത്തിക രംഗത്ത് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സ്ഥിരതയും ഐശ്വര്യവും ഉണ്ടാകും. ആഢംബര വസ്തുക്കള്‍, കോസ്‌മെറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് വളരെ മെച്ചപ്പെട്ട സമയമാണ്. ബന്ധങ്ങളില്‍ ഒരേസമയം വെല്ലുവിളികളും അവസരങ്ങളും ഉണ്ടാകും. പങ്കാളിയുടെ സഹകരണക്കുറവ് ബന്ധങ്ങളില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കും. ജോലിക്കാര്യങ്ങള്‍ക്കായി ആരോഗ്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യരുത്. കരിയറില്‍ ഉയര്‍ച്ചയ്ക്കായി ഊര്‍ജ്ജവും ഏകാഗ്രതയും വേണ്ടിവരുമ്പോള്‍ ആരോഗ്യവും കൂടി കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക.

ചിങ്ങം: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ശുക്രന്‍ അവരുടെ മൂന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ്. ഇനി അവരുടെ ഒമ്പതാം ഭാവത്തിലേക്കാണ് ശുക്രന്‍ നീങ്ങുന്നത്. ഈ മാറ്റത്തിന്റെ ഫലമായി കരിയറിലും ഉദ്യോഗരംഗങ്ങളിലും വളര്‍ച്ചയും പുതിയ അവസരങ്ങളും ഉണ്ടാകും. കഠിനാധ്വാനം തിരിച്ചറിപ്പെടുകയും അംഗീകാരങ്ങള്‍ തേടിയെത്തുകയും ചെയ്യും. സാമ്പത്തികരംഗത്തും പൊതുവേ നേട്ടങ്ങളുടെ സമയമായിരിക്കും ചിങ്ങം രാശിക്കാര്‍ക്ക്. ജോലിക്കാര്യങ്ങള്‍ക്കായി യാത്രകള്‍ നടത്തുകയും ഇത് ഫലം കാണുകയും ചെയ്യും. ഈ സമയത്ത് ബന്ധുജനങ്ങളുമായുള്ള അടുപ്പം വര്‍ധിക്കും. സഹോദരങ്ങളുടെ സഹായങ്ങള്‍ ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ജോലിയും ആരോഗ്യവും തമ്മില്‍ ഒത്തുകൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

കന്നി: കന്നിരാശിക്കാരുടെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ എട്ടാംഭാവത്തിലേക്ക് നീങ്ങുകയാണ്. ഈ മാറ്റത്തിലൂടെ ഈ രാശിയിലുള്ളവരുടെ കരിയറില്‍ വെല്ലുവിളികളും അപ്രതീക്ഷിത മാറ്റങ്ങളും വന്ന് ഭവിക്കും. പൊതുവെ ഈ മാറ്റം കന്നിരാശിക്കാര്‍ക്ക് അത്ര അനുകൂലമായിരിക്കില്ല. പ്രശ്‌നപരിഹാരത്തിലൂടെ ചില പ്രതികൂല സാഹചര്യങ്ങളും തടസ്സങ്ങളും നീങ്ങും. സാമ്പത്തികരംഗത്തും ഗുണദോഷസമ്മിശ്ര ഫലങ്ങളായിരിക്കും ഉണ്ടാകുക. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും നഷ്ടങ്ങളും അപ്രതീക്ഷിത ചിലവുകളും ഉണ്ടാകും. കുടുംബബന്ധങ്ങളിലും വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയുമായും കുടുബാംഗങ്ങളുമായും അഭിപ്രായവ്യത്യാസം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണ്ട സമയമാണ്. മൂത്രസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

തുലാം: തുലാംരാശിക്കാരുടെ എട്ടാംഭാവത്തിന്റെ അധിപനാണ് ശുക്രന്‍. ഇനി ഏഴാംഭാവത്തിലേക്കാണ് ശുക്രന്‍ നീങ്ങുന്നത്. ഇതുമൂലം ഉദ്യോഗകാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. കരിയറില്‍ അഭിവൃദ്ധിയും അംഗീകാരവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും ഇവരെ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തികസ്ഥിരത കൈവരിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങളിലും ഈ സമയത്ത് ഐക്യം പ്രകടമാകും. ആരോഗ്യരംഗത്തും മാനസിക, ശാരീരിക ക്ഷേമം അനുഭവിക്കാനാകും.

വൃശ്ചികം: വൃശ്ചികം രാശിയുടെ പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ് ശുക്രന്‍. ഇനി ആറാം ഭാവത്തിലേക്കാണ് ശുക്രന്റെ സഞ്ചാരം. വൃശ്ചികം രാശിക്കാരെ സംബന്ധിച്ചെടുത്തോളം അത്ര അനുകൂലമായ രാശിമാറ്റം അല്ല ഇത്. കരിയറില്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും ചില നല്ല അവസരങ്ങളും വന്നുചേരും. ഉദ്യോഗകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. ഈ സമയത്ത് ചിലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ചികിത്സയ്ക്കും യാത്രകള്‍ക്കുമായി പണം ചിലവഴിക്കേണ്ടതായി വരും. കുടുംബബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശയവിനിമയ പ്രശ്‌നങ്ങള്‍ കാരണം പങ്കാളിയുമായി അകലം ഉണ്ടാകാം. മാനസിക, ശാരീരിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും യോഗയും ധ്യാനവും പോലുള്ള മാനസിക ക്ഷേമ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുകയും വേണം.

ധനു: ധനു രാശിയില്‍ ഉള്ളവരുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍, ഇവരുടെ അഞ്ചാംഭാവത്തിലേക്കാണ് ഇനി ശുക്രന്റെ സഞ്ചാരം. ഇതിലൂടെ കരിയറില്‍ നിരവധി അവസരങ്ങളും നേട്ടങ്ങളും വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ അനുകൂലമായ സമയമാണിത്. ശുക്രന്റെ രാശിമാറ്റത്തിലൂടെ ധനു രാശിയില്‍ പെട്ടവരുടെ സാമ്പത്തിക രംഗവും പുഷ്ടിപ്പെടും. അതേസമയം എഴുത്ത്, അഭിനയം തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ക്ക് പ്രതികൂലമായ സമയമായിരിക്കും ഇത്. കുടുംബബന്ധങ്ങള്‍ പൊതുവേ സന്തോഷകരമായിരിക്കും. ആരോഗ്യരംഗത്ത് മാനസിക, വൈകാരിക ക്ഷേമത്തിന് ഊന്നല്‍ നല്‍കുകയും അതിനായുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണം.

മകരം: മകരം രാശിയില്‍ ഉള്ളവരുടെ അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപനായ ശുക്രന്‍ ഇനി നാലാംഭാവത്തിലേക്ക് നീങ്ങാന്‍ പോകുകയാണ്. ഉദ്യോഗരംഗത്ത് പോസിറ്റീവ് ആ ഫലങ്ങള്‍ ഇതിലൂടെ ഉണ്ടാകും. അധികാരസ്ഥാനത്ത് എത്താന്‍ യോഗമുണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഉയര്‍ച്ചയുട കാലമായിരിക്കും ഇത്. സാമ്പത്തിക രംഗത്ത് സുഖസൗകര്യങ്ങള്‍ക്കും ആഢംബരത്തിനുമായി നിക്ഷേപങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളില്‍ ദൃഢതയും ഐക്യവും വര്‍ദ്ധിക്കും. മറ്റ് രാശികളെ പോലെ തന്നെ മകരം രാശിക്കാരും ആരോഗ്യകാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക. വൈകാരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കുംഭം: കുംഭം രാശിയില്‍ ജനിച്ചവരുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇനി മൂന്നാം ഭാവത്തിലേക്കാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി കുംഭം രാശിക്കാരുടെ കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഉല്‍പ്പാദനക്ഷമത കൂടും. സാമ്പത്തികരംഗത്ത് വളര്‍ച്ചയ്ക്കുള്ള നല്ല അവസരങ്ങള്‍ വന്നുചേരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. വ്യക്തി ബന്ധങ്ങളില്‍ ഐക്യവും പോസിറ്റിവിറ്റിയും പ്രകടമാകും. സഹോദരങ്ങള്‍ക്കിടയില്‍ അടുപ്പം വര്‍ദ്ധിക്കും. ടെന്‍ഷനും മാനസിക പിരിമുറുക്കവും നല്‍കുന്ന കാര്യങ്ങള്‍ക്ക് അമിതശ്രദ്ധ നല്‍കാതിരിക്കുക.

മീനം: മീനം രാശിയില്‍ ജനിച്ചവരുടെ മൂന്ന്, എട്ട് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഇവരുടെ രണ്ടാംഭാവത്തിലേക്കാണ് ഇനി ശുക്രന്‍ നീങ്ങുന്നത്. കരിയറില്‍ ആശയവിനിമയ ശേഷിയിലൂടെ നല്ല അവസരങ്ങള്‍ ഇവരെ തേടിയെത്തും. സാമ്പത്തികരംഗത്തും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കാണാനാകും. പങ്കാളിമായി ചേര്‍ന്ന് പണം സ്വരൂക്കൂട്ടിവെക്കും. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ ഗുണം ചെയ്യും. കുടുംബബന്ധങ്ങള്‍ ശക്തമാകും. കുടുംബത്തില്‍ ഒത്തുചേരലുകള്‍ക്ക് അവസരങ്ങള്‍ കൈവരും. പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകുമെങ്കിലും സംസാരത്തിലൂടെ അത് പരിഹരിക്കും. ഈ സമയത്ത് ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക. തൊണ്ടയുമായും ഇഎന്‍ടി സംബന്ധമായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, April 24, 2024, 12:15 [IST]
X
Desktop Bottom Promotion