താരങ്ങള്‍ക്കിടയില്‍ വിവാഹവും മോചനവുമൊന്നും പുതുമല്ല. ഇപ്പോള്‍ മറ്റൊരു താരദമ്പതി യുദ്ധം കൂടി മാധ്യമശ്രദ്ധ നേടിയിരിക്കുന്നു. മനോജ് കെ ജയനും ഉര്‍വശിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. വഴക്കിന്റെയും ആരോപണങ്ങളുടേയും മൂലകാരണം കുഞ്ഞാറ്റയെന്ന മകളും.
ഇവര്‍ തമ്മിലുള്ള വാക്‌പോരുകളില്‍ കുഞ്ഞിന്റെ സ്ഥാനം എന്താവുമെന്ന് വായിക്കുന്നവരിലാരെങ്കിലും ഓര്‍ക്കാതിരിക്കില്ല. ഇൗ ചിന്തക്ക് പ്രസക്തിയേറെയുമാണ്. കാരണം ഡൈവോഴ്‌സ് കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ തന്നെയാണ്.
കുട്ടികളില്‍ വിവാഹമോചനം പ്രധാനമായും അരക്ഷിതാവസ്ഥയുണ്ടാക്കും. തന്റെ ഭാവി എന്താകുമെന്ന ചിന്ത. അച്ഛനമ്മമാരില്‍ ആരെയെങ്കിലും ഒരാളെ തെരഞ്ഞെടുക്കേണ്ടി വരുന്ന മാനസികസംഘര്‍ഷം. രണ്ടു പേരോടും ഒരുപോലെ അടുപ്പമുള്ള കുട്ടികളാണെങ്കില്‍ ഇത് വല്ലാത്തൊരു വിഷമഘട്ടം തന്നെയാകും. ഒരാളെ തെരഞ്ഞെടുത്തു കഴിഞ്ഞാലും കുറ്റബോധം കുട്ടിയുടെ ഉള്ളില്‍ ജീവിതകാലം മുഴുവന്‍ നില നിന്നുവെന്നു വരാം.
വിവാഹമോചനത്തിന് സാക്ഷികളാകുന്ന കുട്ടികള്‍ ഭാവിയില്‍ വിവാഹത്തെ വെറുക്കും. ബന്ധങ്ങളോട് ഇവര്‍ക്ക് ഭയമായിരിക്കും. കുട്ടികളുടെ ജീവിതത്തിനു തന്നെ പ്രശ്‌നങ്ങളുണ്ടാക്കുന്ന പല മാനസിക പ്രശ്‌നങ്ങളും ഡിവോഴ്‌സിനെ അഭിമുഖീകരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കുണ്ടാകും.
വിവാഹമോചിതരുടെ കുട്ടികള്‍ ചിലപ്പോഴെങ്കിലും സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. മറ്റു കുട്ടികള്‍ മാതാപിതാക്കള്‍ക്കൊരുമിച്ചു പോകുന്നിടത്ത് പോകുവാന്‍ ഇവര്‍ മടിക്കും. സമൂഹത്തില്‍ നിന്നും തന്നില്‍ നിന്നു തന്നെയും ഒളിച്ചോടാനുള്ള ശ്രമം നടത്തും.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി കുട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും അവരെ ചീത്ത ശീലങ്ങളിലേക്കും കൂട്ടുകെട്ടുകളിലേക്കും നയിക്കാനുള്ള സാഹചര്യവുമുണ്ട്. പലപ്പോഴും ഇത്തരം കുട്ടികള്‍ സമൂഹത്തിനു മുന്നില്‍ തന്നെ ഒരു ചോദ്യചിഹ്നമാകുന്ന അവസ്ഥയും ഉണ്ടാകും.
ജീവിതത്തിന്റെയും ബന്ധങ്ങളുടേയും മൂല്യങ്ങള്‍ മനസിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് നിഷേധിക്കുകയാണ് ഓരോ വിവാഹമോചനങ്ങളും ചെയ്യുന്നത്. ഇത് കുട്ടികളോട് ചെയ്യുന്ന വലിയൊരു തെറ്റു തന്നെയാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കുകയാണ് വേണ്ടത്.
വിവാഹമോചനം അത്യാവശ്യമാകുന്ന സന്ദര്‍ഭത്തില്‍ പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിച്ച് കുട്ടികളെ മുറിപ്പെടുത്താതെയിരിക്കുകയെങ്കിലുമാകാം.




















