For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ അള്‍ട്രാസൗണ്ട്‌സ്‌ - അറിയേണ്ടതെല്ലാം

By Super
|

ഗര്‍ഭ കാലത്ത്‌ പല സമയങ്ങളിലായി നിരവധി പരിശോധനകള്‍ നടത്താറുണ്ട്‌. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മനസ്സിലാക്കുന്നതിനുവേണ്ടി പ്രത്യേകമായി നടത്തുന്നവയാണ്‌ ഇതിലേറെയും. അള്‍ട്രാസൗണ്ട്‌സ്‌ അഥവ സ്‌കാനിങ്ങിന്‌ ഗര്‍ഭകാലത്ത്‌ നടത്തുന്ന ടെസ്റ്റുകളില്‍ ഏറെ പ്രാധാന്യമുണ്ട്‌ .

ജനന വൈകല്യങ്ങള്‍, ഗര്‍ഭകാലത്ത്‌ ഭ്രൂണത്തില്‍ എന്തെങ്കിലും അസാധാരണമായി സംഭവിച്ചിട്ടുണ്ടോ, കുഞ്ഞിന്റെ ശരിയായ വളര്‍ച്ച എന്നിവ പരിശോധിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ ടെസ്‌റ്റുകള്‍ നടത്തുന്നത്‌. ഗര്‍ഭം ധരിച്ച്‌ ഒമ്പത്‌ മാസത്തിനുള്ളില്‍ കുറഞ്ഞത്‌ നാല്‌ തവണയെങ്കിലും വയര്‍ സ്‌കാന്‍ ചെയ്യാറുണ്ട്‌. നിങ്ങളുടെ കുഞ്ഞിന്റെ രൂപം മോണിട്ടറില്‍ കാണാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കറുപ്പും വെള്ളയും ചേര്‍ന്ന നിഴല്‍ രൂപമായിട്ടായിരിക്കും കാണാന്‍ കഴിയുക.

ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ സൂചന നല്‍കാന്‍ അള്‍ട്രാസൗണ്ട്‌സ്‌ സഹായിക്കും.

SCANNING
ഗര്‍ഭകാലത്തെ അള്‍ട്രാസൗണ്ട്‌സിന്റെ പ്രാധാന്യം

ഗര്‍ഭത്തിന്റെ പല അവസ്ഥകളില്‍ നടത്തുന്ന അള്‍ട്രാസൗണ്ട്‌ കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ചും മറ്റ്‌ ഗര്‍ഭകാല സാധ്യതകളെ കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത്‌ നടത്തുന്ന അള്‍ട്രാസൗണ്ട്‌ സ്‌കാനുകള്‍ തഴെപറയുന്നവയാണ്‌.

വയബിലിറ്റി സ്‌കാന്‍

ഗര്‍ഭം ധരിച്ച്‌ ആറ്‌ മുതല്‍ 10 ആഴ്‌ചയ്‌ക്കകം നടത്തുന്ന സ്‌കാനിങ്‌ ആണിത്‌. ഗര്‍ഭത്തിന്റെ പുരോഗതി, കുഞ്ഞിന്റെ ഹൃദയമിടുപ്പ്‌, കുഞ്ഞുങ്ങളുടെ എണ്ണം എന്നിവ വിലയിരുത്തുന്നതിനുവേണ്ടിയുള്ളതാണിത്‌.

എന്‍ടി സ്‌കാന്‍

ഗര്‍ഭം ധരിച്ച്‌ പന്ത്രണ്ടാം ആഴ്‌ചയിലാണ്‌ ഇത്‌ സാധാരണ നടത്തുന്നത്‌. കുഞ്ഞിന്റെ ആരോഗ്യം വിലയിരുത്തുന്നതിനും ക്രോമസോം അപാകത, ഡൗണ്‍സിന്‍ഡ്രോം എന്നിവയ്‌ക്കുള്ള സാധ്യത വിലയിരുത്തുന്നതിന്‌ വേണ്ടിയുള്ളതാണിത്‌. വളരെ പ്രധാനപ്പെട്ട സ്‌കാനിങ്ങുകളിലൊന്നാണിത്‌. കുഞ്ഞിന്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും ഗര്‍ഭധാരണത്തിനും പ്രസവത്തിനും സജ്ജരാവാനും ഇത്‌ സഹായിക്കും.

അനോമലി സ്‌കാന്‍

പതിനെട്ടാമത്തെയും ഇരുപതാമത്തെയും ആഴ്‌ചകള്‍ക്കിടയിലാണ്‌ ഈ സ്‌കാന്‍ നടത്തുന്നത്‌ ഗര്‍ഭസ്ഥ ശിശുവിന്റെ വിശദമായ ശാരീരികാവസ്ഥയും പ്ലാസന്റയുടെ സ്ഥിതിയും ഇതിലൂടെ ലഭ്യമാകും. തലച്ചോറ്‌, മുഖം, നട്ടെല്ല്‌, ഹൃദയം, വയര്‍, വൃക്ക, കാലുകള്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ വളരുന്നതിനെ കുറിച്ച്‌ വ്യക്തമായ ധാരണ നല്‍കാന്‍ ഈ സ്‌കാന്‍ സഹായിക്കും. അംനിയോട്ടിക്‌ ദ്രാവകത്തിന്റെ അളവ്‌ അറിയാനും കുഞ്ഞ്‌ വളരുന്നതെവിടെയാണന്ന്‌ പറയാനും ഇതിലൂടെ കഴിയും.

ഫീറ്റല്‍ എക്കോകാര്‍ഡിയോഗ്രാഫി

ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയവും ബന്ധപ്പെട്ട രക്ത ധമനികളും വിശദമായി പരിശോധിക്കുന്നതിന്‌ വേണ്ടി ഇരുപത്‌ അല്ലെങ്കില്‍ ഇരുപത്തി രണ്ടാമത്തെ ആഴ്‌ചയില്‍ ആണിത്‌ നടത്തുന്നത്‌. അനോമലി സ്‌കാനില്‍ കുഞ്ഞിന്റെ ഹൃദയത്തെ കുറിച്ച്‌ എന്തെങ്കിലും ആശങ്ക കാണുകയാണെങ്കിലാണ്‌ ഈ പരിശോധന നടത്തുന്നത്‌.

ഫീറ്റല്‍ വെല്‍ബീയിങ്‌

ഗര്‍ഭസ്ഥ ശിശുവിന്റെ സ്ഥാനവും സ്ഥിതിയും മനസ്സിലാക്കുന്നതിനായി 28 മുതല്‍ 39 വരയെുള്ള ആഴ്‌ചകള്‍ക്കിടയില്‍ നടത്തുന്ന സ്‌കാനാണിത്‌.

ഗര്‍ഭകാലത്ത്‌ എങ്ങനെയാണ്‌ അള്‍ട്രാസൗണ്ട്‌സ്‌ സ്‌കാന്‍ ചെയ്യുന്നത്‌?

ഗര്‍ഭധാരണത്തിന്റെ അവസാന മാസങ്ങളില്‍ ചെയ്യുന്ന അള്‍ട്രാസൗണ്ട്‌സ്‌ എല്ലാം വയറിനുള്ളിലൂടെയാണ്‌. എന്നാല്‍, ആദ്യ മാസങ്ങളില്‍ യോനി വഴിയുള്ള സോനോഗ്രഫി ആവശ്യമാണ്‌.

ട്രാന്‍സ്‌അബ്‌ഡോമിനല്‍ അള്‍ട്രാസൗണ്ട്‌സ്‌

ഇതിനായി ആദ്യം വയറിന്‌ മുകളില്‍ ജെല്‍ പോലുള്ള ഒരു പദാര്‍ത്ഥം പുരട്ടും. അതിന്‌ ശേഷം ട്രാന്‍സ്‌ഡ്യൂസര്‍ വയറിന്‌ മുകളിലൂടെ ചലിപ്പിച്ച്‌ ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം പരിശോധിക്കും. സോണോളജിസ്‌റ്റിന്‌ സമീപമുള്ള മോണിറ്ററില്‍ കൂടി കുഞ്ഞിന്റെ അനക്കങ്ങള്‍ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയും. ഇത്തരം സ്‌കാനിങ്‌ വളരെ സുരക്ഷിതമാണ്‌ ഗര്‍ഭിണികള്‍ക്ക്‌ അധികം അസ്വസ്ഥത ഉണ്ടാക്കില്ല.

ട്രാന്‍സ്‌ വാജിനല്‍ അള്‍ട്ര സൗണ്ട്‌

ഇത്തരം സ്‌കാനിങില്‍ സോണോളജിസ്‌റ്റ്‌ നേര്‍ത്ത നീളമുള്ള ഒരു ട്രാന്‍സ്‌ഡ്യൂസര്‍ യോനി വഴി അകത്തേക്ക്‌ കടത്തും. ട്രാന്‍സ്‌ഡ്യൂസര്‍ എളുപ്പം അകത്ത്‌ കടത്തുന്നതിന്‌ കോണ്ടം ഉപയോഗിച്ച്‌ ആവരണം ചെയ്യുകയും ജെല്‍ പുരട്ടുകയും ചെയ്യാറുണ്ട്‌. അസ്വസ്ഥത അനുഭവപ്പെടുക സാധാരണമാണ്‌. എന്നാല്‍, ഗര്‍ഭസ്ഥ ശിശുവിനെ വ്യക്തമായി കാണുന്നതിനും വളര്‍ച്ച സ്ഥിതി മനസ്സിലാക്കുന്നതിനും സഹായിക്കും.

സോണോഗ്രഫിക്ക്‌ എങ്ങനെ തയ്യാറെടുക്കണം

1. സൗകര്യപ്രദമായ അയഞ്ഞ വസ്‌ത്രം ധരിക്കുക.സ്‌കാനിങ്ങിനായി വയറിന്‌ മുകളിലേക്ക്‌ നീക്കാന്‍ എളുപ്പമുള്ള വസ്‌ത്രമായിരിക്കണം ഇത്‌.

2. ധാരളം വെള്ളം കുടിക്കുക. നിറഞ്ഞ മൂത്രസഞ്ചി ഗര്‍ഭപാത്രത്തെ ഉന്തി നിര്‍ത്തുന്നതിന്‌ സഹായിക്കും. ഗര്‍ഭസ്ഥ ശിശുവിനെ വ്യക്തമായി കാണാന്‍ സോണോളജിസ്‌റ്റിനെ ഇത്‌ സഹായിക്കും

3. ട്രാന്‍സ്‌ വാജിനല്‍ അള്‍ട്രാസൗണ്ടാണ്‌ ചെയ്യുന്നതെങ്കില്‍ നേരെ തിരിച്ചായിരിക്കണം ചെയ്യുന്നത്‌. പരിശോധനയ്‌ക്ക്‌ കിടക്കും മുമ്പ്‌ സ്വയം ആശ്വസിക്കുക. ട്രാന്‍സ്‌ഡ്യൂസര്‍ ഉള്ളിലേക്ക്‌ കയറ്റുന്നത്‌ വേദനിപ്പിച്ചേക്കാം, കീഴ്‌ ശരീരത്തിന്‌ അയവ്‌ നല്‍കി പരിശോധന കഴിയും വരെ മനോബലത്തോടെ ഇരിക്കുക. കീഴ്‌ശരീരം മുറുകിയിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും സോണോളജിസ്‌റ്റിനും ഒരുപോലെ വിഷമകരമായിരിക്കും. ആഴത്തില്‍ ശ്വാസം എടുക്കുന്നത്‌ അസ്വസ്ഥത ലഘൂകരിക്കാന്‍ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Ultrasound During Pregnancy Importance

Ultrasound scanning is considered important in pregnancy, especially in those who had a bad experience during their pregnancy. An ultrasound may be performed earlier in your pregnancy to determine the following conditions.
Story first published: Friday, March 21, 2014, 15:11 [IST]
X
Desktop Bottom Promotion