ഒരു കുഞ്ഞിന് അമ്മയുടെ താങ്ങും തണലും അത്യാവശ്യമാണെന്നു പറയും. കുഞ്ഞിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും അമ്മ കൂടെ വേണമെന്നും പറയും.
എന്നാല്‍ ഇന്നത്തെ കാലത്ത് ഉദ്യോഗസ്ഥകളായ അമ്മമാരാണ് കൂടുതല്‍. കുഞ്ഞിനെക്കുറിച്ചുള്ള ആധികളും വ്യാധികളുമായി ഓഫിസിലേക്കും തിരിച്ചും ഓടുന്ന സ്ത്രീകള്‍.
ഇങ്ങനെ ഓടുന്ന സ്ത്രീകളുടെ മനസിലുള്ള ഏറ്റവും വലിയ ആശങ്ക, കുറ്റബോധം, സ്വന്തം കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനാവാത്തതു തന്നെയാണ്. തന്റെ ജോലി വളരുന്ന കുഞ്ഞിനെ ഭാവിയില്‍ ബാധിക്കുമോയെന്ന ഭയവുമുണ്ടാകും.
എന്നാല്‍ ഇത്തരം ഭയത്തിന് അടിസ്ഥാനമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതെക്കുറിച്ച് മസാച്യൂസെറ്റ്‌സ് സര്‍വകലാശാല, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല എന്നിവ പഠനങ്ങള്‍ നടത്തിയിട്ടുമുണ്ട്.
അമ്മ ജോലിക്കു പോകുന്നുവെന്ന കാരണം കൊണ്ടുമാത്രം ഒരു കുട്ടിയുടേയും സ്വഭാവം മോശമാകില്ല, കുഞ്ഞ് പഠനത്തില്‍ മോശമാകില്ല.
വീട്ടിലെ സമാധാനാന്തരീക്ഷം, അച്ഛനമ്മമാര്‍ തമ്മിലുള്ള അടുപ്പം തുടങ്ങിയവയാണ് കുട്ടികളെ സ്വാധീനിക്കുക. മൂല്യങ്ങളുള്ള കുടുംബജീവിതത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളും നല്ല രീതികള്‍ പിന്‍തുടരും.
സദ്ഗുണങ്ങളുള്ള മാതാപിതാക്കളാണെങ്കില്‍ അമ്മ ജോലിക്കു പോകുന്നുവെന്ന കാരണം കൊണ്ടുമാത്രം ഒരിക്കലും കുട്ടിയുടെ സ്വഭാവം മോശമാകില്ല.
അമ്മമാര്‍ ജോലിക്കു പോകുന്നുണ്ടെങ്കില്‍ കുട്ടികള്‍ പെട്ടെന്ന് പക്വത നേടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം ഇവര്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നേടും. തങ്ങളുടെ കാര്യങ്ങള്‍ സ്വന്തമായിത്തന്നെ ചെയ്യാന്‍ ശ്രമിക്കും. ഇത്തരം കാര്യങ്ങള്‍ കുഞ്ഞിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
ജോലിക്കു പോകുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്നര്‍ത്ഥം,.




















