For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം കെടുത്തുന്ന ജോലികൾ

By Super
|

ഉറക്കംതൂങ്ങുന്ന കണ്ണുകൾ മിഴിച്ച് വെച്ച് കമ്പ്യൂട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ പരതാൻ പാട്പെടുന്നുണ്ടോ. അതുമല്ലെങ്കിൽ ജോലിക്കിടയിൽ മുമ്പിലുള്ള ഡെസ്ക്കിൽ തലചായ്ച്ച് അല്പമൊന്ന് മയങ്ങാൻ തോന്നുന്നുണ്ടോ. ഏതായാലും ഇക്കാര്യത്തിൽ നിങ്ങൾ തനിച്ചല്ല എന്ന് ആശ്വസിക്കാം.

ജോലിസ്ഥലത്ത് ഉറക്കത്തിന്റെ വെല്ലുവിളി നേരിടുന്ന ഒരുപാട് ഹതഭാഗ്യർ നിങ്ങൾക്ക് കൂട്ടിനായുണ്ട്. പ്രായപൂർത്തിയായ ഒരു വ്യക്തി ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയിരിക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണമകറ്റാനും ജോലിയിൽ കൂടുതൽ കർമ്മനിരതനാവാനും അത് സഹായകമാണ്. പക്ഷേ, നാലോ അഞ്ചോ മണിക്കൂർ മാത്രമുറങ്ങി രാത്രിയെ വെളുപ്പിക്കുന്നവർ നമുക്കിടയിൽ ഒരുപാടുണ്ട്.

ലോകത്ത് നിലവിലുള്ള ചില തൊഴിലുകൾക്ക് ആളുകളുടെ ഉറക്കത്തെ ഇങ്ങനെ നിർദ്ദയം വെട്ടിച്ചുരുക്കുന്ന പ്രവണതയുണ്ട്. അത്തരം ജോലികളെ കുറിച്ച് ഒന്നറിഞ്ഞിരിക്കാം.

വ്യോമഗതാഗതം നിയന്ത്രിക്കുന്നവർ

വ്യോമഗതാഗതം നിയന്ത്രിക്കുന്നവർ

ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് വിമാന ഗതാഗതത്തിന്റെ നിയന്ത്രണം. ഒരു ഞൊടിയിലെ അശ്രദ്ധ വൻദുരന്തത്തിന് കാരണമായേക്കും. യാത്രക്കാരുടെ ജീവൻ പന്താടുന്നതിനെ കുറിച്ച് പേടിയുണ്ടെങ്കിലും ഒരു രാത്രിമുഴുവൻ ഉറക്കമിളച്ചിരിക്കുക എന്നത് കനത്ത വെല്ലുവിളി തന്നെയാണ്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങിപ്പോകുന്ന വാർത്തകൾ ഇടയ്ക്ക് നാം കേൾക്കാറുണ്ട്. ശരീരത്തിന്റെ ആന്തരികമായ സമയക്രമമാണ് ഇതിന് കാരണം. സിർക്കാഡിയൻ റിഥം എന്നറിയപ്പെടുന്ന ഈ ജീവശാസ്ത്ര പ്രക്രിയയും ഡ്യൂട്ടിസമയവും തമ്മിൽ പൊരുത്തം ഇല്ലാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഷിഫ്റ്റ് ജോലികൾ ചെയ്യുന്നവർക്ക് പൊതുവെ ഈ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍

ഇന്റർനെറ്റിന്റെ വളർച്ച ഒരുപാട് ജോലിസാധ്യതകൾക്കും ആക്കംകൂട്ടി. നിശ്ചിതസമയം മാറിമാറി ജോലിചെയ്യുന്ന ഒരുപാട് ഷിഫ്റ്റ് ജോലിക്കാർ ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ആഴ്ചയിൽ ഇരുപത്തിനാല് മണിക്കൂറും തടസ്സമൊന്നും വരാതെ ഉപഭോക്താക്കൾക്ക് നെറ്റ് വർക്കിന്റെ സേവനം ഉറപ്പ് വരുത്തേണ്ടത് കമ്പ്യൂട്ടർ കാര്യനിർവ്വാഹകരുടെ കടമയാണ്. ജോലിക്കിടയിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ചും പാട്ടുകൾ കേട്ടും ഇന്റർനെറ്റിൽ പരതിയും ഉറക്കത്തെ അകറ്റി നിറുത്താൻ ഇവർക്ക് കഴിയും. മുൻ കാലങ്ങളെ അപേക്ഷിച്ച് ജോലിസമ്മർദ്ദം കൂടുതലായതിനാൽ ഉറക്കത്തെ ഇത് സ്വാഭാവികമായി വല്ലാതെ കുറക്കും എന്നതാണ് ഇതിന്റെ ദോഷവശം.

ഫാക്ടറി ജീവനക്കാരൻ :

ഫാക്ടറി ജീവനക്കാരൻ :

വ്യവസായ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് ജോലികൾ പലപ്പോഴും ഒഴിവാക്കാനാവില്ല. ഉത്പാദനം വർദ്ധിപ്പിക്കാനും നഷ്ടമായ പ്രവൃത്തി ദിവസങ്ങൾക്ക് പകരമായും അത് വേണ്ടിവന്നേക്കും. എന്നാൽ ഈ പ്രവണത മൂലം ജോലിക്കാർക്ക് പലപ്പോഴും ആറ് മണിക്കൂറിൽ കുറഞ്ഞ സമയമേ ഉറങ്ങാൻ കഴിയാറുള്ളു. ഇതുമൂലമുണ്ടാകുന്ന മയക്കവും ക്ഷീണവും ജോലിക്കിടയിൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തും. വളരെ കുറച്ച് മാത്രം ഉറങ്ങുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും വിഷാദരോഗങ്ങൾക്കും വരെ കാരണമാകും.

സിഇഒ

സിഇഒ

അല്പം കിറുക്കനായ മേലാധികാരിയാണ് നിങ്ങളെങ്കിൽ, അഥവാ നിങ്ങൾക്കുള്ളതെങ്കിൽ ശരിയായ ഉറക്കമില്ലായ്മയാവാം ആ സ്വഭാവത്തിന് കാരണം. ഒരുകൂട്ടം കീഴ് ജീവനക്കാരെ നിയന്ത്രിച്ചും മേൽനോട്ടം വഹിച്ചും ഒരുപാട് നേരം കഴിയുന്നതിനാൽ മേലാളന്മാർക്ക് മാനസിക പിരിമുറുക്കം ഉണ്ടായിക്കൊണ്ടേയിരിക്കും. കൂടുതൽ സമയം ജോലി ചെയ്യുന്ന ആളുകൾ കുറഞ്ഞ സമയമേ ഉറങ്ങാറുള്ളു എന്ന് പഠനങ്ങൾ പറയുന്നു. മറ്റൊരു നിരീക്ഷണ പ്രകാരം അപര്യാപ്തമായ ഉറക്കം ജോലിയിൽ അസംതൃപ്തി ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

വാർത്താ റിപ്പോർട്ടർ

വാർത്താ റിപ്പോർട്ടർ

മുഴുസമയ കേബ്ൾ വാർത്ത ചാനലുകളുടെ വരവോടുകൂടി ഷിഫ്റ്റ് ജോലിക്കാരുടെ പുതിയൊരു മേഖലയും രൂപപ്പെട്ടു. തത്സമയ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ റിപ്പോർട്ടർമാരും നിർമ്മാതാക്കളും ക്യാമറ പ്രവർത്തിപ്പിക്കുന്നവരും അടങ്ങുന്ന സംഘം രാത്രിമുഴുവൻ വാർത്തകൾക്ക് പിന്നാലെ പായുന്ന കാഴ്ച ഇന്ന് സർവ്വസാധാരണമാണ്. വാർത്താവിനിമയ രംഗത്തെ പല വ്യവസായ സ്ഥാപനങ്ങളും ഇന്ന് മുഴുസമയ പ്രക്ഷേപണം തുടങ്ങിയതിനാൽ ഷിഫ്റ്റ് ജോലിക്കാരുടെ എണ്ണവും ക്രമാനുഗതമായി വർദ്ധിച്ചിട്ടുണ്ട്.

നഴ്സ്

നഴ്സ്

ഡോക്ടർമാരും നഴ്സുകളും പലപ്പോഴും തുടർച്ചയായി പന്ത്രണ്ട് മണിക്കൂർ സമയം ജോലി ചെയ്യേണ്ടിവരാറുണ്ട്. ചില പ്രത്യേക അവസരങ്ങളിൽ രോഗികളുടെ എണ്ണപ്പെരുപ്പം ഈ ആതുരസേവകരെ അതിന് നിർബന്ധിതരാക്കും.

സാമ്പത്തിക വിശകലന വിദഗ്ദൻ

സാമ്പത്തിക വിശകലന വിദഗ്ദൻ

ഷിഫ്റ്റ് ജോലിക്കാർക്ക് മാത്രമല്ല ഉറക്കം നഷ്ടമാകുന്നത്. ഏഷ്യ, യൂറോപ്പ് പോലുള്ള രാജ്യങ്ങളുടെ വിദേശ കമ്പോളങ്ങളിൽ കണ്ണുംനട്ടിരിക്കുന്ന സാമ്പത്തിക കാര്യ വിദഗ്ദരും ഉറക്കക്കുറവിന്റെ തിക്തഫലം അനുഭവിക്കാറുണ്ട്. ഇരു രാജ്യങ്ങളിലെയും സമയങ്ങൾ തമ്മിൽ മണിക്കൂറുകളുടെ വ്യത്യാസമുണ്ട്. കമ്പോള നിലവാരം സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുള്ളതിനാൽ അസാധാരണ സമയങ്ങളിലും ഇവർക്ക് ജോലി ചെയ്യേണ്ടിവരും.

പോലീസ് ഉദ്യോഗസ്ഥൻ

പോലീസ് ഉദ്യോഗസ്ഥൻ

രാവും പകലും പൊതുജനത്തെ സഹായിക്കാനും സംരക്ഷിക്കാനും ഉള്ളവരാണ് പോലീസുകാർ. ഇതിനായി അവരും ഒന്നിടവിട്ടുള്ള ഷിഫ്റ്റ് ജോലികൾ ചെയ്യാറുണ്ട്. ഇക്കാരണത്താൽ ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്ക് ഇവരുടെ സേവനം ഉറപ്പ് വരുത്താം. എന്നാൽ ഒഴിവ് ദിവസങ്ങളോ അത്യാവശ്യ കാര്യങ്ങൾക്ക് പോലും അവധിയോ പലപ്പോഴും ഇവർക്ക് ലഭിക്കാറില്ല. ഊഴം വെച്ചുള്ള ഈ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. തുടർച്ചയായി പകലോ രാത്രിയോ മാത്രം ജോലി ചെയ്യുന്നത് വിരസമാണ്. എന്നാൽ സമയം മാറ്റണമെങ്കിൽ തുടർച്ചയായി രണ്ട് ഷിഫ്റ്റുകൾ ചെയ്യേണ്ടതായുംവരും.

വിമാനത്തിന്റെ പൈലറ്റ്

വിമാനത്തിന്റെ പൈലറ്റ്

വാണിജ്യ വിമാനങ്ങൾ പറത്തുന്ന പൈലറ്റുകൾക്ക് രാത്രിയിലെ സുഖനിദ്ര മിക്കപ്പോഴും സാദ്ധ്യമാവാറില്ല. ക്രമരഹിതമായ സമയവും നീളംകൂടിയ പ്രവൃത്തിസമയവും ഇവരെ വല്ലാതെ വലയ്ക്കാറുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സമയ മേഖലകളിലൂടെ കടന്ന് പോകുന്നതിനാൽ വല്ലാത്ത ക്ഷീണവും ആലസ്യവും ഇവർ അഭിമുഖീകരിക്കേണ്ടതായും വരും. പൈലറ്റുകളുടെ ആയാസം അകറ്റാൻ കേന്ദ്ര വ്യോമ ഭരണനിർവ്വാഹക സമിതിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കണിശമായ മാർഗ്ഗരേഖകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ഫ്ളൈറ്റ് യാത്രയ്ക്ക് ഒരുങ്ങുന്ന പൈലറ്റ് അതിന് മുമ്പുള്ള ഇരുപത്തിനാല് മണിക്കൂറിൽ എട്ട് മണിക്കൂറെങ്കിലും തടസ്സമൊന്നുമില്ലാതെ വിശ്രമിച്ചിരിക്കണം എന്ന നിയമം അതിലൊന്നാണ്.

പുതിയ രക്ഷിതാവ്

പുതിയ രക്ഷിതാവ്

രാത്രിയുറക്കം നഷ്ടമാക്കുന്ന കാര്യത്തിൽ യുഗങ്ങളായി പേര്കേട്ട ഒരു ജോലിയുണ്ട്. നവജാത ശിശുവിന്റെ അമ്മ അല്ലെങ്കിൽ അച്ഛൻ. ഇടയ്ക്കിടെ ഉണർന്ന് കരയുന്ന പുതുപൈതലിന്റെ അരികിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ ആർക്കാണ് കഴിയുക. അമ്മമാർ രാത്രിയിൽ ഏഴ് മണിക്കൂറോളം ഉറങ്ങുന്നുണ്ടെങ്കിലും മുറിഞ്ഞ് മുറിഞ്ഞുള്ള ഉറക്കമായതിനാൽ ഉന്മേഷത്തിന് അത് പര്യാപ്തമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ കുഞ്ഞിന് പതിനാറ് ആഴ്ചകൾ പ്രായമാകുന്നതോടെ ഭാഗ്യവശാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരും.

ട്രക്ക് ഡ്രൈവർ

ട്രക്ക് ഡ്രൈവർ

കുറഞ്ഞസമയത്തിനുള്ളിൽ ചരക്കുകൾ ഉദ്ദിഷ്ടസ്ഥലത്ത് എത്തിക്കാനും പകൽ സമയത്തെ ഗതാഗതക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി രാത്രി മുഴുവൻ ട്രക്കോടിക്കുന്ന ഡ്രൈവർമാരുണ്ട്. വേണ്ടത്ര ഉറക്കം ഇല്ലാത്തതിനാൽ അപകടങ്ങൾക്ക് ഇത് കാരണമാകാറുമുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട അപകട മരണങ്ങളിൽ റോഡ് ആക്സിഡന്റുകൾക്കാണ് അമേരിക്കയിൽ പ്രഥമസ്ഥാനം. ഉറക്കംതൂങ്ങിയുള്ള ഡ്രൈവിംങ് ഒരു പ്രധാന കാരണമാണ്.

ബാറിലെ പരിചാരകൻ

ബാറിലെ പരിചാരകൻ

മദ്യസേവയുള്ള ചില ഉപഭോക്താക്കൾക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല. ഇവരുടെ ദാഹം ശമിപ്പിക്കാൻ ചില നഗരങ്ങളിൽ പുലർച്ചെ രണ്ട് മണിവരെയൊക്കെ ബാറുകൾ തുറന്ന് പ്രവർത്തിക്കാറുണ്ട്. മൂങ്ങകളെ പോലെ രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പൊതുവെ ഈ ജോലിയും ഇഷ്ടമായിരിക്കും. എന്നാൽ ഉറക്കമിളക്കൽ ശീലമായതിനാൽ അവധി ദിവസങ്ങളിൽ പോലും രാത്രിയിൽ ഉറങ്ങാൻ ഇവർക്ക് കഴിയാറില്ല. ശീലമില്ലാത്തവർക്ക് ഈ ജോലിയുമായി ഒത്തുപോകാനുമാവില്ല.

രാത്രിയിലെ ജോലിക്കാർക്ക് ചില നിർദ്ദേശങ്ങൾ

രാത്രിയിലെ ജോലിക്കാർക്ക് ചില നിർദ്ദേശങ്ങൾ

രാത്രിജോലിയുമായി ഒത്തുപോകാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവധിദിവസങ്ങളിൽ പോലും ആ നിഷ്ട പാലിക്കുക എന്നതാണ്. വാരാന്ത്യത്തിലെ ഒഴിവ് ദിവസത്തിൽ പകലുറക്കം ഒഴിവാക്കണം. എന്നിരുന്നാലും രാത്രിജോലിയിൽ നിങ്ങളെ ഉത്സാഹഭരിതനായി നിലനിറുത്താൻ ചില ഉപായങ്ങളുണ്ട്. തനിച്ച് ചെയ്യുന്നതിന് പകരം മറ്റുള്ളവരുമൊത്ത് ജോലി ചെയ്യാൻ ശ്രമിക്കണം. ജോലി തുടങ്ങുന്നതിന് മുമ്പ് കഫീൻ ചേർത്ത ഉത്തേജക പാനീയങ്ങൾ ഏതെങ്കിലും കുടിക്കുക. ജോലിക്കിടയിൽ കിട്ടുന്ന ചെറിയ ഇടവേളകളിൽ അല്പമൊന്ന് നടക്കുകയോ ലഘുവായി വ്യായാമം ചെയ്യുകയോ വേണം. ഒരുണ്ണിയുറക്കത്തിന് പഴുതുണ്ടെങ്കിൽ അവസരം നഷ്ടപ്പെടുത്താതെ വിനിയോഗിച്ചോളൂ. ശരീരത്തിന് ചെറിയൊരു ഉണർവ്വ് ലഭിക്കാൻ ഇത് സഹായിക്കും.

ഉറക്കം കെടുത്തും ജോലികള്‍

പകൽ സമയത്ത് ഉറങ്ങാൻ ചിലർക്ക് ബുദ്ധിമുട്ടാണ്. പക്ഷെ, ഉറങ്ങാൻ സഹായകമാവുന്ന ചില കുറുക്കുവഴികളുണ്ട്. നിങ്ങൾക്കും അത് അനുകരിക്കാം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കറുത്ത കണ്ണട ധരിക്കണം. കണ്ണിലെ ഉറക്കച്ചടവിനെ സൂര്യരശ്മികൾ നിർവ്വീര്യമാക്കതെ ഇത് കാക്കും. വെട്ടവും വെളിച്ചവും കടക്കാതെ കിടപ്പ് മുറി കഴിയുന്നത്ര ഇരുണ്ടതാക്കുകയോ കണ്ണിനെ ആവരണം ചെയ്ത് ഒരു തിരശ്ശീല അണിയുകയോ വേണം. പകൽ സമയത്തെ ശബ്ദകോലാഹലങ്ങളിൽ നിന്ന് രക്ഷനേടാൻ ചെവിയിൽ അടപ്പ് തിരുകുക. രാത്രികാലങ്ങളിൽ ഉറങ്ങുന്നതിന് മുമ്പ് ചെയ്യാറുള്ളത് പോലെ അല്പം വായിക്കുകയോ ഒന്ന് കുളിക്കുകയോ ആവാം. ഉറക്കത്തിനുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെന്ന് തലച്ചോറിന് ഇതുമൂലം സന്ദേശം ലഭിക്കും.

Read more about: life ജീവിതം
English summary

Jobs That Ruin Your Sleep

A busy adult is advised to sleep between six to eight hours per night … but for many, a good night’s sleep can mean little more than four hours. Take a look at a few of the world’s worst jobs for shifting sleep patterns.
 
 
X
Desktop Bottom Promotion