ആന്ധ്ര പ്രദേശിന്റെ തീരദേശ നഗരമായ ഗുണ്ടൂരില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ സുലഭമത്രെ. ദാരിദ്ര്യം ആണ് ഗുണ്ടൂരില്‍ ഇതൊരു ബിസിനസ് ആയി വളരാന്‍ കാരണമായത്.
വാടക ഗര്‍ഭപാത്രങ്ങള്‍ ആവശ്യമുണ്ട് എന്നു പറഞ്ഞ് പരസ്യങ്ങള്‍ വരെ വരുന്നുണ്ടത്രെ ഗുണ്ടൂരില്‍! കാലം പോയൊരു പോക്കേ എന്നു പറയുകയല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ല.
മുമ്പും വാടക ഗര്‍ഭപാത്രങ്ങള്‍ കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതിമാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നൊക്കെയത് വളരെ രഹസ്യമായി മാത്രമാണ് നടന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ക്ലിനിക്കുകള്‍ പരസ്യമായി വാടക ഗര്‍ഭപാത്രങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഇത്തരം വാടക ഗര്‍ഭപാത്രങ്ങള്‍ ഒരു ആശ്വാസം ആണെന്നത് യാഥാര്‍ത്ഥ്യം തന്നെ. അതേ സമയം ഒരു വാടക ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുമ്പോള്‍ പാലിക്കേണ്ട ചില അടിസ്ഥാന നിയമങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നത് അപകടം തന്നെയാണ്.
ദാരിദ്ര്യമാണ് ഗുണ്ടൂരിലെ സ്ത്രീകളെ അവരുടെ ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നതിനാല്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കാനും വയ്യ.
ഈ വാടക ഗര്‍ഭപാത്ര ബിസിനസിന്റെ ഇടയ്ക്കു പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ പ്രലോഭനത്തില്‍ വീണ് ആണ്‌വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഗുണ്ടൂരിലെ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ചോര്‍ക്കാതെ ഇതിനു തയ്യാറാവുന്നത്.
ദിവസം ചെല്ലുന്തോറും ഇങ്ങനെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ തയ്യാറാവുന്ന സ്ത്രീകളുടെ എണ്ണം ഗുണ്ടൂരില്‍ കൂടിക്കൂടി വരികയാണ്.
പരസ്യങ്ങള്‍ കണ്ട് വരുന്ന സ്ത്രീകളും, ബന്ധുക്കളുടെ വിഷമം കണ്ട് മനസ്സലിഞ്ഞ് സഹായിക്കാനെത്തുന്നവരും, മകള്‍ക്കു വേണ്ടി തയ്യാറാവുന്ന അമ്മമാരും എല്ലാം ഇവരില്‍ പെടും.
6 ലക്ഷത്തോളം രൂപയാണത്രെ ഒരു വാടക ഗര്‍ഭപാത്രത്തിനു വേണ്ടി ചിലവാകുന്നത്. ഇതിന്‍ രണ്ടര ലക്ഷം ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്ന സ്ത്രീക്കും, മൂന്നു ലക്ഷം പ്രസവത്തിനു മുമ്പും ശേഷവും ഇവരുടെ ആരോഗ്യ പരിപാലനത്തിനും, ശേഷം വരുന്ന അമ്പതിനായിരം രൂപ ഇടനിലക്കാരനായ ഏജന്റിനും.
ഇങ്ങനെ ഗര്‍ഭപാത്രം വാടകയ്ക്കു കൊടുത്ത് പണം കൈപറ്റിയ സ്ത്രീകള്‍ ക്രമേണ ഏജന്റുമാരായി മാറുന്ന കാഴ്ചയും ഗുണ്ടൂരില്‍ കാണാം. അവര്‍ അവരുടെ ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും ഉള്ള സ്ത്രീകളെ ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു.
ദാരിദ്ര്യമാണ് ഗുണ്ടൂരുകാരെ ഇത്തരം ഒരു ഗതികേടിലേക്കു നയിച്ചിരിക്കുന്നത്. രണ്ടര ലക്ഷം എന്നത് ഗുണ്ടൂരുകാരം സംബന്ധിച്ചിടത്തോളം ഒട്ടും ഒരു ചെറിയ സംഭവമേയല്ല. പണം എന്ന മോഹനവാഗ്ദാനത്തിന്റെ ചിറകിലേറി തന്നെയാണ് ഗുണ്ടൂരിലെ വാടക ഗര്‍ഭപാകത്ര ബിസിനസ് തളിര്‍ക്കുന്നത്.



















