റിയാദ്: ഇത്തവണത്തെ ലണ്ടന്‍ ഒളിംപിക്‌സില്‍ സൗദി സ്‌ത്രീകളും പങ്കെടുക്കും. ഇതാദ്യമായാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും സ്‌ത്രീകള്‍ക്ക് അനുകൂലമായ ഇത്തരത്തിലുള്ള ഒരു ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനം വരുന്നത്.
ലണ്ടനിലെ സൗദി എംബസിയാണ് സൗദി ഒളിംപിക്‌സ് കമ്മറ്റി ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന വനിതകളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കും എന്നറിയിച്ചിരിക്കുന്നത്.
ലിംഗ വിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീം ഒന്നാകെ അയോഗ്യതാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
വനിതകളെ ഒളിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ സൗദിയുടെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെയിടയില്‍ നിലനില്‍ക്കുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ലണ്ടന്‍ ഒളിംപിക്‌സിലേക്ക് പച്ചക്കൊടി ഉണ്ടായെങ്കിലും എത്ര പേര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് കണ്ടറിയണം. നിലവില്‍ ഷോ ജംപിങ് താരം ദല്‍മ റുഷ്‌ദി മാട്രമാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ സ്‌ത്രീകള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിരോധനം നീക്കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നീണ്ടു പോവുകയായിരുന്നു. കിരീടാവകാശി നയീഫ് രാജകുമാരന്റെ മരണം ആണ് വൈകിയതിന്റെ കാരണം.



















