സ്ത്രീയുടെ ശരീരത്തെ വില്‍പനച്ചരക്കായും, തന്റെ ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കാനുള്ള വെറും ശരീരവുമായി മാത്രം കണ്ട രണ്ടു പുരുഷന്‍മാരോട് പ്രതികാരത്തിനിരങ്ങുമ്പോള്‍, സ്ത്രീ ലമ്പടനായ ഒരുവനോട് തന്റെ ശരീരമെന്ന പ്രലോഭനത്തിലൂടെ സഹായം ചോദിപ്പിക്കുക വഴി ടെസ്സയെന്ന കഥാപാത്രത്തോട് വലിയ അനീതിയാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ചെയ്തിരിക്കുന്നത്.
ടെസ്സ ഒരിക്കലും അയാള്‍ക്ക് വഴങ്ങിയിട്ടില്ല, അയാളെ പ്രലോഭിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നൊരു ന്യായീകരണം ഉയരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍ സ്ത്രീക്ക് മുന്നില്‍ പ്രതികാരത്തിനുള്ള ഏകവഴി തന്റെ ശരീരം വില്‍പനച്ചരക്കാക്കുകയാണ് എന്നൊരു തെറ്റായ സന്ദേശം ഈ സിനിമ നല്‍കുന്നുണ്ട്. ഇങ്ങനെയൊരു സന്ദേശത്തിലൂടെ സ്ത്രീത്വത്തെ ഒന്നടങ്കം അപമാനിക്കുകയാണ് 22 ഫീമെയില്‍ കോട്ടയം ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ.
ഇത്രയധികം ക്രൂരത കാട്ടുകയും പണത്തിനു വേണ്ടി തന്നെ വീണ്ടും വീണ്ടും ചതിക്കുകയും ചെയ്ത 'കാമുകനോട്' സിനിമയുടെ അവസാനത്തിലും പ്രണയം സൂക്ഷിക്കുന്ന ടെസ്സയിലൂടെ ആഷിക് അബു യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയാണ് 22 ഫീമെയില്‍ കോട്ടയത്തിലൂടെ ചെയ്തിരിക്കുന്നത്.
അനേകം പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച സിറിലിനോട് ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ടെസ്സ പ്രതികാരം ചെയ്യുന്നത്. ഇതുതന്നെയാണ് ഈ സിനിമയുടെ ശക്തിയും. ഈയൊരു കാരണം കൊണ്ടുതന്നെയാവണം ഈ സിനിമ ഇത്രയധികം ആഘോഷിക്കപ്പെടുന്നതും. എന്നാല്‍ തനിക്ക് ലഭിച്ച ശിക്ഷയുടെ കാഠിന്യത്തില്‍ സിറില്‍ തുടക്കത്തില്‍ പതറുന്നുണ്ടെങ്കിലും തന്റെ ചെയ്തികളില്‍ അയാള്‍ക്ക് എന്തെങ്കിലും കുറ്റബോധമുള്ളതായി സിനിമയില്‍ സൂചനയില്ല.
ഇത്ര വലിയ ശിക്ഷ കിട്ടിയിട്ടും കുറ്റബോധം ലവലേശമില്ലാതെ, പതറാതെ നില്‍ക്കുന്ന സിറിലിനോട്, മനസ്സു നിറയെ പ്രണയവുമായാണ് ടെസ്സ കാനഡയിലേക്ക് യാത്ര പറഞ്ഞിറങ്ങുന്നത്. അങ്ങനെ നോക്കുമ്പോള്‍ ടെസ്സയുടെ ഇത്രയധികം ആഘോഷിക്കപ്പെടുന്ന പ്രതികാരം വൃഥാവിലായി എന്നു തന്നെ വേണം കരുതാന്‍.
സ്ത്രീ വിരുദ്ധ സിനിമകള്‍ മലയാളത്തില്‍ ഇതിനു മുമ്പും ഇറങ്ങിയിട്ടുണ്ട്. ഇനിയും ഇറങ്ങുക തന്നെ ചെയ്യും. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം കാലം, ഏതൊരു മേഖലയിലെന്ന പോലെ സിനിമയിലും പുരുഷ മേല്‍കോയ്മ നിലനില്‍ക്കുന്നിടത്തോളം കാലം അതങ്ങനെയെ സംഭവിക്കാനും തരമുള്ളൂ. 22 ഫീമെയില്‍ കോട്ടയവും ഇതുതന്നെ തെളിയിക്കുന്നു.
ആഷിക് അബുവിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. സമൂഹത്തിന്റെ മൊത്തം ചിന്താഗതിയില്‍ മാറ്റം വരാത്തിടത്തോളം കാലം, ഇത്തരം മനപ്പൂര്‍വ്വമായ ശ്രമങ്ങളും പാളിപ്പോവുക തന്നെ ചെയ്യും. നമ്മള്‍ ജീവിക്കുന്ന സമൂഹം തന്നെയാണല്ലോ നമ്മെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ശക്തി. ഈ സ്വാധീനം നമ്മുടെ ചെയ്തികളിലും പ്രതിഫലിക്കുക തികച്ചും സ്വാഭാവികം!
എന്നാല്‍ സ്ത്രീപക്ഷ സിനിമ എന്ന പരസ്യ പ്രഖ്യാപനത്തോടെ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട, ആ രീതിയില്‍ ആഘോഷിക്കപ്പെടുന്ന സിനിമ എന്ന നിലയില്‍ 22 ഫീമെയില്‍ കോട്ടയം മറ്റു സിനിമയേക്കാള്‍ വിമര്‍ശനം അര്‍ഹിക്കുന്നു.




















