ജോലികള്‍ക്ക് ഒരു പഞ്ഞവുമില്ല ഈ ലോകത്ത്. തരാതരം ജോലികള്‍ ഇഷ്ടം പോലെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ എത്ര ആത്മാര്‍ഥമായി ജോലി ചെയ്താലും നന്ദി എന്ന രണ്ടക്ഷരവും ശമ്പളം എന്ന മൂന്നക്ഷരവും ലഭിക്കാത്ത ഒരേയൊരു ജോലിയേയുള്ളൂ ഈ ലോകത്ത്. വീട്ടമ്മ.
ഭാര്യയ്‌ക്കെന്താ ജോലി അല്ലെങ്കില്‍ അമ്മയ്‌ക്കെന്താ ജോലി എന്നു ചോദിച്ചാല്‍ ജോലിയില്ല എന്നൊരു ഉത്തരം ഇല്ല ഇന്നത്തെ കാലത്ത്. ടീച്ചര്‍, ഡോക്ടര്‍, നഴ്‌സ്, എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ അതേ പ്രാധാന്യത്തോടെ തന്നെ ഇന്നുള്ളവര്‍ പറയും ഭാര്യ ഹൗസ് വൈഫാണ്, അമ്മ ഹൗസ് വൈഫാണ് എന്നൊക്കെ. എന്നാല്‍ ഇവര്‍ക്ക് ശമ്പളം കൊടുക്കുമോ എന്നു ചോദിച്ചാല്‍ എല്ലാരും മുഖം ചുളിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
വീട്ടമ്മമാര്‍ക്ക് ശമ്പളമോ? അരുതാത്തതെന്തോ കേട്ട ഭാവമായിരിക്കും എല്ലാരുടേയും മുഖത്ത്. അത് അവളുടെ ധര്‍മ്മം, കര്‍ത്തവ്യം. ശരി സമ്മതിച്ചു. എന്നാല്‍ എന്നെങ്കിലും അവള്‍ ചെയ്യുന്ന കാര്യങ്ങളെ ആരെങ്കിലും അഭിനന്ദിക്കാറുണ്ടോ?
അഭിനന്ദിക്കുന്നതു പോട്ടെ, വല്ലപ്പോഴും എന്തെങ്കിലും വീഴ്ചയുണ്ടായി പോയാല്‍ അതൊന്നു ക്ഷമിച്ചു കൊടുക്കാന്‍ പോലും ഉള്ള വിശാല മനസ്‌കത നമ്മുടെ സമൂഹത്തിനില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം.
ഏറ്റവും ഭാരിച്ച പണി, ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യണം, ഒരേസമയം വ്യത്യസ്ത കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക, അവധിക്കാലങ്ങളോ, ഒഴിവു ദിവസങ്ങളോ ഇല്ലാത്ത ജോലി, പ്രതിഫലം ലഭിക്കാത്ത ജോലി, ഇങ്ങനെ ഒട്ടനവധി കറുത്ത വിശേഷണങ്ങള്‍ നല്‍കാന്‍ സാധിക്കും വീട്ടമ്മമാര്‍ക്ക്.
എന്നാല്‍ ഒരു വീട്ടമ്മ ഓരോ ദിവസവും ചെയ്തു തീര്‍ക്കുന്ന ജോലികള്‍ പരിശോധിച്ചാല്‍ അവര്‍ക്ക് മാസാവസാനം കൊടുക്കേണ്ട ശമ്പളം ആറക്കത്തിലെത്തി നില്‍ക്കും. ചിരിച്ചു തള്ളാന്‍ വരട്ടെ.




















