കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയുമൊന്നും വില്‍ക്കുകയെന്നത് ഇന്നത്തെക്കാലത്ത് വലിയ കാര്യമല്ല. പലപ്പോഴായി ലോകത്തിന്റെ പലഭാഗത്തുനിന്നും പലരും ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെക്കൊണ്ട് പൊറുതിമുട്ടിയ ഒരു ഭാര്യകൂടി ഭര്‍ത്താവിനെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.
അമേരിക്കക്കാരിയായ ആലീസ് ബാഡ്‌ലിയാണ് ഭര്‍ത്താവ് കെയ്‌ലിയെ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. കെയ്‌ലിയുടെ വീഡിയോ ഗെയിം ഭ്രാന്ത് മൂലം പൊറുതിമുട്ടിയപ്പോഴാണ് ആലീസ് ഈ അറ്റകൈയ്ക്കുമുതിര്‍ന്നത്.
സദാസമയവും വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുക, എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാതിരിക്കുക എല്ലാം കൂടി ആലീസ് മടുത്തിരിക്കുകയാണത്രേ. കളിഭ്രാന്തനായ മകനെ വിറ്റുകളയും എന്ന് ഈ 21കാരി അമ്മായിഅമ്മയോട് നേരത്തേ പറയുകയും ചെയ്തിരുന്നു. മകന്റെ രീതികളില്‍ മടുത്ത അമ്മായിഅമ്മ ഇതിന് ഒരു തടസവും പറഞ്ഞില്ല. വിറ്റുകളഞ്ഞേയ്ക്കൂ എന്നായിരുന്നുവത്രേ അവരുടെ മറുപടി.
അമ്മായിമ്മയും സമ്മതിച്ചതോടെ ആലീസ് ഓണ്‍ലൈന്‍ കമ്പനിയായ ക്രെയ്ഗ്ലിസ്റ്റില്‍ ഭര്‍ത്താവിനെ വില്‍ക്കാനുളള പരസ്യവും നല്‍കി. കെയ്‌ലിയെ നല്ലൊരു വീട്ടിലേക്ക് വില്‍ക്കാന്‍ തയ്യാറാണ്. കെയ്‌ലി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും ദിവസം മുഴുവന്‍ വീഡിയോ ഗെയിം കളിക്കുകയും ചെയ്യും.
35 മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണവും വെളളവും നല്‍കണം, അതുകൊണ്ടുതന്നെ പരിപാലിയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍, വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റും ഗെയിം കളിക്കാനുളള സൗകര്യവും അത്യാവശ്യമാണ്-ഇങ്ങനെയാണ് സൈറ്റിലേയ്ക്കായി ആലീസ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
ഭര്‍ത്താവിന്റെ കണ്ണുതുറപ്പിക്കാനായി ഒരു തമാശയെന്ന മട്ടില്‍ നല്‍കിയ പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. കെയ്‌ലിയെ നല്ലകുട്ടിയായി പരിശീലിപ്പിച്ച് തിരികെ നല്‍കാമെന്നാണത്രേ ഒരു സ്ത്രീ പ്രതികരിച്ചത്.കെയ്‌ലിയെ ഒഴിവാക്കി തന്നെ സ്വീകരിച്ചുകൂടെ എന്നാണ് ഒരു യുവാവ് ചോദിച്ചത്. എന്തായാലും കെയ്‌ലിയുടെ വില്‍പ്പനപ്പരസ്യം ഇതിനകം ഓണ്‍ലൈനില്‍ വലിയ വാര്‍ത്തായായി മാറിക്കഴിഞ്ഞു.




















