വിവാഹമെന്നത് ജീവിതാവസാനം വരെ നിലനില്‍ക്കണമെന്നാഗ്രഹിച്ച് ഒപ്പുവെയ്ക്കുന്ന ഒരു ഉടമ്പടിയാണ്. പല സംസ്‌കാരങ്ങളിലും പല രീതികളാണ് ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവലംബിക്കുന്നത്. ഏത് രീതിയായാലും എല്ലാത്തിന്റെയും ലക്ഷം, പരസ്പരം ചേരുന്ന നല്ല പങ്കാളികളെ ഓരോരുത്തര്‍ക്കും കിട്ടുകയെന്നതുതന്നെയാണ്.
ഇന്നത്തെക്കാലത്ത് ആളുകള്‍ അവരവരുടെ നിലയില്‍ത്തന്നെയാണ് പലപ്പോഴും പങ്കാളികളെ കണ്ടുപിടിക്കുന്നത്. ചിലര്‍ പ്രണയത്തിലൂടെ പങ്കാളികളെ കണ്ടെത്തുമ്പോള്‍ മറ്റു ചിലര്‍ വിവാഹസൈറ്റുകളില്‍ നിന്നും സുഹൃത് വലയങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമെല്ലാം പങ്കാളികളെ കണ്ടെത്തുന്നു. മറ്റുചിലര്‍ക്കാകട്ടെ വീട്ടുകാര്‍ തന്നെയാവും ഒരു ഇണയെ കണ്ടുപിടിക്കുന്നത്.
എങ്ങനെയായാലും എല്ലാകാര്യത്തിലുമെന്നപോലെ വിവാഹത്തിന്റെ കാര്യത്തിലും അരുതുകളുണ്ട്. അതായത് ഏത് തരത്തിലുള്ള വ്യക്തിയെ വിവാഹം ചെയ്യാം, ചെയ്യരുത് എന്നിങ്ങനെ. യുഎസിലെ വിവാഹകാര്യ വിദഗ്ധനായ ഫാദര്‍ പാറ്റ് കോണറിന്റെ അഭിപ്രായത്തില്‍ ഒട്ടേറെ തരത്തിലുള്ള പുരുഷന്മാരുണ്ട് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരായിട്ട്.
ഏറെനാളായി വിവാഹകൗണ്‍സിലിങ് നടത്തുകയും വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തതില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് എങ്ങനെയുള്ളവരെ വിവാഹം ചെയ്യരുത് എന്നകാര്യം ഫാദര്‍ പറയുന്നത്. പ്രണയവിവാഹത്തിന്റെ കാര്യത്തിലാണെങ്കില്‍ രണ്ടുപേര്‍ക്കും പരസ്പരം അഗാധമായ സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കിയാല്‍ വിവാഹം ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്.
വിവാഹം കുറച്ച് നാള്‍ മുമ്പേ നിശ്ചയിച്ചിടണമെന്നാണും ഇദ്ദേഹം പറയുന്നു. കാരണം വിവാഹനിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കാലയളവില്‍ ആണിനും പെണ്ണിനും പരസ്പരം മനസ്സിലാക്കാന്‍ സമയം കിട്ടും. തങ്ങള്‍ ചേരുന്നവരല്ലെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ വിവാഹം വേണ്ടെന്നുവെയ്ക്കാം ഒരു വിവാഹമോചനം ഒഴിവാക്കാം-അദ്ദേഹം പറയുന്നു.




















