ജോലിക്കാരായ അമ്മമാര്‍ എല്ലാകാലത്തും സമയക്കുറവുമൂലം ബുദ്ധിമുട്ടുന്നവരാണ്. കുഞ്ഞിനെ നോക്കലും വീട്ടുജോലിയും ഓഫീസ് ജോലിയും ഭര്‍ത്താവിനെ നോക്കലുമെല്ലാമായി അവര്‍ക്കൊന്ന് നടുനിവര്‍ക്കാന്‍ നേരം കിട്ടുന്നതുതന്നെ അപൂര്‍വ്വമാണ്.
ഇവര്‍ക്ക് ഉറങ്ങുന്ന സമയമൊഴിച്ച് സ്വന്തം കാര്യങ്ങള്‍ക്കായി ലഭിക്കുന്നത് വെറും 26 മിനിറ്റ് മാത്രമാണത്രേ. ബ്രിട്ടനില്‍ നടന്ന ഒരു ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രിട്ടനിലെ സോഷ്യല്‍ ഇഷ്യൂസ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ നൂറ് സ്ത്രീകളെയാണ് പഠനവിധേയരാക്കിയത്.
ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കി നടത്താനാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നത്. പുരുഷന്മാര്‍ക്കാണെങ്കില്‍ വിശ്രമിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ജോലിയുള്ള അമ്മമാര്‍ക്ക് അല്ലാത്തവര്‍ക്കു ലഭിക്കുന്ന സമയംപോലും വിശ്രമിക്കാന്‍ ലഭിക്കുന്നില്ലെന്നതാണ് സത്യം. രാവിലെ വീട്ടിലെ കാര്യങ്ങളെല്ലാം ശരിയാക്കി നേരെ ഓഫീസിലേക്ക്. അവിടെനിന്ന് മടങ്ങിയെത്തിയാല്‍ പിന്നെയും പതിവ് ജോലികള്‍. ഉറങ്ങാന്‍ പോകുന്ന സമയംവരെ പലതം ജോലികളുടെ തിരക്കാണ്.
ഇത്തരക്കാര്‍ക്ക് മക്കളോടൊത്തുചെലവഴിക്കാന്‍ കിട്ടുന്ന സമയവും വളരെ കുറവാണ്. ഒരുദിവസം വെറും 145 മിനിട്ടുമാത്രമാണ് ഇവര്‍ക്ക് സമാധാനത്തോടെ മക്കളോടൊപ്പം ചെലവഴിക്കാന്‍ പറ്റുന്നത്. ഈ ചുരുങ്ങിയ സമയത്തിനിടയ്ക്ക് മക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍പോലും പലപ്പോഴും അമ്മാര്‍ക്ക് ചെയ്യാനാവുന്നില്ലത്രേ. അമ്മമാരുടെ ഈ സമയമില്ലായ്മ അവരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
അച്ഛന്മാര്‍ക്ക് അമ്മമാരെ അപേക്ഷിച്ച് കൂടുതല്‍ സമയം കിട്ടുന്നുണ്ടെങ്കിലും മക്കളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കാന്‍ അവര്‍ ശ്രമിക്കാറില്ലെന്നാണ് പഠനത്തില്‍ പങ്കെടുത്ത കൂടുതല്‍ സ്ത്രീകളുടെയും അഭിപ്രായം. കിട്ടുന്നതില്‍ പകുതി സമയം പോലും ഇവര്‍ ഉപയോഗയോഗ്യമാക്കുന്നില്ല.




















