For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നളിനി ജമീലയുടെ ആത്മകഥ അഭ്രപാളികളില്‍

By Super
|

സാംസ്കാരിക കേരളത്തിന്റെ സദാചാരബോധത്തെയാകെ വെല്ലുവിളിച്ചുകൊണ്ട് ലൈംഗികത്തൊഴിലാളിയായിരിക്കെയുണ്ടായ ജീവാതാനുഭവങ്ങളെ പച്ചയായി ആവിഷ്കരിച്ച നളിനി ജമീല(53)യെന്ന മുന്‍ലൈംഗികത്തൊഴിലാളി വീണ്ടും വാര്‍ത്തയിലിടംപിടിക്കുന്നു.

വിവാദമുണ്ടാക്കിയ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ യെന്ന സ്വന്തം കഥയുടെ ഡോക്യുമെന്ററി ആവിഷ്കാരത്തിലൂടെയാണ് ജമീല വീണ്ടും കേരളജനതയ്ക്ക് മുന്നിലെത്തുന്നത്.സെക്സ്, ലൈസ് ആന്റ് എ ബുക്ക് എന്നപേരില്‍ ഇംഗ്ലീഷിലാണ് ഡോക്യു ഡ്രാമ ഒരുങ്ങുന്നത്. പ്രമുഖ സിനിമാ സംവിധായകന്‍ സന്തോഷ് ശിവന്റെ സഹോദരനായ സഞ്ജീവ് ശിവനാണ് 28മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്.

യുണൈറ്റഡ് നാഷന്‍സ് ഡവലപ്പ്മെന്റ് പ്രാഗ്രാമിന്റെയും(യുഎന്‍ഡിപി), പബ്ലിക് സര്‍വ്വീസ് ബ്രോഡ്കാസ്റിംഗ് ട്രസ്റിന്റെയും സംയുക്ത സംരംഭമായാണ് ഡോക്യുമെന്ററിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. സാധാരണ ഡോക്യുമെന്ററികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നതെന്ന് സഞ്ജീവ് ശിവന്‍ പറഞ്ഞു.

കേരളത്തിലെ പുസ്തക പിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോയ ജമീലയുടെ പുസ്തകം വായിച്ചയുടന്‍ തന്നെ താനിത്തരം ഒരു സംരംഭത്തിനായി നിര്‍മ്മാതാക്കളെ തേടുകയായിരുന്നു. തീര്‍ച്ചയായും ഒരു ഡോക്യു-ഡ്രാമയ്ക്കുവേണ്ട എല്ലാ സാധ്യതകളും അടങ്ങിയതാണ് ജമീലയുടെ പുസ്തകം - സഞ്ജീവ് ശിവന്‍ സാക്ഷ്യപ്പെടുത്തുന്നു.

ജമീലയുടെ ബാല്യകാലത്തില്‍ തുടങ്ങി ഇപ്പോഴത്തെ അവസ്ഥവരെയുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന രീതിയലാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ബാല്യകാലത്തെ ജമീലയായി 13വയസ്സുള്ള പെണ്‍കുട്ടിയെയും യൗവ്വനത്തില്‍ 35 വയസ്സുള്ള സ്ത്രീയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വര്‍ത്തമാനകാലത്തിലെ ജമീലയായി യഥാര്‍ത്ഥ ജമീല തന്നെ വേഷമിടുന്നു.

ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെപ്പറ്റി ജമീല സംസാരിയ്ക്കും. പിന്നീട് അത് ഡോക്യുമെന്ററിയുടെ സ്വഭാവത്തിനനുയോജ്യമായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇതൊരു മികച്ച സൃഷ്ടിയായിരിക്കുമെന്നതില്‍ എനിയ്ക്ക് സംശയമില്ല- സഞ്ജീവ് തന്റെ സംരംഭത്തെപ്പറ്റി വാചാലനാവുന്നു.

2001മുതല്‍ കേരള സെക്സ് വര്‍ക്കേസ് ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന കോഴിക്കോട് സ്വദേശി ജമീല ഇപ്പോള്‍ അഞ്ച് സര്‍ക്കാരിതര സംഘടകളുടെ(എന്‍ജിഒ) ഉന്നത സമിതിയില്‍ അംഗമാണ്.

ഇപ്പോള്‍ മകളോടും പേരക്കുട്ടിയോടുമൊപ്പം ജീവിയ്ക്കുന്ന ജമീലയ്ക്ക് താന്‍ ചെയ്ത ജോലിയെക്കുറിച്ച് യാതൊരു അസ്വാഭാവികതയും തോന്നുന്നില്ല. പക്ഷേ ഒരു ഡോക്യുമെന്ററിയില്‍ അഭിനയിയ്ക്കുകയെന്നൊക്കെപ്പറയുമ്പോള്‍ ചെറിയൊരു പകപ്പുണ്ടെന്ന് ജമീല സമ്മതിയ്ക്കുന്നു.

എനിയ്ക്ക് അഭിനയിക്കാന്‍ അറിയില്ല. അവര്‍ പറയുന്നപോലെ അന്നത്തെ ജീവിതാനുഭവങ്ങളെക്കുറിച്ച് ഉള്ളകാര്യങ്ങള്‍ പറയുകയാണ് ഞാന്‍. ഇങ്ങനെയൊരു ചിത്രത്തിലഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നം പോലും കണ്ടിരുന്നില്ല- ജമീല പറയുന്നു.

2005ല്‍ പ്രസിദ്ധീകരിച്ച ജമീലയുടെ ആത്മകഥ കേരളത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിന്റെ 13,000കോപ്പികളാണ് വിറ്റഴിഞ്ഞത്. പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രൂക്ഷമായി വിമര്‍ശിച്ചും കൊണ്ടുള്ള ലേഖന പരമ്പരകള്‍വരെ മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു.

പിന്നീട് വന്ന ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന പുതിയപുസ്തകത്തിന്റെ 6000 പകര്‍പ്പുകളും വിറ്റുകഴിഞ്ഞു. ഈ പുസ്തകം ഗുജറാത്തി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലേയ്ക്ക് മൊഴിമാറ്റിയിട്ടുണ്ട്.

എന്നും മാറ്റിനിര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും അവഹേളിയ്ക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു വിഭാഗത്തിന്റെ വക്താവായി ജമീല തുറന്നടിച്ച പലകാര്യങ്ങളും സദാചാരമൂല്ല്യങ്ങളെപ്പറ്റി വാചാലരാവാറുള്ള കേരളജനതയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു എന്നകാര്യത്തില്‍ സംശയമില്ല.

തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണ്ണമാകും.

X
Desktop Bottom Promotion